വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Tuesday, July 21, 2009

ചേരിചേരാപ്രസ്ഥാനം ഉയിര്‍ത്തെഴുന്നേല്‍ക്കുമോ?

ചേരിചേരാപ്രസ്ഥാനം ഉയിര്‍ത്തെഴുന്നേല്‍ക്കുമോ?

പി ഗോവിന്ദപ്പിള്ള

ചേരിചേരാപ്രസ്ഥാനത്തിന്റെ സമ്പൂര്‍ണ യോഗം ജൂലൈ 16ന് ഈജിപ്തിലെ ശരം-എല്‍-ശൈഖ് നഗരത്തില്‍ 18 പുറങ്ങളുള്ള ഹ്രസ്വമായ രേഖ പ്രസിദ്ധീകരിച്ചുകൊണ്ട് സമാപിച്ചു. മൂന്നുവര്‍ഷത്തിലൊരിക്കലാണ് പ്രസ്ഥാനത്തിന്റെ സമ്പൂര്‍ണയോഗം ചേരുക. ഇതിനുമുമ്പത്തെ യോഗം 2006ല്‍ ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലായിരുന്നു ചേര്‍ന്നത്. അന്നത്തെ സമാപനരേഖയ്ക്ക് 280 പുറങ്ങളുണ്ടായിരുന്നു. അതില്‍നിന്നിപ്പോള്‍ 18 ആയി കുറഞ്ഞത് വളരെ വിവാദകരമായ പ്രശ്നങ്ങളിലേക്ക് വിശദമായി പ്രവേശിക്കാനുള്ള മടികൊണ്ടോ പറയുന്ന കാര്യങ്ങള്‍ കൃത്യമായി സംവേദനം ചെയ്യാന്‍ ഹ്രസ്വമായ പ്രസ്താവനയാണ് കൂടുതല്‍ ഉപകരിക്കുക എന്ന് കണ്ടതുകൊണ്ടോ എന്ന കാര്യം മാധ്യമങ്ങള്‍ പലതരത്തില്‍ വ്യാഖ്യാനിക്കുന്നുണ്ട്.

ഒരുകാര്യം വ്യക്തം. ഇന്ന് ലോകം നേരിടുന്ന വളരെ പ്രധാനപ്പെട്ട വിഷയങ്ങളെല്ലാംതന്നെ ഈ പ്രസ്താവനയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. 1950കളുടെ അവസാനനാളുകളിലും 1960കളുടെ ആദ്യനാളികളിലുമായി ജവാഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തില്‍ ഇന്ത്യയും മാര്‍ഷല്‍ ജോസിപ് ബ്രോസ് ടിറ്റോയുടെ നേതൃത്വത്തില്‍ യുഗോസ്ളാവിയയും കേണല്‍ അബ്ദുള്‍ നാസറിന്റെ ഈജിപ്തും (അന്ന് മറ്റ് ചില രാഷ്ട്രങ്ങളും ചേര്‍ന്ന് അത് യുണൈറ്റഡ് അറബ് റിപ്പബ്ളിക് എന്നായിരുന്നു) ചേര്‍ന്ന് രൂപീകരിച്ച ഈ പ്രസ്ഥാനം 1980കളുടെ അന്ത്യംവരെ ലോകകാര്യ വ്യവഹാരങ്ങളില്‍ ഒരു നിര്‍ണായക ശക്തിയായിരുന്നു. അമേരിക്കന്‍ ഐക്യനാടിന്റെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ചേരിയിലും സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലെ സോഷ്യലിസ്റ്റ് ചേരിയിലും അവയുമായി സൈനിക സഖ്യത്തിലേര്‍പ്പെട്ട രാജ്യങ്ങളുമായും സമദൂരം പാലിക്കുന്നു എന്നതിനാലാണല്ലോ ചേരിചോരായ്മ എന്ന വിശേഷണം ഈ പ്രസ്ഥാനത്തിന് ലഭിച്ചത്.

പുതുതായി സ്വാതന്ത്യ്രംനേടിയ പിന്‍നിലരാഷ്ട്രങ്ങളായി എന്നതിനാല്‍ യുദ്ധയന്ത്രങ്ങളില്‍ നിന്നൊഴിഞ്ഞുമാറി സാമ്പത്തിക വികസനത്തിലായിരുന്നു അവരുടെ മുഖ്യശ്രദ്ധ. അതിനായി ഔപചാരിക മേല്‍കോയ്മ വിട്ടിട്ടും സാമ്പത്തികവും സാംസ്കാരികവുമായ ആധിപത്യം തുടരാന്‍ ശ്രമിക്കുന്ന സാമ്രാജ്യത്വശക്തികളെ അവര്‍ക്ക് എതിര്‍ക്കേണ്ടിവന്നതില്‍ അത്ഭുതമില്ല. 1991ല്‍ സോവിയറ്റ് തകര്‍ച്ചയോടെ സോഷ്യലിസ്റ്റ് ചേരി ദുര്‍ബലമാകുകയും പല ചേരിചേരാ രാഷ്ട്രങ്ങളും അമേരിക്കന്‍ സാമ്രാജ്യവാദികളുടെ ആഗോളവല്‍ക്കരണാദി പുത്തന്‍ കൊളോണിയല്‍ നയങ്ങളില്‍ ആകൃഷ്ടരാകുകയും ചെയ്തതോടെ ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രസക്തിയും പ്രാധാന്യവും കുറഞ്ഞു. നെഹ്റുവിന്റെ നയങ്ങള്‍ ഇന്ത്യ ഉപേക്ഷിക്കുകയും യുഗോസ്ളാവ്യ ശിഥിലമാകുകയും നാസറിനുശേഷം അധികാരത്തിലെത്തിയ അന്‍വര്‍സാദത്തും ഹോസ്നി മുബാറക്കും ഈജിപ്തിനെ പടിഞ്ഞാറന്‍ ചേരിയിലേക്ക് അടുപ്പിക്കുകയും ചെയ്തതോടെ മൂന്ന് സ്ഥാപക രാഷ്ട്രങ്ങളും പ്രസ്ഥാനത്തെ തളര്‍ത്താന്‍ തുടങ്ങി. എങ്കിലും വഴിപാടുപോലെ മൂന്നുവര്‍ഷത്തിലൊരിക്കല്‍ ഒത്തുചേരുന്ന പതിവ് തുടര്‍ന്നു. പാസാക്കുന്ന പ്രമേയങ്ങള്‍ അനുസരിച്ച് ഐക്യരാഷ്ട്രസഭയിലും മറ്റ് സാര്‍വദേശീയ വേദികളിലും അംഗരാഷ്ട്രങ്ങളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാനുള്ള ശ്രമമോ ആത്മാര്‍ഥതയോ ഇല്ലാതായി.

ഈ സാഹചര്യത്തില്‍ ശരം-എല്‍-ശൈഖിലെ ചേരിചേരാ ഉച്ചകോടി പ്രസ്ഥാനത്തിന് ഒരു പുത്തനുണര്‍വ് നല്‍കാന്‍ ശ്രമിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അമേരിക്കയെയും കൂറ്റന്‍ മുതലാളിത്ത രാഷ്ട്രങ്ങളെയും ഗ്രസിച്ചിരിക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും അമേരിക്കയുടെ അടുക്കളത്തോട്ടമായിരുന്ന ലാറ്റിനമേരിക്കയുടെ ഇടതുമുറയിലുള്ള കുതിച്ചുകയറ്റവും മറ്റും ഈ പുത്തന്‍ പ്രവണതകളും ചേരിചേരാ പ്രസ്ഥാനത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് സഹായിച്ചുകൂടെന്നില്ല.

ശരം-എല്‍-ശൈഖിലെ സംയുക്ത പ്രഖ്യാപനം 18 പേജില്‍ ഒതുങ്ങി എങ്കിലും അതിലെ നിഗമനങ്ങളുംനിര്‍ദേശങ്ങളും പ്രസക്തവും കുറ്റമറ്റതുമാണ്.

1. സാമ്പത്തിക തകര്‍ച്ച: ലോക സാമ്പത്തിക തകര്‍ച്ചയുടെ മുഖ്യ സ്രോതസ്സ് അമേരിക്കന്‍ ഐക്യനാടാണെങ്കിലും അതിന്റെ പ്രത്യാഘാതങ്ങള്‍ മൂന്നാംലോകത്തെയും ഗ്രസിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെ മറികടക്കാനുള്ള ഭാരം മൂന്നാംലോകത്തിലെ ദരിദ്ര രാഷ്ട്രങ്ങളുടെമേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമത്തെ പ്രസ്ഥാനം എതിര്‍ക്കുന്നു. മാത്രമല്ല മൂന്നാം ലോക രാഷ്ട്രങ്ങള്‍ തമ്മിലുള്ള വ്യാപാര വ്യവസായ സഹകരണങ്ങള്‍ക്ക് ഊന്നല്‍ നല്‍കുകയും അമേരിക്കന്‍ സ്വപ്നമായ ഏകധ്രുവലോകത്തിന്റെ സ്ഥാനത്ത് ബഹുധ്രുവലോകനിര്‍മിതിക്കായി യത്നിക്കുകയും വേണം.

2. ഭീകരവാദം: ഭീകരവാദത്തിനെതിരെ ഒത്തൊരുമിക്കണം. ഭീകരവാദത്തിന്റെ സ്രോതസ്സുകള്‍ പലതും മൂന്നാം ലോക രാഷ്ട്രങ്ങളിലാണ്. ഭീകരവാദം മൂന്നാംലോക രാഷ്ട്രങ്ങള്‍ തമ്മിലും ശത്രുത വളര്‍ത്തുന്നു. ഇതില്‍ ഇന്ത്യ-പാകിസ്ഥാന്‍ തര്‍ക്കത്തെപ്പറ്റി എടുത്തുപറഞ്ഞില്ലെങ്കിലും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയും തമ്മില്‍ സമ്മേളനത്തിന് പുറത്തുവച്ച് നടത്തിയ കൂടിയാലോചനകള്‍ പ്രത്യാശനല്‍കുന്നു. മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ ഭീകരര്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ഉഭയകക്ഷി കൂടിയാലോചനകള്‍ ഈ കൂടിക്കാഴ്ചയ്ക്കുശേഷം പുനരാരംഭിച്ചത് ശുഭോദര്‍ക്കമാണ്.

3. പശ്ചിമേഷ്യന്‍ സമാധാനം: പശ്ചിമേഷ്യന്‍ സമാധാനത്തെക്കുറിച്ച് പൊതുവെയും ഇസ്രയേലി-പലസ്തീന്‍ തര്‍ക്കം സംബന്ധിച്ച് പ്രത്യേകമായും എടുത്ത തീരുമാനങ്ങള്‍ തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. ഇടമുറിയാത്തവിധം ബന്ധപ്പെടുത്തി പലസ്തീന്‍ ഏകീകൃത പരമാധികാരരാഷ്ട്രം രൂപീകരിക്കണമെന്നും ഇസ്രയേലി അതിക്രമങ്ങളും പലസ്തീനിന്റെ നിയമവിധേയപ്രദേശത്ത് കൈയേറി ഇസ്രയേലി പാര്‍പ്പിടങ്ങളും കോളനികളും സ്ഥാപിക്കുന്നത് ഉടന്‍ ഉപേക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടത് അമേരിക്കയുടെയും ഇസ്രയേലിന്റെയും നയങ്ങള്‍ക്ക് വിരുദ്ധമാണ് (ഇസ്രയേലികളുടെ അനധികൃത കോളനി സ്ഥാപനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് പ്രസിഡന്റ് ഒബാമയുടെ നിര്‍ദേശം ഇസ്രയേലി പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു തിരസ്കരിച്ചിരിക്കുകയാണ്).

4. നിരായുധീകരണം: ആണവനിരായുധീകരണ യത്നങ്ങള്‍ ഊര്‍ജസ്വലമാക്കണം. അതില്‍ ചെറിയ ആണവരാഷ്ട്രങ്ങളോടും സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവശക്തി നിര്‍മിക്കുന്ന ചെറുരാഷ്ട്രങ്ങളോടും വന്‍കിടക്കാര്‍ പ്രകടിപ്പിക്കുന്ന വിവേചനം അവസാനിപ്പിക്കുകയും വേണം.

5. കാലാവസ്ഥാമാറ്റം: കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള തീരുമാനം പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. 1998ലെ ക്യോട്ടോ പ്രോട്ടോകോളിന്റെ നടത്തിപ്പും പോരായ്മയും പരിശോധിക്കാന്‍ കോപ്പന്‍ഹാഗില്‍ ചേരാനിരിക്കുന്ന യോഗത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. ആഗോളതാപനത്തിന്റെ മുഖ്യകുറ്റവാളികള്‍ അമേരിക്കയുള്‍പ്പെടെയുള്ള കൂറ്റന്‍ വ്യാവസായിക രാഷ്ട്രങ്ങളാണ്. അവരുടെ വിഷവാതകവിസര്‍ജനത്തിന് കാരണമായ രാസവ്യവസായങ്ങള്‍ പത്ത് ശതമാനമെങ്കിലും 10 വര്‍ഷത്തിനകം കുറയ്ക്കണമെന്ന ക്യോട്ടോ നിര്‍ദേശം സ്വീകാര്യമല്ലെന്നും വ്യാവസായികമായി പിന്നോക്കം നില്‍ക്കുന്ന രാഷ്ട്രങ്ങളിലെ രാസവ്യവസായങ്ങള്‍ ആദ്യം കുറയ്ക്കട്ടെ എന്നുമാണ് അമേരിക്കന്‍ നിലപാടും അതിനെതിരെ ക്യോട്ടോ പ്രോട്ടോകോള്‍ പ്രകാരം അമേരിക്ക തങ്ങളുടെ വാഗ്ദാനം പാലിക്കണമെന്ന് രാഷ്ട്രങ്ങളുടെ പേരെടുത്തുപറയാതെ ശരം-എല്‍-ശൈഖ് സമ്മേളനം ആവശ്യപ്പെട്ടത് ഇന്ത്യക്കും മറ്റും വലിയ സഹായമായി, അന്തരീക്ഷതാപനം കുറയ്ക്കാനുള്ള യത്നങ്ങള്‍ക്ക് പ്രോത്സാഹനവും.

അമ്പതോളം വര്‍ഷംമുമ്പ് അമ്പതില്‍ കുറഞ്ഞ രാഷ്ട്രങ്ങളുടെ കൂട്ടായ്മയായി രൂപീകരിക്കപ്പെട്ട ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലെ ലോക രാഷ്ട്രീയത്തില്‍ ഫലപ്രദമായ പങ്കുവഹിച്ച ഈ പ്രസ്ഥാനത്തില്‍ ഇപ്പോള്‍ 118 രാഷ്ട്രം അംഗങ്ങളാണ്. ഐക്യരാഷ്ട്രസഭയില്‍ 192ഉം. തകര്‍ന്നുപോയ ലോകാധിപത്യം പുതിയ രൂപത്തില്‍ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്ന പടിഞ്ഞാറന്‍ ധനികരെ ചെറുക്കാന്‍ ലോകത്തിലെ ദരിദ്രരാഷ്ട്രങ്ങള്‍ക്കുള്ള കവചമാണ് ഈ പ്രസ്ഥാനം- നോ അലൈന്‍സ് മൂവ്മെന്റ് എന്ന എന്‍എഎം- നാം. ശരം-എല്‍-ശൈഖില്‍ പ്രകടമായ ഒത്തൊരുമയും ലക്ഷ്യബോധവും ലോകവേദികളിലും നയതന്ത്ര ബന്ധങ്ങളിലും ഫലപ്രദമാക്കാന്‍ സംഘടിച്ച് പ്രവര്‍ത്തിക്കുന്നപക്ഷം ഈ മഹാപ്രസ്ഥാനം ഉയര്‍ത്തെണീക്കും. അങ്ങനെവന്നാല്‍ ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളില്‍ ഒന്നാംസ്ഥാനത്തുനില്‍ക്കുന്ന ഇന്ത്യക്ക് അഭിമാനിക്കാം. പുരോഗതിക്കായി പ്രയോജനപ്പെടുത്താം. ഇല്ലെങ്കില്‍ തീനും കുടിയും കൃത്രിമച്ചിരിയുംഫോട്ടോയ്ക്ക് നിന്നുകൊടുക്കലുമായി ഈ മഹാപ്രസ്ഥാനം അധഃപതിക്കും.

ദേശാഭിമാനി ദിനപത്രത്തിൽനിന്ന്‌

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്