ചെഗുവേരയെപറ്റി 2010 ഒക്ടോബർ 9 -ന് ദേശാഭിമാനി പത്രത്തിൽ വന്ന ലേഖനം
രക്തനക്ഷത്രം
എം സുരേന്ദ്രന്‍
1967 ഒക്ടോബര്‍ ഒമ്പതിനാണ് ഏണസ്റ്റോ ചെഗുവേര എന്ന ഉജ്വലനായ ആ വിപ്ളവകാരി ചരിത്രത്തെ ചോര കൊണ്ട് ചുവപ്പിച്ചത്. 1928 ജൂ 14ന് അര്‍ജന്റീനയില്‍ ജനിച്ച് ലാറ്റിനമേരിക്ക മുഴുവന്‍ ജ്വലിച്ചുനിന്ന വിപ്ളവത്തിന്റെ തീപ്പന്തമാണ് ചെഗുവേര. വൈദ്യശാസ്ത്ര ബിരുദം നേടിയിട്ടും സമൂഹത്തിനാണ് ചികിത്സ വേണ്ടതെന്ന തിരിച്ചറിവാണ് പ്രതിസന്ധികള്‍ നിറഞ്ഞ പാതയിലൂടെ സഞ്ചരിക്കാനും അപരന്റെ വാക്കുകള്‍ സംഗീതംപോലെ ആസ്വദിക്കുന്ന ഒരു പുലരിക്കുവേണ്ടി ജീവിതം സമര്‍പ്പിക്കാനും ചെയെ പ്രേരിപ്പിച്ചത്. ആ പോരാളിയുടെ നിശ്ചയദാര്‍ഢ്യത്തിന് ഒരിക്കലും മങ്ങലേറ്റിരുന്നില്ല. പോര്‍മുഖത്ത് മൂന്നുതവണ വെടിയേറ്റ ചെയുടെ കരുത്തിന് സമാനതകളില്ല. ഉരുക്കിനേക്കാള്‍ ദൃഢതയുള്ള ആ മനസ്സിനെ ഉലയ്ക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. 'അവിചാരിതമായി മരണം കടന്നുവന്നാല്‍ അതും സ്വാഗതം ചെയ്യപ്പെടും. എന്നാല്‍, അതിനുമുമ്പ് ആയുധമെടുക്കാന്‍ പോരാട്ടത്തിന്റെ ഒരു കരമെങ്കിലും ഉയര്‍ന്നാല്‍ മതി. തുറന്ന കാതുകളില്‍ വിമോചന മുദ്രാവാക്യത്തിന്റെ പോര്‍വിളി മുഴങ്ങിയാല്‍ മതി' -ചെ പറഞ്ഞു. തന്റെ മക്കള്‍ക്കെഴുതിയ കത്തില്‍ ഇങ്ങനെ പറഞ്ഞു. 'പ്രിയമുള്ള ഹില്‍ഡീന, അലീഡീറ്റ, ക്യാമിലോ, സീലിയ, എര്‍ണസ്റ്റോ എന്നെങ്കിലും നിങ്ങളീ കത്ത് വായിക്കാനിടയായാല്‍ അതിനര്‍ഥം ഞാന്‍ നിങ്ങളെ വിട്ടുപിരിഞ്ഞെന്നാണ്. നിങ്ങള്‍ക്കാര്‍ക്കും എന്നെപ്പറ്റി വലിയ ഓര്‍മയൊന്നും കാണില്ല. ഏറ്റവും താഴെയുള്ളവര്‍ക്ക് എന്നെ ഓര്‍മയേയുണ്ടാവില്ല. ശരിയെന്ന് തോന്നുന്നത് ചെയ്യുകയും സ്വന്തം തത്വചിന്തയില്‍നിന്ന് കടുകിട വ്യതിചലിക്കാതെ ജീവിക്കുകയുംചെയ്ത ഒരാളായിരുന്നു നിങ്ങളുടെ അച്ഛന്‍. നിങ്ങള്‍ നല്ല വിപ്ളവകാരികളായി വളരണമെന്നാണ് ഈ അച്ഛന്റെ ആഗ്രഹം. മനസ്സിരുത്തി പഠിക്കുകയും പ്രകൃതിയെ നമ്മുടെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയില്‍ വൈദഗ്ധ്യം നേടുകയും ചെയ്യണം. സര്‍വപ്രധാനമായിട്ടുള്ളത് വിപ്ളവമാണെന്നും ഒറ്റക്കെടുത്താല്‍ നമുക്കാര്‍ക്കും ഒരു പ്രാധാന്യവുമില്ലെന്നും ഓര്‍ത്തിരിക്കണം. അതിലും പ്രധാനമായിട്ടുള്ളത് അനീതി എവിടെ കണ്ടാലും അതിനെ എതിര്‍ക്കാന്‍ കഴിയണമെന്നതാണ്. ഒരു വിപ്ളവകാരിയുടെ അഭിനന്ദനാര്‍ഹമായ ഗുണം അതാണ്. കുഞ്ഞുങ്ങളേ, ഈ അച്ഛനെ പോകാന്‍ അനുവദിക്കുക. എന്നെങ്കിലും നമുക്ക് കാണാന്‍ കഴിയുമെന്നാശിക്കാം. അച്ഛന്റെ പൊന്നുമ്മയും ആലിംഗനവും ഇതോടൊപ്പം അയക്കുന്നു.'' മെക്സിക്കോവില്‍നിന്നുള്ള ചെ- ഫിദല്‍ കൂടിക്കാഴ്ചയാണ് സാമ്രാജ്യത്വത്തിനെതിരായ പടപ്പുറപ്പാടില്‍ ചെയെ ക്യൂബയിലെത്തിച്ചത്. 82 ഒളിപ്പോരാളികളുമായി ഗ്രാന്‍മ എന്ന നൌകയില്‍ 1956 നവംബര്‍ 25ന് അവര്‍ ക്യൂബയിലേക്ക് പുറപ്പെട്ടു. ഉറങ്ങിക്കിടക്കുന്ന മകളുടെ കവിളില്‍ ഉമ്മ വച്ചിറങ്ങിയ ചെ പൊരുതി മുന്നേറി. ബാറ്റിസ്റയുടെ കരാളഹസ്തങ്ങളില്‍ ജനങ്ങളെ വരിഞ്ഞുകെട്ടിയ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞപ്പോള്‍ ക്യൂബയില്‍ സ്വാതന്ത്യ്രത്തിന്റെ പതാക ഉയര്‍ന്നു. സ്വതന്ത്ര ക്യൂബയുടെ തലവനായി ഫിദലും വ്യവസായ ധനകാര്യ മന്ത്രിയും നാഷണല്‍ ബാങ്കിന്റെ പ്രസിഡന്റുമായി ചെഗുവേരയും ചുമതലയേറ്റു. അധികാരം ഒരിക്കലും ചെയ്ക്ക് അഭയസ്ഥാനമായിരുന്നില്ല. ആ മനസ്സില്‍ വിപ്ളവത്തിന്റെ അഗ്നി ഒരിക്കലും അണഞ്ഞില്ല. പോര്‍മുഖങ്ങളിലേക്ക് ആ മനസ്സ് കുതിച്ചുകൊണ്ടിരുന്നു. മന്ത്രിയുടെ ക്യാബിനിലിരിക്കുമ്പോഴും ചുമലില്‍ തിര നിറച്ച ഒരു തോക്ക് തൂങ്ങിക്കിടക്കുമായിരുന്നു. 1965 ല്‍ ഗവമെന്റ് ആസ്ഥാനത്തുനിന്നു ചെ അപ്രത്യക്ഷനായി. ബൊളീവിയന്‍ കാടുകളില്‍ വിപ്ളവത്തിന്റെ തീപ്പന്തവുമായി നടന്ന് സാമ്രാജ്യത്വത്തിനെതിരെ പടനയിച്ച് ബൊളീവിയയുടെ സ്വാതന്ത്യ്രത്തിനുവേണ്ടി പൊരുതുകയായിരുന്നു പിന്നീട് ആ വിപ്ളവകാരി. എന്നാല്‍, കൊലവാളുകളും തീയുണ്ടകളുമൊരുക്കി വര്‍ഷങ്ങളായി ചെയുടെ ജീവനുവേണ്ടി അവര്‍ കാത്തിരിക്കുകയായിരുന്നു. പട്ടാളം ചെഗുവേരയെ വളഞ്ഞുപിടിച്ച് കൈ രണ്ടും വെട്ടിയെടുത്തു. മരണത്തെ മുഖാമുഖം കണ്ട ചെയോട് തലവന്‍ ചോദിച്ചു ഇപ്പോള്‍ എന്ത് തോന്നുന്നുവെന്ന്. 'വിപ്ളവത്തിന്റെ അനശ്വരതയെക്കുറിച്ച്' എന്ന് മറുപടി നല്‍കി. 1967 ഒക്ടോബര്‍ 9, സിഐഎയുടെയും അമേരിക്കന്‍ ചോറ്റുപട്ടാളത്തിന്റെയും തീയുണ്ടകളേറ്റ് ചെ പിടഞ്ഞുവീണു. 39 വയസ്സ് അപ്പോഴും തികഞ്ഞിരുന്നില്ല. 'ഒന്നുകില്‍ നാം വിജയം നേടും. അല്ലെങ്കില്‍ മരണത്തിനപ്പുറത്തേക്ക് നാം നിറയൊഴിക്കും'. ആ ധമനികളില്‍ തുടിച്ച വിപ്ളവവീര്യം പിന്‍തലമുറ ഏറ്റുവാങ്ങി. വര്‍ധിതാവേശത്തോടെയാണ് ചെയുടെ തുടിക്കുന്ന സ്മരണകള്‍ ലോകം ഏറ്റുവാങ്ങുന്നത്. ലാറ്റിനമേരിക്കയില്‍ ചരിത്രം വീണ്ടും ഇതിഹാസം രചിക്കുകയാണ്. ചെ രക്തസാക്ഷിത്വം വരിച്ച ബൊളീവിയയില്‍ സോഷ്യലിസ്റ് ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഈവാ മൊറൈല്‍സാണ് ഭരിക്കുന്നത്. ചെഗുവേരയെയും കാസ്ട്രോവിനെയും ആദരവോടെ കാണുന്ന മൊറൈല്‍സിന്റെ ബൊളീവിയ ചെയുടെ സ്വപ്നത്തിനരികിലെത്തിയിരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്തുനിന്ന് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബുഷ് പിശാചാണെന്ന് പരസ്യമായി പ്രസംഗിച്ച ഷാവേസാണ് വെനസ്വേല ഭരിക്കുന്നത്. ബ്രസീലില്‍ ലുല വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നിക്കരാഗ്വയില്‍ ഒര്‍ട്ടേഗ പ്രസിഡന്റാണ്. ഇക്വഡോറില്‍ ഇടതുപക്ഷക്കാരന്‍ രാഫേല്‍ക്വാറി അധികാരത്തിലെത്തി. ഉറുഗ്വേയിലും ഇടതുപക്ഷം അധികാരത്തിലാണ്. ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളുടെ കൂട്ടായ്മയുണ്ടാക്കി അമേരിക്കയുടെ മുന്നില്‍ മുട്ടുകുത്താന്‍ മനസ്സില്ലെന്ന് പ്രഖ്യാപിച്ച് ഷാവേസ് മുന്നേറിക്കൊണ്ടിരിക്കുന്നു. ചെയുടെ സ്മരണകള്‍ സാമ്രാജ്യത്വ അധിനിവേശത്തിനെതിരായ സമരം കരളുറപ്പോടെ മുന്നോട്ടുപോകാനാണ് ലോകജനതയെ പ്രചോദിപ്പിക്കുന്നത്. അത്യന്തം അപകടകരമാണ് ഇന്ത്യ - അമേരിക്ക ആണവകരാറെന്ന് ശാസ്ത്രജ്ഞരില്‍ പലരും ഓര്‍മപ്പെടുത്തിയതാണ്. എന്നാല്‍, അത് യാഥാര്‍ഥ്യമായിരിക്കുന്നു. 'ഒരു അണുവായുധാക്രമണത്തില്‍ നിങ്ങളിന്ന് കാണുന്ന ക്യൂബ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കപ്പെട്ടേക്കാം. അത്തരമൊരു സന്ദര്‍ഭത്തില്‍ ആദ്യത്തെ ഇര ഞങ്ങളായിരിക്കും' ചെയുടെ വാക്കുകള്‍ ഇന്നും പ്രകമ്പനം കൊള്ളുന്നു. ഇവിടെയാണ് സോഷ്യലിസം അല്ലെങ്കില്‍ മരണമെന്ന ക്യൂബന്‍ ജനതയുടെ മുദ്രാവാക്യം ഉയിര്‍ക്കൊള്ളുന്നത്. രക്തസാക്ഷികളുടെ ഓര്‍മകള്‍ ഇന്ത്യയുടെ മോചന പ്രസ്ഥാനത്തെ മുന്നോട്ടേക്ക്, ഉയരത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. സിപിഐ എമ്മിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ചെഗുവേരയുടെ സ്മരണ സഹായിക്കും. പുതുവസന്തത്തിന്റെ ഗര്‍ജനവും ഇടിമുഴക്കവുമാണത്. രണഭൂമികളില്‍ വീഴുന്ന ഓരോ തുള്ളി ചോരയും ബൊളീവിയന്‍ കാടുകളില്‍ വിടര്‍ന്ന ആ രക്തപുഷ്പത്തെ കൂടുതല്‍ ചുവപ്പിക്കും.