വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, May 15, 2010

പണം വാങ്ങി വര്‍ഗീയ കലാപത്തിന് ശ്രീരാമസേന

പണം വാങ്ങി വര്‍ഗീയ കലാപത്തിന് ശ്രീരാമസേന

ബി ഗിരീഷ്കുമാര്‍

ദേശാഭിമാനി

ബംഗളൂരു: വര്‍ഗീയ സംഘര്‍ഷം ഇളക്കിവിട്ട് കലാപം സംഘടിപ്പിക്കുന്നതിന് ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക് പണം ആവശ്യപ്പെടുന്ന ദൃശ്യം പുറത്തായി. ചിത്രകാരനെന്ന വ്യാജേന സമീപിച്ച തെഹല്‍ക മാസികയുടെ റിപ്പോര്‍ട്ടറോട് മുത്തലിക് ലക്ഷങ്ങള്‍ ആവശ്യപ്പെടുന്ന ഒളിക്യാമറ രംഗമാണ് പുറത്തായത്. തനിക്ക് എം എഫ് ഹുസൈനെപ്പോലെ പ്രശസ്തനാകണമെന്നും അതിന് തന്റെ ചിത്രപ്രദര്‍ശനം നടക്കുന്ന സ്ഥലം ആക്രമിച്ച് വാര്‍ത്താശ്രദ്ധ നേടിത്തരണമെന്നുമായിരുന്നു 'ചിത്രകാരന്റെ' ആവശ്യം.

അക്രമം നടത്തി കലാപം ഉണ്ടാക്കാമെന്നു സമ്മതിച്ച ശ്രീരാമസേനാനേതാവ് ഇതിന് 60 ലക്ഷം ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ഹെഡ്ലൈന്‍സ് ടുഡേ ചാനലും തെഹല്‍കയും പുറത്തുവിട്ടത്. സദാചാര പൊലീസ് ചമയുന്ന സംഘപരിവാര്‍ സംഘടനയായ ശ്രീരാമസേന കൃത്യമായ കച്ചവടം ഉറപ്പിച്ചാണ് പ്രതിഷേധവും കലാപവും സംഘടിപ്പിക്കുന്നതെന്ന് ഒളിക്യാമറ ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു.

മംഗളൂരുവില്‍ 2009ല്‍ നടന്ന പബ് ആക്രമണത്തിലൂടെ കുപ്രസിദ്ധനായ ശ്രീരാമസേനാ നേതാവ് മുത്തലിക്കിനെ ആറാഴ്ച പിന്തുടര്‍ന്ന് തയ്യാറാക്കിയ അന്വേഷണാത്മക റിപ്പോര്‍ട്ട് സംഘടനയുടെ 'സദാചാരമുഖംമൂടി' വലിച്ചുകീറുന്നതാണ്.

'ബംഗളൂരുവിലോ മംഗളൂരുവിലോ വേണമെന്നുണ്ടെങ്കില്‍ (വര്‍ഗീയ കലാപം) സംഘടിപ്പിക്കാവുന്നതേയുള്ളൂ' എന്ന് മുത്തലിക് വളച്ചുകെട്ടില്ലാതെ പറയുന്നു. എം എഫ് ഹുസൈനെപ്പോലെ പ്രശസ്തനാകാന്‍ തന്റെ ചിത്രപ്രദര്‍ശനസ്ഥലത്ത് വര്‍ഗീയകലാപം സംഘടിപ്പിക്കണമെന്ന് 'ചിത്രകാരന്‍' മുത്തലിക്കിനോട് ആവശ്യപ്പെടുന്നു. വര്‍ഗീയകലാപം സംഘടിപ്പിക്കാന്‍ പ്രയാസമില്ലെന്നു പറഞ്ഞ മുത്തലിക്് അനുയായികളെ കാണാന്‍ നിര്‍ദേശിച്ചു.

'ഹിന്ദുത്വത്തിന്റെ ഉന്നമനത്തിനായി' ചിത്രകാരനില്‍നിന്ന് 10,000 രൂപയും മുത്തലിക് കൈപ്പറ്റി. ഇതിന്റെ ദൃശ്യങ്ങളും ചാനല്‍ പുറത്തുവിട്ടു. ഇതേ ആവശ്യവുമായി ശ്രീരാമസേനയുടെ ദേശീയ വൈസ് പ്രസിഡന്റ് പ്രസാദ് അത്താവൂര്‍, ബംഗളൂരു പ്രസിഡന്റ് വസന്തകുമാര്‍ ഭവാനി എന്നിവരെയും നിരവധി തവണ മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചു.

അധോലോകബന്ധത്തിന്റെ പേരില്‍ ജയിലിലാണ് പ്രസാദ് അത്താവൂര്‍. പ്രസാദ് അത്താവൂരുമായി നാലുതവണ നടത്തിയ സംഭാഷണങ്ങളില്‍ മൂന്നും ജയിലിലായിരുന്നു. ശ്രീരാമസേനാ നേതാക്കള്‍ ജയിലില്‍ സ്വതന്ത്രവിഹാരം നടത്തുന്ന ദൃശ്യങ്ങളും ക്യാമറയില്‍ പകര്‍ത്തി. പൊലീസിനും ഇവരുടെ പ്രവര്‍ത്തനരീതിയെക്കുറിച്ച് അറിയാമെന്ന ഗൌരവമായ ആരോപണവും ചാനല്‍ ഉന്നയിക്കുന്നു.

കലാപത്തിന്റെ കൂലി സംബന്ധിച്ച് പ്രസാദുമായി ഹിന്ദിയില്‍ നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ:

പ്രസാദ്: എത്ര പണം വേണ്ടിവരുമെന്ന് ഞാന്‍ പറയാം (കലാപം നടത്താന്‍) റിപ്പോര്‍ട്ടര്‍: എത്ര പയ്യന്മാരുണ്ടാകും?

പ്രസാദ്: അമ്പത്. റിപ്പോര്‍ട്ടര്‍: അമ്പതു പേര്‍ വന്ന് അക്രമം നടത്തി സാധനങ്ങള്‍എല്ലാം നശിപ്പിക്കുമോ?

പ്രസാദ്: തീര്‍ച്ചയായും. അവിടെ (മംഗളൂരു പബ്) സംഭവിച്ചതു പോലെതന്നെ.

സുദീര്‍ഘ ചര്‍ച്ചയ്ക്ക് ഒടുവില്‍ കലാപം നടത്താനുള്ള കൂലി 60 ലക്ഷമായി ഉറപ്പിച്ചു. ചിത്രപ്രദര്‍ശനത്തില്‍ സംസ്ഥാന വഖഫ് മന്ത്രി മുംതാസ് അലിഖാനെ മുഖ്യാതിഥിയാക്കിയാല്‍ പരിപാടി അലങ്കോലമാകുമ്പോള്‍ വാര്‍ത്താപ്രാധാന്യം കിട്ടുമെന്ന് വസന്തകുമാര്‍ ഭവാനി നിര്‍ദേശിക്കുന്നു. ചിത്രപ്രദര്‍ശനം അലങ്കോലപ്പെടുത്തുന്നവര്‍ക്കെതിരെ കേസ് കൊടുക്കില്ലെന്ന് 'കലാകാരന്‍' ഉറപ്പു നല്‍കുമ്പോള്‍ ഭവാനി അത് സമ്മതിക്കുന്നില്ല.

കേസ് ഫയല്‍ ചെയ്തില്ലെങ്കില്‍ സംഭവം ആസൂത്രണം ചെയ്തതാണെന്ന് ജനങ്ങള്‍ സംശയിക്കുമെന്നും വസന്തകുമാര്‍ ഭവാനി പറയുന്നു. പണം നല്‍കിയാല്‍ വര്‍ഗീയകലാപം സംഘടിപ്പിക്കാമെന്നു പറഞ്ഞ മുത്തലിക്കിനെതിരെ ഉചിത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പ്രതികരിച്ചു.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്