വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Sunday, December 9, 2012

ഹിന്ദുത്വ മൂശയില്‍ പഴശ്ശിയെ പുനര്‍നിര്‍മിക്കുമ്പോള്‍

ഹിന്ദുത്വ മൂശയില്‍ പഴശ്ശിയെ പുനര്‍നിര്‍മിക്കുമ്പോള്‍

എ എം ഷിനാസ്

ദേശാഭിമാനി ലേഖനം,  8  -12 -2012 


എല്ലാ മനുഷ്യര്‍ക്കും മാനവക്കൂട്ടായ്മകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഭൂതകാലം ആവശ്യമാണ്. ഇതുപക്ഷേ, മിക്കപ്പോഴും ചരിത്രഗവേഷണംകൊണ്ട് അനാച്ഛാദിതമാകുന്ന ഭൂതകാലമായിരിക്കില്ല. വളച്ചൊടിക്കലും വിട്ടുകളയലും അകാലികമാക്കലും സന്ദര്‍ഭേതരമാക്കലും മാത്രമല്ല, പച്ചക്കള്ളങ്ങളും ഇതിനായി അനുവര്‍ത്തിച്ചെന്നുവരും. അസഹിഷ്ണുതയുടെ പ്രത്യയശാസ്ത്രം പ്രേഷണംചെയ്യുന്നവരാണ് ഈ രീതി പൊതുവെ പിന്‍തുടരുന്നത്. ചരിത്രത്തിന്റെ മേലങ്കിയണിയിച്ച് ആനയിക്കപ്പെടുന്ന ഇത്തരം രാഷ്ട്രീയ സാമൂഹ്യ മിത്തുകളുടെ അപനിര്‍മാണം ചരിത്രകാരന്മാരുടെ പ്രഥമ കര്‍ത്തവ്യങ്ങളില്‍ ഒന്നത്രേ.;  എറിക് ഹോബ്സ്ബാം (ചരിത്രത്തെപ്പറ്റി എന്ന ഗ്രന്ഥത്തില്‍)

ദ്വേഷത്തിന്റെ പ്രത്യയശാസ്ത്രം പ്രസരിപ്പിക്കുന്നവര്‍ക്ക് മൊഞ്ചുള്ള, നാലാളെ കേള്‍പ്പിക്കാന്‍ പോന്ന ഒരു ഭൂതകാലം ഒരിക്കലും ഉണ്ടായിരിക്കില്ല. ഏതാണ്ടെല്ലാ ദ്വേഷനിര്‍ഭര പ്രത്യയശാസ്ത്രങ്ങളും (വര്‍ഗീയ ഫാസിസമാകട്ടെ, മതമൗലികവാദമാകട്ടെ, തീവ്രദേശീയതയാകട്ടെ) ആധുനിക കാലഘട്ടത്തില്‍ പിറന്ന്, ഞങ്ങള്‍/നിങ്ങള്‍ എന്ന ദ്വന്ദ്വസൃഷ്ടിയിലൂടെ പോഷകം സ്വീകരിച്ച് വളര്‍ന്നവയത്രേ. ഇക്കൂട്ടര്‍ മൂന്നു മാര്‍ഗങ്ങളാണ് താന്താങ്ങള്‍ക്ക് ആത്മവിജൃംഭണത്തിന് ഉതകുന്ന ഭൂതകാലസൃഷ്ടിക്കായി സാമാന്യേന സ്വീകരിക്കുന്നത്.

ഒന്നാമത്തെ മാര്‍ഗം, വര്‍ത്തമാനത്തിന്റെ ഇച്ഛകള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസൃതമായി പച്ചക്കള്ളങ്ങളുടെ അടിപ്പടവില്‍ തീര്‍ക്കുന്ന ഭൂതകാലനിര്‍മാണമാണ്. രണ്ടാമത്തെ മാര്‍ഗം, വളരെ ശ്രദ്ധയോടെ തെരഞ്ഞെടുത്തു നടത്തുന്ന സാംസ്കാരിക ബൗദ്ധിക പാരമ്പര്യങ്ങളുടെ അപഹരണമാണ്. മൂന്നാമത്തെ മാര്‍ഗം, ചരിത്രത്തിലെ സവിശേഷ രാഷ്ട്രീയബൗദ്ധിക വ്യക്തിത്വങ്ങളെ തെരഞ്ഞെടുത്ത് കൈവശപ്പെടുത്തുക എന്നതും. ഈ മൂന്നു മാര്‍ഗങ്ങളും വിവിധങ്ങളായ ചതുരുപായങ്ങളിലൂടെ നടപ്പാക്കുന്നതില്‍ സംഘപരിവാര്‍ കാണിച്ചുപോരുന്ന മിടുക്ക് അന്യാദൃശമാണ്.

സിന്ധുനദീതടസംസ്കാരം വൈദികസംസ്കാരത്തില്‍നിന്ന് പല നിലയ്ക്കും വ്യതിരിക്തമാണെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ ഹിന്ദുത്വവാദികള്‍ ഒരു കാലത്തും തയ്യാറായിരുന്നില്ല. നഗരങ്ങളുടെ സമൃദ്ധികൊണ്ടും കുതിരയുടെ അസാന്നിധ്യംകൊണ്ടും ശ്രദ്ധേയമായ ഹാരപ്പന്‍ സംസ്കൃതിയെയും ഗ്രാമകേന്ദ്രിതവും അശ്വസമൃദ്ധവും ഗോപാലനവും ഇത്തിരി കൃഷിയും മുഖമുദ്രയായിരുന്ന വൈദികസംസ്കൃതിയെയും ഏച്ചുകൂട്ടാനുള്ള പരിഹാസ്യശ്രമം ഹിന്ദുത്വവാദികള്‍ പലപാട് നടത്തിയിട്ടുണ്ട്. ഒരു വ്യാഴവട്ടം മുമ്പ് എന്‍ എസ് രാജാറാം, നട്വര്‍ ഝാ എന്നീ സ്വയംപ്രഖ്യാപിത ചരിത്രഗവേഷകര്‍ ഒരു ഹാരപ്പന്‍ മുദ്രയിലെ കാളയെ കംപ്യൂട്ടര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് കുതിരയാക്കി മാറ്റി. അവര്‍ സിന്ധുലിപി വായിച്ചെന്ന് അവകാശപ്പെടുകയും അതിലുടനീളം കുതിരകളെയും കുതിരകളെ പൂട്ടിയ രഥങ്ങളെയും കുതിരലാടത്തെയും എന്തിനേറെ പറയുന്നു, കുതിരവാലും കുതിരക്കുളവുംവരെ കണ്ടെത്തി വായിച്ചു. മൈക്കല്‍ വിറ്റ്സല്‍, സ്റ്റീവ് ഫാര്‍മര്‍ എന്നീ ഇന്ത്യാചരിത്രവിദഗ്ധര്‍ ഇതു കൈയോടെ പിടികൂടുകയും 'ഹാരപ്പയിലെ കുതിരക്കളി' എന്ന പ്രബന്ധത്തിലൂടെ ഹിന്ദുത്വവാദികളുടെ തട്ടിപ്പ് തുറന്നുകാട്ടുകയുംചെയ്തു.

ഹിന്ദുത്വരാഷ്ട്രീയം തങ്ങളുടെ പ്രത്യയശാസ്ത്രമൂശയില്‍ പുനര്‍നിര്‍മിച്ച് തങ്ങളുടേതാക്കി മാറ്റിയ ചരിത്രനായകനാണ് ശിവജി. മുസ്ലിം നിഷ്ഠുരവാഴ്ചയില്‍ നൂറ്റാണ്ടുകളായി നിശ്ചേതനമായിരുന്ന ഹിന്ദുക്കളെയും ഹിന്ദുമതത്തെയും വിമോചിപ്പിച്ച സ്വാതന്ത്ര്യപ്പോരാളിയായാണ് ശിവജി പുനരവതരിപ്പിക്കപ്പെട്ടത്. ശിവജിയുടെ സൈന്യത്തില്‍ പത്താന്‍കാരടക്കം നിരവധി മുസ്ലിങ്ങളുണ്ടായിരുന്നു എന്നതോ, അദ്ദേഹം ഡെക്കാനിലെ മുസ്ലിം ഭരണാധികാരികളുമായി തരാതരംപോലെ സഖ്യത്തിലേര്‍പ്പെട്ടിരുന്നു എന്നതോ, തന്റെ അര്‍ധസഹോദരനെതിരെയുള്ള പടപ്പുറപ്പാടിന് ഗോല്‍ക്കോണ്ടയിലെ മുസ്ലിംരാജാവിന്റെ സഹായമാണ് തേടിയിരുന്നത് എന്നതോ, മുഗളന്മാരുടെ സൈന്യാധിപനായി രാജാ ജയ്സിങ് ആയിരുന്നു ശിവജിക്കെതിരെ പടനയിച്ചിരുന്നത് എന്നതോ ഉള്‍പ്പെടെയുള്ള വസ്തുതകള്‍ അഗണ്യകോടിയില്‍ തള്ളിയാണ് ശിവജിയുടെ ഹിന്ദുത്വ പുനര്‍നിര്‍മിതി നടന്നത്. ഔറംഗസേബും ശിവജിയുമായുള്ള സംഘര്‍ഷം ഹിന്ദു മുസ്ലിം സംഘര്‍ഷമായി വീക്ഷിക്കുന്നതിനുപകരം അധികാരത്തിനും വിഭവങ്ങള്‍ക്കും ഭൂപ്രദേശത്തിനും വേണ്ടിയുള്ള പോരാട്ടമായി കാണാനുള്ള അസങ്കുചിത ചരിത്രബോധം ഇക്കൂട്ടര്‍ക്കുണ്ടായില്ല. ഡെക്കാനിലെ മുസ്ലിം രാജവാഴ്ച (അവരില്‍ കൂടുതലും ഷിയാ മുസ്ലിങ്ങളായിരുന്നു) ഹിന്ദുക്കളോട് പൊതുവെ ഉദാരസമീപനമാണ് പുലര്‍ത്തിയിരുന്നത് എന്ന ചരിത്രയാഥാര്‍ഥ്യവും അവര്‍ കാണാതെപോയി.

ഹിന്ദുത്വ ദേശീയതയുടെ വീരപുരുഷ പട്ടികയില്‍ അശോകനും അക്ബറും ഷാഹു മഹാരാജും ജയ്സിങ്ങും വാജിത് അലി ഷായും മറ്റും ഇല്ല. ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ബഹദൂര്‍ഷായും സീനത്ത് മഹനും ബക്ത്ഖാനും മൗലവി അഹമ്മദുല്ലയും ഈ പട്ടികയില്‍ ശ്രദ്ധേയമായ അസാന്നിധ്യങ്ങളത്രെ. എന്തിനേറെ പറയുന്നു, ഇന്ത്യയിലെ ആധുനികീകരണത്തിന്റെ ആദ്യകാല ധ്വജവാഹകരായ രാജാറാം മോഹന്‍ റായിയെയും കേശബ് ചന്ദ്ര സെന്നിനെയും നാം ആ പട്ടികയില്‍ ഒരിക്കലും കാണില്ല. ചരിത്രമണ്ഡലത്തില്‍ ഹിന്ദുത്വശക്തികള്‍ നടത്തുന്ന വര്‍ഗീയകോളനീകരണം ഉത്തരേന്ത്യയില്‍ മാത്രമല്ല ഇങ്ങ് കേരളത്തിലും വര്‍ധിതവീര്യത്തോടെ നടക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാണിക്കാനാണ് ഇത്രയും ആമുഖമായി പറഞ്ഞത്. കേരളവര്‍മ പഴശ്ശിരാജയെ ഇന്നാട്ടിലെ ഹിന്ദുത്വ പ്രഘോഷകര്‍ തങ്ങളുടെ വര്‍ഗീയചരിത്രമൂശയില്‍ വാര്‍ത്തെടുക്കാന്‍ തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ടിലേറെയായി. ഹിന്ദുത്വത്തിന്റെ കേരളീയബിംബം എന്ന നിലയ്ക്കാണ് പരിവാര്‍ സംഘടനകള്‍ ഈയിടെയായി പഴശ്ശിരാജയെ അവതരിപ്പിക്കുന്നത്. നവംബര്‍ 29 ന് കോഴിക്കോട്ട് പരിവാര്‍ സംഘടനയായ കേരള വനവാസി വികാസകേന്ദ്രം പഴശ്ശിയുടെ വീരാഹുതിസ്മരണ സംഘടിപ്പിച്ചു. അതില്‍ സംസാരിച്ച ചില സംഘ്പ്രഭൃതികള്‍ പഴശ്ശിയെ ധര്‍മരക്ഷകനായും ധര്‍മസംസ്ഥാപകനായും മറ്റുമായാണ് വിശേഷിപ്പിച്ചത്. മന്ത്രങ്ങളും ഭജനയും കൊണ്ട് ഭക്തിസാന്ദ്രമാക്കിയ പഴശ്ശി അനുസ്മരണവേദി ഹിന്ദുത്വരാഷ്ട്രീയത്തിന് അനുപൂരകമായ ഒരു പുതിയ പഴശ്ശിയെ നിര്‍മിച്ചെടുക്കുന്നതിന്റെ നിദര്‍ശനംകൂടിയായി.

മൈസൂര്‍ പടയോട്ടകാലത്ത് ജ്യേഷ്ഠന്‍ വീരവര്‍മ ഉള്‍പ്പെടെയുള്ള മലബാറിലെ സ്വരൂപവാഴ്ചക്കാരെല്ലാം വേണാട്ടുകരയിലേക്ക് പലായനം ചെയ്തപ്പോള്‍ പഴശ്ശിമാത്രമാണ് നാട്ടില്‍നിന്നത.് അത് ഹിന്ദുത്വക്കാര്‍ പറയുന്നതുപോലെ ധര്‍മരക്ഷാര്‍ഥമായിരുന്നില്ല, പ്രത്യുത പ്രജാരക്ഷാര്‍ഥമായിരുന്നു. മൈസൂര്‍ രാജാക്കന്മാര്‍ക്കെതിരെ പൊരുതാന്‍ പഴശ്ശി ബ്രിട്ടീഷുകാരെ സഹായിച്ചുവെങ്കിലും 1792ല്‍ മലബാര്‍, ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീശത്വത്തില്‍ വന്നതോടെ ബ്രിട്ടീഷുകാര്‍ പഴശ്ശിയോട് നെറികേട് കാണിക്കുകയാണ് ചെയ്തത്. വേണാട്ടുകരയില്‍നിന്ന് തിരിച്ചുവന്ന മലബാറിലെ രാജാക്കന്മാരെ സ്വരൂപങ്ങളുടെ പരമാധികാരികളായല്ല, കമ്പനിക്കുവേണ്ടി നികുതി പിരിക്കുന്നവരായാണ് ബ്രിട്ടീഷുകാര്‍ ചുമതലപ്പെടുത്തിയത്. പഴശ്ശിക്ക് പരമ്പരാഗതമായി കിട്ടിയ ഈ അധികാരം (കമ്പനിക്കുവേണ്ടി നികുതി പിരിക്കാനുള്ള) അദ്ദേഹത്തിന്റെ അറിവു കൂടാതെ നീക്കംചെയ്തതായിരുന്നു ഒരു നെറികേട്. പഴശ്ശിക്കോവിലകം കുത്തിത്തുറന്ന് മുതല്‍ കവര്‍ന്നതായിരുന്നു മറ്റൊരു നെറികെട്ട പ്രവൃത്തി. ആ സന്ദര്‍ഭത്തില്‍ ബോംബെയിലും മദ്രാസിലുമുള്ള ബ്രിട്ടീഷ് അധികാരികള്‍ക്ക് തലശേരിയിലെ ബ്രിട്ടീഷുകാര്‍ തന്നോടു കാണിച്ച നെറികേടുകളെക്കുറിച്ച് പഴശ്ശി നിരന്തരം കത്തുകളെഴുതുന്നുണ്ട്. അതേസമയംതന്നെ കണ്ണവത്തെയും തൊടീക്കളത്തെയും മറ്റും പിരിവുകാരോട് ഒരു മണി നെല്ലോ ഒരു മണി കുരുമുളകോ ബ്രിട്ടീഷുകാര്‍ക്കുവേണ്ടി പിരിക്കരുതെന്ന് പഴശ്ശി ആജ്ഞാപിക്കുന്നുമുണ്ട്. ബ്രിട്ടീഷുകാരില്‍നിന്ന് നീതി കിട്ടില്ല എന്ന് പൂര്‍ണമായി ബോധ്യമായപ്പോഴാണ് പഴശ്ശി തുറന്ന കലാപത്തിന് തുനിഞ്ഞത്. ഇവിടെ ഊന്നിപ്പറയേണ്ട കാര്യം, ബ്രിട്ടീഷ് വാഴ്ചയില്‍ അസംതൃപ്തരായ അസംഖ്യം ജനവിഭാഗങ്ങള്‍ (ജന്മികളും കുടിയാന്മാരും നായന്മാരും മാപ്പിളമാരും കുറുമ്പരും കുറിച്യരും മറ്റും) കലാപത്തില്‍ പങ്കുകൊണ്ടു എന്നതാണ്. മഞ്ചേരിയിലെ ഉണ്ണിമൂസയും ചെമ്പന്‍ പോക്കറുമൊക്കെ പഴശ്ശിയോടൊപ്പം കലാപരഥ്യയില്‍ ഇറങ്ങിത്തിരിച്ചവരാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ബ്രിട്ടീഷ് വിരുദ്ധ വികാരം ആവാഹിച്ച പല തട്ടിലും പല മട്ടിലുമുള്ള ജനവിഭാഗങ്ങളുടെ സമരസംഗമബിന്ദുവായി മാറുകയായിരുന്നു പഴശ്ശി. പഴശ്ശി വധിക്കപ്പെടുന്നതിനു മുമ്പുതന്നെ കണ്ണവത്ത് നമ്പ്യാരെയും എടച്ചന കുങ്കന്‍നായരെയും മറ്റും ബ്രിട്ടീഷുകാര്‍ വധിക്കുന്നുണ്ട്. പഴശ്ശിയെമാത്രം ചരിത്രത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് വീരാഹുതിസ്മരണ സംഘടിപ്പിക്കുമ്പോള്‍ അക്കാലത്ത് ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ സമരമുഖത്ത് പൊരുതിമരിച്ച മറ്റനേകം നേതാക്കളെയും സാധാരണക്കാരെയും ചരിത്രഭൂപടത്തില്‍നിന്ന് മായ്ച്ചു കളയുകയാണ് ചെയ്യുന്നത്. എടച്ചന കുങ്കന്‍നായരുടെ പിന്‍തലമുറ ഇപ്പോഴും മാനന്തവാടിയിലുണ്ട് എന്ന് ഇവര്‍ക്കറിയുമോ എന്തോ?

ബ്രിട്ടീഷുകാരോടൊപ്പം ടിപ്പുവിനെതിരെ പൊരുതിയ അതേ പഴശ്ശി ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ ടിപ്പുവിന്റെ സഹായം സ്വീകരിച്ചതായുള്ള ചരിത്രസത്യങ്ങളും നമുക്കുമുന്‍പിലുണ്ട്. (കുരുമുളക് കൊടുത്ത് ടിപ്പുവില്‍നിന്ന് വെടിമരുന്നു വാങ്ങിയിരുന്നു പഴശ്ശി) പഴശ്ശിയുടെ ബ്രിട്ടീഷ്വിരുദ്ധ സമരത്തെ ഭൂതകാലത്തില്‍നിന്ന് പ്രത്യേകമായി ഉയര്‍ത്തിക്കാട്ടി മഹത്വവല്‍ക്കരിക്കുന്നവര്‍ അതേ നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ വനവാസികള്‍തന്നെയായ കുറിച്യര്‍ നടത്തിയ കലാപത്തെയോ മാപ്പിളമാര്‍ നടത്തിയ മുപ്പതില്‍പരം ചെറുകലാപങ്ങളെയോ പറ്റി അര്‍ഥഗര്‍ഭമായ മൗനമാണ് ദീക്ഷിക്കാറുള്ളത്. വീരപുരുഷന്മാരെയും ധീരദേശസ്നേഹികളെയും സന്ദര്‍ഭേതരമായി അടര്‍ത്തിയെടുത്ത് നിര്‍മിക്കുന്ന ചരിത്രരചനാപദ്ധതി ഹിന്ദുത്വപ്രത്യയശാസ്ത്രത്തിന്റെ ആണിക്കല്ലുകളില്‍ ഒന്നാണ്. പഴശ്ശി ഹിന്ദുവായതുകൊണ്ടാണ് വീരനാകുന്നത് എന്ന മട്ടിലുള്ള ചരിത്രാഖ്യാനങ്ങള്‍ ചരിത്രത്തെ കൊഞ്ഞനംകുത്തലാണ്. പറഞ്ഞുവരുന്നത് ഇതാണ്.

പഴശ്ശിയാകട്ടെ, ശിവജിയാകട്ടെ, വേലുത്തമ്പിയാകട്ടെ, കട്ടബൊമ്മനാകട്ടെ, കുഞ്ഞാലിമരയ്ക്കാര്‍ ആകട്ടെ, ഷെയ്ക് സൈനുദീന്‍ ആകട്ടെ, ഇവരെല്ലാം നമ്മുടെ പൊതുചരിത്രപൈതൃകത്തിന്റെ ഭാഗമാണ്. ഇവരാരും ഒരു പ്രത്യേക മതവിഭാഗത്തിന്റെയോ ജാതിയുടെയോ പ്രദേശത്തിന്റെയോ ബിംബങ്ങളോ കുത്തകകളോ അല്ല. നിര്‍ഭാഗ്യവശാല്‍, ഭൂരിപക്ഷന്യൂനപക്ഷ വര്‍ഗീയ സംഘടനകള്‍ വര്‍ത്തമാനത്തിന്റെ കുത്സിത ലക്ഷ്യങ്ങള്‍ക്കുവേണ്ടി ചരിത്രവ്യക്തിത്വങ്ങളെ പകുത്തെടുക്കുന്ന പ്രവണത ഈയിടെയായി ശക്തിയാര്‍ജിച്ചിട്ടുണ്ട്. ചരിത്രരംഗത്ത് നടക്കുന്ന ഈ വര്‍ഗീയകോളനീകരണത്തിനെതിരെ മതേതരജനാധിപത്യശക്തികള്‍ ആശയതലത്തില്‍ അതിശക്തമായി ഇടപെടേണ്ടതുണ്ട്.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്