അഗ്നിപരീക്ഷയില്‍ ചെറുചൂടേല്‍ക്കാതെ
പ്രഭാവര്‍മ
ദേശാഭിമാനി, 2013 നവംബർ 6
അഗ്നിപരീക്ഷ കടന്ന് ചെറുചൂടുപോലുമേല്‍ക്കാതെ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറത്തുവരുമ്പോള്‍ എരിഞ്ഞമരുന്നത് രാഷ്ട്രീയ കുടിലതന്ത്രങ്ങളുടെ കളങ്കപ്പെട്ട രാവണന്‍കോട്ടകളാണ്. നേതൃത്വത്തെ തളര്‍ത്തി സിപിഐ എമ്മിനെ തകര്‍ക്കാമെന്ന കണക്കുകൂട്ടലോടെ നീക്കിയ ഗൂഢാലോചനയുടെ കരുക്കളാണ് സിബിഐ കോടതി വിധിയോടെ ചൊവ്വാഴ്ച ചിതറിത്തെറിച്ചത്.
സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി സിഎജി ഒരു വിശദീകരണം ചോദിച്ചത് മുന്‍നിര്‍ത്തിയായിരുന്നു അഴിമതിയാരോപണത്തിന്റെ ചീട്ടുകൊട്ടാരം കെട്ടിപ്പൊക്കിത്തുടങ്ങിയത്. യുഡിഎഫ് സര്‍ക്കാര്‍ യഥാസമയത്ത് വസ്തുനിഷ്ഠമായ മറുപടി നല്‍കിയിരുന്നെങ്കില്‍ അവിടെ തീരുമായിരുന്നതേയുള്ളൂ അത്. അത് ചെയ്തില്ല. കാരണം, രാഷ്ട്രീയമുതലെടുപ്പിനുള്ള അനന്തസാധ്യതകളിലേക്ക് കടക്കാനുള്ള അവസരമായി അതിനെ ഉപയോഗിക്കാമെന്ന കണക്കുകൂട്ടല്‍തന്നെ. പക്ഷേ, സത്യം എത്രനാള്‍ മറച്ചുവയ്ക്കും? ആരോപണത്തിന്റെ മുനയൊടിക്കുന്ന വസ്തുതകള്‍ പിന്നീട് യുഡിഎഫ് കാലത്തുതന്നെ വൈദ്യുതിബോര്‍ഡ് സിഎജിക്ക് നല്‍കിയ വിവരങ്ങളിലുണ്ടായിരുന്നു. എന്നാല്‍, അതിന് നേര്‍വിപരീതമായ പ്രചാരണങ്ങളിലൂടെയും നീക്കങ്ങളിലൂടെയും അതിനിടെത്തന്നെ ലാവ്ലിന്‍ കരാര്‍ കേരളം കണ്ട വലിയ അഴിമതിയാണെന്ന പ്രതീതി ഇവിടെ സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞിരുന്നു.
നിയമക്രമങ്ങളെയും നടപടിക്രമങ്ങളെയുമൊക്കെ അട്ടിമറിച്ചുകൊണ്ടാണ് ഇത് ചെയ്തത്. സിഎജി റിപ്പോര്‍ട്ടില്‍ എന്തെങ്കിലും പരാമര്‍ശമുണ്ടായാല്‍ അത് നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടുകയാണ് സാധാരണ ചെയ്യുക. ഇവിടെ സിഎജിയുടെ അന്തിമ റിപ്പോര്‍ട്ടിന് കാത്തിരിക്കുകപോലും ചെയ്യാതെ നേരിട്ടുതന്നെ വിജിലന്‍സ് അന്വേഷണമായി. ആദിവാസി സമരം അതിരൂക്ഷമാവുകയും യുഡിഎഫ് സര്‍ക്കാര്‍ അതിനുമുന്നില്‍ നിസ്സഹായമാവുകയും ചെയ്തപ്പോള്‍ ശ്രദ്ധതിരിക്കാനുള്ള തന്ത്രംകൂടിയായിരുന്നു അത്.
വിജിലന്‍സ് അന്വേഷണം പിണറായി വിജയനെ കുരുക്കിക്കൊള്ളുമെന്ന് അവര്‍ കരുതി. ആ വിശ്വാസംകൊണ്ടാണ് വിജിലന്‍സ് അന്വേഷണം തൃപ്തികരമാംവിധം പുരോഗമിക്കുകയാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ഉമ്മന്‍ചാണ്ടി മന്ത്രിസഭ അന്ന് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഉപേന്ദ്രവര്‍മയായിരുന്നു അന്ന് വിജിലന്‍സ് ഡയറക്ടര്‍. വിജിലന്‍സ് വകുപ്പിന്റെ ഭരണാധികാരി ഉമ്മന്‍ചാണ്ടിയും. പക്ഷേ, ഉമ്മന്‍ചാണ്ടി പറയുന്നത് എഴുതി ഒപ്പിട്ടുകൊടുക്കുന്നയാളായിരുന്നില്ല, സത്യത്തിന്റെ വഴിയേ സഞ്ചരിക്കുന്നയാളായിരുന്നു ഉപേന്ദ്രവര്‍മ. അതുകൊണ്ടുതന്നെ അദ്ദേഹം അന്വേഷിച്ച് കണ്ടെത്തിയ സത്യംതന്നെ അന്വേഷണ റിപ്പോര്‍ട്ടില്‍ എഴുതി: പിണറായി ക്രമവിരുദ്ധമായി എന്തെങ്കിലും ചെയ്തതിന് തെളിവില്ല. പിണറായിയെ പ്രതിയാക്കാനാകില്ല എന്നു വന്നപ്പോള്‍, ആ റിപ്പോര്‍ട്ടെഴുതിയ ഉപേന്ദ്രവര്‍മയെ വിജിലന്‍സ് ഡയറക്ടര്‍സ്ഥാനത്തുനിന്ന് പുറത്താക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്.
രണ്ടാഴ്ചമുമ്പ് വിജിലന്‍സ് അന്വേഷണം തൃപ്തികരമായി പുരോഗമിക്കുന്നുവെന്നെഴുതി ഹൈക്കോടതിയില്‍ കൊടുത്ത ഉമ്മന്‍ചാണ്ടിക്ക് പൊടുന്നനെ വിജിലന്‍സ് അന്വേഷണത്തില്‍ തൃപ്തിയില്ലാതായി. രാഷ്ട്രീയശത്രുവിനെ കുരുക്കാന്‍ സഹായിക്കുന്നില്ല വിജിലന്‍സ് അന്വേഷണമെങ്കില്‍ പിന്നെ അദ്ദേഹത്തിന് എന്ത് തൃപ്തി! വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് ഫ്രീസറിലേക്കുമാറ്റി! അങ്ങനെയിരിക്കെയാണ് നിയമസഭാ തെരഞ്ഞെടുപ്പ് വന്നത്. വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പിണറായി വിജയനും സിപിഐ എമ്മിനുമെതിരെ വ്യാജപ്രചാരണവുമായി ഇറങ്ങാനാകില്ല. വ്യാജപ്രചാരണത്തിന് അരങ്ങൊരുക്കാന്‍ എന്തുവഴി എന്നായി പിന്നീട് ആലോചന. അങ്ങനെയാണ് ഇലക്ഷന്‍ കമീഷന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സിബിഐ അന്വേഷണം നിശ്ചയിച്ചത്. സിബിഐ ആണെങ്കില്‍, ഇതിനിടെ കേസ് സമഗ്രമായി പഠിച്ച് തങ്ങള്‍ക്ക് അന്വേഷിക്കാനുള്ളത്ര ഗൗരവമുള്ള ഒന്നും ഈ കേസിലില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നിട്ടും അതേ സിബിഐയെ അന്വേഷണം ഏല്‍ച്ചിച്ചു. "കൂട്ടിലടച്ച തത്ത" എന്നാണല്ലോ സുപ്രീംകോടതിപോലും പിന്നീട് സിബിഐയെ വിശേഷിപ്പിച്ചത്. കൂട്ടിലെ തത്ത യജമാനന്‍ ചൊല്ലിക്കൊടുത്തതുതന്നെ പാടി: പിണറായി വിജയന്‍ അങ്ങനെയാണ് പ്രതിയാകുന്നത്! സിബിഐ റിപ്പോര്‍ട്ടില്‍ ഗൂഢാലോചനയുണ്ടായിരുന്നുവെന്നും അതിന്റെ സ്ഥാപകന്‍ ഇന്നയാളാണെന്നും പറഞ്ഞിട്ടുണ്ട്. പക്ഷേ, അദ്ദേഹം കോണ്‍ഗ്രസ് നേതാവാണ്. അതുകൊണ്ട് പ്രതിയായില്ല. ലാവ്ലിന്‍ കമ്പനിയുമായി ചര്‍ച്ച തുടങ്ങിയതും ധാരണാപത്രം ഒപ്പുവച്ചതും ആദ്യകരാര്‍ ഒപ്പുവച്ചതുമൊക്കെ ഈ "സ്ഥാപകന്‍" ആണ്. എന്നിട്ടും അദ്ദേഹം പ്രതിയല്ല. പിണറായി വിജയന്‍ കമ്യൂണിസ്റ്റാണ്. അതുകൊണ്ട് അദ്ദേഹം പ്രതി! മറ്റേയാള്‍ക്കെതിരെ തെളിവില്ല എന്നാണ് സിബിഐ പറഞ്ഞത്. തെളിവില്ലെങ്കില്‍പ്പിന്നെ എന്തിന്റെയടിസ്ഥാനത്തില്‍ അദ്ദേഹം ഗൂഢാലോചനയുടെ സ്ഥാപകന്‍ എന്ന് വിശേഷിപ്പിച്ചു? സിബിഐക്ക് ഉത്തരമില്ല. പിണറായി വിജയനെ പ്രതിയാക്കാന്‍ സിബിഐയുടെ പക്കല്‍ വല്ല തെളിവുമുണ്ടായിരുന്നോ? അതുമില്ല. എന്നിട്ടും പിണറായി പ്രതി! കേസിന്റെ ഒരു ഘട്ടത്തില്‍ സിബിഐക്കുതന്നെ കോടതിയില്‍ പറയേണ്ടിവന്നു; പിണറായി വ്യക്തിപരമായി നേട്ടമുണ്ടാക്കിയതിന് തെളിവില്ലെന്ന്. അപ്പോള്‍ കോടതി ചോദിച്ചു; പിന്നെന്തിന്റെയടിസ്ഥാനത്തില്‍ പിണറായിയെ പ്രതിയാക്കി? സിബിഐക്ക് അപ്പോഴും ഉത്തരമില്ല. അപ്പോഴൊക്കെ രാഷ്ട്രീയ ഗൂഢനാടകത്തിന്റെ പൊയ്മുഖം അഴിഞ്ഞുവീഴുകയായിരുന്നു. ഔദ്യോഗികസ്ഥാനത്തിരുന്ന് നീതിയുക്തമെന്ന് സ്വയം ബോധ്യപ്പെട്ട് ചെയ്യുന്ന കാര്യങ്ങള്‍ മുന്‍നിര്‍ത്തി ഭരണാധികാരികളെ തല്‍പ്പരകക്ഷികള്‍ ദ്രോഹിക്കുന്നത് ഒഴിവാക്കാന്‍ നിയമപരമായ ഒരു പരിരക്ഷയുണ്ട്. ആ പരിരക്ഷ പിണറായി വിജയന്റെ കാര്യത്തില്‍ ബാധകമല്ലാതായി. പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ ആക്ടിന്റെ 19(1) വകുപ്പും ക്രിമിനല്‍ പ്രൊസീജിയര്‍ കോഡിന്റെ 197-ാം വകുപ്പും ആ വിധത്തിലുള്ളവരുടെ പ്രോസിക്യൂഷന് പ്രത്യേകാനുമതി വേണമെന്ന് നിഷ്കര്‍ഷിച്ചിട്ടുള്ളത് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരുന്ന് ഉത്തമവിശ്വാസത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ മുന്‍നിര്‍ത്തി നിക്ഷിപ്തതാല്‍പ്പര്യക്കാര്‍ ശല്യവ്യവഹാരങ്ങളാല്‍ വലയ്ക്കുന്നത് തടയാനാണ്. ആ പരിരക്ഷയാണ് ഇവിടെ, സര്‍ക്കാര്‍ നിശ്ചയിച്ചിട്ട് നിഷേധിക്കപ്പെട്ടത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ തീരുമാനത്തെ നോമിനേറ്റുചെയ്യപ്പെട്ട ഗവര്‍ണറെ ഉപയോഗിച്ച് അട്ടിമറിക്കുകയായിരുന്നു. പ്രോസിക്യൂഷന്‍ അനുമതി പ്രശ്നം വന്നപ്പോള്‍ ഗവര്‍ണര്‍ ആദ്യം ചെയ്തത് മന്ത്രിസഭയുടെ ഉപദേശം തേടുകയായിരുന്നു. മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനാണ് താനെന്ന ശരിയായ ബോധ്യത്തിന്റെതന്നെ അടിസ്ഥാനത്തിലാവണമല്ലോ ഇത്. മന്ത്രിസഭയാകട്ടെ, സ്വന്തം നിലയ്ക്ക് തീരുമാനിക്കുകയല്ല, മറിച്ച് ഭരണഘടനാസ്ഥാനമായ അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടുകയും ആ ഉപദേശത്തിന്റെയടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടതില്ല എന്നും നിയമപരമായ പരിരക്ഷ പിണറായി വിജയന്‍ അര്‍ഹിക്കുന്നുവെന്ന് ശുപാര്‍ശചെയ്യുകയുമാണുണ്ടായത്. അപ്പോഴാണ് ഗവര്‍ണറെ ഭരണഘടനാപരമായി പ്രവര്‍ത്തിക്കാനനുവദിക്കാത്തവിധം ഉമ്മന്‍ചാണ്ടിയും കൂട്ടരും രാജ്ഭവനിലേക്ക് പോവുകയും സമരങ്ങള്‍ തുടങ്ങുകയും ചെയ്തത്. ഗവര്‍ണര്‍ ഭരണഘടനാബാഹ്യമായ സ്രോതസ്സില്‍നിന്ന് കിട്ടിയെന്നുപറയുന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭാതീരുമാനം തള്ളുന്നത് അങ്ങനെയാണ്. മന്ത്രിസഭയെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് ഗവര്‍ണര്‍ സിബിഐക്ക് നേരിട്ട് അനുമതി കൊടുത്തു. ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടി! ഗവര്‍ണര്‍ എതിര്‍വാദക്കാര്‍ക്ക് ചെവികൊടുത്തു. എന്നാല്‍, പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് പറയാനുള്ളതെന്തെന്ന് പറയാനുള്ള അവകാശം നിഷേധിക്കുകയുംചെയ്തു. മന്ത്രിസഭയുടെ ഉപദേശം മാത്രമല്ല, സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ചിന്റെ വിധിതീര്‍പ്പുകൂടിയാണ് അപ്പോള്‍ കാറ്റില്‍ പറത്തപ്പെട്ടത്. ഓരോ ഘട്ടത്തിലും രാഷ്ട്രീയ ഇടപെടലുകളാണ് പിണറായിക്കെതിരായ കേസിനെ നയിച്ചത് എന്നര്‍ഥം. പല തലങ്ങളില്‍ പല വിധത്തിലുള്ള അന്വേഷണങ്ങള്‍ നടത്തി നോക്കി. ഒന്നില്‍പോലും പിണറായി വിജയനില്‍ കുറ്റത്തിന്റെ ലാഞ്ഛനപോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സിപിഐ എമ്മിനോടും എല്‍ഡിഎഫിനോടും ഒരു ആനുകൂല്യവുമില്ലാത്ത യുഡിഎഫ് ഭരണം വിജിലന്‍സ് അന്വേഷണം നടത്തിച്ചുനോക്കി. കേന്ദ്രം ആദായനികുതി വകുപ്പിനെക്കൊണ്ട് അന്വേഷിപ്പിച്ചുനോക്കി. കേന്ദ്ര ധനകാര്യ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെക്കൊണ്ട് കേരളത്തിലും ഇന്ത്യയിലാകെയും ഇന്ത്യക്കുപുറത്തും അന്വേഷിപ്പിച്ചുനോക്കി. സിബിഐയെക്കൊണ്ട് അന്വേഷിപ്പിച്ചുനോക്കി. ഒരു അന്വേഷണ റിപ്പോര്‍ട്ടില്‍പോലും പിണറായി വിജയന്‍ എന്തെങ്കിലും തെറ്റുചെയ്തതായി പറയുന്നില്ല. അതേസമയം, അടിസ്ഥാനരഹിതമായ കേസുകളുമായി ചെന്ന് കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിന് ഈ കേസുമായി നടക്കുന്ന ഒരാളെ മറ്റൊരു കേസില്‍ ഹൈക്കോടതി അതിനിശിതമായി വിമര്‍ശിക്കുകയുംചെയ്തു. എല്ലാ അന്വേഷണങ്ങളുടെ അഗ്നിപരീക്ഷകളില്‍നിന്നും ചെറുചൂടുപോലുമേല്‍ക്കാതെ പുറത്തുവന്ന സിപിഐ എം സംസ്ഥാനസെക്രട്ടറിയുടെ സുതാര്യവിശുദ്ധമായ വ്യക്തിത്വം ആരോപണകര്‍ത്താക്കളെ ഒട്ടൊന്നുമല്ല അസ്വസ്ഥതപ്പെടുത്തുന്നത്. പിന്നീട് നിയമസഭാതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ദിവസമാണ്, തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ഉപയോഗിക്കാമെന്ന കണക്കുകൂട്ടലോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സിബിഐ അന്വേഷണത്തിന് ലാവ്ലിന്‍ കേസ് വിടുന്നതായി പ്രഖ്യാപിച്ചത്. ഇതിലെ രാഷ്ട്രീയ ദുരുദ്ദേശ്യവും ഇവര്‍ കണ്ടില്ലെന്നു നടിക്കുന്നു. കേസ് സിബിഐക്ക് വിട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെ പിന്നീടൊരു ഘട്ടത്തില്‍ പറഞ്ഞത് ലാവ്ലിന്‍ കരാറില്‍ അഴിമതിയുള്ളതായി താന്‍ കരുതുന്നില്ലെന്നാണ്. രാഷ്ട്രീയസമ്മര്‍ദം ഏറിവന്നപ്പോള്‍ താന്‍ അതിന് വഴങ്ങി സിബിഐക്ക് വിടുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുംചെയ്തു. വിജിലന്‍സ് അന്വേഷണത്തില്‍ അഴിമതിയില്ലാത്തത് എന്ന് ബോധ്യപ്പെട്ട കേസ് സിബിഐക്ക് വിട്ടതിനുപിന്നില്‍ രാഷ്ട്രീയകാരണങ്ങളേയുള്ളൂവെന്നതിന് ഇതില്‍ കവിഞ്ഞ തെളിവുവേണ്ട. ഇതും നിഷ്പക്ഷതാനാട്യക്കാര്‍ കാണാന്‍ കൂട്ടാക്കുന്നില്ല. ഏറ്റവും ഒടുവിലാകട്ടെ, എല്ലാം സമഗ്രമായി പരിശോധിച്ച സിബിഐ പിണറായി വിജയന്‍ ഒരുവിധ അഴിമതിയും നടത്തിയിട്ടില്ലെന്നും ഒരു പൈസപോലും സ്വന്തമായി ഉണ്ടാക്കിയിട്ടില്ലെന്നും കണ്ടെത്തി. സാധാരണ കേസുകള്‍ ഉണ്ടാവുകയാണ്. എന്നാല്‍, ലാവ്ലിന്‍ കാര്യത്തില്‍ കേസ് ഉണ്ടാക്കപ്പെടുകയായിരുന്നു. ഒരു സംഘം ആളുകള്‍ നിരന്തരം ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നു; കാര്യമായ വരുമാനമാര്‍ഗങ്ങള്‍ ഒന്നുമില്ലാത്ത ഇവര്‍ ലക്ഷങ്ങള്‍ വാരിവിതറുന്നു. ഈ സംഘത്തില്‍ കമ്യൂണിസ്റ്റ്വിരുദ്ധരുണ്ട്, കമ്യൂണിസ്റ്റ്പാര്‍ടിയില്‍നിന്ന് ദുഷ്ചെയ്തികള്‍മൂലം പുറത്താക്കപ്പെട്ടവരുണ്ട്; അരാജകവാദികളുണ്ട്; അധികാരദല്ലാളന്മാരുണ്ട്; ബ്ലാക്മെയില്‍ സംഘങ്ങളുണ്ട്- അങ്ങനെ പലരും. ഇവര്‍ക്കാകട്ടെ, രാഷ്ട്രീയതലത്തില്‍ ചില രക്ഷാകര്‍ത്താക്കളുമുണ്ട്. ഇവരാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനിടയില്‍ സിഎജി നടത്തിയ ഒരു സ്വാഭാവിക വിശദീകരണം തേടലിനെ ഊതിപ്പെരുപ്പിച്ച് ഇത്രത്തോളമെത്തിച്ചത്. ഏത് പദ്ധതി നടത്തിപ്പിലും കണ്ടെത്താവുന്ന സ്വാഭാവിക കാര്യങ്ങളെ "അഴിമതി"യാക്കി പൊലിപ്പിച്ചെടുത്തത്; മുന്‍ ജഡ്ജിമാരെവരെ ചെന്നുകണ്ട് പിണറായി വിജയനെതിരെ അവരെക്കൊണ്ട് പ്രസ്താവനയിറക്കിക്കാന്‍ വൃഥാ ശ്രമിച്ചത്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയെ വാഴ്ത്തിപ്പാടിയത്. മുംബൈയിലെയും കൊച്ചിയിലെയും ഡല്‍ഹിയിലെയും അധികാരസ്ഥാപനങ്ങളുടെ ഇടനാഴികളിലേക്ക് പിണറായി വിജയനെ ക്രൂശിക്കാന്‍ കോട്ടുംസൂട്ടുമിട്ട ഏജന്റിനെ നിയോഗിച്ചത്. ലക്ഷങ്ങള്‍ പൊടിപൊടിച്ച് അധികാര ദല്ലാളന്മാരെ വിമാനങ്ങളില്‍ രാജ്യത്ത് തലങ്ങും വിലങ്ങും പറത്തിവിട്ടത്. ഇവര്‍ക്ക് ആകെ ഒരു ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ. നേതൃത്വത്തിന്റെ പ്രതിച്ഛായ തകര്‍ത്ത് പാര്‍ടിയുടെ വിശ്വാസ്യത ഇല്ലാതാക്കുക എന്നതായിരുന്നു അത്. ഏത് മനുഷ്യനും തളര്‍ന്നുവീണുപോകുന്ന തരത്തിലുള്ള സത്യവിരുദ്ധമായ കള്ളപ്രചാരണപരമ്പരകളുടെ വേലിയേറ്റമായിരുന്നു സിപിഐ എം 19-ാം പാര്‍ടി കോണ്‍ഗ്രസിലേക്ക് പോവുകയായിരുന്ന വേളയില്‍ ഇവിടെ. സിപിഐ എം നേതൃത്വം അപ്പാടെ അഴിമതിയുടെ നെടുനായകന്മാരാണെന്ന വ്യാജപ്രതീതി സൃഷ്ടിക്കാനായിരുന്നു ശ്രമം. എന്നാല്‍, അതിലൊന്നും ഇളകാതെ അചഞ്ചലമായ പ്രത്യയശാസ്ത്രനിശ്ചയദാര്‍ഢ്യത്തോടെ പാര്‍ടി സംഘടന കെട്ടിപ്പടുക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും വ്യാപരിക്കുകയായിരുന്നു ആ ഘട്ടത്തിലൊക്കെ സിപിഐ എമ്മിന്റെ സംഘടനാ നേതൃത്വം. മടിയില്‍ ഭാരമില്ലാത്തവന് വഴിയില്‍ പേടി വേണ്ട എന്ന പഴയ തത്വം നല്‍കിയ ആത്മബലത്തോടെ, അര്‍പ്പണബോധമുള്ള കമ്യൂണിസ്റ്റിനു ചേര്‍ന്ന കരുത്താര്‍ന്ന അചഞ്ചലതയോടെ, യാതനാപൂര്‍ണമായ സംഘടനാ പ്രവര്‍ത്തനപശ്ചാത്തലം നല്‍കിയ ഉരുക്കുറപ്പുള്ള കാല്‍വയ്പുകളോടെ, മനുഷ്യയോഗ്യമായ ജീവിതാവസ്ഥയുണ്ടാക്കിയെടുക്കാനുള്ള പോരാട്ടങ്ങളെ നയിക്കാന്‍ പാര്‍ടിയെ പ്രാപ്തവും സജ്ജവുമാക്കി നിര്‍ത്തുകയായിരുന്നു ഈ ഘട്ടത്തിലൊക്കെ പാര്‍ടി സംഘടനാ നേതൃത്വം. അതുകൊണ്ടുതന്നെ ഒരു പോറലുമേല്‍ക്കാതെ ശക്തിയില്‍നിന്ന് ശക്തിയിലേക്ക് പാര്‍ടി സംഘടന വളര്‍ന്നു. പുതുജനവിഭാഗങ്ങള്‍ക്ക് അത് സ്വീകാര്യമാകുന്ന നില വന്നു. പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാനും കടമകളെ ഏറ്റെടുക്കാനും ഭാവനാപൂര്‍ണമായി നാടിനെ നയിക്കാനും കരുത്തുള്ള ഒരു നേതൃത്വം ഇതാ എന്ന് കേരളം അംഗീകരിക്കുന്ന നിലവന്നു. വ്യാജ ആരോപണങ്ങളും കള്ളക്കേസുകളുംകൊണ്ട് നേതൃത്വത്തെ തളര്‍ത്തി സിപിഐ എമ്മിനെ തകര്‍ത്തുകളയാമെന്നു കരുതിയവര്‍ തീരെ പ്രതീക്ഷിച്ചതല്ല ഇത്. എല്ലാ മാധ്യമ പരിഗണനകളുമുണ്ടായിട്ടും ആ ശത്രുപക്ഷം ശിഥിലമായി. ചിലര്‍ പശ്ചാത്തപിച്ച് തെറ്റുതിരുത്തി. മറ്റുചിലര്‍ തുടര്‍ പ്രാക്കുകളുമായി ചിതറിപ്പിരിഞ്ഞുപോയി. മറ്റു ചിലര്‍ യുഡിഎഫിന്റെ ദയാദാക്ഷിണ്യങ്ങള്‍ക്ക് കാത്ത് അവരുടെ വാതില്‍പ്പടിക്കല്‍ പോയി നില്‍ക്കുന്നു. ആഗോളവല്‍ക്കരണത്തിന്റെയും സാമ്രാജ്യത്വാധിനിവേശത്തിന്റെയും കടന്നുകയറ്റങ്ങളെ ചെറുക്കാന്‍പോരുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏക വലിയ ശക്തി സിപിഐ എം ആണ്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും ജനകീയ മോചനമൂല്യങ്ങളെയുംകുറിച്ച് കരുതലുള്ള ഒരാള്‍ക്കും ഇതിനെ ശക്തിപ്പെടുത്താനല്ലാതെ ദുര്‍ബലപ്പെടുത്താന്‍ തോന്നില്ല. എന്നാല്‍, അതിതീവ്ര കമ്യൂണിസ്റ്റുകള്‍ എന്ന നാട്യവുമായി ഇറങ്ങിത്തിരിച്ച അരാജകവാദികള്‍ സാമ്രാജ്യത്വത്തിന്റെ ഏജന്റുമാരെപ്പോലെ നിന്ന് സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ നായകസ്ഥാനമുള്ള സിപിഐ എമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു ഇവിടെ.
കോടതിയുടെ അന്തിമവിധി തീര്‍പ്പുവന്ന സാഹചര്യത്തില്‍, കള്ളപ്രചാരണങ്ങളുടെ കരിങ്കോട്ടകള്‍ സത്യത്തിന്റെ ഇടിമിന്നലില്‍ തകര്‍ന്നടിത്ത സാഹചര്യത്തില്‍, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ മുന്‍നിര്‍ത്തി ഒരു പൊതുപ്രവര്‍ത്തകനെ നിരവധി വര്‍ഷങ്ങള്‍ വേട്ടയാടിയതു മുന്‍നിര്‍ത്തി ആരോപണം ഉന്നയിച്ചവരും അതിന് വിശ്വാസ്യത പകര്‍ന്നുകൊടുക്കാന്‍ നോക്കിയവരും മനഃസാക്ഷിയുടെ ചെറുനാളമെങ്കിലും അണയാതെ ഉള്ളില്‍ ബാക്കിയുണ്ടെങ്കില്‍ പിണറായി വിജയനോട് ഒരു വാക്ക് പറയേണ്ടിയിരിക്കുന്നു: ക്ഷമിക്കണം എന്ന വാക്ക്. അന്വേഷണങ്ങളുടെ അഗ്നിപരീക്ഷകളില്‍നിന്ന് പുറത്തുവന്ന സിപിഐ എം സംസ്ഥാനസെക്രട്ടറിയുടെ സുതാര്യവിശുദ്ധമായ വ്യക്തിത്വം ആരോപണകര്‍ത്താക്കളെ ഒട്ടൊന്നുമല്ല അസ്വസ്ഥതപ്പെടുത്തുന്നത്. ആ അസ്വസ്ഥതയാണ് നിഷ്പക്ഷതാനാട്യവുമായി ചാനലുകളില്‍നിന്ന് ചാനലുകളിലേക്ക് കൂടുമാറുന്ന അരാജകവാദികളുടെ വാക്കുകളില്‍ മുഴങ്ങുന്നത്. ഇനി ഏത് അന്വേഷണമുണ്ട് നടത്താന്‍ ബാക്കി എന്ന ചോദ്യം ഒരു ചാനല്‍ അവതാരകനും ഇവരോട് ചോദിച്ചില്ല.