വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Tuesday, October 23, 2012

നമുക്കെന്തിനാണൊരു എസ്.എസ്.എൽ.സി?

നമുക്കെന്തിനാണൊരു എസ്.എസ്.എൽ.സി?

ടി.എന്‍. പ്രകാശ്


(മധ്യമം ദിനപ്പത്രം, 2012 ഒക്ടോബർ 23)

2011 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷ. തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പ്രശസ്തമായ ഒരു ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 20 മിനിറ്റ് പരീക്ഷ വൈകുന്നു. ആദ്യദിവസമാണിത് സംഭവിക്കുന്നത്. ജില്ലാ വിദ്യാഭ്യാസ ഓഫിസിനും സ്കൂളിനും ഇതില്‍ തുല്യപങ്കാണുള്ളത്. വിവരം തിരുവനന്തപുരത്തെത്തിയപാടെ സ്കൂള്‍ പ്രിന്‍സിപ്പല്‍ സസ്പെന്‍ഷനിലായി. അധ്യാപക സംഘടനകള്‍ ബഹളം തുടങ്ങിയപ്പോള്‍ വിദ്യാഭ്യാസ ഓഫിസിലെ ക്ളര്‍ക്കും സസ്പെന്‍ഷനില്‍ പോയി. അന്ന് ജില്ലാ വിദ്യാഭ്യാസ ഓഫിസറായ, എസ്.എസ്.എല്‍.സി പരീക്ഷ നിയമാനുസൃതം നടത്താന്‍ ഉത്തരവാദിത്തപ്പെട്ട ഡി.ഇ.ഒ തലനാരിഴക്ക് രക്ഷപ്പെട്ടു. പൂര്‍വജന്മ സുകൃതമെന്നോ, മേലുദ്യോഗസ്ഥരുടെ കാരുണ്യമെന്നോ വിദ്യാഭ്യാസ വകുപ്പിന്‍െറ ദയാവായ്പെന്നോ പറയാവുന്ന ഔാര്യത്തില്‍ ഇതെഴുതുന്നയാള്‍ രക്ഷപ്പെട്ടെങ്കിലും എന്‍െറ സഹപ്രവര്‍ത്തകര്‍ക്കുവേണ്ടി ഞാനെന്‍െറ മേലുദ്യോഗസ്ഥരുടെയും വകുപ്പുമന്ത്രിയുടെ ഓഫിസ് മേധാവികളുടെയും കാലുപിടിച്ചു യാചിച്ചു; അവരുടെ സസ്പെന്‍ഷന്‍ ഒഴിവാക്കിത്തരാന്‍. അവരെല്ലാം ഒരേസ്വരത്തില്‍ പറഞ്ഞ കാര്യം, ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു പരീക്ഷയില്‍ ഇത്രയും അനവധാനത കാട്ടിയതിനുള്ളശിക്ഷ ഒട്ടും കൂടിയില്ല, കുറഞ്ഞിട്ടേയുള്ളൂ. നിങ്ങള്‍ കൂടി പ്രതിയാകേണ്ടതില്‍ നിന്ന് രക്ഷപ്പെട്ടു എന്നുകരുതി സമാധാനിക്കുക. കുറേക്കൂടി രാഷ്ട്രീയ സ്വാധീനമുള്ളവര്‍ പറഞ്ഞു; എസ്.എസ്.എല്‍.സി പരീക്ഷ നടത്തിപ്പില്‍ വന്ന അപാകതയോ! അതില്‍ ഇടപെടാന്‍ വയ്യ. മന്ത്രിസഭയുടെ മൊത്തം ഇമേജിനെ ബാധിക്കും...

ഇതുപോലുള്ളതോ ഇതിനു സമാനമായതോ ആയ അനേകം അനുഭവങ്ങള്‍ എസ്.എസ്.എല്‍.സി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രധാനാധ്യാപകര്‍ക്കും ക്ളര്‍ക്കുമാര്‍ക്കും ഇതര ഉദ്യോഗസ്ഥര്‍ക്കും പറയാന്‍ കാണും. ചോദ്യക്കടലാസിന്‍െറ പാക്കറ്റിന് പോറലേറ്റതിന്‍െറ പേരില്‍, ഉത്തരക്കടലാസിന്‍െറ കോഡ് നമ്പറുകള്‍ മാറി അയച്ചതിന്‍െറ പേരില്‍, ചോദ്യക്കടലാസ് മാറി പൊട്ടിച്ചതിന്‍െറ പേരില്‍, അഡീഷനല്‍ ഷീറ്റിന്‍െറ കണക്കു രേഖപ്പെടുത്തുന്നതില്‍ വന്ന വീഴ്ചയുടെ പേരില്‍, ബാലന്‍സ് വന്ന ചോദ്യക്കടലാസ് സീല്‍ചെയ്ത് അലമാരയില്‍ പൂട്ടിവെക്കാത്തതിന്‍െറ പേരില്‍, സ്റ്റാമ്പ്അക്കൗണ്ട് ബാലന്‍സ് ചെയ്യാത്തതിന്‍െറ പേരില്‍, മൊത്തം സൂക്ഷിക്കേണ്ട പതിനാലോളം രജിസ്റ്ററില്‍ വരുന്ന പാകപ്പിഴയുടെ പേരില്‍... അങ്ങനെയങ്ങനെ അനേകമനേകം മനുഷ്യസഹജമായ കൊച്ചുകൊച്ചു കൈക്കുറ്റപ്പാടുകളുടെ പേരില്‍ നടപടികള്‍ നേരിട്ട എണ്ണിയാലൊടുങ്ങാത്ത മനുഷ്യജന്മങ്ങള്‍ വിദ്യഭ്യാസവകുപ്പിലുണ്ട്.
അതേസമയം, ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ് നടത്തുന്ന പല പരീക്ഷകളിലുമുള്ള ക്രമക്കേടുകള്‍ ഒരു ലോക്കല്‍ പേജ് വാര്‍ത്തക്കുപോലും സാധ്യതയില്ലാതെ മാഞ്ഞുപോകുന്നുണ്ടായിരുന്നു. യൂനിവേഴ്സിറ്റി തലത്തില്‍ നടക്കുന്ന വലിയവലിയ ബിരുദങ്ങളുടെ പേപ്പര്‍ ചായപ്പീടികയില്‍ നിന്നും മുറുക്കാന്‍ കച്ചവടക്കാരില്‍നിന്നും ആക്രിക്കടക്കാരില്‍ നിന്നും പബ്ളിക് ടോയ്ലെറ്റില്‍നിന്നും കണ്ടെടുക്കുന്നുണ്ടായിരുന്നു. ചോദ്യം മാറി അച്ചടിച്ചതിന്‍െറയും ചോദ്യക്കടലാസ് മാറിക്കൊടുത്തതിന്‍െറയും നുറുങ്ങുകഥകള്‍ പ്രത്യക്ഷപ്പെടുന്നുണ്ടായിരുന്നു- ആരുടെയും കണ്ണില്‍പെടാതെ മനസ്സില്‍ തറക്കാതെ. പക്ഷേ, എസ്.എസ്.എല്‍.സി പരീക്ഷ! അതിന് നാമിതുവരെ കാണാത്ത കുടത്തിലടച്ച ഭൂതത്തിന്‍െറ രൂപമാണ്. കുടത്തിന്‍െറ മൂടിയൊന്ന് തുറക്കുകയേ വേണ്ടൂ. അതില്‍നിന്നും പുകച്ചുരുളിനുപകരം നടപടിയുടെ ഇണ്ടാസാണ് പുറത്തെത്തുക. എന്നിട്ടേ, ഭീമാകാരമായ ഭൂതം പുറത്തുവരുകയുള്ളൂ.

ഏതു ആരോഗ്യവാന്‍െറയും രക്ത സമ്മര്‍ദം വര്‍ധിപ്പിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷ നമുക്കിനിയും ആവശ്യമുണ്ടോ? ദേശീയതലത്തില്‍ നടക്കുന്ന സെക്കന്‍ഡറി സ്കൂള്‍പരീക്ഷകള്‍ക്കില്ലാത്ത ഗൗരവവും മസിലുപിടിത്തവും എന്തിനാണ് കേരളത്തില്‍ നടത്തുന്ന സെക്കന്‍ഡറി സ്കൂള്‍ പരീക്ഷക്കു നല്‍കുന്നത്. ഇന്ത്യയിലെമ്പാടും നടക്കുന്ന സി.ബി.എസ്.ഇ (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍) പരീക്ഷക്കോ ഐ.സി.എസ്.ഇ (ഇന്ത്യന്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍) പരീക്ഷക്കോ ഇല്ലാത്ത എന്ത് ഔത്യമാണ് എസ്.എസ്.എല്‍.സിക്കുള്ളത്? പാരമ്പര്യ വാദികള്‍ക്കുവേണ്ടി അങ്ങനെ ചില ഔത്യങ്ങള്‍ വകവെച്ചുകൊടുത്താല്‍തന്നെ ഉന്നതരംഗങ്ങളിലെത്തുന്ന എസ്.എസ്.എല്‍.സി പഠിച്ചുപോകുന്ന നമ്മുടെ കുട്ടികള്‍ എന്തുകൊണ്ടാണ് പിന്തള്ളപ്പെട്ടുപോകുന്നത്? കഷ്ടിച്ച് പതിനഞ്ചു വയസ്സുള്ള ഒരു വിദ്യാര്‍ഥി എസ്.എസ്.എല്‍.സിയുടെ പേരില്‍ അനുഭവിക്കുന്ന സമ്മര്‍ദങ്ങള്‍ ആ കുട്ടിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. രക്ഷിതാക്കളിലേക്കും കുടുംബത്തിലേക്കും തദ്വാരാ സമൂഹത്തിലേക്കുമൊക്കെ അതിന്‍െറ വേരുകള്‍ പടരുകയും അതിലാകെ തീ പിടിക്കുകയും ചെയ്യുന്നു.

ഒരു സി.ബി.എസ്.ഇ വിദ്യാര്‍ഥി അഞ്ച് പരീക്ഷയാണ് എഴുതേണ്ടി വരുന്നത്. എല്ലാം 90 മാര്‍ക്ക് വീതമുള്ള പരീക്ഷകള്‍. പത്തുമാര്‍ക്ക് നിരന്തര മൂല്യനിര്‍ണയത്തിന് (സി.ഇ) ലഭിക്കുന്നു. 500 മാര്‍ക്കിന്‍െറ പരീക്ഷ അഞ്ചുദിവസം കൊണ്ട് തീര്‍ത്ത് വിദ്യാര്‍ഥി സ്വസ്ഥത കൈവരിക്കുന്നു. അല്ലെങ്കില്‍തന്നെ ഉത്കണ്ഠകളുടെ പ്രശ്നമൊന്നും സി.ബി.എസ്.ഇ പരീക്ഷയില്‍ ഇല്ല. ഉത്തരക്കടലാസ് നോക്കുന്നത് കുട്ടിയെ പഠിപ്പിച്ച അധ്യാപകര്‍ തന്നെയാണ്. ചോദ്യക്കടലാസ് നെറ്റില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്ത് എടുക്കുന്നതാണെങ്കിലും അതിന് ചോയ്സുണ്ട്. നെറ്റിലുള്ള ചോദ്യക്കടലാസില്‍ തങ്ങളുടെ കുട്ടികള്‍ക്ക് അനുയോജ്യമായത് അധ്യാപകന് തെരഞ്ഞെടുക്കാം. തങ്ങള്‍ കൃത്യമായി പഠിപ്പിച്ച പാഠഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചോദ്യങ്ങള്‍ കിട്ടാന്‍ ഒരു പ്രയാസവുമില്ല. അങ്ങനെ പരീക്ഷ എഴുതിച്ച സ്വന്തം അധ്യാപകര്‍ തന്നെ അവര്‍ക്ക് 11ാം ക്ളാസിലേക്ക് പ്രമോഷന്‍ നല്‍കുന്നു. 11ാം ക്ളാസില്‍ കുട്ടി സുഖവടിവില്‍ പോയിരിക്കുന്നു. ചെന്നൈ റീജ്യനിലാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍. സി.ബി.എസ്.ഇക്ക് ഇന്ത്യയിലാകെ ആറ് മേഖലകളാണ്. എല്ലാ മേഖലകളിലും പരീക്ഷ നടത്തുന്നതും മൂല്യനിര്‍ണയം നടത്തുന്നതും ഒരേ രീതിയിലാണ്. സി.ബി.എസ്.ഇ സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി ഇല്ലെങ്കില്‍ മാത്രമേ കുട്ടികളുടെ പരീക്ഷാപേപ്പര്‍ മൂല്യനിര്‍ണയത്തിന് മറ്റൊരു സ്ഥലത്തേക്ക് അയക്കേണ്ടതുള്ളൂ. അങ്ങനെയൊരവസ്ഥ ദൈവം സഹായിച്ച് സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് ഇല്ലതാനും. അടുത്തവര്‍ഷം മുതല്‍ ഇന്ത്യയിലാകെ തെരഞ്ഞെടുക്കപ്പെട്ട നൂറ് സി.ബി.എസ്.ഇ സ്കൂളുകളില്‍ ഇന്‍റര്‍ നാഷനല്‍ കരിക്കുലം പ്രയോഗത്തില്‍ വരുത്താന്‍ പോകുന്നു. ഇപ്പോള്‍തന്നെ സിലബസില്‍ സാമ്പത്തിക വിദ്യാഭ്യാസവും (ഫിനാന്‍ഷ്യല്‍ എജുക്കേഷന്‍) പ്രകൃതി വൈവിധ്യങ്ങളുടെ അറിവ് വര്‍ധിപ്പിക്കാനുള്ള പാഠഭാഗങ്ങളും ഉള്‍പ്പെടുത്തിക്കഴിഞ്ഞു. ഇതൊന്നും കാണാതെ അഥവാ കണ്ടാല്‍തന്നെ കണ്ടില്ലെന്നു നടിച്ചു നമ്മുടെ കുട്ടികളെ ‘മതമില്ലാത്ത ജീവനും’ പറഞ്ഞ് പേടിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇവിടത്തെ ‘വിദ്യാഭ്യാസ വിചക്ഷണന്മാര്‍!’

സി.ബി.എസ്.ഇ പരീക്ഷയില്‍ നിരന്തര മൂല്യനിര്‍ണയത്തില്‍ (സി.ഇ) 10ല്‍ 10ഉം കിട്ടുന്ന കുട്ടികളായിരിക്കും അധികവും. ഭൂമികുലുക്കമോ വെള്ളപ്പൊക്കമോ സംഭവിച്ചെങ്കില്‍ മാത്രമേ വല്ല കുട്ടികള്‍ക്കും അത് ഒമ്പതായി കുറയുകയുള്ളൂ. അവരെഴുതുന്ന എഴുത്തു പരീക്ഷയില്‍ ബാക്കി എത്ര മാര്‍ക്കുവേണമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഈ ആനുകൂല്യം എസ്.എസ്.എല്‍.സി കുട്ടികളും അനുഭവിക്കുന്ന ഒന്നായതുകൊണ്ട് അതൊരു ആനക്കാര്യമല്ലെന്ന് പറഞ്ഞേക്കാം. എന്നാല്‍, ജൂണ്‍ മുതല്‍ സെപ്റ്റംബര്‍വരെ പഠിച്ചതിന്‍െറ പരീക്ഷകഴിഞ്ഞാല്‍ സി.ബി.എസ്.ഇക്കാര്‍ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കേണ്ടതില്ല. ഒക്ടോബര്‍ മുതല്‍ മാര്‍ച്ചുവരെയുള്ള പാഠഭാഗങ്ങള്‍ മാത്രമേ പരീക്ഷയില്‍ ഉണ്ടാവുകയുള്ളൂ. എന്നാല്‍, എസ്.എസ്.എല്‍.സി വിദ്യാര്‍ഥി ജൂണ്‍ മുതല്‍ മാര്‍ച്ചുവരെയുള്ള മുഴുവന്‍ പാഠഭാഗങ്ങളും തലയിലേറ്റിയാണ് പരീക്ഷാ ഹാളിലെത്തുന്നത്. അഞ്ചിനുപകരം പത്തുപരീക്ഷകള്‍ ഉണ്ടെന്നുകൂടി ഓര്‍ക്കണം. 15 മിനിറ്റ് കൂള്‍ ഓഫ് ടൈം കിട്ടിയതുകൊണ്ടൊന്നും എസ്.എസ്.എല്‍.സി കുട്ടികളുടെ തലയിലെ തീ അണയാന്‍ പോകുന്നില്ല. മൂന്ന് മാര്‍ക്ക് ഇന്‍സെന്‍റിവ് അനുവദിച്ചതുകൊണ്ടും കാര്യമില്ല.

ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന്‍െറ കീഴില്‍ ഇന്ത്യാ മഹാരാജ്യത്തിലെ കുട്ടികളെയെല്ലാം ഒരൊറ്റ പാഠ്യപദ്ധതിയില്‍ അണിനിരത്തേണ്ട സമയമാണിത്. തൊട്ടടുത്ത തമിഴ്നാട്ടില്‍പോലും എല്ലാ മെട്രിക്കുലേഷന്‍ പരീക്ഷകള്‍ക്കും ഐക്യരൂപമുണ്ട്. അവിടത്തെ പരീക്ഷയില്‍ ന്യൂനതകളൊന്നുമില്ലെന്നല്ല പറഞ്ഞുവരുന്നത്. ഗ്രേഡ് സിസ്റ്റം ഇല്ലാത്തതുകൊണ്ട് അവിടെയുള്ള കുട്ടികളുടെ തോല്‍വി ഭീകരമായി തുടരുകയാണ്. അറിഞ്ഞിടത്തോളംവെച്ച് അടുത്തവര്‍ഷമേ അവര്‍ ഗ്രേഡ് സിസ്റ്റം ആരംഭിക്കുകയുള്ളൂ. എങ്കിലും കേരളത്തില്‍ കാണുന്ന തരത്തിലുള്ള വലിയൊരു അന്തരം പരീക്ഷകള്‍ തമ്മില്‍ അവിടെയില്ല.
ഇന്ന് ഏറക്കുറെ എല്ലാ പ്രഫഷനല്‍ കോഴ്സുകളുടെയും അടിസ്ഥാനയോഗ്യത പ്ളസ്ടു വിജയമാണ്. ഇന്ത്യയിലെമ്പാടുമുള്ള അവസ്ഥയാണിത്. അങ്ങനെയുള്ള അവസ്ഥയില്‍ കേരളത്തിലുള്ള കുട്ടികള്‍ക്ക് മാത്രം -അതും സാധാരണ സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് -എന്തിനാണ് എസ്.എസ്.എല്‍.സി എന്നൊരു അഗ്നിപര്‍വതം തലയില്‍ത്തന്നെ നിലനിര്‍ത്തുന്നത്? ഇവിടെ പ്രസ്തുത പരീക്ഷയുടെ പേരില്‍ ആളുകളിക്കാന്‍ കുറേ അണിയറ വീരന്മാരുണ്ടെന്നതു മറച്ചു വെക്കേണ്ട കാര്യമല്ല. ചോദ്യക്കടലാസ് ഉണ്ടാക്കല്‍, തമിഴ്നാട്ടിലെ സ്വകാര്യ പ്രസില്‍ അച്ചടിക്കല്‍ തുടങ്ങി അത്യന്തം നിഗൂഢമായ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതായിട്ടുണ്ട്. പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളിലും ലക്ഷദ്വീപിലും സുഖസഞ്ചാരങ്ങള്‍ നടത്തുന്ന അതീവഭാഗ്യവാന്മാരുടെ ഒരു ചെറുസമൂഹം വേറെയും കിടക്കുന്നു. ചോദ്യക്കടലാസ് എത്തിക്കല്‍, സോര്‍ട്ട് ചെയ്തുവെക്കല്‍, ട്രഷറികളിലും ദേശസാത്കൃത ബാങ്കുകളിലും സ്ട്രോങ്റൂം സംരക്ഷണ സൂക്ഷിക്കല്‍, ഓരോ ദിവസത്തെയും പരീക്ഷക്കുമുമ്പ് അതതു സെന്‍ററുകളില്‍ എത്തിക്കല്‍, ഉത്തരക്കടലാസ് പരീക്ഷതീരുന്ന മുറക്ക് സെന്‍ററുകളില്‍ അയക്കല്‍, സെന്‍ട്രലൈസ്ഡ് വാല്വേഷന്‍ ആരംഭിക്കല്‍, റീവാല്വേഷന്‍ ആഘോഷിക്കല്‍, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ തെറ്റുതിരുത്താനുള്ള അദാലത്ത് നടത്തല്‍, ഇതിനെല്ലാം വേണ്ടി രക്ഷിതാക്കളുടെ കീശകാലിയാക്കല്‍ തുടങ്ങി കുട്ടികളുടെ പേരിലെ ഓരോ അക്ഷരത്തെറ്റിനും പ്രധാനാധ്യാപകന് ആയിരം രൂപ പിഴയും. അതേ തെറ്റ് പരീക്ഷാ കമീഷണര്‍ ഓഫിസില്‍ നിന്നാണ് സംഭവിച്ചതെങ്കില്‍ പിഴയൊന്നുമില്ലാതെ പട്ടും വളയും സ്ഥാനക്കയറ്റവും അടക്കം ഒരുപാട് കലാപരിപാടികള്‍ മറികടന്ന് എന്തിനാണ് ഇനിയുമൊരു എസ്.എസ്.എല്‍.സി പരീക്ഷണം!

കൗമാര പ്രായത്തിലുള്ള കുട്ടികളുടെ ഒരു പരീക്ഷക്ക് ലോകത്തിലില്ലാത്ത മുഴുവന്‍ പ്രധാന്യവും നല്‍കുമ്പോള്‍ മറ്റുപരീക്ഷകള്‍ നിഷ്പ്രഭമായി പോകുന്ന കാഴ്ചയാണ് കാണുന്നത്. പിറകെ വരുന്ന വലിയ പരീക്ഷകളില്‍ കാലിടറി വീഴുന്നത് എസ്.എസ്.എല്‍.സി കടന്നു കിട്ടിയാല്‍ പിന്നെയെല്ലാം ശുഭമായി എന്നു കുട്ടികളെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ്. ചെറിയപ്രായത്തില്‍ വലിയ ഭാരമെടുക്കേണ്ടി വരുന്ന ഒരു വളര്‍ത്തു മൃഗത്തിന്‍െറ അവസ്ഥയിലേക്കാണ് നമ്മുടെ കുട്ടികളും എത്തുന്നത്. ഐ.സി.എസ്.ഇ പരീക്ഷയില്‍ കണക്ക് ഇഷ്ടമില്ലാത്ത ഒരു കുട്ടിക്ക് ചിത്രകല പഠിച്ച് വിജയം കൊയ്യാം. 1958ല്‍ കേംബ്രിജ് സര്‍വകലാശാലയുടെ കീഴിലുള്ള ലോക്കല്‍ എക്സാമിനേഷന്‍ സിന്‍ഡിക്കേറ്റ് സ്ഥാപിച്ച പരീക്ഷയാണിത്. സായിപ്പിനെ കാണുമ്പോഴുള്ള അതേ പേടി ഈ പരീക്ഷയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഇവിടെ സാദാ പൗരന് കാണും. പക്ഷേ, കണക്കു പരീക്ഷയില്‍ പാസാകാതെ ഒരു എസ്.എസ്.എല്‍.സി കുട്ടിക്കും തുടര്‍ വിദ്യാഭ്യാസം സാധിക്കില്ല എന്ന് മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരേ പന്തിയില്‍ നല്‍കുന്ന രണ്ടുതരം പരീക്ഷാ കഷായങ്ങള്‍ക്ക് ഇനിയെങ്കിലും മാറ്റമുണ്ടായേ ഒക്കൂ. അല്ലെങ്കില്‍ ഈ ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിനൊക്കെ ന്യൂസ്പ്രിന്‍റിന്‍െറ വിലപോലും കാണില്ല. നമുക്കൊരു ഏകീകൃത സിലബസിന്‍െറ ആവശ്യം എന്നാണ് അംഗീകരിക്കപ്പെടുക!

1 comment:

Unknown said...

എസ് എസ് എൽ സി ആവശ്യമില്ലെങ്കിൽ , പ്ലസ്ടുവിനും എക്സാം ആവശ്യമില്ല.എൻട്രൻസും ആവസ്യമില്ല.ഡിഗ്രിക്കും ആവശ്യമില്ല.
പണം കൊടുത്ത് അഡ്മിഷൻ വാങ്ങാൻ കഴിവുണ്ടെങ്കിൽ സർട്ടിഫിക്കറ്റ് അങ്ങ് കൊടുത്തേക്കണം. അല്ല് പിന്നെ.

പക്ഷേ പിന്നെ പി എസ് സിയും, കമ്പനികളും ഒക്കെ ടെസ്റ്റും ഇന്റർവ്യുവും നടത്തരുതെന്ന് കൂടി ഒരു നിയമം പാസാക്കണം.

എന്റെ അഭിപ്രായത്തിൽ SSLC ഇത്തരം പരീക്ഷകൾ മനസ്സിലാക്കാനുള്ള ഒരു ചവിട്ട്പടിയാണു. അതു നടത്തിയത് കൊണ്ട് ഒന്നും മോശം ആവില്ല. പക്ഷേ അനാവശ്യ സമ്മർദ്ദം രക്ഷിതാക്കളും, അധ്യാപകരും ഒഴിവാക്കുക തന്നെ വേണം.

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്