വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Sunday, December 9, 2012

ഹിന്ദുത്വ മൂശയില്‍ പഴശ്ശിയെ പുനര്‍നിര്‍മിക്കുമ്പോള്‍

ഹിന്ദുത്വ മൂശയില്‍ പഴശ്ശിയെ പുനര്‍നിര്‍മിക്കുമ്പോള്‍

എ എം ഷിനാസ്

ദേശാഭിമാനി ലേഖനം,  8  -12 -2012 


എല്ലാ മനുഷ്യര്‍ക്കും മാനവക്കൂട്ടായ്മകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഭൂതകാലം ആവശ്യമാണ്. ഇതുപക്ഷേ, മിക്കപ്പോഴും ചരിത്രഗവേഷണംകൊണ്ട് അനാച്ഛാദിതമാകുന്ന ഭൂതകാലമായിരിക്കില്ല. വളച്ചൊടിക്കലും വിട്ടുകളയലും അകാലികമാക്കലും സന്ദര്‍ഭേതരമാക്കലും മാത്രമല്ല, പച്ചക്കള്ളങ്ങളും ഇതിനായി അനുവര്‍ത്തിച്ചെന്നുവരും. അസഹിഷ്ണുതയുടെ പ്രത്യയശാസ്ത്രം പ്രേഷണംചെയ്യുന്നവരാണ് ഈ രീതി പൊതുവെ പിന്‍തുടരുന്നത്. ചരിത്രത്തിന്റെ മേലങ്കിയണിയിച്ച് ആനയിക്കപ്പെടുന്ന ഇത്തരം രാഷ്ട്രീയ സാമൂഹ്യ മിത്തുകളുടെ അപനിര്‍മാണം ചരിത്രകാരന്മാരുടെ പ്രഥമ കര്‍ത്തവ്യങ്ങളില്‍ ഒന്നത്രേ.;  എറിക് ഹോബ്സ്ബാം (ചരിത്രത്തെപ്പറ്റി എന്ന ഗ്രന്ഥത്തില്‍)

ദ്വേഷത്തിന്റെ പ്രത്യയശാസ്ത്രം പ്രസരിപ്പിക്കുന്നവര്‍ക്ക് മൊഞ്ചുള്ള, നാലാളെ കേള്‍പ്പിക്കാന്‍ പോന്ന ഒരു ഭൂതകാലം ഒരിക്കലും ഉണ്ടായിരിക്കില്ല. ഏതാണ്ടെല്ലാ ദ്വേഷനിര്‍ഭര പ്രത്യയശാസ്ത്രങ്ങളും (വര്‍ഗീയ ഫാസിസമാകട്ടെ, മതമൗലികവാദമാകട്ടെ, തീവ്രദേശീയതയാകട്ടെ) ആധുനിക കാലഘട്ടത്തില്‍ പിറന്ന്, ഞങ്ങള്‍/നിങ്ങള്‍ എന്ന ദ്വന്ദ്വസൃഷ്ടിയിലൂടെ പോഷകം സ്വീകരിച്ച് വളര്‍ന്നവയത്രേ. ഇക്കൂട്ടര്‍ മൂന്നു മാര്‍ഗങ്ങളാണ് താന്താങ്ങള്‍ക്ക് ആത്മവിജൃംഭണത്തിന് ഉതകുന്ന ഭൂതകാലസൃഷ്ടിക്കായി സാമാന്യേന സ്വീകരിക്കുന്നത്.

ഒന്നാമത്തെ മാര്‍ഗം, വര്‍ത്തമാനത്തിന്റെ ഇച്ഛകള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസൃതമായി പച്ചക്കള്ളങ്ങളുടെ അടിപ്പടവില്‍ തീര്‍ക്കുന്ന ഭൂതകാലനിര്‍മാണമാണ്. രണ്ടാമത്തെ മാര്‍ഗം, വളരെ ശ്രദ്ധയോടെ തെരഞ്ഞെടുത്തു നടത്തുന്ന സാംസ്കാരിക ബൗദ്ധിക പാരമ്പര്യങ്ങളുടെ അപഹരണമാണ്. മൂന്നാമത്തെ മാര്‍ഗം, ചരിത്രത്തിലെ സവിശേഷ രാഷ്ട്രീയബൗദ്ധിക വ്യക്തിത്വങ്ങളെ തെരഞ്ഞെടുത്ത് കൈവശപ്പെടുത്തുക എന്നതും. ഈ മൂന്നു മാര്‍ഗങ്ങളും വിവിധങ്ങളായ ചതുരുപായങ്ങളിലൂടെ നടപ്പാക്കുന്നതില്‍ സംഘപരിവാര്‍ കാണിച്ചുപോരുന്ന മിടുക്ക് അന്യാദൃശമാണ്.

സിന്ധുനദീതടസംസ്കാരം വൈദികസംസ്കാരത്തില്‍നിന്ന് പല നിലയ്ക്കും വ്യതിരിക്തമാണെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ ഹിന്ദുത്വവാദികള്‍ ഒരു കാലത്തും തയ്യാറായിരുന്നില്ല. നഗരങ്ങളുടെ സമൃദ്ധികൊണ്ടും കുതിരയുടെ അസാന്നിധ്യംകൊണ്ടും ശ്രദ്ധേയമായ ഹാരപ്പന്‍ സംസ്കൃതിയെയും ഗ്രാമകേന്ദ്രിതവും അശ്വസമൃദ്ധവും ഗോപാലനവും ഇത്തിരി കൃഷിയും മുഖമുദ്രയായിരുന്ന വൈദികസംസ്കൃതിയെയും ഏച്ചുകൂട്ടാനുള്ള പരിഹാസ്യശ്രമം ഹിന്ദുത്വവാദികള്‍ പലപാട് നടത്തിയിട്ടുണ്ട്. ഒരു വ്യാഴവട്ടം മുമ്പ് എന്‍ എസ് രാജാറാം, നട്വര്‍ ഝാ എന്നീ സ്വയംപ്രഖ്യാപിത ചരിത്രഗവേഷകര്‍ ഒരു ഹാരപ്പന്‍ മുദ്രയിലെ കാളയെ കംപ്യൂട്ടര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് കുതിരയാക്കി മാറ്റി. അവര്‍ സിന്ധുലിപി വായിച്ചെന്ന് അവകാശപ്പെടുകയും അതിലുടനീളം കുതിരകളെയും കുതിരകളെ പൂട്ടിയ രഥങ്ങളെയും കുതിരലാടത്തെയും എന്തിനേറെ പറയുന്നു, കുതിരവാലും കുതിരക്കുളവുംവരെ കണ്ടെത്തി വായിച്ചു. മൈക്കല്‍ വിറ്റ്സല്‍, സ്റ്റീവ് ഫാര്‍മര്‍ എന്നീ ഇന്ത്യാചരിത്രവിദഗ്ധര്‍ ഇതു കൈയോടെ പിടികൂടുകയും 'ഹാരപ്പയിലെ കുതിരക്കളി' എന്ന പ്രബന്ധത്തിലൂടെ ഹിന്ദുത്വവാദികളുടെ തട്ടിപ്പ് തുറന്നുകാട്ടുകയുംചെയ്തു.

ഹിന്ദുത്വരാഷ്ട്രീയം തങ്ങളുടെ പ്രത്യയശാസ്ത്രമൂശയില്‍ പുനര്‍നിര്‍മിച്ച് തങ്ങളുടേതാക്കി മാറ്റിയ ചരിത്രനായകനാണ് ശിവജി. മുസ്ലിം നിഷ്ഠുരവാഴ്ചയില്‍ നൂറ്റാണ്ടുകളായി നിശ്ചേതനമായിരുന്ന ഹിന്ദുക്കളെയും ഹിന്ദുമതത്തെയും വിമോചിപ്പിച്ച സ്വാതന്ത്ര്യപ്പോരാളിയായാണ് ശിവജി പുനരവതരിപ്പിക്കപ്പെട്ടത്. ശിവജിയുടെ സൈന്യത്തില്‍ പത്താന്‍കാരടക്കം നിരവധി മുസ്ലിങ്ങളുണ്ടായിരുന്നു എന്നതോ, അദ്ദേഹം ഡെക്കാനിലെ മുസ്ലിം ഭരണാധികാരികളുമായി തരാതരംപോലെ സഖ്യത്തിലേര്‍പ്പെട്ടിരുന്നു എന്നതോ, തന്റെ അര്‍ധസഹോദരനെതിരെയുള്ള പടപ്പുറപ്പാടിന് ഗോല്‍ക്കോണ്ടയിലെ മുസ്ലിംരാജാവിന്റെ സഹായമാണ് തേടിയിരുന്നത് എന്നതോ, മുഗളന്മാരുടെ സൈന്യാധിപനായി രാജാ ജയ്സിങ് ആയിരുന്നു ശിവജിക്കെതിരെ പടനയിച്ചിരുന്നത് എന്നതോ ഉള്‍പ്പെടെയുള്ള വസ്തുതകള്‍ അഗണ്യകോടിയില്‍ തള്ളിയാണ് ശിവജിയുടെ ഹിന്ദുത്വ പുനര്‍നിര്‍മിതി നടന്നത്. ഔറംഗസേബും ശിവജിയുമായുള്ള സംഘര്‍ഷം ഹിന്ദു മുസ്ലിം സംഘര്‍ഷമായി വീക്ഷിക്കുന്നതിനുപകരം അധികാരത്തിനും വിഭവങ്ങള്‍ക്കും ഭൂപ്രദേശത്തിനും വേണ്ടിയുള്ള പോരാട്ടമായി കാണാനുള്ള അസങ്കുചിത ചരിത്രബോധം ഇക്കൂട്ടര്‍ക്കുണ്ടായില്ല. ഡെക്കാനിലെ മുസ്ലിം രാജവാഴ്ച (അവരില്‍ കൂടുതലും ഷിയാ മുസ്ലിങ്ങളായിരുന്നു) ഹിന്ദുക്കളോട് പൊതുവെ ഉദാരസമീപനമാണ് പുലര്‍ത്തിയിരുന്നത് എന്ന ചരിത്രയാഥാര്‍ഥ്യവും അവര്‍ കാണാതെപോയി.

ഹിന്ദുത്വ ദേശീയതയുടെ വീരപുരുഷ പട്ടികയില്‍ അശോകനും അക്ബറും ഷാഹു മഹാരാജും ജയ്സിങ്ങും വാജിത് അലി ഷായും മറ്റും ഇല്ല. ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ബഹദൂര്‍ഷായും സീനത്ത് മഹനും ബക്ത്ഖാനും മൗലവി അഹമ്മദുല്ലയും ഈ പട്ടികയില്‍ ശ്രദ്ധേയമായ അസാന്നിധ്യങ്ങളത്രെ. എന്തിനേറെ പറയുന്നു, ഇന്ത്യയിലെ ആധുനികീകരണത്തിന്റെ ആദ്യകാല ധ്വജവാഹകരായ രാജാറാം മോഹന്‍ റായിയെയും കേശബ് ചന്ദ്ര സെന്നിനെയും നാം ആ പട്ടികയില്‍ ഒരിക്കലും കാണില്ല. ചരിത്രമണ്ഡലത്തില്‍ ഹിന്ദുത്വശക്തികള്‍ നടത്തുന്ന വര്‍ഗീയകോളനീകരണം ഉത്തരേന്ത്യയില്‍ മാത്രമല്ല ഇങ്ങ് കേരളത്തിലും വര്‍ധിതവീര്യത്തോടെ നടക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാണിക്കാനാണ് ഇത്രയും ആമുഖമായി പറഞ്ഞത്. കേരളവര്‍മ പഴശ്ശിരാജയെ ഇന്നാട്ടിലെ ഹിന്ദുത്വ പ്രഘോഷകര്‍ തങ്ങളുടെ വര്‍ഗീയചരിത്രമൂശയില്‍ വാര്‍ത്തെടുക്കാന്‍ തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ടിലേറെയായി. ഹിന്ദുത്വത്തിന്റെ കേരളീയബിംബം എന്ന നിലയ്ക്കാണ് പരിവാര്‍ സംഘടനകള്‍ ഈയിടെയായി പഴശ്ശിരാജയെ അവതരിപ്പിക്കുന്നത്. നവംബര്‍ 29 ന് കോഴിക്കോട്ട് പരിവാര്‍ സംഘടനയായ കേരള വനവാസി വികാസകേന്ദ്രം പഴശ്ശിയുടെ വീരാഹുതിസ്മരണ സംഘടിപ്പിച്ചു. അതില്‍ സംസാരിച്ച ചില സംഘ്പ്രഭൃതികള്‍ പഴശ്ശിയെ ധര്‍മരക്ഷകനായും ധര്‍മസംസ്ഥാപകനായും മറ്റുമായാണ് വിശേഷിപ്പിച്ചത്. മന്ത്രങ്ങളും ഭജനയും കൊണ്ട് ഭക്തിസാന്ദ്രമാക്കിയ പഴശ്ശി അനുസ്മരണവേദി ഹിന്ദുത്വരാഷ്ട്രീയത്തിന് അനുപൂരകമായ ഒരു പുതിയ പഴശ്ശിയെ നിര്‍മിച്ചെടുക്കുന്നതിന്റെ നിദര്‍ശനംകൂടിയായി.

മൈസൂര്‍ പടയോട്ടകാലത്ത് ജ്യേഷ്ഠന്‍ വീരവര്‍മ ഉള്‍പ്പെടെയുള്ള മലബാറിലെ സ്വരൂപവാഴ്ചക്കാരെല്ലാം വേണാട്ടുകരയിലേക്ക് പലായനം ചെയ്തപ്പോള്‍ പഴശ്ശിമാത്രമാണ് നാട്ടില്‍നിന്നത.് അത് ഹിന്ദുത്വക്കാര്‍ പറയുന്നതുപോലെ ധര്‍മരക്ഷാര്‍ഥമായിരുന്നില്ല, പ്രത്യുത പ്രജാരക്ഷാര്‍ഥമായിരുന്നു. മൈസൂര്‍ രാജാക്കന്മാര്‍ക്കെതിരെ പൊരുതാന്‍ പഴശ്ശി ബ്രിട്ടീഷുകാരെ സഹായിച്ചുവെങ്കിലും 1792ല്‍ മലബാര്‍, ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീശത്വത്തില്‍ വന്നതോടെ ബ്രിട്ടീഷുകാര്‍ പഴശ്ശിയോട് നെറികേട് കാണിക്കുകയാണ് ചെയ്തത്. വേണാട്ടുകരയില്‍നിന്ന് തിരിച്ചുവന്ന മലബാറിലെ രാജാക്കന്മാരെ സ്വരൂപങ്ങളുടെ പരമാധികാരികളായല്ല, കമ്പനിക്കുവേണ്ടി നികുതി പിരിക്കുന്നവരായാണ് ബ്രിട്ടീഷുകാര്‍ ചുമതലപ്പെടുത്തിയത്. പഴശ്ശിക്ക് പരമ്പരാഗതമായി കിട്ടിയ ഈ അധികാരം (കമ്പനിക്കുവേണ്ടി നികുതി പിരിക്കാനുള്ള) അദ്ദേഹത്തിന്റെ അറിവു കൂടാതെ നീക്കംചെയ്തതായിരുന്നു ഒരു നെറികേട്. പഴശ്ശിക്കോവിലകം കുത്തിത്തുറന്ന് മുതല്‍ കവര്‍ന്നതായിരുന്നു മറ്റൊരു നെറികെട്ട പ്രവൃത്തി. ആ സന്ദര്‍ഭത്തില്‍ ബോംബെയിലും മദ്രാസിലുമുള്ള ബ്രിട്ടീഷ് അധികാരികള്‍ക്ക് തലശേരിയിലെ ബ്രിട്ടീഷുകാര്‍ തന്നോടു കാണിച്ച നെറികേടുകളെക്കുറിച്ച് പഴശ്ശി നിരന്തരം കത്തുകളെഴുതുന്നുണ്ട്. അതേസമയംതന്നെ കണ്ണവത്തെയും തൊടീക്കളത്തെയും മറ്റും പിരിവുകാരോട് ഒരു മണി നെല്ലോ ഒരു മണി കുരുമുളകോ ബ്രിട്ടീഷുകാര്‍ക്കുവേണ്ടി പിരിക്കരുതെന്ന് പഴശ്ശി ആജ്ഞാപിക്കുന്നുമുണ്ട്. ബ്രിട്ടീഷുകാരില്‍നിന്ന് നീതി കിട്ടില്ല എന്ന് പൂര്‍ണമായി ബോധ്യമായപ്പോഴാണ് പഴശ്ശി തുറന്ന കലാപത്തിന് തുനിഞ്ഞത്. ഇവിടെ ഊന്നിപ്പറയേണ്ട കാര്യം, ബ്രിട്ടീഷ് വാഴ്ചയില്‍ അസംതൃപ്തരായ അസംഖ്യം ജനവിഭാഗങ്ങള്‍ (ജന്മികളും കുടിയാന്മാരും നായന്മാരും മാപ്പിളമാരും കുറുമ്പരും കുറിച്യരും മറ്റും) കലാപത്തില്‍ പങ്കുകൊണ്ടു എന്നതാണ്. മഞ്ചേരിയിലെ ഉണ്ണിമൂസയും ചെമ്പന്‍ പോക്കറുമൊക്കെ പഴശ്ശിയോടൊപ്പം കലാപരഥ്യയില്‍ ഇറങ്ങിത്തിരിച്ചവരാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ബ്രിട്ടീഷ് വിരുദ്ധ വികാരം ആവാഹിച്ച പല തട്ടിലും പല മട്ടിലുമുള്ള ജനവിഭാഗങ്ങളുടെ സമരസംഗമബിന്ദുവായി മാറുകയായിരുന്നു പഴശ്ശി. പഴശ്ശി വധിക്കപ്പെടുന്നതിനു മുമ്പുതന്നെ കണ്ണവത്ത് നമ്പ്യാരെയും എടച്ചന കുങ്കന്‍നായരെയും മറ്റും ബ്രിട്ടീഷുകാര്‍ വധിക്കുന്നുണ്ട്. പഴശ്ശിയെമാത്രം ചരിത്രത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് വീരാഹുതിസ്മരണ സംഘടിപ്പിക്കുമ്പോള്‍ അക്കാലത്ത് ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ സമരമുഖത്ത് പൊരുതിമരിച്ച മറ്റനേകം നേതാക്കളെയും സാധാരണക്കാരെയും ചരിത്രഭൂപടത്തില്‍നിന്ന് മായ്ച്ചു കളയുകയാണ് ചെയ്യുന്നത്. എടച്ചന കുങ്കന്‍നായരുടെ പിന്‍തലമുറ ഇപ്പോഴും മാനന്തവാടിയിലുണ്ട് എന്ന് ഇവര്‍ക്കറിയുമോ എന്തോ?

ബ്രിട്ടീഷുകാരോടൊപ്പം ടിപ്പുവിനെതിരെ പൊരുതിയ അതേ പഴശ്ശി ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ ടിപ്പുവിന്റെ സഹായം സ്വീകരിച്ചതായുള്ള ചരിത്രസത്യങ്ങളും നമുക്കുമുന്‍പിലുണ്ട്. (കുരുമുളക് കൊടുത്ത് ടിപ്പുവില്‍നിന്ന് വെടിമരുന്നു വാങ്ങിയിരുന്നു പഴശ്ശി) പഴശ്ശിയുടെ ബ്രിട്ടീഷ്വിരുദ്ധ സമരത്തെ ഭൂതകാലത്തില്‍നിന്ന് പ്രത്യേകമായി ഉയര്‍ത്തിക്കാട്ടി മഹത്വവല്‍ക്കരിക്കുന്നവര്‍ അതേ നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ വനവാസികള്‍തന്നെയായ കുറിച്യര്‍ നടത്തിയ കലാപത്തെയോ മാപ്പിളമാര്‍ നടത്തിയ മുപ്പതില്‍പരം ചെറുകലാപങ്ങളെയോ പറ്റി അര്‍ഥഗര്‍ഭമായ മൗനമാണ് ദീക്ഷിക്കാറുള്ളത്. വീരപുരുഷന്മാരെയും ധീരദേശസ്നേഹികളെയും സന്ദര്‍ഭേതരമായി അടര്‍ത്തിയെടുത്ത് നിര്‍മിക്കുന്ന ചരിത്രരചനാപദ്ധതി ഹിന്ദുത്വപ്രത്യയശാസ്ത്രത്തിന്റെ ആണിക്കല്ലുകളില്‍ ഒന്നാണ്. പഴശ്ശി ഹിന്ദുവായതുകൊണ്ടാണ് വീരനാകുന്നത് എന്ന മട്ടിലുള്ള ചരിത്രാഖ്യാനങ്ങള്‍ ചരിത്രത്തെ കൊഞ്ഞനംകുത്തലാണ്. പറഞ്ഞുവരുന്നത് ഇതാണ്.

പഴശ്ശിയാകട്ടെ, ശിവജിയാകട്ടെ, വേലുത്തമ്പിയാകട്ടെ, കട്ടബൊമ്മനാകട്ടെ, കുഞ്ഞാലിമരയ്ക്കാര്‍ ആകട്ടെ, ഷെയ്ക് സൈനുദീന്‍ ആകട്ടെ, ഇവരെല്ലാം നമ്മുടെ പൊതുചരിത്രപൈതൃകത്തിന്റെ ഭാഗമാണ്. ഇവരാരും ഒരു പ്രത്യേക മതവിഭാഗത്തിന്റെയോ ജാതിയുടെയോ പ്രദേശത്തിന്റെയോ ബിംബങ്ങളോ കുത്തകകളോ അല്ല. നിര്‍ഭാഗ്യവശാല്‍, ഭൂരിപക്ഷന്യൂനപക്ഷ വര്‍ഗീയ സംഘടനകള്‍ വര്‍ത്തമാനത്തിന്റെ കുത്സിത ലക്ഷ്യങ്ങള്‍ക്കുവേണ്ടി ചരിത്രവ്യക്തിത്വങ്ങളെ പകുത്തെടുക്കുന്ന പ്രവണത ഈയിടെയായി ശക്തിയാര്‍ജിച്ചിട്ടുണ്ട്. ചരിത്രരംഗത്ത് നടക്കുന്ന ഈ വര്‍ഗീയകോളനീകരണത്തിനെതിരെ മതേതരജനാധിപത്യശക്തികള്‍ ആശയതലത്തില്‍ അതിശക്തമായി ഇടപെടേണ്ടതുണ്ട്.

Thursday, December 6, 2012

അയോദ്ധ്യ നൽകുന്ന സന്ദേശം

അയോദ്ധ്യ നൽകുന്ന സന്ദേശം

വി.ബി.പരമേശ്വരൻ

ദേശാഭിമാനി, 6  -12 -2012 


ഹിന്ദുവര്ഗീയവാദികള് ബാബറി മസ്ജിദ് തകര്ത്തിട്ട് രണ്ട് ദശാബ്ദം പിന്നിടുന്നു. സരയൂ നദിയിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയി; അയോധ്യയിലെ സാധാരണ ജനങ്ങളുടെ ജീവിതത്തില് മാത്രമല്ല, ഇന്ത്യന് രാഷ്ട്രീയത്തിലും ഒരുപാട് മാറ്റങ്ങളുണ്ടായി. മതനിരപേക്ഷ രാഷ്ട്രത്തിന്റെ ശക്തിയും ദൗര്ബല്യവും ഒരുപോലെ വെളിവാക്കുന്ന സംഭവപരമ്പരകളാണ് രണ്ട് ദശാബ്ദത്തിനിടയിലുണ്ടായത്.

ആദ്യം അയോധ്യയില്നിന്ന് തുടങ്ങാം. ബാബറി മസ്ജിദ് തകര്ക്കപ്പെട്ട ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പിലും അയോധ്യയില് നിന്ന് വിജയിച്ച ബിജെപിയുടെ ലല്ലുസിങ് ഈ വര്ഷം നടന്ന തെരഞ്ഞെടുപ്പില് ആദ്യമായി പരാജയപ്പെട്ടു. തുടര്ച്ചയായ അഞ്ച് വിജയങ്ങള്ക്ക് ശേഷമാണ് ലല്ലുസിങ്, ലഖ്നൗ സര്വകലാശാലയിലെ വിദ്യാര്ഥി യൂണിയന് നേതാവും സമാജ്വാദിപാര്ടി സ്ഥാനാര്ഥിയുമായ തേജ്നാരായണ് പാണ്ഡെക്ക് മുമ്പില് പരാജയപ്പെട്ടത്. ഇരുപത് വര്ഷങ്ങള്ക്ക് മുമ്പ് സംഘപരിവാര് സൃഷ്ടിച്ച മതസ്പര്ധയിലൂടെ വിജയം ഉറപ്പിച്ച ബിജെപിക്ക് അയോധ്യയില് മാത്രമല്ല, ഉത്തര്പ്രദേശിലെങ്ങും ചുവട് പിഴച്ചുവെന്നു വേണം കരുതാന് .

ബാബറി മസ്ജിദ് തകര്ക്കപ്പെട്ടശേഷം ആളിക്കത്തിച്ച ഹൈന്ദവ വികാരത്തില് ഏറ്റവും വലിയ രാഷ്ട്രീയനേട്ടം കൊയ്ത രാഷ്ട്രീയ പാര്ടി ബിജെപിയാണ്. തുടര്ന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഡല്ഹിയില് ബിജെപി ആദ്യമായി അധികാരത്തിലെത്തിയത്. 1995ല് നടന്ന തെരഞ്ഞെടുപ്പില് ഗുജറാത്തിലും ആദ്യമായി ബിജെപി അധികാരത്തിലെത്തി; കേശുഭായ് പട്ടേലിന്റെ നേതൃത്വത്തില്. അയോധ്യ സംഭവത്തിന് പത്ത് വര്ഷത്തിനകമാണ് ഗുജറാത്തില് മോഡി വംശഹത്യക്ക് നേതൃത്വം നല്കിയതും സംസ്ഥാനത്ത് അധികാരം ഉറപ്പിച്ചതും. ഇന്ന് കേശുഭായ് മോഡിക്കെതിരെ തിരിഞ്ഞെങ്കിലും സംഘപരിവാര് അവരുടെ ആശയഗതിയില് നിന്ന് ഒരടി പിന്നോട്ടു പോയിട്ടില്ല. അയോധ്യക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില് മഹാരാഷ്ട്രയിലും ബിജെപിശിവസേന സഖ്യം അധികാരത്തില് വന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും മറ്റും ബിജെപിയെ അധികാരത്തിലെത്താന് സഹായിച്ചതും അയോധ്യാപ്രസ്ഥാനം തന്നെ.

ബിജെപി ആദ്യമായി കേന്ദ്രത്തില് അധികാരത്തിലെത്തിയതും അയോധ്യപ്രസ്ഥാനത്തിന്റെ പേരിലായിരുന്നു. എന്നാല്, മതത്തിന്റെ അടിസ്ഥാനത്തില്മാത്രം ഒരു രാഷ്ട്രീയപാര്ടിക്കും അധികാരം നിലനിര്ത്താന് കഴിയില്ലെന്ന് പിന്നീടുള്ള വര്ഷങ്ങള് തെളിയിച്ചു. അയോധ്യയുടെ മണ്ണില്തന്നെയാണ് ആദ്യം ബിജെപിക്ക് അടിതെറ്റിയത്. 1996ലെ നിയമസഭാ തെരഞ്ഞെടുപ്പില് 425 അംഗ സഭയില് 221 സീറ്റും 34 ശതമാനം വോട്ടും ലഭിച്ച ബിജെപിക്ക് 2012ല് ലഭിച്ചത് 47 സീറ്റും 15 ശതമാനം വോട്ടുംമാത്രമാണ്. 1998ല് 85 ലോക്സഭാ സീറ്റില് 57 ഉം നേടിയ ബിജെപിക്ക് കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിലും 10 വീതം സീറ്റുമാത്രമാണ് ഉത്തര്പ്രദേശില്നിന്ന് ലഭിച്ചത്. വോട്ടിങ് ശതമാനത്തിലും കുറവ് ദൃശ്യമാണ്. അയോധ്യാപ്രസ്ഥാനത്തിന് നേതൃത്വം നല്കിയ അദ്വാനിയും ഉമാഭാരതിയും മറ്റും പഴയ പ്രതാപം നിലനിര്ത്താന് വിഷമിക്കുന്ന കാഴ്ചയുമുണ്ട്.

ബാബറി മസ്ജിദ് തകര്ക്കപ്പെട്ടതിനെക്കുറിച്ച് നടന്ന അന്വേഷണങ്ങള് എങ്ങുമെത്തിയില്ലെന്നത് ഇന്ത്യന് റിപ്പബ്ലിക്കിന്റെ വീഴ്ചയായി വിലയിരുത്താം. മതനിരപേക്ഷ രാഷ്ട്രത്തിന്റെ അടിക്കല്ല് ഇളക്കുന്ന സംഭവമായിട്ടും ഇന്ത്യന് ജുഡീഷ്യറിയും എക്സിക്യൂട്ടീവും മറ്റും ആ ഗൗരവത്തില് പ്രശ്നത്തെ സമീപിച്ചുവെന്ന് കരുതാനാവില്ല. ലിബറാന്കമീഷന് തന്നെ ഉദാഹരണം. ബാബറി മസ്ജിദ് തകര്ക്കപ്പെട്ടതിനെക്കുറിച്ച് അന്വേഷിച്ച് മൂന്ന് മാസത്തിനകം റിപ്പോര്ട്ട് സമര്പ്പിക്കാന് രൂപീകരിച്ച കമീഷന് 48 തവണ കാലാവധി നീട്ടി 17 വര്ഷത്തിന് ശേഷം 2009 ലാണ് റിപ്പോര്ട്ട് സമര്പ്പിച്ചത്. സമര്പ്പിച്ച റിപ്പോര്ട്ടാകട്ടെ വ്യര്ഥവും. മൂന്ന് വര്ഷമായിട്ടും ആ റിപ്പോര്ട്ടിന്മേല് സര്ക്കാര് ഒരു നടപടിയും സ്വീകരിച്ചില്ല. എല് കെ അദ്വാനിയും ഉമാഭാരതിയും എം എം ജോഷിയും മറ്റും ഉള്പ്പെട്ട ക്രിമിനല് ഗൂഢാലോചനക്കേസും തീരുമാനത്തിലെത്തിയിട്ടില്ല. എന്ഡിഎ സര്ക്കാരിന്റെ കാലത്ത് കേസില് നിന്ന് ഉപപ്രധാനമന്ത്രിയായ അദ്വാനിയെ ഒഴിവാക്കിയെങ്കിലും ഈ വര്ഷം മെയ് ഏഴിന് സിബിഐ കോടതിയിലെത്തി അദ്വാനിയെ ഒഴിവാക്കാനാകില്ലെന്ന് പറഞ്ഞതു മാത്രമാണ് ഈ കേസിലെ ഏക പുരോഗതി. ഭൂമിയുടെ അവകാശം സംബന്ധിച്ച കേസില് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് മൂന്നില് രണ്ടുഭാഗം ഹിന്ദുക്കള്ക്കും ഒരുഭാഗം മുസ്ലിങ്ങള്ക്കും നല്കി വിധിന്യായം പുറപ്പെടുവിച്ചത് പ്രശ്നപരിഹാരത്തിന് പകരം, പ്രശ്നം കൂടുതല് സങ്കീര്ണമാക്കി. ഈ വിധിയെ ചോദ്യംചെയ്ത് ബന്ധപ്പെട്ട എല്ലാ കക്ഷികളും സുപ്രീംകോടതിയെ സമീപിച്ചു.

ഒരു ലക്ഷം ജനങ്ങള് അധിവസിക്കുന്ന അയോധ്യയിലെ ജനങ്ങള്ക്കും സംഘപരിവാറിന്റെ പ്രസ്ഥാനം വലിയ വിഷമമാണ് സൃഷ്ടിച്ചത്. 'അയോധ്യാപ്രസ്ഥാനം പുറത്തുള്ളവര്ക്കാണ്. അയോധ്യവാസികളുടേതല്ല' എന്നത് അയോധ്യയിലെ ജനങ്ങളുടെ ശബ്ദമാണ്. മുമ്പ് ഏറ്റവും പ്രധാന തീര്ഥാടന കേന്ദ്രങ്ങളിലൊന്നായിരുന്നു അയോധ്യ. എന്നാല്, അയോധ്യപ്രസ്ഥാനം ആരംഭിച്ചതോടെ നഗരം കനത്ത സുരക്ഷാവലയത്തിലായി. ഹനുമാന്ഗഢ് മുതല് സരയൂ നദിവരെയുള്ള അയോധ്യ നഗരം പട്ടാളക്യാമ്പിനെയാണ് അനുസ്മരിപ്പിക്കുക. ജനങ്ങളുടെ വരവ് കുറഞ്ഞു. ആരും നഗരത്തില് നിക്ഷേപം നടത്താതായി. എപ്പോഴാണ് കുഴപ്പമുണ്ടാകുക എന്ന അനിശ്ചിതത്വമാണ് കാരണം. അയോധ്യപ്രസ്ഥാനത്തിന്റെ കാലത്ത് ബാബറിമസ്ജിദ് തകര്ക്കുന്ന സിഡികളും മറ്റും ചൂടപ്പംപോലെ വിറ്റിരുന്നു. എന്നാല്, ഇന്ന് സിഡി വാങ്ങാന് ആളില്ലാതായി എന്ന് അയോധ്യവാസികള് സാക്ഷ്യപ്പെടുത്തുന്നു. മുസ്ലിങ്ങള് നിര്മിക്കുന്ന മതസൗഹാര്ദത്തിന്റെ പ്രതീകമായ 'ഖാത്തുവാന്' എന്ന മരച്ചെരിപ്പിനുള്ള ആവശ്യക്കാരും കുറഞ്ഞു. എല്ലാ അര്ഥത്തിലും അയോധ്യയിലെ സാധാരണ ജനങ്ങളുടെ ജീവിതം വഴിമുട്ടി. അവര്ക്ക് ഒരടി മുന്നോട്ടു പോകാന് കഴിഞ്ഞില്ലെന്നു മാത്രമല്ല, പിറകോട്ട് നയിക്കുകയാണ് അയോധ്യാ പ്രസ്ഥാനം ചെയ്തത്. ജനങ്ങള് ഇത് തിരിച്ചറിയുകയാണ്.

അയോധ്യാ പ്രസ്ഥാനം സൃഷ്ടിച്ച വര്ഗീയതയുടെ വിഷവിത്തുകള് നശിച്ചുവെന്നോ, ഇനി ഒരിക്കലും ഇന്ത്യന് മനസ്സിനെ അസ്വസ്ഥമാക്കില്ലെന്നോ പറയാനാകില്ലെന്ന് ഗുജറാത്ത് വംശഹത്യയും ഒഡിഷയിലെ ക്രിസ്ത്യന്വേട്ടയും നമ്മെ ഓര്മിപ്പിക്കുന്നു. ബാബറിമസ്ജിദ് തകര്ന്നപ്പോള്പ്പോലും ശാന്തമായിരുന്ന അയോധ്യയോട് മുട്ടിയുരുമ്മി നില്ക്കുന്ന ഫൈസാബാദ് നഗരം ഒക്ടോബര് 24ന് വര്ഗീയാഗ്നിയില് അമരുകയുണ്ടായി. ഫൈസാബാദിനടുത്ത ഭദ്രസയിലും റുദ്ദാലിയിലും ഷാഗഞ്ചിലും ഒരു പ്രത്യേക മതവിഭാഗത്തിന്റെ കടകളും വീടുകളും അഗ്നിക്കിരയായി. ഫൈസാബാദിലെ വലിയദേവകാളി മന്ദിറിലെ ലക്ഷ്മി, സരസ്വതി, കാളി വിഗ്രഹങ്ങള് മോഷണംപോയതാണ് കലാപത്തിന് കാരണമായത്. 'ഹിന്ദുക്കള് ഒരിക്കലും ദൈവവിഗ്രഹം മോഷണംചെയ്യില്ലെന്ന്' പറഞ്ഞ് ഹിന്ദുയുവവാഹിനി നേതാവും ഗോരഖ്പുര് എംപിയുമായ യോഗി ആദിത്യനാഥിന്റെ വര്ഗീയച്ചുവയുള്ള പ്രസംഗവും അടുത്ത ദിവസം ബിജെപിയും വിഎച്ച്പിയും ബജ്രംഗ്ദളും ആര്എസ്എസും ചേര്ന്ന് നടത്തിയ ബന്ദുമാണ് പ്രശ്നം വഷളാക്കിയത്. ഉത്തര്പ്രദേശ് പൊലീസാകട്ടെ നോക്കുകുത്തിയായി നിന്നു. 'ഉത്തര്പ്രദേശും ഗുജറാത്താക്കും, ഫൈസാബാദില്നിന്ന് തുടക്കം കുറിക്കും' എന്ന മുദ്രാവാക്യമാണ് അവിടെനിന്ന് നിന്നുയരുന്നത്. വിഗ്രഹം മോഷ്ടിച്ചത് നാല് ഹിന്ദുക്കളാണ് എന്ന് കണ്ടെത്തിയപ്പോഴേക്കും ഫൈസാബാദ് നഗരം വര്ഗീയ ലഹളയിലമര്ന്നിരുന്നു. ഹിന്ദുമുസ്ലിം ഭിന്നതയിലൂടെ നഷ്ടപ്പെട്ട അയോധ്യയിലെ സീറ്റ് തിരിച്ചുപിടിക്കാനുള്ള ബിജെപിയുടെ ശ്രമത്തിനുമപ്പുറം വര്ഗീയ അജന്ഡയുമായി ഹിന്ദുത്വശക്തികള് എപ്പോള് വേണമെങ്കിലും ഫണമുയര്ത്താം എന്ന സന്ദേശമാണ് അയോധ്യ ഇപ്പോഴും നല്കുന്നത്.

ഡിസംബർ ആറിന്റെ ഓർമ്മ

ഡിസംബർ ആറിന്റെ ഓർമ്മ

പ്രഭാവർമ്മ


ദേശാഭിമാനി, 6  -12 -2012 

ഇന്ത്യന് മതനിരപേക്ഷതയുടെ പ്രതീകമായിരുന്നു ബാബറി മസ്ജിദ്. സംഘപരിവാര് ശക്തികള് അത് തകര്ത്തപ്പോള് ഒപ്പം തകര്ന്നുവീണത് സാര്വദേശീയരംഗത്ത് അതുവരെ ഉയര്ന്നുനിന്ന ഇന്ത്യന് മതസൗഹാര്ദത്തിന്റെ യശസ്സുകൂടിയാണ്.

ലജിസ്ലേച്ചര്, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവ ഒരേപോലെ അരുത് എന്ന് വിലക്കിയിരുന്നതാണ്. പരമാധികാര ജനപ്രതിനിധി സഭയായ പാര്ലമെന്റ് പ്രമേയത്തിലൂടെ വിലക്കി. എക്സിക്യൂട്ടീവ് ആകട്ടെ ഉത്തരവുകളിലൂടെ വിലക്കി. ജുഡീഷ്യറിയാകട്ടെ, വിധിന്യായത്തിലൂടെ വിലക്കി. എന്നാല്, ഈ ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം അവജ്ഞയോടെ പുച്ഛിച്ചുതള്ളി സംഘപരിവാര് ശക്തികള് കൈക്കരുത്തുകൊണ്ട് കാര്യം നേടി.

അതിന് മൗനത്തിലൂടെ അനുവാദം നല്കിയത് നരസിംഹറാവുവിന്റെ നേതൃത്വത്തില് അന്നുണ്ടായിരുന്ന സര്ക്കാരാണ്. ബാബറി മസ്ജിദ് നിലനില്ക്കുന്ന പ്രദേശത്തുമാത്രമായി അടിയന്തരാവസ്ഥ ഏര്പ്പെടുത്താന് ആവശ്യമുയര്ന്നിരുന്നു. പൂര്ണമായും പട്ടാളത്തിന്റെ അധീനതയിലാക്കി മസ്ജിദ് സംരക്ഷിക്കാന് നിര്ദേശമുണ്ടായിരുന്നു. ബാബറി മസ്ജിദിലേക്ക് ചെറുസംഘങ്ങള് നീങ്ങിത്തുടങ്ങിയ ഘട്ടത്തില്ത്തന്നെ അവരെ അറസ്റ്റുചെയ്ത് നീക്കംചെയ്യാന് മതനിരപേക്ഷ കക്ഷികള് ആകെ ആവശ്യപ്പെട്ടിരുന്നു. എന്നാല്, ഒരു നടപടിയും കൈക്കൊള്ളാതെ ബാബറി മസ്ജിദ് തകര്ത്ത് തരിപ്പണമാക്കുംവരെ നിഷ്ക്രിയത്വം തുടരുകയാണ് നരസിംഹറാവുവിന്റെ നേതൃത്വത്തില് ഉണ്ടായിരുന്ന കോണ്ഗ്രസ് സര്ക്കാര് ചെയ്തത്. ഇന്ത്യന് മതനിരപേക്ഷതയ്ക്കെതിരായ അക്ഷന്തവ്യമായ അപരാധം.

ബാബറി മസ്ജിദ് തകര്ക്കുന്നിടത്തേക്കും അതിനുശേഷം കാര്യങ്ങള് വഷളാകുന്നിടത്തേക്കും സ്ഥിതി എത്തിച്ചത് ഹിന്ദുത്വ വര്ഗീയവോട്ടുകള് സമാഹരിക്കാനുദ്ദേശിച്ചുള്ള കോണ്ഗ്രസിന്റെ മൃദുഹിന്ദുത്വനയമാണ്. ഹിന്ദുവര്ഗീയ പ്രീണനത്തില് ബിജെപിയോട് മത്സരിക്കുകയായിരുന്നു അന്ന് കോണ്ഗ്രസ്. കാലങ്ങളായി അടച്ചിട്ടിരുന്ന ബാബറി മസ്ജിദിന്റെ ഒരുഭാഗം പ്രാര്ഥനയ്ക്കുവേണ്ടി എന്നുപറഞ്ഞ് ഹിന്ദുവര്ഗീയവാദികള്ക്ക് തുറന്നുകൊടുത്തത് കോണ്ഗ്രസ് സര്ക്കാരാണ്. അവിടെ ക്ഷേത്രം പണിയാന് ശിലാന്യാസ് എന്ന പേരില് തറക്കല്ലിടാന് അനുവാദം നല്കിയത് കോണ്ഗ്രസ് സര്ക്കാരാണ്. ആ തറക്കല്ല് മണ്ഡപമാക്കി ഉയര്ത്തിയെടുക്കാനുള്ള സംഘപരിവാറിന്റെ 'കര്സേവ'യ്ക്ക് അനുവാദം നല്കിയതും കോണ്ഗ്രസ് സര്ക്കാരാണ്. രാജീവ്ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്ക്കാരായിരുന്നു ഇതെല്ലാംചെയ്തത്. ഈ മതനിരപേക്ഷ വിരുദ്ധ നടപടികളുടെ സ്വാഭാവിക പരിണതിയായിരുന്നു ബാബറി മസ്ജിദ് തകര്ക്കല്. ഇതെല്ലാം നടക്കുമ്പോഴും കോണ്ഗ്രസിനെ പിന്തുണച്ചുകൊണ്ടിരിക്കുകയായിരുന്നു ന്യൂനപക്ഷ താല്പ്പര്യ സംരക്ഷണം സംബന്ധിച്ച് ഗിരിപ്രഭാഷണം നടത്തിപ്പോരുന്ന ഇന്ത്യന് യൂണിയന് മുസ്ലിംലീഗ്.

രാജീവ്ഗാന്ധിയുടെ കോണ്സ്ര് തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിക്ക് തുടക്കം കുറിക്കാന് തെരഞ്ഞെടുത്ത സ്ഥലം അയോധ്യയായതും അവിടെ ചെന്നുനിന്ന് 'രാമരാജ്യം' സ്ഥാപിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് രാജീവ്ഗാന്ധിതന്നെ പ്രസംഗിച്ചതും യാദൃച്ഛികമായിരുന്നില്ല. ഹിന്ദുവോട്ടുകള് കഴിയുന്നത്ര സമാഹരിക്കുക, ഹിന്ദുവര്ഗീയതയുടെ കാര്ഡുപയോഗിച്ചുതന്നെ തെരഞ്ഞെടുപ്പു രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകുക എന്നിവയായിരുന്നു അന്ന് പ്രധാനം. മൃദുഹിന്ദുത്വനയം തീവ്രഹിന്ദുത്വത്തിലേക്കുതന്നെ ചെന്നെത്തുന്നതാണ് ബാബറി മസ്ജിദ് തകര്ത്തപ്പോള് നരസിംഹറാവുവിന്റെ കോണ്ഗ്രസ് സര്ക്കാര് പാലിച്ച നിഷ്ക്രിയത്വത്തില് തെളിഞ്ഞുകണ്ടത്.

മൃദുഹിന്ദുത്വനയമാകട്ടെ, കോണ്ഗ്രസിന് പുതുതായ ഒന്നായിരുന്നില്ല. അയോധ്യപ്രശ്നം ഉയര്ന്നുവരുന്നതില്ത്തന്നെ വലിയ പങ്കുവഹിച്ച പാര്ടി കോണ്ഗ്രസാണ്. ആചാര്യ നരേന്ദ്രദേവ് കോണ്ഗ്രസില്നിന്ന് രാജിവച്ച് കോണ്ഗ്രസിനെതിരെ മത്സരിച്ചത് ബാബറി മസ്ജിദ് ഉള്പ്പെടുന്ന ഫെയ്സാബാദ് മണ്ഡലത്തിലായിരുന്നു. ഹിന്ദുവോട്ടുകള് സമാഹരിച്ചാലേ നരേന്ദ്രദേവിനെ തോല്പ്പിക്കാനാവൂ എന്ന് വിലയിരുത്തിയ കോണ്ഗ്രസ് ഒരു ഹിന്ദു സന്യാസിയെയാണ് നരേന്ദ്രദേവിനെതിരെ കണ്ടെത്തി നിര്ത്തിയത്. മത്സരം ചൂടുപിടിച്ചപ്പോള് വീണ്ടും വര്ഗീയ ധ്രുവീകരണം ഉണ്ടാക്കി മുതലെടുക്കാന് കോണ്ഗ്രസ് ശ്രമിച്ചു. ബാബറി മസ്ജിദ് നിന്ന കോമ്പൗണ്ടില്നിന്ന് വിഗ്രഹം കണ്ടുകിട്ടി എന്നുപറഞ്ഞ് ഹിന്ദുക്കളെ സംഘടിപ്പിച്ച് തെരഞ്ഞെടുപ്പുവേദികളിലേക്ക് ആകര്ഷിച്ചു. ജയിച്ചാല് രാമന് മന്ദിരമുണ്ടാക്കാമെന്ന വാഗ്ദാനവും മുന്നോട്ടുവച്ചു. അന്നുമുതലാണ് പ്രശ്നം ഈവിധം വഷളായത്.

ഈ ഹിന്ദുത്വ പ്രീണനയം പിന്നീട് എല് കെ അദ്വാനി രഥയാത്ര നടത്തിയ വേളയില് മറനീക്കി പുറത്തുവന്നു. ബാബറി മസ്ജിദിനെ ലക്ഷ്യമാക്കിയായിരുന്നു പ്രകോപനപരവും വഴിനീളെ വര്ഗീയകലാപങ്ങള്ക്ക് തിരികൊളുത്തിക്കൊണ്ടുമുള്ള രഥയാത്ര. പ്രധാനമന്ത്രിയായിരുന്ന വി പി സിങ്ങിന്റെ നിര്ദേശപ്രകാരം ബിഹാറില് ലാലുപ്രസാദ് യാദവ് സര്ക്കാര് അദ്വാനിയെ അറസ്റ്റുചെയ്തു. അതില് പ്രകോപിതമായ ബിജെപി, വി പി സിങ് സര്ക്കാരിനെ രഥയാത്ര തടഞ്ഞതിന്റെ പേരില്ത്തന്നെ താഴത്തിറക്കാന് ലോക്സഭയില് അവിശ്വാസപ്രമേയം കൊണ്ടുവന്നപ്പോള് ബിജെപിയുമായി കൂടിച്ചേര്ന്ന് വോട്ടുചെയ്ത് കോണ്ഗ്രസ് വീണ്ടും ഒരിക്കല്ക്കൂടി മൃദുഹിന്ദുത്വനയം തെളിയിച്ചു. മതനിരപേക്ഷതയെ രക്ഷിക്കാനുള്ള ഇടപെടലായിരുന്നു മന്ത്രിസഭ തകരുമെന്നറിഞ്ഞുകൊണ്ടുതന്നെ വി പി സിങ് ധീരമായി നടത്തിയത്. എന്നിട്ടും മതനിരപേക്ഷതയ്ക്കുവേണ്ടി നിലപാടെടുത്ത വി പി സിങ് മന്ത്രിസഭയെ ആദ്യം പിന്തുണ പിന്വലിച്ചും പിന്നീട് ബിജെപിക്കൊപ്പംനിന്ന് വോട്ടുചെയ്തും തകര്ക്കാന് സന്നദ്ധമാകുകയാണ് കോണ്ഗ്രസ് ചെയ്തത്. സംഘപരിവാറിന് കൂടുതല് പ്രകോപനത്തിന് ശക്തിപകര്ന്നതും ബാബറി മസ്ജിദ് തകര്ക്കല് വേഗത്തിലാക്കാന് പ്രേരിപ്പിച്ചതും കോണ്ഗ്രസിന്റെ അന്നത്തെ ആ നിലപാടാണ്.

പിന്നീട് ഇടവേളയ്ക്കുശേഷം ബിജെപി ഭരണം വരുന്നതിന് വഴിതെളിച്ചതും ആ നിലപാടുതന്നെ. ഇന്ത്യയുടെ ചരിത്രത്തെയും ഇന്ത്യന് ജനതയുടെ മനസ്സിനെയും വിഭജിക്കുന്ന വിധത്തിലായി ബാബറി മസ്ജിദ് തകര്ക്കല്. 1947നുമുമ്പുള്ള ഇന്ത്യ, പിന്പുള്ള ഇന്ത്യ എന്നതുപോലെ 1992നു മുമ്പുള്ള ഇന്ത്യ, പിന്പുള്ള ഇന്ത്യ എന്ന നിലയ്ക്കുള്ള ഒരു വേര്തിരിവുകൂടിയുണ്ടായി. 92നു ശേഷമുള്ള പല വര്ഗീയചേരിതിരിവുകള്ക്കും കലാപങ്ങള്ക്കും 92ലെ സംഭവം വഴിവച്ചു. ഇന്ത്യയെക്കുറിച്ചുള്ള ലോകജനതയുടെ മതിപ്പിന് വലിയതോതില് ഇടിവുതട്ടുന്നതിനും ആ സംഭവം ഇടയാക്കി. വലിയ ഒരു ജനവിഭാഗത്തെ അവിശ്വസിക്കുന്നു എന്ന അന്തരീക്ഷം അതുണ്ടാക്കി. അതാകട്ടെ, ഇന്ത്യന്ജനതയുടെ ഐക്യത്തിന് ഏല്പ്പിച്ച ആഘാതം ചെറുതല്ല.

ബാബറി മസ്ജിദ് പൊളിച്ചത് സംബന്ധിച്ച ക്രിമിനല് കേസില് രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും വിധി വരാത്തതും ലോകം ശ്രദ്ധിക്കുന്നുണ്ട്. കേസ് വേഗത്തിലാക്കി കുറ്റവാളികളെ ശിക്ഷിപ്പിക്കാനുള്ള പ്രോസിക്യൂഷന് വിഭാഗത്തിന്റെ അതായത് സര്ക്കാരിന്റെ താല്പ്പര്യമില്ലായ്മ ഒന്നുമാത്രമാണ് പതിറ്റാണ്ടുകളായി കേസ് അനിശ്ചിതമായി നീളുന്നതിന്റെ പിന്നിലുള്ളത്. കേസ് അന്വേഷിച്ച ലിബറാന് കമീഷന് കുറ്റവാളികളായി കണ്ടെത്തിയവര് അടക്കം സമൂഹത്തില് വര്ഗീയ പ്രകോപനങ്ങളുമായി സ്വതന്ത്രരായി വിഹരിക്കുന്നു. സമൂഹത്തില് നീതി നിഷേധിക്കപ്പെടുകയുംചെയ്യുന്നു. മഹാത്മജിയെ നാഥുറാം ഗോഡ്സെ വെടിവച്ചുകൊന്നതിനുശേഷം രാഷ്ട്രമാകെ ഞെട്ടിത്തരിച്ചുനിന്നത് 92 ഡിസംബര് ആറിന്റെ സംഭവത്തിനുമുന്നിലാണ്. യഥാര്ഥ ഹിന്ദുമത വിശ്വാസികള്ക്ക് മസ്ജിദ് തകര്ക്കേണ്ട കാര്യമില്ല. മസ്ജിദ് തകര്ക്കേണ്ടത് വര്ഗീയ ധ്രുവീകരണമുണ്ടാക്കി അധികാരം പിടിക്കാന് വ്യഗ്രതപ്പെട്ട സംഘപരിവാര് ശക്തികള്ക്കാണ്. അവരുടെ രാഷ്ട്രവിരുദ്ധവും ജനവിരുദ്ധവുമായ നീക്കം തകര്ക്കാനും മതനിരപേക്ഷത പരിരക്ഷിക്കാനും ബലപ്രയോഗമടക്കം എന്ത് നടപടിയും കൈക്കൊള്ളുന്നതിന് ഇന്ത്യയിലെ ബിജെപി ഒഴിച്ചുള്ള എല്ലാ പാര്ടികളും എല്ലാ സ്വാതന്ത്ര്യവും നരസിംഹറാവുവിന് അനുവദിച്ചുകൊടുത്തിരുന്നു.

സിപിഐ എം ജനറല് സെക്രട്ടറിയായിരുന്ന ഹര്കിഷന്സിങ് സുര്ജിത് നേരിട്ടുതന്നെ ആ നിലയ്ക്കുള്ള പിന്തുണ അറിയിച്ചിരുന്നു. എന്നാല്, നിഷ്ക്രിയത്വത്തിലൂടെ ബാബറി മസ്ജിദ് പൊളിക്കുന്നതിന് കൂട്ടുനില്ക്കുകയായിരുന്നു റാവുവും കോണ്ഗ്രസും. അവര് ഇന്ത്യന് മതനിരപേക്ഷതയ്ക്ക് ഏല്പ്പിച്ച മുറിവ് ചെറുതല്ല. സംഘപരിവാര് ഏല്പ്പിച്ച ആഘാതത്തിനൊപ്പം അതും ഇന്ത്യന് മനസ്സില്നിന്ന് മാറില്ല. എങ്കിലും ഡിസംബര് ആറിനെ വീണ്ടും വര്ഗീയകലാപത്തിനും ഭീകരപ്രവര്ത്തനത്തിനും ഉള്ള ഇന്ധനമായി ഉപയോഗിക്കാനുള്ള ശ്രമങ്ങളെ ചെറുക്കേണ്ടതുണ്ട്. മതനിരപേക്ഷതയ്ക്ക് കൂടുതല് പരിക്കുപറ്റാതിരിക്കാന് ആ നിലയ്ക്കുള്ള ജാഗ്രതകൂടി ആവശ്യമാണെന്നതാണ് ഡിസംബര് ആറിന്റെ ഇന്നത്തെ സന്ദേശം.
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്