വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Monday, June 28, 2010

പെട്രോള്‍ വില സ്വതന്ത്രമാക്കുമ്പോള്‍


പെട്രോള്‍ വില സ്വതന്ത്രമാക്കുമ്പോള്‍

ഡോ. വി.കെ. വിജയകുമാര്‍

( മാതൃഭൂമി ദിനപ്പത്രം 2010 ജൂണ്‍26)

സര്‍ക്കാറിന്റെ വരുമാനം സബ്‌സിഡി നല്‍കാനായി ചെലവിടുന്നത് ദരിദ്രര്‍ക്കും വിവേചനമനുഭവിക്കുന്ന സ്ത്രീകള്‍ക്കും അവശതയനുഭവിക്കുന്ന മറ്റ് ജനവിഭാഗങ്ങള്‍ക്കും ആശ്വാസം പകരാനായിരിക്കണം; ഇടത്തരക്കാരെയും സമ്പന്നരെയും സുഖിപ്പിക്കാനാവരുത്

''ഒരു സാമ്പത്തിക വിദഗ്ധന്റെ ഒന്നാം നമ്പര്‍ ശത്രു കൈയടിയാണ്. കാരണം, അത് വരുന്നത് സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ധാരണയില്ലാത്തവരില്‍ നിന്നായിരിക്കും'' ആല്‍ഫ്രഡ് മാര്‍ഷല്‍

പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ വിലകള്‍ വര്‍ധിപ്പിക്കണോ എന്നതിനെ സംബന്ധിച്ച് ഹിതപരിശോധന നടത്തിയാല്‍ 99 ശതമാനം പേരും 'വേണ്ട' എന്നായിരിക്കും പറയുക. മഹാഭൂരിപക്ഷവും എതിര്‍ക്കുന്ന കാര്യത്തെ ഭാഗികമായെങ്കിലും അനുകൂലിക്കുന്നത് ജനവിരുദ്ധവും പിന്തിരിപ്പനുമായ സമീപനമായി വിലയിരുത്തപ്പെടാം. എങ്കിലും പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡിയെക്കുറിച്ചും അത് ഉണ്ടാക്കിയേക്കാവുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചും സമ്പദ്ശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ നിന്ന് ചില വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നത് ഉചിതമായിരിക്കും.

ആവശ്യമായ ക്രൂഡ്ഓയിലിന്റെ 75 ശതമാനവും നാം ഇറക്കുമതി ചെയ്യുകയാണ്. ക്രൂഡ് ഓയില്‍ സംസ്‌കരിച്ച് വിമാന ഇന്ധനം, പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ എന്നിവ വിപണിയില്‍ വില്‍ക്കുന്നു. ക്രൂഡ് ഓയിലിന്റെ അന്തര്‍ദേശീയ വില വര്‍ധിക്കുന്നതിനനുസരിച്ച് കമ്പനികള്‍ വില്‍ക്കുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ വിലകള്‍ വര്‍ധിപ്പിക്കാതിരിക്കുമ്പോള്‍ കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടംനികത്താന്‍ സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നു. ഇതിന്റെ ഒരുഭാഗം എണ്ണവാതക ഉത്പാദകരായ .എന്‍.ജി.സി., ..എല്‍., ജി...എല്‍. എന്നീ പൊതുമേഖലാ കമ്പനികളും വഹിക്കുന്നു.

പെട്രോളിയം ഉത്പന്നങ്ങളുടെ മേല്‍ കേന്ദ്രസര്‍ക്കാര്‍ എകൈ്‌സസ്ഡ്യൂട്ടി ചുമത്തുന്നുണ്ട്. സംസ്ഥാന സര്‍ക്കാറുകള്‍ വാറ്റ് ചുമത്തുന്നു. കൂടാതെ, ക്രൂഡ്ഓയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ കസ്റ്റംസ് തീരുവയുമുണ്ട്. നികുതികളില്ലെങ്കില്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലകള്‍ ഗണ്യമായി കുറവായിരിക്കും എന്നത് ശരിയാണ്. പക്ഷേ, നികുതികള്‍ എടുത്തുകളയുകയോ കുറയ്ക്കുകയോ ചെയ്താല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നികുതിവരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാകും. റവന്യൂകമ്മി വര്‍ധിക്കുകയും ചെയ്യും.

ഒരു സ്വകാര്യ ബിസിനസ് സ്ഥാപനം 10 രൂപയ്ക്ക് വാങ്ങുന്ന സാധനം എട്ട് രൂപയ്ക്ക് വിറ്റാല്‍ എന്ത് സംഭവിക്കും? സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ന്യായമായ വിലയില്‍ സാധന, സേവനങ്ങള്‍ ലഭ്യമാക്കുക എന്നത് സര്‍ക്കാറിന്റെ കടമയാണ്. അതിനാല്‍ പല സാധന, സേവനങ്ങള്‍ക്കും സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നു. എന്നാല്‍ സബ്‌സിഡി ബാധ്യത ഒരു പരിധികഴിഞ്ഞാല്‍ വലിയ ധനക്കമ്മിയും പൊതുകട ബാധ്യതയും ഉണ്ടാക്കും. അപ്പോള്‍, സ്വകാര്യ ബിസിനസ് പാപ്പരാകുന്നതുപോലെ സര്‍ക്കാര്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലകപ്പെടും. പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ രൂക്ഷമായിരിക്കും. ഗ്രീസിലും സ്‌പെയിനിലും ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധിയുടെ മൂലകാരണം സാമ്പത്തിക അച്ചടക്കം പാലിക്കാത്തതാണ്.

200910 ല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന വിലയും പെട്രോളിയം ഉത്പന്നങ്ങള്‍ വില്‍ക്കുന്ന വിലയും തമ്മിലുള്ള അന്തരം മൂലമുണ്ടായ കമ്മി 46,051 കോടി രൂപയായിരുന്നു. അതായത്, കേന്ദ്രസര്‍ക്കാറും പൊതുമേഖലയിലെ എണ്ണ, വാതക ഉത്പാദക കമ്പനികളും ചേര്‍ന്ന് 46,051 കോടി രൂപയുടെ സബ്‌സിഡി ബാധ്യത ഏറ്റെടുത്തു എന്നര്‍ഥം. നാല് ലക്ഷം കോടി രൂപയിലധികം കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാര്‍ കടമെടുപ്പ് നടത്തിയെന്നോര്‍ക്കുക. കടംവാങ്ങി സബ്‌സിഡി നല്‍കുമ്പോള്‍ ഭാവിയിലെ കടബാധ്യത വര്‍ധിക്കുന്നു.

46,051 കോടി രൂപയുടെ കമ്മിയില്‍ 14,257 കോടി രൂപ പാചകവാതകത്തിനും 17,364 കോടി രൂപ മണ്ണെണ്ണയ്ക്കും നല്‍കിയ സബ്‌സിഡിയായിരുന്നു. ബാക്കി ഡീസലിനും പെട്രോളിനും. ഇത്രയും ഭീമമായ കമ്മി നിലനിര്‍ത്തിക്കൊണ്ടുപോകാവുന്നതല്ല. മാത്രമല്ല, ഇതില്‍ പലതും അനാവശ്യവുമാണ്.

പാചക വാതകത്തിന്റെ കാര്യമെടുക്കാം. ഇന്ത്യയില്‍ പാചകവാതകമുപയോഗിക്കുന്നത് 55 ശതമാനം കുടുംബങ്ങളാണ്. 55 ശതമാനത്തില്‍ ഗണ്യമായ വിഭാഗം ഇടത്തരക്കാരും ഉയര്‍ന്ന ഇടത്തരക്കാരുമാണ്. ബാക്കി സമ്പന്നരും. ഇന്ത്യയിലെ യഥാര്‍ഥ ദരിദ്രര്‍ പാചകത്തിന് വിറകും ചാണക വരളിയും മറ്റുമാണ് ഉപയോഗിക്കുന്നത്. താഴ്ന്ന ഇടത്തരക്കാരും പാചകവാതകം ഉപയോഗിക്കുന്നുണ്ട് എന്ന വസ്തുത അവഗണിക്കുന്നില്ല. പാചക വാതക സബ്‌സിഡിയിനത്തില്‍ ചെലവിടുന്ന 14,000 കോടി രൂപകൊണ്ട് യഥാര്‍ഥ ദരിദ്രര്‍ക്ക് യാതൊരു ഗുണവുമുണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ ഭീമമായ സബ്‌സിഡി ന്യായീകരിക്കാവുന്നതല്ല.

പെട്രോള്‍ ഉപയോഗിച്ച് കാറോടിക്കുന്നവര്‍ക്ക് സബ്‌സിഡി ലഭിക്കുന്നത് അസംബന്ധമാണ്. ഇരുചക്ര മോട്ടോര്‍ വാഹനങ്ങളോടിക്കുന്നത് അധികവും ഇടത്തരക്കാരാണ്. വിഭാഗങ്ങളെ പെട്രോള്‍ വില വര്‍ധന ബുദ്ധിമുട്ടിക്കുമെങ്കിലും സബ്‌സിഡിക്ക് നീതീകരണമില്ല. ഡീസല്‍ വില വര്‍ധനയെ എതിര്‍ക്കുന്നതില്‍ സാമ്പത്തിക യുക്തിയുണ്ട്. പൊതുഗതാഗതവും സാധനങ്ങളുടെ കടത്തും ഡീസലിനെ ആശ്രയിക്കുന്നു. ഡീസല്‍ വിലവര്‍ധന ഗതാഗതച്ചെലവ് വര്‍ധിപ്പിക്കുക വഴി വിലക്കയറ്റമുണ്ടാക്കും. അതുകൊണ്ട്, ഉയര്‍ന്ന വിലക്കയറ്റമുള്ള ഇപ്പോഴത്തെ സാഹചര്യത്തില്‍ ഡീസല്‍ വിലവര്‍ധന അഭികാമ്യമല്ല.

കഠിനമായ ദാരിദ്ര്യമനുഭവിക്കുന്നവര്‍ക്ക് നല്‍കുന്ന ഉത്പന്നമായതുകൊണ്ടാണ് മണ്ണെണ്ണയ്ക്കുള്ള സബ്‌സിഡി ന്യായീകരിക്കപ്പെടുന്നത്. ദരിദ്രര്‍ക്ക് മണ്ണെണ്ണ കുറഞ്ഞ വിലയ്ക്ക് നല്‍കുക തന്നെ വേണം. എന്നാല്‍, മണ്ണെണ്ണ സബ്‌സിഡിയുടെ വലിയൊരുഭാഗം ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതാണ് വസ്തുത. എന്‍.സി...ആറിന്റെ (നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് എക്കണോമിക് റിസര്‍ച്ച്) ഒരു പഠനത്തില്‍ കണ്ടെത്തിയത് സബ്‌സിഡി നല്‍കുന്ന മണ്ണെണ്ണയുടെ 39 ശതമാനവും കരിഞ്ചന്തയിലേക്ക് പോകുന്നു എന്നാണ്. അതായത്, 6000 കോടി രൂപയിലധികം സബ്‌സിഡി നല്‍കിയ മണ്ണെണ്ണ കരിഞ്ചന്തയിലേക്ക് പോകുന്നു.

മറ്റൊരു വിദഗ്ധ കമ്മിറ്റിയായ ആര്‍.കെ. ചതുര്‍വേദി കമ്മിറ്റിയുടെ കണ്ടെത്തലുകളും ശ്രദ്ധേയമാണ്. വിളക്ക് കത്തിക്കാന്‍ മണ്ണെണ്ണ ഉപയോഗിക്കുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും മൊത്തം മണ്ണെണ്ണ വിതരണത്തിന്റെ 24 ശതമാനവും പോകുന്നത് 100 ശതമാനം വൈദ്യുതീകരിക്കപ്പെട്ട സംസ്ഥാനങ്ങളിലേക്കാണ് എന്ന് ചതുര്‍വേദി കമ്മിറ്റി കണ്ടെത്തി. ഇന്ത്യയില്‍ ഒരു ശതമാനം കുടുംബങ്ങള്‍ മാത്രമേ പാചകത്തിന് മണ്ണെണ്ണ ഉപയോഗിക്കുന്നുള്ളൂ എന്നതും ശ്രദ്ധേയമായ ഒരു കണ്ടെത്തലാണ്.

വര്‍ഷം ക്രൂഡ് ഓയില്‍ വില ബാരലിന് ശരാശരി 80 ഡോളറായി നില്‍ക്കുകയാണെങ്കില്‍ (രണ്ട് മാസം മുമ്പ് ബാരലിന് 86 ഡോളര്‍വരെ ഉയര്‍ന്ന വില ഇപ്പോള്‍ ഏകദേശം 76 ഡോളറാണ്.) പെട്രോളിയം ഉത്പന്നങ്ങള്‍ക്കുള്ള മൊത്തം സബ്‌സിഡി 98,000 കോടി രൂപയായി വര്‍ധിക്കും. ഇത്രയും ഭീമമായ സബ്‌സിഡി സമ്പദ് വ്യവസ്ഥയ്ക്ക് കാര്യമായ ദോഷം ചെയ്യും. സ്ഥൂലസമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തിന്റെ കാഴ്ചപ്പാടിലും ജനങ്ങളുടെ ദീര്‍ഘകാല ക്ഷേമത്തിന്റെ കാഴ്ചപ്പാടിലും ഇത് അഭിലഷണീയമല്ല.

പെട്രോളിയം സബ്‌സിഡി മൂലമുണ്ടാകുന്ന കമ്മിനികത്താന്‍ മറ്റു വരുമാനമാര്‍ഗങ്ങള്‍ ആരാഞ്ഞുകൂടേ എന്ന് ചോദിക്കുന്നവരുണ്ട്. ഇന്ത്യയിലിപ്പോള്‍ പ്രത്യക്ഷ നികുതികള്‍ ന്യായമായ നിലവാരത്തിലാണ്. പരോക്ഷ നികുതികള്‍ ജി.എസ്.ടി.യിലൂടെ 2011ല്‍ ഏകോപിപ്പിക്കാന്‍ പോകുന്നു. ഇനി, മറ്റ് വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തണം എന്നവാദം തര്‍ക്കത്തിന് അംഗീകരിക്കുകയാണെങ്കില്‍ തന്നെ, അത്തരം വരുമാനങ്ങള്‍ മറ്റ് ജനക്ഷേമ പദ്ധതികള്‍ക്ക് ഉപയോഗിക്കുന്നതായിരിക്കും ഉചിതം. ഉദാഹരണത്തിന്, 201011 ബജറ്റിലെ സ്വാവലംബന്‍ പദ്ധതി. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന അവശയതയനുഭവിക്കുന്ന വിഭാഗങ്ങള്‍ പതിനായിരം രൂപവരെ സമ്പാദ്യം നടത്തുമ്പോള്‍ അവരുടെ അക്കൗണ്ടിലേക്ക് ആയിരം രൂപ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നല്‍കുന്നതാണ് സാധുജനപക്ഷവും കാര്യക്ഷമവുമായ പദ്ധതി. സര്‍ക്കാറിന്റെ വരുമാനം സബ്‌സിഡി നല്‍കാനായി ചെലവിടുന്നത് ദരിദ്രര്‍ക്കും വിവേചനമനുഭവിക്കുന്ന സ്ത്രീകള്‍ക്കും അവശതയനുഭവിക്കുന്ന മറ്റ് ജനവിഭാഗങ്ങള്‍ക്കും ആശ്വാസം പകരാനായിരിക്കണം; ഇടത്തരക്കാരെയും സമ്പന്നരെയും സുഖിപ്പിക്കാനാവരുത്.

കുറേ കാലമായി അനുഭവിച്ചുവരുന്നൊരു ആനുകൂല്യം (ഒരു സിലിണ്ടര്‍ പാചകവാതകത്തിന് 260 രൂപയോളം സബ്‌സിഡിയുണ്ടെന്ന് പല ഉപഭോക്താക്കള്‍ക്കും അറിയില്ല.) പെട്ടെന്ന് ഇല്ലാതാക്കുന്നത് വ്യാപകമായ പ്രതിഷേധമുണ്ടാക്കും. അതുകൊണ്ട് സബ്‌സിഡി കുറയ്ക്കുന്നത് ഘട്ടം ഘട്ടമായിട്ടുവേണം. കിരീത് പരീഖ് കമ്മിറ്റി നിര്‍ദേശിച്ചിരുന്നത് പാചകവാതകം സിലിണ്ടറിന് 100 രൂപയും മണ്ണെണ്ണ ലിറ്ററിന് ആറ് രൂപയും വര്‍ധിപ്പിക്കാനാണ്.

പെട്രോളിന്റെയും ഡീസലിന്റെയും വിലകള്‍ പൂര്‍ണമായി സ്വതന്ത്രമാക്കാനും കമ്മിറ്റി നിര്‍ദേശിക്കുന്നു. കൂടാതെ, മണ്ണെണ്ണയുടെ പൊതുവിതരണത്തല്‍ 20 ശതമാനം കുറവ് വരുത്താനും നിര്‍ദേശമുണ്ട്. ഇത് രാഷ്ട്രീയമായി സ്വീകാര്യമാകാനിടയില്ല. സാമ്പത്തിക യുക്തിക്കും രാഷ്ട്രീയസ്വീകാര്യതയ്ക്കും നിരക്കുന്നതായിരിക്കണം നടപടികള്‍.

ഇന്നത്തെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എന്തു ചെയ്യണം? ഉയര്‍ന്ന വിലക്കയറ്റമുള്ള സ്ഥിതിക്ക് ഡീസല്‍ വില വര്‍ധിപ്പിക്കുന്നത് അഭികാമ്യമല്ല. അതുകൊണ്ട് ഡീസലിന്റെ എകൈ്‌സസ് തീരുവ കുറച്ച് വിലകള്‍ സ്വതന്ത്രമാക്കിയാല്‍ ഡീസല്‍ വിലവര്‍ധന ഒഴിവാക്കാം. എകൈ്‌സസ് തീരുവയില്‍നിന്ന് ലഭിക്കുന്ന വരുമാനക്കുറവ് വര്‍ഷം പ്രശ്‌നമാകില്ല. 3 ജി സ്‌പെക്ട്രം, വയര്‍ലെസ് ബ്രോഡ്ബ്രാന്‍ഡ് എന്നിവയുടെ ലേലത്തില്‍ നിന്ന് പ്രതീക്ഷിക്കാത്ത ബംബര്‍ വരുമാനം സര്‍ക്കാറിന് ലഭിച്ചിട്ടുണ്ട്.

പെട്രോള്‍ വിലയില്‍ നേരിയ വര്‍ധന വരുത്താം. പാചകവാതകത്തിന്റെ വില വര്‍ധിപ്പിക്കണം. അര്‍ഹിക്കുന്നവര്‍ക്ക് പാചകവാതകത്തിന് സബ്‌സിഡി നല്‍കണമെങ്കില്‍ ഇരട്ടവില സമ്പ്രദായം നടപ്പാക്കണം. കാര്യക്ഷമമായി ഇത് ചെയ്യണമെങ്കില്‍ നന്ദന്‍ നിലേക്കനിയുടെ നേതൃത്വത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന യു..ഡി. പദ്ധതി പൂര്‍ത്തിയാവുന്നതുവരെ കാത്തിരിക്കുന്നതായിരിക്കും ഉചിതം. മണ്ണെണ്ണ സബ്‌സിഡിയും അര്‍ഹിക്കുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണം. വിലക്കയറ്റം നിയന്ത്രണാധീനമായതിനുശേഷം കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കണം.

ഏതായാലും പെട്രോളിനെ സര്‍ക്കാര്‍ വില നിശ്ചയിക്കുന്ന പട്ടികയില്‍ നിന്ന് ഒഴിവാക്കിയും ഡീസലിനും പാചകവാതകത്തിനും മണ്ണെയ്ക്കും വില വര്‍ധിപ്പിച്ചും തീരുമാനമെടുത്തുകഴിഞ്ഞു. കിരീത് പരീഖ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അപ്പാടെ നടപ്പാക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. സാമൂഹിക, രാഷ്ട്രീയ പരിഗണനകള്‍ തന്നെ കാരണം.

പ്രസിദ്ധ സാമ്പത്തിക വിദഗ്ധനും നൊബേല്‍ ജേതാവുമായ ഡഗ്ലസ് നോര്‍ത്ത് വികസിപ്പിച്ച ആശയമാണ് കൗണ്ടര്‍ ഫാക്ചലിസം. ഇതില്‍ ഒരു നടപടിയെ വിലയിരുത്തുന്നത് അതിന്റെ ഫലമായി എന്തുസംഭവിച്ചു എന്നതിന്റെ അടിസ്ഥാനത്തിലല്ല. മറിച്ച്, നടപടി സ്വീകരിച്ചില്ലെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്.

ഉദാഹരണത്തിന്, പ്രമേഹം മൂര്‍ച്ഛിച്ച് കാലിലെ മുറിവ് പഴുത്ത അവസ്ഥയിലുള്ള രോഗിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു എന്നു കരുതുക. രോഗിയുടെ കാല് മുറിച്ചുകളഞ്ഞ് ഡോക്ടര്‍മാര്‍ അയാളുടെ ജീവന്‍ രക്ഷിക്കുന്നു. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ ഫലമായി രോഗിക്ക് കാല് നഷ്ടമായി എന്നുപറയുന്നത് ശരിയാണ്. എന്നാല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതുകൊണ്ടും കാല്‍ മുറിച്ചുകളഞ്ഞതുകൊണ്ടും ജീവന്‍ രക്ഷിക്കാനായി എന്നതാണ് വസ്തുത. ഇതാണ് കൗണ്ടര്‍ ഫാക്ചലിസം.

ചില പെട്രോളിയം ഉത്പന്നങ്ങളുടെ വിലകള്‍ വര്‍ധിപ്പിക്കുന്നതുകൊണ്ട് ജനങ്ങള്‍ക്ക് അല്പം ബുദ്ധിമുട്ടുണ്ടാകും. വിലകള്‍ വര്‍ധിപ്പിച്ചില്ലെങ്കില്‍ കമ്മി വര്‍ധിച്ച് പരോക്ഷമായി വിലക്കയറ്റമുണ്ടാകും എന്നതും വസ്തുതയാണ്. ഭീമമായ പെട്രോളിയം സബ്‌സിഡി ഉണ്ടാക്കുന്ന ധനക്കമ്മിയും തല്‍ഫലമായി ഉണ്ടായേക്കാവുന്ന സ്ഥൂലസാമ്പത്തിക പ്രതിസന്ധികളും ഗുരുതരമായിരിക്കും. വലിയ വികസ്വര രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ധനക്കമ്മിയുള്ള രാജ്യമാണ് ഇന്ത്യ എന്ന് ഓര്‍ക്കണം.

ഗ്രീസില്‍ ധനക്കമ്മി കൂടിയപ്പോള്‍ ജനങ്ങളാരും പ്രതിഷേധിച്ചില്ല. കാരണം അതിന്റെ പ്രത്യാഘാതങ്ങള്‍ അവര്‍ക്കറിയില്ലായിരുന്നു. ഇപ്പോള്‍ കടപ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കര്‍ശന നടപടികള്‍ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കല്‍, നികുതി വര്‍ധന നടപ്പാക്കുമ്പോള്‍, സ്വാഭാവികമായും വ്യാപകപ്രതിഷേധമുയരുന്നു. വൈകിയുണ്ടാകുന്ന പ്രതിഷേധം സംഭവിക്കാതിരിക്കാന്‍ കാലാനുസൃതമായ തീരുമാനമുണ്ടാകണം. കാല്‍ മുറിച്ചുകളയുന്നതിലും നല്ലത് പ്രമേഹം നിയന്ത്രിക്കുന്നതല്ലേ?

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്