വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Monday, February 11, 2013

കവി ഡി വിനയചന്ദ്രന് ആദരാഞ്‌‌ജലികൾ!

കവി ഡി വിനയചന്ദ്രന്‍ അന്തരിച്ചു

ദേശാഭിമാനി, 11-2-2013
തിരു: മലയാള കവിതയില്‍ തീവ്രാനുഭവങ്ങളുടെ നവഭാവുകത്വം നിറച്ച കവി ഡി വിനയചന്ദ്രന്‍ അന്തരിച്ചു. 66 വയസായിരുന്നു. സംസ്കാരം ചൊവ്വാഴ്ച പകല്‍ 11 ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറേ കല്ലടയിലെ വീട്ടിവളപ്പില്‍. അവിവാഹിതനായിരുന്നു. രണ്ടു ദിവസമായി ഇടപ്പഴഞ്ഞിയിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. 1992ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനും 2006ല്‍ ആശാന്‍ സ്മാരക കവിതാ പുരസ്കാരത്തിനും അര്‍ഹനായി. ചങ്ങമ്പുഴ പുരസ്കാരം, മസ്കറ്റ് കേരള കള്‍ച്ചറല്‍ സെന്റര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്. സഹോദരങ്ങള്‍: ശ്രീകുമാരി, രമ, സുകുമാരി, വേണുഗോപാല്‍ (റിട്ട. ജോയന്റ് ഡയറക്ടര്‍ പട്ടികജാതി ക്ഷേമ വകുപ്പ്.)

മൃതദേഹം പകല്‍ മൂന്നു വരെ തിരുവനന്തപുരത്ത്  വിജെടി ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചു. പഴയ സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും അന്ത്യാജ്ഞലിയര്‍പ്പിച്ചു. പ്രസ് ക്ലബ് ഹാളിലും പൊതുദര്‍ശനത്തി നു ശേഷം വൈകിട്ട് അഞ്ചോടെ കൊല്ലത്തേക്ക് കൊണ്ടുപോകും.

1946 മെയ് 16 ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറേ കല്ലടയില്‍ ദാമോദരന്‍പിള്ളയുടെയും ാര്‍ഗവിക്കുട്ടിയമ്മയുടെയും മകനായി ജനം. ഭൗതികശാസ്ത്രത്തില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 1993 മുതല്‍ ല്‍ എം ജി യൂനിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ അദ്ധ്യാപകനുമായിരുന്നു.വിരമിച്ചശേഷം സാംസ്കാരികരംഗത്തും സാമൂഹ്യപ്രശ്നങ്ങളിലും സജീവമായി ഇടപെട്ടു.

നരകം ഒരു പ്രേമകവിത എഴുതുന്നു, ഡി വിനയചന്ദ്രന്റെ കവിതകള്‍, ദിശാസൂചി, കായിക്കരയിലെ കടല്‍, വീട്ടിലേയ്ക്കുള്ള വഴി, സമയമാനസം, സമസ്തകേരളം പി ഒ (കവിതാസമാഹാരങ്ങള്‍), പൊടിച്ചി, ഉപരിക്കുന്ന് (നോവല്‍), പേരറിയാത്ത മരങ്ങള്‍ (കഥകള്‍), വംശഗാഥ (ഖണ്ഡകാവ്യം), കണ്ണന്‍ (മൃണാളിനി സരാഭായിയുടെ കാവ്യത്തിന്റെ പരിഭാഷ), നദിയുടെ മൂന്നാംകര (ലോകകഥകളുടെ പരിഭാഷ), ജലംകൊണ്ട് മുറിവേറ്റവന്‍ (ലോര്‍ക കവിതകളുടെ പരിഭാഷ), ആഫ്രിക്കന്‍ നാടോടിക്കഥകള്‍ (പുനരഖ്യാനം), ദിഗംബര കവിതകള്‍ (പരിഭാഷ) എന്നിവയാണ് പ്രധാന കൃതികള്‍. യൂണിവേഴ്സിറ്റി കോളെജ് കവിതകള്‍, കര്‍പ്പൂരമഴ (പി യുടെ കവിതകള്‍), ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകള്‍, എന്നീ പുസ്തകങ്ങളുടെ എഡിറ്ററായിരുന്നു.

വിനയചന്ദ്രന്റെ നിര്യാണത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ എന്നിവര്‍ അനുശോചിച്ചു.
******************************************************************

കവി ഡി വിനയചന്ദ്രന്‍ അന്തരിച്ചു

മലയാള മനോരമ, 11-2-2013


തിരുവനന്തപുരം. കവി ഡി.വിനയചന്ദ്രന്‍(67) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായിരുന്നതിനെ തുടര്‍ന്നു ചികിത്സയിലായിരുന്നു.

വീട്ടില്‍ ക്ഷീണിതനായി കാണപ്പെട്ട അദ്ദേഹത്തെ രണ്ടു ദിവസം മുന്‍പാണ് സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. ഇന്നലെ നില വഷളായതിനെ തുടര്‍ന്നു വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്കു മാറ്റാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു ശ്രമം ഉണ്ടായെങ്കിലും സ്ഥിതി അതീവ ഗുരുതരമായതിനാല്‍ അതു വേണ്ടെന്നുവയ്ക്കുകയായിരുന്നു.

ഉദരരോഗവും പ്രമേഹവും മൂര്‍ച്ഛിച്ചതാണു സ്ഥിതി അതീവ ഗുരുതരമാകാന്‍ കാരണം . ആരോഗ്യ മന്ത്രിയുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ. മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ പരിശോധിച്ചിരുന്നു. 

കേരളത്തിലെ വാമൊഴി വരമൊഴി പാരമ്പര്യങ്ങള്‍ സംഗമിക്കുന്ന കവിതയാണ് വിനയചന്ദ്രന്‍േറത്. ചെറുകഥകളും നോവലും എഴുതിയിട്ടുണ്ട്. 'ഡി. വിനയചന്ദ്രന്‍െറ കവിതകള്‍, നരകം ഒരു പ്രേമകവിതയെഴുതുന്നു, വീട്ടിലേക്കുള്ള വഴി, സമയമാനസം, കായിക്കരയിലെ കടല്‍, സമസ്തകേരളം പി.ഒ, ദിശാസൂചി എന്നിവയാണ് കവിതാസമാഹാരങ്ങള്‍.  'പൊടിച്ചി, ഉപരികുന്ന് എന്നീ നോവലുകള്‍ എഴുതിയിട്ടുണ്ട്. 'പേരറിയാത്ത മരങ്ങള്‍ കഥാസമാഹാരവും. ലോര്‍ക്കയുടേതടക്കം നിരവധി കൃതികള്‍ അന്യഭാഷകളില്‍നിന്നു വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

നരകം ഒരു പ്രേമകവിത എഴുതുന്നു എന്ന കവിതാ സമാഹാരത്തിന് 1992 ല്‍കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു. തുടര്‍ന്ന് ചങ്ങമ്പുഴ പുരസ്്ക്കാരവും 2006ല്‍ ആശാന്‍ സ്മാരക കവിതാ  പുരസ്ക്കാരവും ലഭിച്ചു. റഷ്യന്‍ കവിതകള്‍ മലയാളത്തിലേക്കു പരിചയപ്പെടുത്തുന്നതിനു വഹിച്ച സംഭാവനകള്‍ പരിഗണിച്ച് റഷ്യന്‍ സാംസ്കാരിക കേന്ദ്രത്തിന്റെ  സെര്‍ഗെയ് യെസിനിന്‍ അവാര്‍ഡിനു ഡി. വിനയചന്ദ്രന്‍ അര്‍ഹനായിരുന്നു.

1946 മേയ് 13ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറേ കല്ലടയില്‍ ആണു ജനിച്ചത്.  മഹാത്മഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഒാഫ് ലെറ്റേഴ്സില്‍ അധ്യാപകനായിരുന്നു.
 *************************************************

കവി ഡി.വിനയചന്ദ്രൻ അന്തരിച്ചു

മാധ്യമം, 11-2-2013

തിരുവനന്തപുരം: മലയാളത്തിന്റെപ്രിയ കവി ഡി. വിനയചന്ദ്രന്‍ അന്തരിച്ചു. 67 വയസായിരുന്നു. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് ദിവസം മുമ്പ്  ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണ സമയത്ത് അടുത്ത ബന്ധുക്കള്‍ കൂടെയുണ്ടായിരുന്നു. തിരുവന്തപുരം പ്രസ്‌ക്ലബ്ബിലും വി.ജെ.ടി ഹാളിലും കൊല്ലം പബ്ലിക് ലൈബ്രറിയിലും പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം ചൊവ്വാഴ്ച 12.30ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
കവിതകളിലൂടെയും നാടന്‍ പാട്ടുകളിലൂടെയുമെല്ലാം സാംസ്‌കാരിക കേരളത്തോട് സംവദിച്ച വിനയചന്ദ്രന്‍ ഒരു സാഹിത്യകാരന്‍ എന്നതിനപ്പുറം മലയാളികളുടെ വിവിധ പ്രശ്‌നങ്ങളില്‍ സദാ ഇടപെടുന്നയാളായിരുന്നു.  80കളില്‍ കേരളത്തിലെ കാമ്പസുകളെ സജീവമാക്കുന്നതില്‍ ഇദ്ദേഹത്തിന്റെകവിതകള്‍ നിര്‍ണായക സ്വാധീനം ചെലുത്തി. കേരളത്തിലെ വിവിധ സര്‍ക്കാര്‍ കലാലയങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള വിനയചന്ദ്രന് സംസ്ഥാനത്തങ്ങോളമായി വലിയ ശിഷ്യഗണം തന്നെയുണ്ട്.
1946 മെയ് 16ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറെ പല്ലടയിലാണ് ഡി. വിനയചന്ദ്രന്റെ ജനനം. ഭൗതിക ശാസ്ത്രത്തില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്ദര ബിരുദവും നേടി. പിന്നീട് അധ്യാപകവൃത്തിയില്‍ ഏര്‍പ്പെട്ടു. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം മുഴുവന്‍ സമയ സാഹിത്യപ്രവര്‍ത്തനത്തില്‍ മുഴുകി. അവിവാഹിതനാണ്.
നരകം ഒരു പ്രേമ കവിത എഴുതുന്നു, ഡി. വിനയചന്ദ്രന്റെകവിതകള്‍, ദിശാസൂചി, കായിക്കരയിലെ കടല്‍, വീട്ടിലേക്കുള്ള വഴി, സമയമാനസം, സമസ്ത കേരളം പി.ഒ, പൊിടിച്ചി, ഉപരിക്കുന്ന് (നോവല്‍), പേരറിയാത്ത മരങ്ങള്‍(കഥകള്‍), വംശഗാഥ(ഖണ്ഡ കാവ്യം), കണ്ണന്‍, ആഫ്രിക്കന്‍ നാടോടികഥകള്‍, ദിഗംബര കവിതകള്‍(പരിഭാഷ) തുടങ്ങിയവയാണ് പ്രധാന കൃതികള്‍. യൂനിവേഴ്‌സിറി കോളജ് കകവിതകള്‍, കര്‍പ്പൂമഴ(പി യുടെ കവിതകള്‍), ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകള്‍ എന്നീ കൃതികള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്.
നരകം ഒരു പ്രേമകവിത എഴുതുന്നു എന്ന കവിതാ സമാഹരത്തിന് 1992ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 2006ലെ ആശാന്‍ കവിതാ പുരസ്‌കാരമുള്‍പ്പെടെ വേറെയും അംഗീകാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്.
*******************************************

വാക്കില്‍ പ്രണയത്തിന്റെ ഭൂഗുരുത്വങ്ങള്‍

ഡി. വിനയചന്ദ്രന്‍



പ്രണയപരവശരായ എല്ലാ ലീലാമദനന്മാരെയും ലൈലാമജ്‌നുമാരെയും വാക്കും അര്‍ഥവുംപോലെ സംപൃക്തരായ ജഗദ്പിതാക്കളെ തൊട്ടുനന്ദിച്ചുകൊണ്ട് പ്രേമം ചാര്‍ത്തിയ, തോറ്റിയ, പാറ്റിയ വാങ്മയപരിചയങ്ങളെ ഒന്നോര്‍ക്കുകയാണ്. ദൈവങ്ങള്‍ക്ക് പശിയും പകയും വരാതിരിക്കാന്‍ 'അബ്ജയോനി പ്രണയിനി'യെയും 'മലമകള്‍മുല-പൂണും' ദൈവത്തേയും 'പാലാഴിമാതുതന്‍ കൊങ്ക പുണരുന്ന' കേളപ്പനെയുംകൂടി സാഹിത്യാന്തരീക്ഷത്തില്‍നിന്നുതന്നെ സ്മരിക്കുകയാണ്. പക്ഷേ, കൊച്ചുമോളേ (ഗോപികമാര്‍ക്കുള്ള പൊതുപേര്) മുനി ബക്കറ്റ് ചൊന്ന ഒരു സന്ദര്‍ഭം മണ്ടിവരുകയാണ്. 'പിന്നെ ഞാന്‍ വീടിനുള്ളില്‍ കയറുകയും എഴുതുകയും ചെയ്തു. നട്ടപ്പാതിര, മഴ ജനലില്‍ ആഞ്ഞടിക്കുകയാണ്. അതു നട്ടപ്പാതിരയല്ലായിരുന്നു. അപ്പോള്‍ മഴ പെയ്യുകയല്ലായിരുന്നു.' ഗണപതിപ്രാതലുപോലെ എന്തോരം പ്രേമസംഹിതകളും സംഗതികളും വാരിക്കോരി കുടിച്ചിരിക്കുന്നു. നാനൂറായും എഴുന്നൂറായും ആയിരത്തൊന്നായും വെറും നൂറ്റൊന്നായും എഴുതിക്കുറയ്ക്കാനും വയ്യ.

ഇക്കണ്ട ഈരേഴുലോകങ്ങള്‍ക്കും നടുവില്‍ വായനയുടെ ആദ്യകാലത്തും ഇപ്പോഴും തുറന്ന രംഗവേദിയിലുള്ള മൂന്നു 'ഡങ്കുഡുങ്കാ'ണ് നളചരിതം, മേഘസന്ദേശം, ഗീതഗോവിന്ദം. കൗമാരകാലത്തു തരിപ്പും കോരിത്തരിപ്പും ദേവാനുഭൂതികളും തന്നവ. ഇന്നത്തെ വായനയിലുള്ള ഗുരുത്വവികര്‍ഷണങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്നില്ല. അടികള്‍ വഞ്ചിപ്പാട്ടുകാരനെയും കൈകൊട്ടിക്കളിക്കാരെയും മറക്കരുതല്ലോ.
അവരവര്‍ ചൊല്ലിക്കേട്ടേനവള്‍
തന്‍ ഗുണഗണങ്ങള്‍
അനിതര വനിതാസാധാരണങ്ങള്‍
അനുദിനമവള്‍ തന്നിലനുരാഗം
വളരുന്നു...
അവിടെവെച്ച് കവിയെ നമ്മള്‍ ഉപേക്ഷിക്കുന്നു
ഉടലൊതുങ്ങിയോള്‍ മധ്യം
ചുരുങ്ങിയോള്‍
ചൊടികള്‍ തൊണ്ടിപ്പഴംപോല്‍
വിളങ്ങുവോള്‍
ചെറിയ വെള്ളരിപ്പല്ലും ഭയന്ന മാന്‍-
മിഴികളും താണ പുക്കിളുമേലു
വോള്‍
മുലകളാല്‍ തെല്ലു ചായുവോള്‍
ശ്രോണിതന്‍
നിഭൃതകാരണം മന്ദം നടപ്പവള്‍
യുവതിമാരില്‍വച്ചീശന്റെ
സൃഷ്ടിയില്‍
പ്രഥമയാണെന്നു തോന്നുമീ
ശ്യാമയാള്‍ (മേഘസന്ദേശം)
ഇത് എത്ര കുടഞ്ഞാലും ശരീരത്തില്‍നിന്നും മനസ്സില്‍നിന്നും വിട്ടുപോകില്ല.
ഗോപികമാരുടെ തടമുല തഴുകും
പാണിതലോല്ലസിതന്‍
ഗോപാലന്‍ വനമാലാ കലിതനുദാരനതിപ്രിയദന്‍ (ദേവഗീത)
നളചരിതത്തിന്റെ ലോകോത്തരമായ സാഹിതീഭംഗിയോ ആര്യാവര്‍ത്തം മുഴുവന്‍ പ്രണയം എഴുതിവെച്ച മേഘസന്ദേശത്തിന്റെ അമൃതത്വമോ ഇന്ത്യയിലെ എല്ലാ നൃത്ത-സംഗീത പദ്ധതികളിലും ജീവിക്കുന്ന ഗീതഗോവിന്ദത്തിന്റെ സോപാനമഹിമയോ ഇവിടെ ചര്‍ച്ചാവേദിയല്ല.

എന്നാല്‍ ഇവയിലേക്കു മുന്നുവഴിയെയാണ് വന്നത്. അതിനു മുന്‍പ് വീട്, പള്ളിക്കൂടം, വായനശാല എന്നിവയുടെ ഇടങ്ങളില്‍നിന്നുണ്ടായ ഇണങ്ങര്‍ മൊഴികളെപ്പറ്റി വെറ്റിലക്കെട്ടിന്റെ അടുക്കോടുകൂടി പറയേണ്ടതുണ്ട്.

എന്നും മുടങ്ങാതെ രാമായണവും ഭാഗവതവും വായിച്ചിരുന്ന ഒരു വീട്ടിലാണ് എന്റെ കണ്ണും കാതും വിടര്‍ന്നത്. നേരത്തെ അത്താഴം കഴിഞ്ഞ് അപ്പൂപ്പനും അമ്മാവന്മാരും അമ്മയും സാഹിത്യചര്‍ച്ചകളിലും കഥകളി-തുള്ളല്‍ അവതരണങ്ങളിലും മുഴുകിയിരുന്നു. അച്ഛന്‍ അങ്ങാടിയിലും വായനശാലയിലും സുഹൃത്തുക്കളെ ശൃംഗാരശ്ലോകങ്ങള്‍ ചൊല്ലി രസിപ്പിച്ചിരുന്നു. അപ്പൂപ്പന്‍ ഒന്നുംവിടാതെ കഥകളി കണ്ടിരുന്നു- കൂടെ പോകാറായപ്പോള്‍ ഞാനും. വീട്ടില്‍ അമ്മ പെണ്‍കുട്ടികളെ തിരുവാതിര പഠിപ്പിച്ചിരുന്നു. ഉണ്ണിക്കണ്ണനായി ഞാനും കളിച്ചിരുന്നു.

അപ്പൂപ്പന്‍ വാമൊഴിയായി പറഞ്ഞുതന്നാണ് മാര്‍ത്താണ്ഡവര്‍മയും ഇന്ദുലേഖയും ഞാന്‍ പരിചയപ്പെടുന്നത്. ശിവന്റെയും പാര്‍വതിയുടെയും രുക്മിണിയുടെയും കൃഷ്ണന്റെയും ശീലാവതിയുടെയും സത്യഭാമയുടെയും ഇടയിലേക്ക് പാറുക്കുട്ടിയും ഇന്ദുലേഖയും കടന്നുവന്നത് അങ്ങനെയാണ്. നളചരിതം നേരിട്ടുവായിക്കുന്നതിന് മുന്‍പ് ഉണ്ണിത്താന്മാരുടെ പാട്ടിലൂടെയും മാങ്കുളത്തിന്റെയും കുടമാളൂരിന്റെയും ചമ്പക്കുളത്തിന്റെയും കീരിക്കാടന്റെയുമൊക്കെ അഭിനയത്തിലൂടെയും നളചരിതം നമ്മുടെ ജീവചരിതത്തിലും പകരുകയാണ്. കൃഷ്ണകഥ മുഴുവനായി അവതരിപ്പിക്കുന്ന 'തിരുവാതിരകളി' അമ്മ പഠിപ്പിച്ചിരുന്നു.

കാളിന്ദിയില്‍ കളമൊഴിമാര്‍
കമലലോചനമാര്‍.
കമലലോചനമാര്‍ ലളിതലളിത വദനമാര്‍ എന്നു തുടങ്ങുന്ന മനോഹരമായ പദം ഇപ്പോഴും ഓര്‍മയില്‍ ഉണ്ട്. രാമായണത്തിലെ സ്‌തോത്രഭാഗങ്ങള്‍ക്കിടയില്‍ എഴുന്നേറ്റുവരുന്നവയായിരുന്നു സീതയുടെ 'നേത്രോല്പലമാല'യും അഹല്യയുടെ പന്തൊക്കും മുലകളും ചന്തമേറീടും തുടക്കാമ്പും.

അങ്ങനെയിരിക്കുമ്പോഴാണ് നാലാംക്ലാസ്സില്‍ ഗോപാലന്‍ നായര്‍ സാര്‍ ചണ്ഡാലഭിക്ഷുകിയിലെ ഒരു ഭാഗം ഞങ്ങളെ ചൊല്ലി പഠിപ്പിക്കുന്നത്. 'തൂമതേടും തന്‍' - എന്നു തുടങ്ങുന്ന വരികള്‍.
പിന്നെത്തര്‍ക്കം പറഞ്ഞില്ല
യോമലാള്‍
തന്വിയാണവള്‍ കല്ലല്ലിരുമ്പല്ല.
ആ സന്ദര്‍ഭമാണ് ബാല്യത്തിന്റെ രഹസ്യാഭിമുഖ്യങ്ങളില്‍ തെളിഞ്ഞുനിന്നത്. കെടാമംഗലം സദാനന്ദന്‍ രമണന്‍ കഥാപ്രസംഗവുമായി നാട് ഇളക്കിമറിക്കുന്നു. പ്രാദേശികമായി തിരുനല്ലൂരിന്റെ റാണിയും ഉണ്ട്. പതുക്കെപ്പതുക്കെ വായനയുടെ വേഗത്തിലേക്ക് കയറുകയാണ്. പരീക്കുട്ടിയും മജീദും നിസാര്‍ അഹമ്മദുമെല്ലാം പുതിയ വെളിച്ചങ്ങളും വ്യഥകളും നല്കി. വിലക്കപ്പെട്ട പുറംലോകങ്ങളില്‍നിന്ന് കിട്ടാത്ത ഉള്ളിരുപ്പുകള്‍ 'വിക്രമാദിത്യന്‍ കഥ'കളും 'അറബിക്കഥകളും' തന്നു. വിക്രമാദിത്യന്‍കഥകളെ അനുകരിച്ച് എഴുതിയിരുന്ന 'മദനകാമരാജന്‍കഥ'കളില്‍ അതിരുവിട്ട രതിവര്‍ണനകള്‍ ഉണ്ടായിരുന്നു. ഇക്കാലത്തെ നാടകഗാനങ്ങളും സിനിമാഗാനങ്ങളും എല്ലാ പ്രായക്കാര്‍ക്കും ഹരമായിരുന്നു. പറന്നു പറന്നു പറന്നു ചെല്ലാന്‍..., പച്ചപ്പനംതത്തേ... തുടങ്ങിയവയോടൊപ്പം ഞങ്ങളുടെ നാട്ടില്‍ തിരുനല്ലൂരിന്റെ പാട്ടുകളും ഇമ്പപ്പെട്ടിരുന്നു.

അന്തിമയങ്ങുമ്പോളമ്പിളി
പൊങ്ങുമ്പോള്‍
അന്തികത്തെത്തുമോ ദേവാ
തൂമലര്‍ചാര്‍ത്തുമ്പോഴീ മടിത്തട്ടില്‍
നീ
വീണു മയങ്ങുമോ തോഴാ.
എന്നു തുടങ്ങുന്ന പാട്ടും ഇപ്പോള്‍ പ്രശസ്തമായ കാറ്റേ നീ വീശരുതിപ്പോള്‍ എന്ന ഗാനവും. അന്ന് കുറേക്കൂടി പതിഞ്ഞ രീതിയില്‍ ആയിരുന്നു ആ പാട്ട് പാടിയിരുന്നത്. ആ മലര്‍പ്പൊയ്കയിലാടിക്കളിക്കുന്നൊരോമനത്താമരപ്പൂവേ/ മാനത്തുനിന്നൊരു ചെങ്കതിര്‍മാല നിന്‍മാറിലേക്കാരേയെറിഞ്ഞു (ഒ.എന്‍.വിയുടേതെന്ന് ഓര്‍മ) എന്ന പാട്ട് എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു. പില്‍ക്കാലത്ത് നമ്മുടെ പ്രണയസാഹിതിയില്‍ മുന്തിയ ഒരു ഗാനധാര പി. ഭാസ്‌കരനും വയലാറും ഒ.എന്‍.വിയും ശ്രീകുമാരന്‍ തമ്പിയുംകൂടി സൃഷ്ടിച്ചു. ഹിന്ദി ഗാനങ്ങളും പ്രണയഗസലുകളും സമൃദ്ധമായി.

വായനയുടെ സൂക്ഷ്മവും ഗഹനവുമായ മറ്റൊരു തലത്തിലേക്ക് ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍ ചെന്നപ്പോള്‍ പ്രവേശിക്കുകയായി. അമ്മ മരിച്ചതില്‍പ്പിന്നെ അച്ഛന്റെ വീട്ടില്‍ ഒഴിവുപകലുകളില്‍ ഞാന്‍ മാത്രമേ ഉണ്ടാവൂ. അമ്മയും അച്ഛനും അവരുടെ ഒന്നാംതരത്തില്‍ ഒന്നാംതരമായ കൈയക്ഷരത്തില്‍ ആശാന്റെയും വള്ളത്തോളിന്റെയും ചങ്ങമ്പുഴയുടെയും മറ്റും കാവ്യങ്ങള്‍ പകര്‍ത്തിവെച്ചിട്ടുണ്ട്.

അമ്മയ്ക്ക് ആശാനോട് മമത കൂടും. അച്ഛന് വള്ളത്തോളിനെ പ്രിയം. രണ്ടുപേര്‍ക്കും ഇടപ്പള്ളിയെയും ചങ്ങമ്പുഴയെയും ഇഷ്ടം. എന്റെ ഒറ്റപ്പെടലില്‍ വലിയ മാനസികലോകങ്ങളുമായി കൂട്ടുകൂടുകയായി. അമ്മയുടെ കൈപ്പടയില്‍ ഞാന്‍ വായിക്കുന്നു:
എന്റെയേകധനമങ്ങു ജീവന-
ങ്ങെന്റെ ഭോഗമതുമെന്റെ
മോക്ഷവും
എന്റെയീശദൃഢമീ പദാംബുജ-
ത്തിന്റെ സീമയതു പോകിലില്ല
ഞാന്‍
അച്ഛന്റെ അക്ഷരവടിവില്‍
ജീവാധിനായക ഭവാന്‍ വ്രണിതാ
തുരാംഗ-
നാവസമോ മലിനബന്ധഗൃഹാന്തര
ത്തില്‍
ഈ വാസ്തവസ്ഥിതി മറന്നവിടുത്തെ
വിട്ടു-
പോവാന്‍ കഥിക്കരുതു ദാസിയൊ
ടെന്‍ ദയാലോ.
ഉഷയുടെയും അനിരുദ്ധന്റെയും കഥ വീടുകളിലും ചര്‍ച്ച ചെയ്തിരുന്നു. ഇക്കാലത്താണ് നോവല്‍ വിവര്‍ത്തനങ്ങള്‍ വായിക്കുന്നത്. പാവങ്ങള്‍, കാരമസോവ് സഹോദരന്മാര്‍, യുദ്ധവും സമാധാനവും, അന്നകരിനീന, വസന്തപ്രവാഹങ്ങള്‍... ആശാന്റെ കവിതകളേക്കാളും പുതുമ, ഗഹനത, ഉന്മാദം.
വ്രണിതചിത്തങ്ങളാസ്വദിച്ചെങ്കിലീ
പ്രണയഹേമന്തചന്ദ്രികാധാരയില്‍ എന്നു മൂളിക്കൊണ്ടിരുന്ന നമ്മള്‍ മനസ്സിന്റെ ഗഹനകാന്താരങ്ങളിലേക്കും ലാവണ്യത്തിന്റെ മഹാപ്രകാശങ്ങളിലേക്കും നടക്കുകയാണ്. അന്ന അലയുന്ന ക്ഷോഭമാണെങ്കില്‍ നടാഷ മിന്നല്‍പ്പിണര്‍ ആണ്. പ്രേമഭഗ്‌നതയുടെ ഉള്‍ക്കിടിലങ്ങള്‍ ടര്‍ജ്ജനീവിന്റെ 'വസന്തപ്രവാഹങ്ങള്‍' സൃഷ്ടിച്ചു. ഇതിനിടയിലും കാശില്ലാത്തതുകൊണ്ട് ദേവഗീത പകര്‍ത്തുന്നു- മുഴുവനും
വല്ലാതെ വാടിത്തളര്‍ന്നു നാഥാ
വല്ലിക്കുടിലിലിരുപ്പു രാധ എന്നും
വനമാലി വനമാലി വനമാലിയു
മായ് വൃന്ദാ-
വനഭൂവില്‍ മേളിപ്പവളേതൊരുത്തി.
എന്നും 'ഗതിജിതമദഗജമന്തമരാളവിലാസ നിതംബിനി' എന്നും നോട്ടുബുക്കില്‍ പകര്‍ത്തി 'ഝനക് ഝനക്' എന്നു നടക്കുന്ന കാലം.
കോളേജില്‍ ചേരുമ്പോള്‍ ഇടത്തരം വായനയുടെ വ്യാപ്തിയിലേക്ക് അലയുന്നു. എല്ലാറ്റിനുമിടയില്‍ ആരുടേതെന്ന് പ്രത്യേകം ഓര്‍ക്കാതെ ആ രണ്ടുവരികള്‍ തേട്ടിത്തേട്ടി വരുന്നു.
'Had she come all the way
To part at last with out a kiss'
തോമസ്ഹാര്‍ഡി, ജയിന്‍ ആസ്റ്റിന്‍, സ്റ്റെന്താള്‍, ബല്‍സാക്, എമിലിസോള, ഡിക്കന്‍സ്, ഹെമിങ്‌വേ തുടങ്ങിയവരുടെ നോവലുകളിലെ വിചിത്രസ്വഭാവികളായ കാമുകര്‍, ഷേക്‌സ്പിയറുടെ കാമുകികളായ നായികമാര്‍ എല്ലാം തലയില്‍ക്കയറി സ്ഥിരതാമസം തുടങ്ങി. ഇവരില്‍ മണിമുഴങ്ങുന്നതാര്‍ക്കുവേണ്ടി എന്നതിലെ നായിക, തോമസ് ഹാര്‍ഡിയുടെ ടെസ്, ഷേക്‌സ്പിയറുടെ മിറാന്‍ഡ, ഒഫീലിയ എന്നിവരെല്ലാം ബന്ധുക്കളാണെന്നു തോന്നി. ഷായുടെ പിഗ്മാലിയനിലെ ഏലിസാഡൂലിറ്റില്‍ മഴ ചാറിയപ്പോള്‍ പാളയത്തെ പള്ളിയുടെ മുന്‍പിലാണ് വന്നുനിന്നതെന്നു വിചാരിക്കാന്‍ എനിക്കു കൗതുകമായിരുന്നു. സാഹിത്യത്തിലും സിനിമയിലും എങ്ങോട്ടു തിരിഞ്ഞാലും പ്രണയം, വിരഹം. മലയാളസാഹിത്യത്തിലെ നെടുനെടുങ്കന്‍കാലം പ്രണയമില്ലാത്തതായിരുന്നു. 'ക ഹെലു േംശവേ വേലല, മിറ ംമസല ംശവേ വേലല അിറ ്യല േവേീൗ മൃല ിീ േവേലൃല' എന്നു ജോണ്‍ ക്ലെയര്‍ പറയുന്ന അവസ്ഥ. ശര്‍മിഷ്ഠയുടെയും സുഭദ്രയുടെയും പ്രണയത്തെപ്പറ്റി ഭവ്യമായി എഴുത്തച്ഛന്‍ പാടുന്നു. ശ്രീകൃഷ്ണപ്രണയത്തിന്റെ മധുരസങ്കീര്‍ത്തനം ചെറുശ്ശേരി ചെയ്യുന്നു. പിന്നെ ആശാനും സി.വി.യും വരുന്നതിനു മുന്‍പ് ആട്ടക്കഥകളിലും സ്വാതിതിരുനാളിന്റെ പദങ്ങളിലുമേയുള്ളൂ രതിയും ശൃംഗാരവും പ്രണയവും. നിര്‍ഹേതുകമായ പ്രണയത്തിനുവേണ്ടി ചാകുന്ന നായികമാരെ ആശാന്‍ സൃഷ്ടിച്ചു. പാശ്ചാത്യരുടേതുപോലെ സ്ത്രീ-പുരുഷ ബന്ധങ്ങളില്‍ ഘീ്‌ല വേണ്ടതാണെന്ന് സി.വി. സ്വപ്‌നം കണ്ടു. എന്നാല്‍ വ്യവസ്ഥാപിതമായ ദാമ്പത്യത്തിന്റെ ഇരുമ്പുകൂടാരങ്ങള്‍ക്കകത്തു കിടന്ന് കേരളത്തിലെ സ്ത്രീപുരുഷന്മാരുടെ മജ്ജയും മാംസവും ഹൃദയവും തുരുമ്പെടുത്തു.

മലയാളി ചെറുപ്പമായത്, സാഹിത്യത്തിലൂടെ പ്രണയത്തിന്റെ താരള്യവും വേദനയും പങ്കിട്ടത് ഇടപ്പള്ളിയുടെയും ചങ്ങമ്പുഴയുടെയും വരികളിലൂടെയാണ്.

ഏകയായനുപദശിഞ്ജിത വിലോലയായ് പോകുന്നതെവിടെ നീ പൂനിലാവേ എന്നും ഞാനും വരട്ടെയൊ നിന്റെ കൂടെ എന്നും വായിക്കുന്ന ആണും പെണ്ണും വാസനിച്ചു.
പ്രണയം ഒരു ജന്മവാസനയും നാനാരീതിയില്‍ വാസനിക്കുന്നതുമാണ്. പ്രാചീന ചൈനീസ്-ജാപ്പനീസ്-പ്രാകൃതഭാഷാ- ഗ്രീക്ക് ഭാഷാ- ചെന്തമിഴ് പ്രണയകവിതകള്‍ മുതല്‍ പെണ്ണെഴുത്തിന്റെയും അധോലോകത്തിലെ കാമ സാഹസങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങളുടെയും ഭൂഖണ്ഡങ്ങളും സമുദ്രങ്ങളും ഋതുഭേദങ്ങളും വായിച്ചു നമ്മള്‍ ഇണങ്ങുകയും പിണങ്ങുകയും സ്വയംഭോഗം നടത്തുകയും നെടുവീര്‍പ്പിടുകയും ചെയ്തിട്ടുണ്ട്. പിന്നീടുള്ള അനുധ്യാനവായനയില്‍ പ്രണയത്തിന്റെ കാതലായ, സുരഭിലമായ ദര്‍ശനങ്ങള്‍ കാളിദാസന്റെ സംഭോഗ-വിപ്രലംഭ കവിതകള്‍ സംക്രമിപ്പിക്കുന്നുണ്ട്. എന്തെന്നില്ലാത്ത അഭിനിവേശത്തില്‍ എടുത്തുചാടുന്ന അനുരാഗം വേര്‍പാടിലൂടെയും തപസ്സിലൂടെയും സ്വര്‍ഗീയപ്രണയമാകുന്ന, വര്‍ഷാരംഭത്തിലെപൂക്കള്‍ വര്‍ഷാവസാനത്തെ കനിയാകുന്ന ആ ദര്‍ശനം സമഗ്രവും സൂക്ഷ്മവുമാണ്. ഒരു വിരഹിയുടെ ചേതന മേഘദൂതിലേതുപോലെ ഇത്ര വിഹ്വലവും ദീപ്തവും വിസ്തൃതവുമായി വേറൊരിടത്തും ഒരുമിച്ചുകാണുകയില്ല. കാളിദാസന്റെയും ഭര്‍ത്തൃഹരിയുടെയും പ്രേമരചനകള്‍ ആണ് ജര്‍മനിയില്‍ ആരംഭിച്ച യൂറോപ്യന്‍ കാല്പനികതയുടെ പ്രേരണകളില്‍ ഒരു വഴി. ഇടപ്പള്ളിയെയും ചങ്ങമ്പുഴയെയും എന്നപോലെ നെരൂദയുടെ പ്രേമകവിതകളിലൂടെ നെരൂദയെയും നമ്മള്‍ പുലബന്ധമുള്ളവനായി സ്വീകരിച്ചിട്ടുണ്ട്. എങ്കിലും എനിക്ക് വ്യക്തിപരമായി ഇഷ്ടം റില്‍ക്കെയുടെയും ഒഡീസിയസ് എലൈറ്റിസിന്റെയും പ്രേമകവിതകളാണ്. കോളറാക്കാലത്തെ പ്രണയം പന്നിപ്പനിയുടെ കാലത്തും ഇഷ്ടമാണ്. അതുകൊണ്ട് കാരൂരിന്റെ മോതിരവും പൂവമ്പഴവും വൈലോപ്പിള്ളിയുടെ ഊഞ്ഞാലിലും യുഗപരിവര്‍ത്തനവും കണ്ണീര്‍പ്പാടവും ഇടശ്ശേരിയുടെ അശോകമഞ്ജരിയുമൊക്കെ ഉപേക്ഷിക്കാന്‍ പറ്റില്ലല്ലോ. മാര്‍ക്വേസിനു മുന്‍പേ ഞങ്ങളെപ്പോലുള്ള ചിലര്‍ അതെല്ലാംകൊണ്ട് കുലഞ്ഞവരാണല്ലോ. കുടിയൊഴിക്കലിലെ 'മാരിമഞ്ഞുവെയിലുകള്‍ മാറി' എന്നു തുടങ്ങുന്നത് ഇപ്പോഴും ഗ്രീഷ്മത്തിന്റെ വന്യസുഗന്ധം വമിക്കുന്നു.

ഉമ്മവെച്ചേന്‍ ചെറുപൊടിരോമ-
ച്ചെമ്മിയന്നനല്‍ച്ചെന്നിയില്‍
ചുണ്ടില്‍
അശ്രുനീരോ ചെറുതുമിനീരോ
നിസ്രുതമായ് നിറഞ്ഞൊരക്കണ്ണില്‍-
ആ അശ്രുനീര്‍ അനുഭവിപ്പിക്കുന്ന
ഒരു സുഖം,
കൂവിയെന്‍ ഗളനാളിയിലാദി-
ശാഖി തൊട്ടെഴും കോകിലമെല്ലാം.
- ഭൂമിയുമാകാശവുമെല്ലാം പൊട്ടിത്തെറിച്ച് പിന്നെ ഒട്ടിപ്പിടിക്കുന്നതുപോലെ തോന്നും. സാഫോയുടെയും ആണ്ടാളിന്റെയും ഗീതങ്ങള്‍ രണ്ടു രീതിയില്‍ നമ്മെ മദിപ്പിക്കുന്നു. ആ രീതിയിലല്ല പുതുകവിതയുടെത്.
'Oh this man
What a meal he made of me
How he chewed and gobbled and sucked;
In the end he spat me all out' എന്ന വിഷയപരമ്പരയാകും. 'ഞാന്‍ ഒറ്റയ്ക്കു നടന്നുപോകുന്നു'. പോകുന്നു എന്ന പുരാതനഗോത്രവരിയുടെ അപാരത മൊബൈലിലെ ഒരു എസ്.എം.എസ്സില്‍ കിസ്മിസ്സായ മിസ്സിനെ ഉദ്ധരിച്ച് ചുരുണ്ടുകൂടുന്നു. എങ്കിലും ചന്ദ്രികേ ലോകമല്ലേ പങ്കിലമാനസര്‍ കാണുമെങ്കിലും നമ്മുടെ സിനിമപ്പാട്ടുകള്‍ ഓര്‍ക്കാതെ പോകുന്നത് പാപമല്ലോ. ക്യാഹുവാ, കഭീകഭീ, ആജാരേ പരദേശി, തുംമേരാ പ്രേമ് പത്ര് പഠ്കര്‍, താമസമെന്തേ, സൂര്യകാന്തീ സൂര്യകാന്തീ, തളിരിട്ട കിനാക്കള്‍ തന്‍, ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍, ഇന്നലെ മയങ്ങുമ്പോളൊരു മണിക്കിനാവിന്റെ, സുറുമയെഴുതിയ മിഴികളേ, നീലജലാശയത്തില്‍- ഒരു പുഷ്പം മാത്രം- കരയുന്നോ പുഴ ചിരിക്കുന്നോ- കേരളീയരില്‍ ഒരു ബൂര്‍ഷ്വാ ഐക്യം ഈ പാട്ടുകളുടെ കാര്യത്തില്‍ മാത്രമാണ്.

സ്വപ്‌നവാസവദത്തവും അഭിജ്ഞാനശാകുന്തളവും ഖസാന്‍ദ്‌സക്കീസിന്റെ നോവലുകളും മയക്കോവ്‌സ്‌കിയുടെപ്രണയകവിതകളുമൊക്കെ വായിക്കുന്നതിനിടയ്ക്ക് ഉത്തരരാമചരിതത്തിലെ ആ രണ്ടു സന്ദര്‍ഭങ്ങള്‍ പൊന്നീ നമുക്ക് ഒരുമിച്ച് വായിക്കാം.
നാമോരോ ഭുജവല്ലികൊണ്ടു
ദൃഢമായാലിംഗനം ചെയ്തതി-
പ്രേമത്തോടു കവിള്‍ത്തടം കവിള
തില്‍ ചേര്‍ത്തെത്രയും രമ്യമായ്
സാമോദം ക്രമമെന്നിയേ പലതു
മന്നൊട്ടൊട്ടുചൊല്ലും വിധൗ
യാമം പോയതറിഞ്ഞിടാത്ത വിധ
മായ്തന്നെ കഴിഞ്ഞൂ നിശ.
നമുക്കിന്നൊന്നല്ലെല്ലാം പ്രിയം
താനിവളുടെ
വിരഹം മാത്രമോര്‍ത്താലസഹ്യം എന്ന് ഇന്നും കനപ്പെട്ട പ്രേമമുള്ളവര്‍ക്കു തോന്നുമല്ലോ,
വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ജീവിതത്തിന്റെ ആദ്യപദത്തില്‍ ഊഷ്മളമായ പ്രണയഗീതങ്ങള്‍ എഴുതിയിട്ടുണ്ട്. എനിക്ക് വീണ്ടും വീണ്ടും ഓര്‍ക്കാന്‍ ഇമ്പമുള്ളതാണ് സുഗതകുമാരിയുടെ ഒരു നിമിഷം.
മേലിലുച്ചലംവാനം താണു
വന്നതായ് തോന്നി
ഭൂമിയെന്‍കാല്‍ക്കല്‍ കുതിച്ചോള
മാര്‍ന്നതായ് തോന്നി
താരകളൊരുപിടിപ്പൂവായി വന്നെന്‍
മാറില്‍
പാറിവീണതായ് തോന്നി ഞാനൊരു
വെറും കാറ്റായ്
മാറിയുല്‍ക്കടമേതോ സുഗന്ധമൂര്‍ച്ഛ
യ്ക്കുള്ളി-
ലാകെ വീണലിഞ്ഞതായ് മാഞ്ഞു
പോയതായ് തോന്നി-
ഭര്‍ത്തൃഹരിയും ഹെമിങ്‌വേയും സുഗതകുമാരിയും വി.എം. ഗിരിജയുമെല്ലാം പാവങ്ങള്‍തന്നെ. എന്റെ പേരിലും ചിലരൊക്കെ പൊള്ളുകയും പുളകം കൊള്ളുകയും കടലും മഴയും കല്പാന്തങ്ങളുമായവരുണ്ട്. ഏതു കാറ്റിനാലേതുപാട്ടിന്റെ താളത്തിനാലാദി കാറുകള്‍പോലെ നമ്മളന്യോനം കണ്ടു എന്ന് പട്ടിണികിടന്നു പഠിച്ച കോളേജുകാലത്തെ ആ പഴയ ശ്യാമസുന്ദരന്‍ അല്ല ഞാന്‍. പാരീസിന്റെ കൂടെ ഒളിച്ചോടുന്ന ഹെലനെ ഞാന്‍ എന്നും കാണുന്നുണ്ട്. പ്രണയമേ നീ വിളിക്കുമ്പോഴൊക്കെ ഞാന്‍ എഴുന്നേല്ക്കുകയും പൂനുള്ളുകയും ഉരുണ്ടുവീഴുകയും കുതിരപ്പുറത്തു കയറുകയും ബാന്‍സുരി വായിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, എനിക്ക് എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടെങ്കില്‍ പേരറിയാത്ത ഒരു എത്യോപ്യന്‍ കറുമ്പന്‍ എനിക്കുവേണ്ടി പറഞ്ഞിട്ടുണ്ട്:
'But if I failed to come near thee
It is because thy entrance door
Was as crowded as a church gate on sunday.'
ഊഹോയ്, പൂഹോയ്. 'മദനനും രമണനും തോളുരുമ്മി മരതകക്കുന്നുകള്‍ വിട്ടിറങ്ങി'. 'ചിലപ്പതികാരം' വിവര്‍ത്തനം തുടങ്ങി.

(പ്രണയഋതുക്കള്‍ എന്ന പുസ്തകത്തില്‍ നിന്ന്. മാതൃഭൂമിയിൽനിന്ന്)
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്