വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Thursday, March 17, 2011

പ്രൊഫസറും കുട്ട്യോളും

ദേശാഭിമാനി ലേഖനം, 2011 മാർച്ച് 9

പ്രൊഫസറും കുട്ട്യോളും

പി സായിനാഥ്

പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഒരു പ്രഖ്യാപനത്തോട് നമുക്ക് യോജിക്കേണ്ടിവരും. തന്റെ സര്‍ക്കാര്‍ 'ചക്കടാവണ്ടി'യല്ല എന്ന പ്രസ്താവനയോട്. ചക്കടാവണ്ടിയെന്നല്ല, 'ചത്തകുതിര' എന്നാവും കൂടുതല്‍ യോജിച്ച പരിഹാസപ്പേര്. സ്വന്തക്കാരായ ഏതാനും 'വിദ്യാര്‍ഥി'കളുമായുള്ള സംഭാഷണത്തില്‍ 'പ്രൊഫസര്‍' അത്ര സംതൃപ്തനല്ല എന്ന് അദ്ദേഹത്തെ അകമഴിഞ്ഞ് സ്നേഹിക്കുന്ന കോര്‍പറേറ്റ് മാധ്യമങ്ങള്‍പോലും മനസിലാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഡോക്ടര്‍ സിങ്ങിനെ ഏറെ ആരാധിച്ചുവരുന്നു ഇലക്ട്രോണിക് മാധ്യമങ്ങളുടെ അധിപന്മാരും പത്രാധിപന്മാരും. സ്വതന്ത്രമായി പറയാന്‍ അവര്‍ അനുവദിച്ചിട്ടുപോലും അദ്ദേഹം നിര്‍വീര്യനായും പ്രതിരോധാവസ്ഥയിലും കാണപ്പെട്ടു. പത്രാധിപന്മാര്‍ കൂടുതല്‍ മെച്ചപ്പെട്ടവരായി എന്നല്ല അതിനര്‍ഥം. ശരിയായ ചോദ്യങ്ങള്‍ ചോദിക്കുക എന്നതാണ് പത്രപ്രവര്‍ത്തനത്തിന്റെ മര്‍മം. എന്നാല്‍, അവര്‍ അതില്‍നിന്ന് ഒഴിഞ്ഞുമാറി. അഴിമതിയെക്കുറിച്ച് ഉത്സാഹത്തോടെ ചോദ്യങ്ങള്‍ ചോദിച്ചുവെങ്കിലും തങ്ങള്‍ വര്‍ഷങ്ങളായി ആരാധിച്ചുകൊണ്ടിരിക്കുന്ന നയപരമായ ആള്‍ത്താരയില്‍ (സര്‍ക്കാര്‍) നിന്നും നയങ്ങളില്‍നിന്നുമാണ് ഈ അഴിമതി ഒഴുകിപ്പരന്നുകൊണ്ടിരിക്കുന്നത് എന്ന കാര്യം അവര്‍ക്ക് തോന്നിയതേയില്ല. അതേ നയങ്ങള്‍തന്നെ തുടരുമെന്ന് വീണ്ടും ഉറപ്പുലഭിക്കാന്‍ അത്യാഗ്രഹമുണ്ട് എന്ന് സൂചിപ്പിക്കുന്നവിധത്തിലാണ് പത്രാധിപന്മാര്‍ ഉന്നയിച്ച ചില ചോദ്യങ്ങള്‍. അഴിമതിയെ സംബന്ധിച്ചാണെങ്കില്‍പ്പോലും ചില മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ അഥവാ പ്രധാനമന്ത്രിയുടെ ഓഫീസിലോ മന്ത്രിസഭയിലോ ഉള്ള ചിലരുടെ തെറ്റായ നടപടികളെക്കുറിച്ചോ ആയിരുന്നു ചോദ്യങ്ങള്‍. മന്‍മോഹന്‍സിങ്ങിന്റെ മാര്‍ഗനിര്‍ദേശത്തിന്‍കീഴില്‍ നടപ്പാക്കപ്പെടുന്ന രാജ്യത്തിന്റെ അടിസ്ഥാനപരമായ നയങ്ങള്‍ അപകടകരമാണെന്നോ വിനാശകരമാണെന്നോ സൂചിപ്പിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളൊന്നും ഉയര്‍ന്നുവന്നില്ല. എന്നാല്‍, 1991ല്‍ എഴുതിത്തയ്യാറാക്കിയ പുത്തന്‍ ഉദാരവല്‍ക്കരണ സാമ്പത്തിക ചട്ടക്കൂട് അത്ഭുതകരവും കുറ്റമറ്റതുമാണെന്ന് ആദ്യമേ അംഗീകരിച്ചുകഴിഞ്ഞാല്‍ പിന്നെ, ആ നാടകത്തില്‍ ആരാണ് തെറ്റായി അഭിനയിക്കുന്നത് എന്ന തരത്തിലേക്ക് ചോദ്യങ്ങള്‍ പരിമിതപ്പെട്ടുപോകുന്നു. കോര്‍പറേറ്റുകളുടെ ക്രൂരകൃത്യങ്ങളെ സംബന്ധിച്ചാണെങ്കില്‍, മറ്റ് ചോദ്യങ്ങള്‍ക്കൊന്നും സാധ്യതയില്ലെങ്കിലേ പത്രാധിപന്മാര്‍ ആ മേഖലയിലേക്ക് കടക്കുന്നുള്ളു - അതും സ്വന്തം അപകടസാധ്യത നോക്കി മാത്രം. 2ജി സ്പെക്ട്രത്തെയും അതിന്റെ വില്‍പ്പനയില്‍ ലേല വ്യവസ്ഥ ഉണ്ടാവാത്തതിനെയും സംബന്ധിച്ചായിരുന്നു ആദ്യ ചോദ്യം. ന്യായംതന്നെ. എന്നാല്‍ ഇവിടെ എന്തോ ഒന്ന് നാം കാണാതെ പോകുന്നുണ്ടല്ലോ. യഥാര്‍ഥത്തില്‍ സ്പെക്ട്രത്തിന്റെ കാര്യത്തില്‍ ലേലം നടന്നിട്ടുണ്ട്-വളരെ വിജയകരമായ ലേലം. എന്നാല്‍, അത് നടത്തിയത് സര്‍ക്കാരല്ല എന്നുമാത്രം. മറിച്ച് കോര്‍പറേറ്റ് മേഖലയിലെ ചങ്ങാതികളാണ് തുച്ഛമായ വിലയ്ക്ക് ലേലംകൊണ്ടത്. സ്വകാര്യ കച്ചവടക്കാര്‍ക്ക് സ്പെക്ട്രം വില കുറച്ചു കിട്ടിയതുകൊണ്ടാണ് ഉപയോക്താക്കള്‍ക്ക് കുറഞ്ഞനിരക്കില്‍ മൊബൈല്‍ സൌകര്യം ലഭിക്കുന്നതെന്ന വാദം പച്ചക്കള്ളമാണ്. വളരെ വലിയ തുകയ്ക്ക് സ്പെക്ട്രം രണ്ടാമതും വില്‍പ്പന നടത്തപ്പെട്ടതിനുശേഷംപോലും ഉപയോക്താവിന് കുറഞ്ഞ ചെലവില്‍ സേവനം ലഭ്യമാകുന്നുണ്ട്. ഈ കൊള്ളസംഘം സ്വകാര്യലേലത്തിലൂടെ വലിയ ലാഭം നേടിയെടുത്തതിന് ശേഷവും അത് സാധിക്കുന്നു. ഇങ്ങനെയുള്ള ഇരട്ട ലേലം ഒഴിവാക്കപ്പെട്ടിരുന്നുവെങ്കില്‍, ഉപയോക്താവിനുണ്ടാകുമായിരുന്ന മെച്ചം, ഇതിനേക്കാളൊക്കെ വലുതാകുമായിരുന്നു. ഇതോടൊപ്പംതന്നെ, മന്ത്രിമാരും മന്ത്രിപദവികളും ഐക്യംതന്നെയും ലേലംചെയ്തു വില്‍ക്കപ്പെട്ടു! ഒരേ സമയം രണ്ടു ലേലം! അതും ഒരൊറ്റ പൈസയും കിട്ടാതെ! 'കള്ളപ്പണ'ത്തെ സംബന്ധിച്ച്, വളരെ അമൂര്‍ത്തവും അവ്യക്തവുമായ ചോദ്യവും അത്രതന്നെ അമൂര്‍ത്തവും അവ്യക്തവുമായ ഉത്തരവുമാണുണ്ടായത്. സ്വിസ്ബാങ്കുകളില്‍ രഹസ്യമായി സൂക്ഷിക്കുന്ന നിയമവിരുദ്ധമായ ഫണ്ടുകളെക്കുറിച്ച് ഒറ്റ ചോദ്യവുമുണ്ടായില്ല. ഇതു സംബന്ധിച്ച് സര്‍ക്കാരിന്റെ പക്കലുള്ള പേരുകള്‍ എന്തുകൊണ്ട് പുറത്തുവിടുന്നില്ല എന്ന ചോദ്യവും ഉയര്‍ന്നില്ല. ഗ്ളോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇത്തരം നിയമവിരുദ്ധമായ ഫണ്ടുകളുടെ ഒഴുക്ക്, ദിവസത്തില്‍ ശരാശരി 240 കോടി രൂപ എന്ന നിരക്കിലാണ്. 2004നും 2009നും ഇടയ്ക്കുള്ള അഞ്ചുവര്‍ഷക്കാലത്ത് 4.3 ലക്ഷം കോടി രൂപയാണ് ഇങ്ങനെ നഷ്ടപ്പെട്ടത്. (2 ജി സ്പെക്ട്രം അഴിമതിയിലൂടെ നഷ്ടപ്പെട്ട തുകയുടെ രണ്ടിരട്ടിയിലധികം!) ഉന്നതരായ വ്യക്തികളും സ്വകാര്യ കമ്പനികളുമാണ് ഇന്ത്യയില്‍നിന്ന് നിയമവിരുദ്ധമായി വിദേശത്തേക്ക് പണം ഒഴുക്കിക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയോട് ചോദിക്കാന്‍ പറ്റിയ വിഷയംതന്നെയാണിത്. എന്നാല്‍, ആരും അതിന് മുതിര്‍ന്നില്ല. ഇങ്ങനെ രാജ്യത്തിന്റെ സമ്പത്ത് വിദേശത്തേക്ക് കടത്തുന്നവര്‍ക്ക് മാപ്പുനല്‍കുന്നതിനുവേണ്ടി മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന പദ്ധതികളെക്കുറിച്ചും ചോദ്യങ്ങളൊന്നുമുണ്ടായില്ല. ഇത്തരക്കാരെ സംരക്ഷിക്കുന്ന മന്‍മോഹന്‍ സര്‍ക്കാര്‍ സാധാരണക്കാരെ ദ്രോഹിക്കാന്‍ കൂടുതല്‍ കൂടുതല്‍ കര്‍ശന നിയമങ്ങളുണ്ടാക്കുന്നു; തൊഴില്‍ നഷ്ടപ്പെട്ടവരുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു; പൊതുവിതരണവ്യവസ്ഥ കൂടുതല്‍ കൂടുതല്‍ പരിമിതപ്പെടുത്തുന്നു; അസഹ്യമായ വിലക്കയറ്റത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അറസ്റ്ചെയ്ത് ജയിലിലടയ്ക്കുന്നു! നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ 1995നുശേഷം ഏതാണ്ട് രണ്ടരലക്ഷം കൃഷിക്കാര്‍ ആത്മഹത്യചെയ്തിട്ടുണ്ട്. അതേക്കുറിച്ച് പത്രാധിപന്മാര്‍ പ്രധാനമന്ത്രിയോട് എന്തെങ്കിലും ചോദിക്കും എന്ന് പ്രതീക്ഷിക്കുന്നതുതന്നെ ബുദ്ധിമോശമായിരിക്കും. ഗ്രാമങ്ങളില്‍നിന്ന് പലായനംചെയ്യുന്നവരെക്കുറിച്ചും ചോദിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. മൂര്‍ച്ഛിച്ചുവരുന്ന തൊഴിലില്ലായ്മയും അവര്‍ക്ക് വിഷയമല്ല. പട്ടിണിയെക്കുറിച്ചും ചോദ്യമുണ്ടായില്ല. ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റത്തെക്കുറിച്ച്, 8.5 ശതമാനം വളര്‍ച്ചനിരക്കുള്ള ഒരു രാജ്യത്ത് ദരിദ്രരെ സംബന്ധിച്ച് അതുണ്ടാക്കുന്ന ആഘാതവുമായി ബന്ധപ്പെടുത്തിക്കൊണ്ട്, ചോദ്യം വന്നത് ഒരു വിദേശിയില്‍നിന്നാണ്. മധ്യവര്‍ഗ ശ്രോതാക്കളെ സംബന്ധിച്ചുപോലും വിലക്കയറ്റം നീറുന്ന പ്രശ്നമാണെന്ന് നമ്മുടെ പത്രാധിപന്മാര്‍ക്ക് അറിയാത്തതല്ല. എന്നിട്ടും ആ പ്രശ്നം ഉന്നയിക്കാന്‍ സിഎന്‍എന്നിലെ സാറാ സിഡ്നര്‍ മാത്രമേ ഉണ്ടായുള്ളൂ. വിലക്കയറ്റവുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട രണ്ടാമത്തെ ചോദ്യം, 'കാര്‍ഷിക മേഖലയില്‍ നടപ്പാക്കേണ്ട ഘടനാപരമായ രണ്ടാംഘട്ട പരിഷ്കരണങ്ങളുടെ ആവശ്യകതയെ' സംബന്ധിച്ചതായിരുന്നു. വിലക്കയറ്റത്തെക്കുറിച്ചുള്ള മറ്റൊരു ചോദ്യത്തിന് ഉത്തരമേയുണ്ടായില്ല. അത് ദരിദ്രരെ സംബന്ധിച്ചതായിരുന്നില്ല; പട്ടിണിയെ സംബന്ധിച്ചതും ആയിരുന്നില്ല. 2 ജി സ്പെക്ട്രം അഴിമതിയില്‍ നഷ്ടപ്പെട്ട തുകയും ദരിദ്രര്‍ക്കുള്ള സബ്സിഡിത്തുകയും ഫലത്തില്‍ തുല്യമാണെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചപ്പോള്‍, ആരും എതിര്‍ത്തില്ല. വര്‍ഷത്തില്‍ 80,000 കോടി രൂപയുടെ ഭക്ഷ്യ സബ്സിഡി അനുവദിക്കുന്ന ബജറ്റാണ് നമുക്കുള്ളത്. ഈ ഭക്ഷ്യധാന്യമെല്ലാം വിപണിവിലയ്ക്ക് വില്‍ക്കണം എന്ന് ചിലര്‍ പറഞ്ഞേക്കാം. അവ വിപണിവിലയ്ക്ക് വില്‍ക്കാത്തതുകൊണ്ട്, അവയ്ക്ക് സബ്സിഡി നല്‍കുന്നതുകൊണ്ട്, 80,000 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നു എന്ന് നിങ്ങള്‍ പറയുമോ? ലോകത്തെ ഏറ്റവും വലിയ പട്ടിണിക്കാരായ ജനങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുന്ന സബ്സിഡിയെയും കോര്‍പറേറ്റുകളുടെ കൊള്ളയെയും പ്രധാനമന്ത്രി ഒരേപോലെ കാണുന്നു എന്നതാണ് ഒന്നാമത്തെ കാര്യം. ഗ്ളോബല്‍ ഹങ്കര്‍ ഇന്‍ഡക്സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 84 രാജ്യങ്ങളില്‍ 67-ാമത്തേതാണ് നമ്മുടെ സ്ഥാനം. അതിസമ്പന്നര്‍ക്കുള്ള സബ്സിഡികള്‍ വര്‍ഷംപ്രതി കുതിച്ചുയരുന്നുവെന്നതാണ് രണ്ടാമത്തെ കാര്യം. അതേ അവസരത്തില്‍ത്തന്നെ, ശതകോടിക്കണക്കിനുള്ള ദരിദ്രര്‍ക്ക് നല്‍കുന്ന സബ്സിഡികള്‍ കഴിഞ്ഞ ബജറ്റില്‍ 450 കോടി രൂപ വെട്ടിക്കുറയ്ക്കുകയും ചെയ്തു. സബ്സിഡി നല്‍കുന്നതിനെ ചുമ്മാ വിമര്‍ശിച്ചുകൊണ്ടേയിരിക്കുന്നവര്‍, കാണാത്ത കാര്യമുണ്ട്: കോര്‍പറേറ്റ് ലോകത്തിന്, അവസരം കിട്ടുമ്പോഴെല്ലാം, പ്രത്യക്ഷമായും പരോക്ഷമായും സര്‍ക്കാര്‍ ശതകോടിക്കണക്കിന് രൂപ പതിവായി കൈമാറിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ബജറ്റില്‍, പ്രത്യക്ഷ കോര്‍പറേറ്റ് ആദായനികുതി, കസ്റംസ്നികുതി, എക്സൈസ് നികുതി എന്നീ മൂന്നിനങ്ങളില്‍ മാത്രമായി 5 ലക്ഷം കോടി രൂപ സര്‍ക്കാര്‍ ഇഷ്ടദാനം അനുവദിക്കുകയുണ്ടായി. 2 ജി സ്പെക്ട്രം അഴിമതിയില്‍ ഉള്‍പ്പെട്ട തുകയുടെ രണ്ടര ഇരട്ടി വരും അത്. ഓരോ ബജറ്റിലും ഈ സൌജന്യങ്ങള്‍ കൂടിക്കൂടി വരുന്നു. ഇങ്ങനെ പൊതുമുതല്‍ കോര്‍പറേറ്റ് മേഖല കൊള്ളയടിക്കുന്നത് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് വിഷയമേ അല്ല. ഡോ. മന്‍മോഹന്‍സിങ്ങാണല്ലോ ഭരിക്കുന്നത്. അതുകൊണ്ട് 2 ജി സ്പെക്ട്രം അഴിമതിയില്‍ ഒരു പിടി വഴിവാണിഭക്കാര്‍ക്ക് നിസ്സാരമായ പണം കൈമാറിയതിനെക്കുറിച്ച് പത്രാധിപന്മാര്‍ ചോദിച്ചപ്പോള്‍, ഡോ. സിങ്ങിന് വെറിപിടിച്ചത് മനസിലാക്കാവുന്നതേയുള്ളൂ. തന്റെ സര്‍ക്കാര്‍ ഭക്ഷ്യ സബ്സിഡിക്കായി നീക്കിവയ്ക്കുന്ന 80,000 കോടി രൂപ 'നഷ്ടമായി' പത്രാധിപന്മാര്‍ കരുതുന്നുണ്ടോ എന്നാണ് മന്‍മോഹന്‍സിങ്ങിന് അറിയേണ്ടിയിരുന്നത്. ദരിദ്രര്‍ക്കായി നീക്കിവയ്ക്കുന്ന സബ്സിഡികളെല്ലാം ഉപേക്ഷിക്കണം എന്ന് പത്രാധിപന്‍മാരില്‍ നിരവധിപേര്‍ ആഗ്രഹിക്കുന്നുമുണ്ടാവും. രാഷ്ട്രീയമായി ശരിയായ തലത്തില്‍ ഇക്കാര്യം നടപ്പാക്കുന്നതിനെ 'കാര്യക്ഷമത', 'ശരിയായ ലക്ഷ്യനിര്‍ണയം', 'വ്യവസ്ഥയെ സുഗമമാക്കിത്തീര്‍ക്കുക' എന്നൊക്കെയാണ് അവര്‍ വിളിക്കുക. എന്നാല്‍, അതിസമ്പന്നരായ ഒരുപിടി ആളുകളിലേക്ക് കുത്തിയൊലിച്ചെത്തുന്ന സബ്സിഡികളുടെ കാര്യത്തില്‍ അവര്‍ ഒരിക്കലും അങ്ങനെ ആവശ്യപ്പെടുകയുമില്ല (അക്കൂട്ടത്തില്‍ മാധ്യമ ഉടമകളുമുണ്ടല്ലോ). പത്രാധിപന്മാരുമായുള്ള ഈ കൂടിക്കാഴ്ചയ്ക്കിടയില്‍ ഡോ. സിങ് പുതിയ മന്ത്രിതല സമിതിയുടെ കാര്യം പ്രസ്താവിക്കുകയുണ്ടായില്ല എന്നത് ആശ്വാസകരമായ സംഗതിതന്നെ. മന്ത്രിതല സമിതികളുടെ എണ്ണമെടുക്കാന്‍ ഒരു സെന്‍സസ് തന്നെ വേണ്ടിവരും. താന്‍ എത്ര മന്ത്രിതല സമിതികളുടെ അധ്യക്ഷനാണ് എന്ന് കണ്ടെത്താന്‍, ഒരുപക്ഷേ, പ്രണബ് മുഖര്‍ജിക്ക് അത് സഹായകമായെന്നിരിക്കും. യോഗം ചേരുമ്പോള്‍ 'ക്ഷമിക്കണം, ഇത് ഏത് മന്ത്രിതല സമിതിയാണ്' എന്ന് അദ്ദേഹത്തിന് ക്ളേശത്തോടെ ചോദിക്കേണ്ടിവരില്ലല്ലോ. ഇതൊരു ചത്ത കുതിരയോ? അല്ല. ഇത് വിശ്വാസ്യത നഷ്ടപ്പെട്ട ഒരു മരത്തലയന്‍ തന്നെ.

ലോട്ടറി മാഫിയകളുടെ രക്ഷകര്‍ കോഗ്രസുതന്നെ

ദേശാഭിമാനി


ലോട്ടറി മാഫിയകളുടെ രക്ഷകര്‍ കോഗ്രസുതന്നെ

നുണ നൂറുതവണ ആവര്‍ത്തിച്ചാല്‍ സത്യമായി മാറും എന്ന ഗീബല്‍സിന്റെ സിദ്ധാന്തം അക്ഷരംപ്രതി പിന്തുടരുന്നവരാണ് കേരളത്തിലെ കോഗ്രസ് നേതാക്കള്‍. അന്യസംസ്ഥാന ലോട്ടറി ടിക്കറ്റ് കേരളത്തില്‍ വിറ്റഴിക്കുന്നതിന് ധനമന്ത്രി തോമസ് ഐസക് പ്രോത്സാഹനം നല്‍കുന്നതായി പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും വി ഡി സതീശനുമൊക്കെ ആവര്‍ത്തിച്ച് പ്രചാരവേല നടത്തുകയാണ്. ഇപ്പോള്‍ മുഖ്യമന്ത്രി വി എസിനെയും മകനെയുമൊക്കെ ഇതിലേക്ക് വലിച്ചിഴച്ചുകൊണ്ടുവരാനും ശ്രമം നടക്കുന്നു. സിക്കിം, ഭൂട്ടാന്‍ ലോട്ടറി ടിക്കറ്റുകള്‍ ഏറെക്കാലമായി കേരളത്തില്‍ വിറ്റഴിക്കുന്നു. ഇത് കേരളത്തിലെ പാവപ്പെട്ട ജനങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണം അന്യസംസ്ഥാന ലോട്ടറി ഏജന്റുമാര്‍ക്ക് കൊള്ളചെയ്തെടുക്കാന്‍ അവസരം സൃഷ്ടിക്കുകയാണെന്നതില്‍ സംശയമില്ല. അന്യ സംസ്ഥാന ലോട്ടറി ടിക്കറ്റ് കേരളത്തില്‍ വില്‍പ്പന നടത്തുന്നതു വഴി ദിവസംപ്രതി 22.6 കോടി രൂപ തട്ടിയെടുക്കുന്നു എന്ന ഒരു കണക്കും അവതരിപ്പിച്ചു കാണുന്നുണ്ട്. അതെന്തുമാകട്ടെ, അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ വിറ്റഴിക്കുന്നത് തടയണമെന്നതില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് വ്യത്യസ്തമായ അഭിപ്രായമില്ല. അതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ലെന്നതാണ് പ്രശ്നം. ലോട്ടറി വിഷയത്തിലുള്ള കേന്ദ്രനിയമം സംസ്ഥാന സര്‍ക്കാരിന് ഈ അധികാരം നിഷേധിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ കേന്ദ്ര ലോട്ടറിനിയമത്തില്‍ ഭേദഗതിവരുത്തി സിക്കിം, ഭൂട്ടാന്‍ ലോട്ടറി ടിക്കറ്റ് കേരളത്തില്‍ വിറ്റഴിക്കുന്നത് തടയണമെന്ന് കേരളത്തിലെ ഇടതുജനാധിപത്യ മുന്നണി സര്‍ക്കാര്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്നതാണ്. ഏറ്റവും ഒടുവില്‍ ജനുവരി 27ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന് ഒരു കത്തെഴുതി. ലോട്ടറിനിയമം ലംഘിച്ച് ഭൂട്ടാന്‍, സിക്കിം ലോട്ടറി ടിക്കറ്റുകള്‍ കേരളത്തില്‍ വിറ്റഴിക്കുന്നത് തടയണമെന്നും അന്യസംസ്ഥാന ലോട്ടറികള്‍ സംസ്ഥാനത്തിനകത്ത് വിറ്റഴിക്കുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കിക്കൊണ്ട് കേന്ദ്ര ലോട്ടറിനിയമത്തില്‍ ഭേദഗതി വരുത്തണമെന്നുമാണ് ധനമന്ത്രി കത്തില്‍ ആവശ്യപ്പെട്ടത്. ഈ കത്തിന് കേന്ദ്രമന്ത്രി ചിദംബരം അയച്ച മറുപടി ഡോ. തോമസ് ഐസക് പത്രസമ്മേളനത്തില്‍ പരാമര്‍ശിക്കുകയുണ്ടായി. അന്യസംസ്ഥാന ലോട്ടറിയുടെ വില്‍പ്പന തടയാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിട്ടുകൊടുക്കാന്‍ സാധ്യമല്ലെന്നാണ് ഖണ്ഡിതമായും ചിദംബരം വ്യക്തമാക്കിയിരിക്കുന്നത്. ഈ തര്‍ക്കത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്നും ചിദംബരം നിര്‍ദേശിക്കുന്നു. ചിദംബരത്തിന്റെ ഈ കത്ത് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും വി ഡി സതീശനുമുള്ള വ്യക്തമായ മറുപടിയാണ്. കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറി ടിക്കറ്റുകള്‍ വിറ്റഴിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയിലാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം പൂര്‍ണമായും പൊളിഞ്ഞിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ പ്രയോഗിക്കാന്‍ കരുതിവച്ച ലോട്ടറി വിഷയം നനഞ്ഞ പടക്കംപോലെ ആയിരിക്കുന്നു. അതുകൊണ്ടാണ് ഇതേവരെ ഉന്നയിച്ച എല്ലാ ആരോപണവും പിന്‍വലിച്ച് ഉമ്മന്‍ചാണ്ടി മാപ്പ് പറയണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടത്. ലോട്ടറി വിഷയത്തില്‍ കോഗ്രസിന്റെ ഇരട്ടത്താപ്പും കള്ളക്കളിയും ഞങ്ങള്‍ പലതവണ ചൂണ്ടിക്കാണിച്ചതാണ്. ലോട്ടറിക്കാര്‍ക്കെതിരെ ഒരുകേസും ഇനി എടുക്കില്ലെന്ന് കോടതിയില്‍ കട്ടായം പറഞ്ഞ സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന ലോട്ടറി ഏജന്റിന്റെ യഥാര്‍ഥ സംരക്ഷകര്‍ കോഗ്രസ് നേതാക്കളാണെന്ന് ഇതിനുമുമ്പുതന്നെ വ്യക്തമായതാണ്. ചിദംബരവും നളിനി ചിദംബരവുമാണ് മാര്‍ട്ടിനുവേണ്ടി പലതവണ കോടതിയില്‍ വാദിച്ചത്. ഏറ്റവും ഒടുവില്‍ കോഗ്രസിന്റെ അഖിലേന്ത്യാ ഔദ്യോഗിക വക്താവ് അഭിഷേക് മനു സിങ്വി കേരള ഹൈക്കോടതിയില്‍ മാര്‍ട്ടിനുവേണ്ടി കേസ് വാദിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഇത് വിവാദമായപ്പോള്‍ അഭിഷേക് സിങ്വിയെ കോഗ്രസ് വക്താവിന്റെ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതായി പ്രഖ്യാപനമുണ്ടായി. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍തന്നെ അഭിഷേക് സിങ്വിയെ കോഗ്രസ് വക്താവായി വീണ്ടും നിയമിക്കുകയും ചെയ്തു. ഇത് ജനങ്ങളോടു കാണിച്ച വഞ്ചനയാണെന്നതില്‍ സംശയമില്ല. സാന്റിയാഗോ മാര്‍ട്ടിനേക്കാളും വമ്പനായ മറ്റൊരു ലോട്ടറി ഏജന്റുണ്ട്- മണികുമാര്‍ സുബ്ബ. സുബ്ബ അസമില്‍നിന്ന് ഒന്നിലധികംതവണ കോഗ്രസ് ടിക്കറ്റില്‍ ജയിച്ച് പാര്‍ലമെന്റ് അംഗമായ ആളാണ്. കോഗ്രസിന് പ്രതിവര്‍ഷം 4000 കോടി രൂപ സംഭാവന നല്‍കുന്ന ആളാണ്. ഇവരെല്ലാം ലോട്ടറി ഏജന്റുമാരായി വിലസുകയും ഇവര്‍ക്കുവേണ്ടി കോഗ്രസ് അഖിലേന്ത്യാ നേതാക്കള്‍ കോടതിയില്‍ കേസ് വാദിക്കുകയും ചെയ്യുമ്പോള്‍ അന്യസംസ്ഥാന ലോട്ടറി വില്‍പ്പന തടയാന്‍ കേന്ദ്രനിയമത്തില്‍ മാറ്റംവരുത്തുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. ചിദംബരത്തിന്റെ മറുപടിയോടെ എല്ലാം ഒരിക്കല്‍ക്കൂടി വ്യക്തമായിക്കഴിഞ്ഞു. ഒന്നുകില്‍ കേരളത്തിന് ചിദംബരത്തിന്റെ മധ്യസ്ഥം സ്വീകരിക്കാം. ചിദംബരം അവിടെയും വാദിക്കുന്നത് ലോട്ടറി മാഫിയക്കുവേണ്ടിയായിരിക്കുമെന്നു വ്യക്തം. അതല്ലെങ്കില്‍ കേസുമായി മുന്നോട്ടുപോകാം. കേന്ദ്രനിയമത്തില്‍ മാറ്റംവരാത്തിടത്തോളംകാലം കോടതിവിധി അനുകൂലമാകുമെന്ന് ഉറപ്പിച്ചുപറയാനും വയ്യ. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വി ഡി സതീശനും ഇനിയും ജനങ്ങളെ വഞ്ചിക്കരുത്. അന്യസംസ്ഥാന ലോട്ടറിയില്‍ കേന്ദ്രസര്‍ക്കാരിന്റെ താല്‍പ്പര്യം ലോട്ടറിമാഫിയക്ക് അനുകൂലമാണ്. നിയമത്തില്‍ മാറ്റംവരുത്തി അന്യസംസ്ഥാന ലോട്ടറി വില്‍പ്പന തടയാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കാന്‍ ആത്മാര്‍ഥതയുടെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ കോഗ്രസ് നേതാക്കള്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം. നുണ ആവര്‍ത്തിച്ചതിന് പരസ്യമായി മാപ്പ് പറയാനും തയ്യാറാകണം.

കേന്ദ്രത്തിന്റെ ലോട്ടറിത്തട്ടിപ്പ്

ദേശഭിമാനി മുഖപ്രസംഗം, 2011 മാർച്ച് 10

കേന്ദ്രത്തിന്റെ ലോട്ടറിത്തട്ടിപ്പ്

ലോട്ടറിപ്രശ്നത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാരിന് എന്തുകൊണ്ടാണ് വൈമുഖ്യം എന്ന കേരള ഹൈക്കോടതിയുടെ ചോദ്യം കേന്ദ്രവും കോഗ്രസും ഇക്കാര്യത്തില്‍ നടത്തുന്ന കള്ളക്കളിയുടെ നിറുക പൊളിക്കുന്നുണ്ട്. ലോട്ടറിക്കാര്യത്തില്‍ ഇടതുപക്ഷത്തിനും സംസ്ഥാനസര്‍ക്കാരിനും ഗൂഢതാല്‍പ്പര്യങ്ങളുണ്ടെന്ന് കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ തുടര്‍ച്ചയായ ശ്രമം നടത്തുന്ന അതേ ശക്തികള്‍തന്നെയാണ്, ലോട്ടറി സംബന്ധിച്ച ഗൌരവതരമായ അന്വേഷണമൊന്നുമുണ്ടാവരുത് എന്ന കാര്യത്തില്‍ കടുത്ത ശാഠ്യം പുലര്‍ത്തുന്നത്. എന്തിനാണ് ഈ ഇരട്ടത്താപ്പ് എന്ന ചോദ്യം കോഗ്രസിനോടും അതിന്റെ നേതാക്കളോടും ചോദിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ട് ഹൈക്കോടതിയുടെ ഈ ഇടപെടല്‍. സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത് വി ഡി സതീശന്‍ എംഎല്‍എയാണ്. അദ്ദേഹത്തിന്റെ പാര്‍ടിതന്നെയാണ് കേന്ദ്രം ഭരിക്കുന്നത്. ആ കേന്ദ്രത്തോട് ഈ വിഷയത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് കേരളസര്‍ക്കാര്‍തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അന്വേഷണം ഒഴിവാക്കാന്‍ തീവ്രശ്രമം നടത്തുകയാണ് കേന്ദ്രം. ഈ സാഹചര്യത്തിലാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ടിയുടെ നേതാവുതന്നെ സിബിഐ അന്വേഷണം തേടി ഹര്‍ജിയുമായി വന്നത് ആശ്ചര്യജനകമെന്ന് കോടതി വിശേഷിപ്പിച്ചത്. ഇതില്‍ രാഷ്ട്രീയമുണ്ടെന്ന് അറിയാമെന്നും അത് മുന്‍നിര്‍ത്തി കോടതിയെ ഉപകരണമാക്കാന്‍ ആരെയും അനുവദിക്കില്ലെന്നുംകൂടി കോടതി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ചിത്രം കൂടുതല്‍ വ്യക്തമായി കിട്ടുന്നുണ്ട്. ലോട്ടറി തട്ടിപ്പുകള്‍ക്കെതിരെ നിയമസാധ്യതകള്‍ മുഴുവനുപയോഗിച്ച് നടപടികളെടുക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ചില കാര്യങ്ങള്‍ സംസ്ഥാനസര്‍ക്കാരിന്റെ പരിധിക്കപ്പുറത്താണ്. അതുകൊണ്ട് ആ കാര്യങ്ങളില്‍ കേന്ദ്രത്തില്‍നിന്ന് നടപടിയുണ്ടാവണമെന്ന് അഭ്യര്‍ഥിക്കുകയുംചെയ്തു. കേന്ദ്രത്തില്‍നിന്ന് നടപടിയുണ്ടായില്ല. എന്നുമാത്രമല്ല, കേന്ദ്രഭരണത്തെ നയിക്കുന്ന കോഗ്രസിന്റെ പ്രമുഖരായ നേതാക്കള്‍തന്നെ ലോട്ടറിത്തട്ടിപ്പിലെ വമ്പന്മാര്‍ക്കുവേണ്ടി കോടതിയിലും പുറത്തും വാദിക്കുന്നതും രാജ്യം കണ്ടു. ലോട്ടറിതട്ടിപ്പുകാരുടെ വക്കാലത്തേറ്റെടുത്ത് കേരളഹൈക്കോടതിയിലും സുപ്രീംകോടതിയിലുമൊക്കെ ഹാജരായവരാണ് പി ചിദംബരം മുതല്‍ മനു അഭിഷേക് സിങ്വിവരെയുള്ള കോഗ്രസ് നേതാക്കള്‍. ഇവരൊക്കെയാണ് ലോട്ടറി കാര്യത്തില്‍ കേന്ദ്രം എന്തുചെയ്യണമെന്ന് നിശ്ചയിക്കാന്‍ തക്കവണ്ണം സ്വാധീനവും അധികാരവുമുള്ളവര്‍. ഇങ്ങനെയുള്ളവര്‍ നിര്‍ണായകസ്ഥാനങ്ങളിലിരിക്കുന്ന കോഗ്രസില്‍നിന്നും അതിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര യുപിഎ സര്‍ക്കാരില്‍നിന്നും ലോട്ടറിത്തട്ടിപ്പുകാര്‍ക്കെതിരെ ചെറുനടപടികളെങ്കിലുമുണ്ടാവുമെന്ന് ബോധമുള്ള ഒരാളും കരുതില്ല. അതുകൊണ്ടുതന്നെയാണ് കേന്ദ്ര ലോട്ടറിനിയമം ഭേദഗതിപ്പെടുത്തണമെന്നതുമുതല്‍ സിബിഐ അന്വേഷണം വേണമെന്നതുവരെയുള്ള കേരളത്തിലെ ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാരിന്റെ തുടര്‍ച്ചയായ ആവശ്യങ്ങള്‍ക്കുമേല്‍ നടപടിയുണ്ടാവാത്തത്. ഗൂഢതാല്‍പ്പര്യങ്ങളുള്ളത് കോഗ്രസിനും അതിന്റെ നേതാക്കള്‍ക്കുമാണ്. അതിന് മറയിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എല്‍ഡിഎഫ് സര്‍ക്കാരിനും അതിനെ നയിക്കുന്നവര്‍ക്കുമെതിരായി കോഗ്രസ് ആരോപണങ്ങളുന്നയിക്കുന്നത്. അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്നാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും ഇവിടെ പ്രചരിപ്പിച്ചത്. എന്നാല്‍, അത്തരം നടപടികള്‍ കൈക്കൊള്ളാന്‍ വേണ്ട അധികാരം സംസ്ഥാനത്തിന് നല്‍കണമെന്ന കേരളത്തിന്റെ നിവേദനത്തില്‍ ഉമ്മന്‍ചാണ്ടിതന്നെയും ഒപ്പുവച്ചിരുന്നുവെന്നു വന്നതോടെ ആ കള്ളം പൊളിഞ്ഞു. സുപ്രീംകോടതിയിലെ ലോട്ടറി കേസ് കേരളസര്‍ക്കാരിന് അനുകൂലമായി നീങ്ങിയിരുന്ന ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാരാണ് ആ അവസ്ഥ പൊളിക്കാന്‍വേണ്ടി ലോട്ടറി എന്നതില്‍ ഓലൈന്‍ ലോട്ടറിയുംപെടുമെന്ന നിര്‍വചനത്തോടെ ലോട്ടറി നിയന്ത്രണച്ചട്ടങ്ങള്‍ ഭേദഗതിപ്പെടുത്തിയത്. കേന്ദ്രം പുറപ്പെടുവിച്ച ആ ചട്ടമാണ് കേരളത്തിന്റെ ഓലൈന്‍ ലോട്ടറി നിരോധനത്തെ ത്രിശങ്കുവിലാക്കിയതും ഒരു പ്രൊമോട്ടര്‍ക്ക് ഒരുദിവസം 24 നറുക്കെടുപ്പുവരെ നടത്താമെന്ന അവസ്ഥ ഒരിക്കല്‍ ഉണ്ടാക്കിവച്ചതും. കേരളം ഓലൈന്‍ ലോട്ടറി നിരോധിച്ച് ചട്ടമുണ്ടാക്കിയപ്പോള്‍ അതിനെ ചോദ്യംചെയ്ത് അത്തരം ലോട്ടറിക്കാര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായത് പി ചിദംബരമാണ്. ആ ചിദംബരം ആഭ്യന്തരമന്ത്രിയായപ്പോഴാണ് ഓലൈന്‍ നിയമവിധേയമാക്കുന്ന തരത്തിലുള്ള ചട്ടത്തില്‍ ഭേദഗതി വരുത്തിയത്. അന്യസംസ്ഥാന ലോട്ടറിക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് അവകാശമില്ല എന്നുമാത്രമല്ല, നടപടിയെടുക്കുന്ന കാര്യം കേന്ദ്രം പരിഗണിക്കണമെന്ന് നിര്‍ദേശിക്കാന്‍ കോടതിക്ക് അവകാശമില്ല എന്നുപോലുമാണ് സുപ്രീംകോടതിയുടെ ഡിവിഷന്‍ ബെഞ്ചിനു മുമ്പില്‍ യുപിഎ സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചത്. ആ വാദമാണ് കേരളത്തെ കേസില്‍ തോല്‍പ്പിച്ചത്. ഓലൈന്‍ ലോട്ടറി നിരോധിച്ചതും അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തിയതും ആ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, രജിസ്ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ കാണിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസയച്ചതും യുഡിഎഫ് സര്‍ക്കാരല്ല, എല്‍ഡിഎഫ് സര്‍ക്കാരാണ്. ഓലൈന്‍ ലോട്ടറിത്തട്ടിപ്പുകാര്‍ക്കെതിരായ നടപടി പിന്‍വലിക്കുമെന്ന് വിശദീകരിക്കുകയും ഇനി നടപടിയെടുക്കില്ല എന്നറിയിക്കുകയുംചെയ്യുന്ന സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ഈ സത്യവാങ്മൂലം കേരളതാല്‍പ്പര്യങ്ങള്‍ക്ക് അപകടകരമാണെന്ന് കണ്ടെത്തി അത് ഭേദഗതിപ്പെടുത്താന്‍ അനുവദിക്കണമെന്ന് സുപ്രീംകോടതിയോട് അപേക്ഷിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. അന്യസംസ്ഥാന ലോട്ടറിക്കെതിരെ നടപടിയെടുക്കാന്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനുള്ള തടസ്സം ഇതുസംബന്ധിച്ച കേന്ദ്രനിയമത്തിന്റെ നാലാംവകുപ്പാണ്. അത് നീക്കം ചെയ്യണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ കേന്ദ്രം തയ്യാറാവാത്തത്, ആ സര്‍ക്കാരിനെ നയിക്കുന്നത് ലോട്ടറിത്തട്ടിപ്പുകാരുടെ വക്താക്കളാണ് എന്നതുകൊണ്ടുതന്നെയാണ്. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് പൂര്‍ണ പ്രതിബദ്ധതയുള്ളതുകൊണ്ടാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. നിയമലംഘനം ചൂണ്ടിക്കാട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇതാണ് ഹൈക്കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടത്. അപ്പോഴാണ് മറ്റൊരു സംസ്ഥാനത്തെ ലോട്ടറിക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രത്തിനേ അധികാരമുള്ളൂവെന്ന് ഹൈക്കോടതിതന്നെ പറഞ്ഞത്. തട്ടിപ്പുലോട്ടറികള്‍ക്കെതിരായി നടപടിയെടുക്കാനുള്ള അധികാരം സ്ഥാപിച്ചുകിട്ടാനായി എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയി. സുപ്രീംകോടതിയാകട്ടെ, കേന്ദ്രനടപടിയുണ്ടാവുമെന്ന് പ്രത്യാശിച്ചു. പക്ഷേ, നടപടിയുണ്ടായില്ല. സിബിഐ അന്വേഷണം വന്നാല്‍ ഇക്കാര്യങ്ങളൊക്കെ പുറത്തുവരും. കോടതി ഇതൊക്കെ പരിശോധിക്കും. അത് കേന്ദ്രത്തെയും അതിനെ നയിക്കുന്ന പി ചിദംബരം അടക്കമുള്ളവരെയും പ്രതിക്കൂട്ടിലാക്കും. ഇതറിയാവുന്നതുകൊണ്ടാണ് കേരളം ആവശ്യപ്പെട്ട സിബിഐ അന്വേഷണം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഏതുവിധേനയും ഒഴിവാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നത്. അതിന്റെ ജാള്യം മറയ്ക്കാനാണ് കേരളത്തില്‍ കോഗ്രസ് വീണ്ടും വീണ്ടും ലോട്ടറി ആരോപണത്തിന്റെ പുകമറ ഉയര്‍ത്തുന്നത്.

അന്നം മുട്ടിക്കുന്ന കശ്മലന്മാര്‍

ദേശാഭിമാനി മുഖപ്രസംഗം, 2011 മർച്ച് 9

അന്നം മുട്ടിക്കുന്ന കശ്മലന്മാര്‍

രണ്ടുരൂപയ്ക്ക് അരി നല്‍കുന്നത് തെരഞ്ഞെടുപ്പു കമീഷന്‍ തടഞ്ഞത് തികച്ചും നിര്‍ഭാഗ്യകരമാണ്. രണ്ടു രൂപ അരി നല്‍കുന്നത് തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാണെന്ന് കേരളത്തിലെ കെപിസിസി നേതൃത്വം തെരഞ്ഞെടുപ്പു കമീഷന്‍ മുമ്പാകെ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് അരിവിതരണം തടഞ്ഞതത്രെ. കമീഷന്റെ ഈ നടപടി നീതീകരണമില്ലാത്തതാണെന്ന് പറയേണ്ടിവന്നതില്‍ ഖേദമുണ്ട്. കേരളത്തില്‍ 70 ലക്ഷം കാര്‍ഡുടമകളുള്ളതില്‍ 40 ലക്ഷത്തില്‍പ്പരം കുടുംബത്തിന് രണ്ട് രൂപയ്ക്ക് അരി നല്‍കാന്‍ വളരെമുമ്പുതന്നെ തീരുമാനിച്ചതാണ്. സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്കാണ് ഇത്തരത്തില്‍ അരി നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യസുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ബില്ലുകൊണ്ടുവരാന്‍ പോകുന്നതായി പറഞ്ഞുകേട്ടിട്ട് കാലമേറെയായി. എന്നാല്‍, കേരളത്തില്‍ വളരെമുമ്പുതന്നെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സാര്‍വത്രികമായ പൊതുവിതരണ സമ്പ്രദായം നടപ്പാക്കി. അതുകൊണ്ടുതന്നെ ദേശീയതലത്തില്‍ ജനങ്ങള്‍ അനുഭവിക്കുന്ന വിലക്കയറ്റത്തിന്റെ ദുരിതം കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കേണ്ടിവരുന്നില്ല. മാതൃകാപരമായ പൊതുവിതരണ സമ്പ്രദായം നിലവിലുള്ള സംസ്ഥാനമാണ് കേരളം.

കേന്ദ്രമാണ് ജനങ്ങളെ എപിഎല്‍ എന്നും ബിപിഎല്‍ എന്നും വേര്‍തിരിച്ചത്. കേന്ദ്രത്തിന്റെ കണക്കില്‍ കേരളത്തില്‍ 11 ലക്ഷമാണ് ബിപിഎല്‍ കാര്‍ഡുടമകളുള്ളത്. കേരളത്തിന് അംഗീകരിക്കാനാവാത്തതാണ് ആ മാനദണ്ഡങ്ങള്‍. അര്‍ഹരായ ലക്ഷങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന സ്ഥിതിയാണുണ്ടാവുക. സാഹചര്യത്തിലാണ് പ്രതിമാസം 25,000 രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്കും അഞ്ച് ഏക്കറില്‍ താഴെ ഭൂമിയുള്ളവര്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കാന്‍ തീരുമാനിച്ചത്. കാര്‍ഡുടമകള്‍ പ്രതിമാസ വരുമാനം 25,000 രൂപയ്ക്ക് താഴെയാണെന്നും അഞ്ച് ഏക്കറില്‍ അധികം ഭൂമി കൈവശമില്ലെന്നും സ്വയം സത്യവാങ്മൂലം നല്‍കിയാല്‍ അവര്‍ക്കെല്ലാം രണ്ടുരൂപയ്ക്ക് അരി ലഭിക്കും. ഇത് ജനങ്ങള്‍ക്ക് വലിയ അനുഗ്രഹമാണ്. ഫെബ്രുവരി 23നാണ് മേല്‍പ്പറഞ്ഞ ചെറിയ വിഭാഗമൊഴികെ എല്ലാ കാര്‍ഡുടമകള്‍ക്കും രണ്ട് രൂപയ്ക്ക് അരി നല്‍കുമെന്ന് തീരുമാനിച്ചത്. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍വന്നത് മാര്‍ച്ച് ആദ്യമാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ഒരുവര്‍ഷത്തിലധികമായി സ്വീകരിച്ചുവന്ന ബദല്‍നയം വ്യാപിപ്പിക്കുന്ന നടപടി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് സ്വീകരിച്ചതാണെന്നുപറയാന്‍ കഴിയില്ല. അതുകൊണ്ടാണ് രണ്ടു രൂപയ്ക്ക് അരി നല്‍കുന്ന നടപടി തടഞ്ഞത് നീതീകരണമില്ലാത്തതാണെന്ന് ചൂണ്ടിക്കാണിക്കാന്‍ കാരണം.

ജനങ്ങള്‍ക്ക് അനുകൂലമായി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന നയം കോഗ്രസ് നേതൃത്വത്തിന് സഹിക്കാനാവുന്നില്ല. രണ്ടാം യുപിഎ സര്‍ക്കാര്‍ കോര്‍പറേറ്റ് ഉടമകള്‍ക്കും കൊള്ളക്കാര്‍ക്കും കള്ളപ്പണക്കാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും അഴിമതിക്കാര്‍ക്കും വേണ്ടിയാണ് ഭരണം നടത്തുന്നതെന്ന് ഇന്ത്യയിലെ അത്യുന്നത നീതിപീഠമായ സുപ്രീംകോടതിതന്നെ പല തവണ നിരീക്ഷണം നടത്തിയതാണ്. ജനങ്ങളെ കൊള്ളചെയ്ത പണമാണ് സ്വിസ് ബാങ്കിലും മറ്റ് വിദേശബാങ്കുകളിലും സുരക്ഷിതമായി നിക്ഷേപിച്ചത്. വിലക്കയറ്റം വളരെ രൂക്ഷമായിട്ടും സാര്‍വത്രികമായ പൊതുവിതരണ സമ്പ്രദായം നടപ്പാക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ചതാണ്. പുല്‍ത്തൊട്ടിയിലെ പട്ടിയുടെ നയം എന്നൊരു ചൊല്ലുണ്ട്. പുല്ലുതിന്നാന്‍ പശുവിനെ അനുവദിക്കുകയില്ല; സ്വയം പുല്ല് തിന്നുകയുമില്ല. കോഗ്രസ് കേരളത്തിലെ പൊതുവിതരണ സമ്പ്രദായം പാടെ തകര്‍ത്തതാണ്.

യുഡിഎഫ് അധികാരത്തില്‍വന്ന ഘട്ടത്തിലാണ് റേഷന്‍ വിതരണ സമ്പ്രദായം അട്ടിമറിച്ചത്. റേഷന്‍ഷോപ്പിനുപകരം പൊതുവിതരണകേന്ദ്രമാക്കി മാറ്റി. റേഷന്‍കടകളിലെ പേരെഴുതിയ ബോര്‍ഡുപോലും മാറുകയാണുണ്ടായത്. സാര്‍വത്രികമായ പൊതുവിതരണത്തിന്റെ യഥാര്‍ഥ ശത്രുക്കളാണെന്ന് കേരളത്തിലെ കോഗ്രസ് നേതൃത്വം ഒരിക്കല്‍ക്കൂടി സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ്. മാവേലി സ്റോര്‍ സ്ഥാപിച്ചപ്പോള്‍ വാമനസ്റോര്‍ തുടങ്ങിയത് കേരളത്തിലെ കോഗ്രസ് നേതൃത്വമായിരുന്നു എന്നത് മറന്നുകൂടാ. യുഡിഎഫ് അധികാരത്തിലുള്ളപ്പോള്‍ മാവേലി സ്റോറുകളും നീതിസ്റോറുകളും കസ്യൂമര്‍ ഫെഡറേഷന്‍ വില്‍പ്പന കേന്ദ്രങ്ങളും ശൂന്യമായിരുന്നു. അതുകൊണ്ടുതന്നെ ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരണത്തില്‍ കാര്യക്ഷമമായ പൊതുവിതരണസമ്പ്രദായം കൊണ്ടുവന്നത് യുഡിഎഫിന് തെല്ലും ഇഷ്ടപ്പെട്ടിരുന്നില്ല. കടുത്ത അസഹിഷ്ണുതയാണ് അവര്‍ പ്രകടിപ്പിക്കുന്നത്.

1982ല്‍ 60 വയസ്സ് കഴിഞ്ഞ കര്‍ഷകത്തൊഴിലാളികള്‍ക്ക് 45 രൂപ പെന്‍ഷന്‍ കൊടുക്കാന്‍ നായനാര്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ പ്രത്യുല്‍പ്പാദനപരമല്ലെന്നു പറഞ്ഞ് അതിനെ എതിര്‍ത്തു. 2001-2006 കാലഘട്ടത്തില്‍ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ഒരു രൂപപോലും വര്‍ധിപ്പിച്ചില്ല. 25 മാസം ഈ തുച്ഛമായ തുക കൊടുത്തതുമില്ല. ഇപ്പോള്‍ കര്‍ഷകത്തൊഴിലാളികള്‍ക്കു മാത്രമല്ല, കയര്‍, കശുവണ്ടി, കൈത്തറി, ഖാദി, ബീഡി മേഖലയിലെല്ലാം പെന്‍ഷന്‍ നല്‍കുന്നുണ്ട്. പെന്‍ഷന്‍തുക 110 രൂപയില്‍നിന്ന് 400 രൂപയായി വര്‍ധിപ്പിക്കുകയുംചെയ്തു. യുഡിഎഫ് ഭരണകാലത്ത് കര്‍ഷക ആത്മഹത്യ പെരുകി. ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ഒരാശ്വാസവും നല്‍കിയില്ല. ആത്മഹത്യചെയ്ത കര്‍ഷകരുടെ ആശ്രിതര്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ 50,000 രൂപ നല്‍കി. കടം എഴുതിത്തള്ളി. ഇതൊന്നും യുഡിഎഫിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല. അവര്‍ക്ക് അലോസരം സൃഷ്ടിക്കുന്നതാണ്. യുഡിഎഫ് അധികാരത്തില്‍വന്നാല്‍ ഇത്തരം ക്ഷേമപദ്ധതിയെല്ലാം അട്ടിമറിക്കുമെന്നതിന്റെ തെളിവാണ് തെരഞ്ഞടുപ്പു കമീഷന് നല്‍കിയ പരാതി. രണ്ടു രൂപയ്ക്ക് അരി നല്‍കുന്നത് അവര്‍ അട്ടിമറിക്കുമെന്നു തീര്‍ച്ചയാണ്. അതുകൊണ്ടുതന്നെ രണ്ടു രൂപയ്ക്ക് അരി നല്‍കുന്ന നടപടി തടഞ്ഞതിനെതിരെ യുഡിഎഫിന്റെയും വിശേഷിച്ച് അതിന് നേതൃത്വം നല്‍കുന്ന കോഗ്രസിന്റെയും ക്രൂരതയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതാണ്.

മുഖ്യമന്ത്രി ഈ വിഷയം കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണുമെന്ന് പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണ്. യഥാര്‍ഥ വസ്തുതകള്‍ മനസ്സിലാക്കി രണ്ടു രൂപയ്ക്ക് അരിവിതരണം നിര്‍ബാധം തുടരാന്‍ അനുവദിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമീഷനോട് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. പാവപ്പെട്ടവന്റെ കഞ്ഞിയില്‍ മണ്ണുവാരിയിടുന്ന അത്യന്തം ക്രൂരമായ നിലപാടില്‍നിന്ന് തെരഞ്ഞെടുപ്പുകാലത്തുപോലും പിന്തിരിയാന്‍ കോഗ്രസ് നേതൃത്വം തയ്യാറല്ലെന്നതാണ് ഈ തടസ്സവാദം തെളിയിക്കുന്നത്. കോഗ്രസിന്റെ തനിനിറം തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന സന്ദര്‍ഭത്തില്‍പ്പോലും മറനീക്കി പുറത്തുവന്നിരിക്കുന്നു-അങ്ങനെ പുറത്തുവരാന്‍ സഹായിച്ചതില്‍ ഉമ്മന്‍ചാണ്ടിയോടും കൂട്ടരോടും നന്ദി പറയാം.
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്