വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Monday, October 5, 2009

ചെങ്ങറ സമരം ഒത്തുതീര്‍ന്നു

ചെങ്ങറ സമരം ഒത്തുതീര്‍ന്നു

തിരു: ചെങ്ങറ ഭൂസമരം ഒത്തുതീര്‍ന്നു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശിച്ച പാക്കേജ് അംഗീകരിച്ച് സമരം തീര്‍ന്നത്.

ഇതനുസരിച്ച് 1432 കുടുംബങ്ങള്‍ ഭൂമിയും വീടും നല്‍കും. പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഒന്നേകാല്‍ ലക്ഷത്തിന്റെയും പട്ടികജാതി കുടുംബങ്ങള്‍ക്ക് ഒരു ലക്ഷത്തിന്റെയും മറ്റുള്ളവര്‍ക്ക് 75,000ത്തിന്റെയും വീടാണ് നിര്‍മിച്ച് നല്‍കുക.

ചെങ്ങറയില്‍ 1738 കുടുംബങ്ങളാണ് കുടിയേറിയത്. ഭൂമിയില്ലാത്തവര്‍ക്ക് 25 സെന്റുവരെ ഭൂമി നല്‍കും. അഞ്ച് മുതല്‍ 10 സെന്റുവരെയുള്ള 199പേര്‍ ചെങ്ങറയിലുണ്ട്. 25സെന്റുവരെയുള്ള 92പേരും അതില്‍കൂടുതലുള്ള 15 കുടുംബങ്ങളും ഒരു സെന്റ് പോലും ഭൂമിയില്ലാത്ത 907പേരാണുള്ളത്.

പാക്കേജ് മൂന്നു മാസത്തിനുള്ളില്‍ റവന്യൂവകുപ്പ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാക്കേജിന്റെ ഭാഗമായി ചെങ്ങറ എസ്റ്റേറ്റും സര്‍വേ ചെയ്യും.

സമരം അവസാനിപ്പിക്കുകയാണെന്നും എന്നാല്‍ ഭൂമി കിട്ടുന്ന മുറയ്ക്കു മാത്രമേ ചെങ്ങറ എസ്റ്റേറ്റില്‍നിന്ന് ഒഴിയുകയുള്ളുവെന്നും ചെങ്ങറ സമരനേതാവ് ളാഹ ഗോപാലന്‍ പറഞ്ഞു.

മന്ത്രിമാരായ കെ പി രാജേന്ദ്രന്‍, എ കെ ബാലന്‍, ബിനോയ് വിശ്വം, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

ദേശാഭിമാനി വാർത്ത

1 comment:

ജനശക്തി ന്യൂസ്‌ said...

അന്ന് വെടിയുണ്ട; ഇന്ന് ഭൂമിയും വീടും

തിരു: ചെങ്ങറയില്‍ ഭൂമി കൈയേറി നടത്തിയ സമരം ഒരുതുള്ളി ചോരപൊടിയാതെ അവസാനിക്കുമ്പോള്‍ കേരളത്തിന്റെ ഓര്‍മ മുത്തങ്ങയിലേക്ക് നീളുകയാണ്. വെടിയുണ്ട തുളച്ചുകയറിയ ശരീരവുമായി പിടഞ്ഞുവീണ ആദിവാസിയുടെ ചോരപടര്‍ന്ന് കാട് പങ്കിലമായ നാള്‍. കേരളചരിത്രത്തിലാദ്യമായി ഒരു ആദിവാസി പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത് അന്നാണ്. ഭരണകൂട ക്രൂരതയുടെ സമാനതയില്ലാത്ത അധ്യായമായിരുന്നു മുത്തങ്ങയിലെ നരവേട്ട. അന്ന് ഭൂമി ചോദിച്ചവര്‍ക്കുനേരെ ഭരണകൂടം നിറയൊഴിച്ചെങ്കില്‍ ഇന്ന് ഭൂമിക്കൊപ്പം വീടും നല്‍കുന്നു. ചെങ്ങറയിലെ സമരം 790 രാപ്പകലുകള്‍ക്കൊടുവില്‍ ചോരകിനിയാതെ അവസാനിക്കുമ്പോള്‍ സര്‍ക്കാരിന്റെ പ്രതിബദ്ധത തന്നെയാണ് വിജയിക്കുന്നത്. മുത്തങ്ങയില്‍ പൊലീസ് നടത്തിയ നരനായാട്ടിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ കേരളത്തിന്റെ മനസ്സില്‍നിന്ന് ഇനിയും മാഞ്ഞിട്ടില്ല. 2003 ഫെബ്രുവരി 19നാണ് വയനാട്ടിലെ മുത്തങ്ങ വനം യുദ്ധക്കളമായത്. ഭൂമി നല്‍കാമെന്ന വാഗ്ദാനം യുഡിഎഫ് സര്‍ക്കാര്‍ ലംഘിച്ചപ്പോള്‍ ആയിരത്തിരുനൂറോളം ആദിവാസി കുടുംബങ്ങള്‍ നിക്ഷിപ്ത വനഭൂമിയില്‍ കുടില്‍ കെട്ടി താമസം തുടങ്ങി. ഇവരെ ബലംപ്രയോഗിച്ച് ഇറക്കിവിടാനുള്ള സര്‍ക്കാര്‍ തീരുമാനം ക്രൂരമായ മനുഷ്യവേട്ടയായി. എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ ആദിവാസികള്‍ക്കുനേരെ തോക്കും ലാത്തിയും ഉപയോഗിച്ചു. ഒരു പൊലീസുകാരനും ബലിയാടായി. എന്നാല്‍, ചെങ്ങറയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടുകള്‍ ആദിവാസികളടക്കമുള്ള പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് തുണയായി. 2007 ആഗസ്ത് നാലിനാണ് ചെങ്ങറയിലെ ഹാരിസ മലയാളം പ്ളാന്റേഷന്‍ എസ്റ്റേറ്റ് കൈയേറി സമരക്കാര്‍ താമസം തുടങ്ങിയത്. ഇവരില്‍ ഭൂമിയോ വീടോ ഇല്ലാത്തവരും രണ്ടും ഉള്ളവരും ഉണ്ടായിരുന്നു. എന്നാല്‍, സമരക്കാരുമായി സര്‍ക്കാര്‍ സമാധാന ചര്‍ച്ചകളാണ് നടത്തിയത്. കൈയേറ്റക്കാരാണെങ്കിലും വൈദ്യസഹായവും ഭക്ഷണവും വിദ്യാഭ്യാസവും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായി. അതിനിടെ കേസില്‍ ഇടപെട്ട ഹൈക്കോടതി മാര്‍ച്ച് ഏഴിനകം കൈയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് ഉത്തരവിട്ടു. എന്നാല്‍, ബലപ്രയോഗത്തിന് സര്‍ക്കാര്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന് ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി തുടങ്ങി. സമരം ഏതുവിധേനയും തീര്‍ക്കാനായി മൂന്നുതവണ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമായി. ഭൂമി നല്‍കാമെന്നതടക്കമുള്ള നിര്‍ദേശം വച്ചു. ദളിത് സംഘടനകളെല്ലാം സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചു. എന്നാല്‍, ളാഹ ഗോപാലന്റെ നേതൃത്വത്തിലുള്ള സാധുജന വിമോചന സംയുക്തവേദി ആവശ്യങ്ങള്‍ മാറ്റിപ്പറഞ്ഞ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. സമരക്കാര്‍ക്കിടയില്‍ത്തന്നെ ഭിന്നിപ്പുണ്ടായി. പരസ്പരം ഏറ്റുമുട്ടുന്ന സ്ഥിതിവരെയുണ്ടായി. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുംമുമ്പ് എല്ലാ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും ഭൂമിയും വീടും നല്‍കുമെന്ന് മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കിയിരുന്നു. ഇതിനായി 1,600 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയത്. 1.13 ലക്ഷം വീടുകള്‍ നല്‍കി. 2,000 ഏക്കറിന് പട്ടയവും കൈവശാവകാശ രേഖയും കൈമാറി. ആദിവാസി കോളനികളിലെ 14,048 പേര്‍ക്ക് കൈവശാവകാശ രേഖ നല്‍കി. 2,442.93 ഹെക്ടര്‍ 7441 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് കൈമാറി. സര്‍ക്കാരിന്റെ പക്കല്‍ ഭൂമി ഇല്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഏകദേശം 1,182 ഏക്കര്‍ മിച്ചഭൂമിയാണ് ഇപ്പോള്‍ സര്‍ക്കാരിനുള്ളത്. പട്ടികജാതിക്കാര്‍ക്ക് 61,000 വീടുകളും പട്ടികവര്‍ഗത്തിന് 32,000 വീടുകളും ഉടന്‍ നിര്‍മിച്ചുനല്‍കാനും പദ്ധതിയുണ്ട്.
ആര്‍ രഞ്ജിത്
ദേശാഭിമാനി

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്