വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, October 1, 2010

അയോധ്യ: ഭൂമി മൂന്നായി വീതിക്കും

അയോധ്യാ വിധി സംബംന്ധിച്ച് വിവിധ പത്രങ്ങളിൽ വന്ന വാർത്തകളും ലേഖനങ്ങളും ഭാവി വായനയ്ക്ക് ശേഖരിക്കുന്നു

അയോധ്യ: ഭൂമി മൂന്നായി വീതിക്കും


ദേശാഭിമാനി


ലഖ്നൌ: ബാബറി മസ്ജിദ് നിലനിന്ന സ്ഥലം ഉള്‍പ്പെടെയുള്ള അയോധ്യയിലെ 2.7 ഏക്കര്‍ ഭൂമി മൂന്ന് കക്ഷികള്‍ക്ക് തുല്യമായിവീതിച്ച് നല്‍കാന്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ച് വിധിച്ചു. 60 വര്‍ഷം പഴക്കമുള്ള കേസില്‍ മൂന്നംഗ ബെഞ്ചിലെ ഒരു ജഡ്ജി വ്യത്യസ്ത വിധി പുറപ്പെടുവിച്ചു. 1949ല്‍ സ്ഥാപിച്ച രാമവിഗ്രഹം ഇരിക്കുന്ന സ്ഥലം ഹിന്ദുമഹാസഭയ്ക്കും 'രാം ഛബൂത്രയും' 'സീത രസോയിയും' സ്ഥിതിചെയ്യുന്ന സ്ഥലം സന്യാസി സംഘടനയായ നിര്‍മോഹി അകാഡയ്ക്കും ബാക്കി സ്ഥലം സുന്നി വഖഫ് ബോര്‍ഡിനും നല്‍കാന്‍ ജസ്റിസുമാരായ എസ് യു ഖാനും സുധീര്‍ അഗര്‍വാളും ഉത്തരവായി. പ്രJustify Fullദേശത്ത് മൂന്ന് മാസത്തേക്ക് നിലവിലുള്ള സ്ഥിതി തുടരാനും ഭൂരിപക്ഷ വിധിയില്‍ നിര്‍ദേശിച്ചു. എന്നാല്‍, കേസിന് ആസ്പദമായ സ്ഥലം രാമന്റെ ജന്മഭൂമിയാണെന്നും ഇസ്ളാംമത തത്വങ്ങള്‍ക്ക് വിരുദ്ധമായാണ് ഇവിടെ മസ്ജിദ് സ്ഥാപിച്ചതെന്നും ഇതിനെ ആരാധനാലയമായി പരിഗണിക്കാന്‍ കഴിയില്ലെന്നും ബെഞ്ചിലെ മറ്റൊരു ജഡ്ജിയായ ജസ്റിസ് ഡി വി ശര്‍മയുടെ വിധിയില്‍ പറഞ്ഞു. മൂന്ന് ജഡ്ജിമാര്‍ ചേര്‍ന്ന് 8189 പേജ് വരുന്ന വിധിന്യായമാണ് പുറപ്പെടുവിച്ചത്. കോടതി നിയമിച്ച റിസീവര്‍ ശിവശങ്കര്‍ ലാല്‍ തയ്യാറാക്കിയ സ്കെച്ചിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ഭാഗമായി സ്ഥലം വിഭജിക്കേണ്ടതെന്ന് ജസ്റിസുമാരായ ഖാനും അഗര്‍വാളും വ്യക്തമാക്കി. മസ്ജിദിന്റെ പ്രധാന താഴികക്കുടം നിലനിന്നിരുന്നതിന്റെ താഴെയാണ് രാമന്റെ ജന്മസ്ഥലമെന്നാണ് ഹിന്ദുക്കളുടെ വിശ്വാസം- വിധിയില്‍ നിരീക്ഷിച്ചു. മൂന്ന് തുല്യഭാഗമായാണ് 2.7 ഏക്കര്‍ സ്ഥലം വീതിക്കേണ്ടതെങ്കിലും പ്രായോഗികസൌകര്യം മുന്‍നിര്‍ത്തി ചെറിയ തോതില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്താം. എന്നാല്‍, ഇത് മറ്റൊരു കക്ഷിയെ ബാധിക്കാത്ത വിധത്തില്‍ തൊട്ടടുത്ത പ്രദേശത്തുനിന്ന് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു നല്‍കി പരിഹരിക്കണം. വിഭജനം സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് മൂന്നു മാസം സമയം നല്‍കിയിട്ടുണ്ട്. വിധിയിന്മേല്‍ അപ്പീല്‍ നല്‍കാനും മൂന്ന് മാസത്തെ സമയം അനുവദിച്ചു. വിഭജനം സംബന്ധിച്ച അന്തിമവിധി മൂന്നുമാസത്തിനുശേഷം സുപ്രീംകോടതി ചീഫ്ജസ്റിസുമായി കൂടിയാലോചിച്ച് പ്രഖ്യാപിക്കും. ബാബറുടെ ഉത്തരവ് പ്രകാരമാണ് മസ്ജിദ് നിര്‍മിച്ചതെന്ന് ജസ്റിസ് ഖാന്‍ വിധിയില്‍ നിരീക്ഷിച്ചു. എന്നാല്‍, ഈ സ്ഥലം ബാബറുടെ ഉടമസ്ഥതയില്‍ ഉള്ളതായിരുന്നു എന്നതിന് തെളിവില്ല. മസ്ജിദ് പണിയാനായി ക്ഷേത്രം തകര്‍ത്തിട്ടില്ല. ദീര്‍ഘകാലമായി ജീര്‍ണാവസ്ഥയിലായിരുന്ന ക്ഷേത്രം സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് മസ്ജിദ് നിര്‍മിച്ചതെന്ന് വിധിയില്‍ പറയുന്നു. മസ്ജിദ്് നിര്‍മിച്ച് കുറെക്കാലം കഴിഞ്ഞശേഷമാണ് രാമന്റെ ജന്മസ്ഥലം ഇവിടെയാണെന്ന് ഹിന്ദുക്കള്‍ കരുതാന്‍ തുടങ്ങിയത്. 1885നു മുമ്പേ രാം ഛബൂത്രയും സീത രസോയിലും പ്രദേശത്ത് നിലനിന്നിരുന്നു. ഹിന്ദുക്കള്‍ ഇവിടെ ആരാധനയും നടത്തിവന്നു. വളരെ അസാധാരണമായ അവസ്ഥയായിരുന്നു അത്. ഒരു ഭാഗത്ത് മുസ്ളിങ്ങള്‍ നമസും മറുഭാഗത്ത് ഹിന്ദുക്കള്‍ പ്രാര്‍ഥനയും നടത്തി. ഭൂമിയില്‍ വിഭജനമൊന്നും ഇല്ലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹിന്ദുക്കളും മുസ്ളിങ്ങളും സംയുക്തമായി കൈവശം വച്ചിരുന്ന ഭൂമിയായിരുന്നു ഇതെന്ന് വ്യക്തമാകുന്നു. എന്നാല്‍, ഇരുകൂട്ടര്‍ക്കും ഭൂമിയുടെ കൈവശാവകാശം തെളിയിക്കുന്ന രേഖ ഹാജരാക്കാന്‍ കഴിഞ്ഞില്ല. തെളിവ് നിയമപ്രകാരം സംയുക്താവകാശമുള്ള ഭൂമിയായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ- ജസ്റിസ് ഖാന്‍ പറഞ്ഞു. രാമവിഗ്രഹം ആദ്യമായി ഇവിടെ സ്ഥാപിച്ചത് 1949 ഡിസംബര്‍ 23നു പുലര്‍ച്ചെയാണെന്നും ജസ്റിസ് ഖാന്‍ ചൂണ്ടിക്കാട്ടി. ഇതിനു കുറച്ചുകാലം മുമ്പു മുതലാണ് മസ്ജിദിന്റെ പ്രധാന താഴികക്കുടത്തിന് താഴെയാണ് രാമന്റെ ജന്മസ്ഥലമെന്ന് ഹിന്ദുക്കള്‍ കരുതാനും വിശ്വസിക്കാനും തുടങ്ങിയതെന്നും വിധിയില്‍ പറഞ്ഞു. അതേസമയം, പഴയ മന്ദിരം തകര്‍ത്തശേഷമാണ് മസ്ജിദ് നിര്‍മിച്ചതെന്ന് ജസ്റിസ് ശര്‍മ നിരീക്ഷിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പര്യവേക്ഷണം ഇത് വ്യക്തമാക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍, 1949ലാണ് ഇവിടെ രാമവിഗ്രഹം സ്ഥാപിച്ചതെന്നതിന് തെളിവുണ്ടെന്ന നിഗമനത്തോട് അദ്ദേഹം യോജിച്ചു.


അയോധ്യാ വിധി

ദേശാഭിമാനി

ആറ് പതിറ്റാണ്ടുനീണ്ട നിയമനടപടിക്കൊടുവിലാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ച് വ്യാഴാഴ്ച വൈകിട്ട് തീര്‍പ്പുകല്‍പ്പിച്ചത്. വിധിയുടെ നല്‍പ്പുതില്‍പ്പുകളിലേക്ക് കടന്നുള്ള സൂക്ഷ്മപരിശോധനയ്ക്ക്, ഈ ഘട്ടത്തില്‍ പ്രസക്തിയോ സാംഗത്യമോ ഇല്ല. പ്രധാനകാരണം, ഇത് ഒരുനീതിന്യായ പ്രക്രിയയുടെ പരിണതിയാണ് എന്നതുതന്നെ. അത്തരത്തിലുള്ള പരിശോധനകളും പ്രതികരണങ്ങളും നമ്മുടെ സാമൂഹ്യാന്തരീക്ഷത്തെ കൂടുതല്‍ കലുഷമാക്കാന്‍ അവസരം പാര്‍ത്തിരിക്കുന്ന ശക്തികളുടെ താല്‍പ്പര്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കലാകും എന്ന മറ്റൊരു കാരണവുമുണ്ട്. സ്വാഭാവികമായും ഈ വിധിതീര്‍പ്പ് സ്വീകാര്യമായി കരുതുന്നവരും അസ്വീകാര്യമായി കരുതുന്നവരും സമൂഹത്തിലുണ്ടാവാം. സ്വീകാര്യമായി കരുതുന്നവരുടെ അമിതാഘോഷപ്രകടനങ്ങളും മറിച്ച് കരുതുന്നവരുടെ സംയമനമില്ലാത്ത പ്രതികരണങ്ങളും ആപത്തുകള്‍ സൃഷ്ടിക്കും. അതുകൊണ്ടുതന്നെ അത്തരം ശ്രമങ്ങളില്‍നിന്ന് എല്ലാവരും പിന്‍വാങ്ങി നില്‍ക്കണമെന്നാണ് ഈ ഘട്ടത്തില്‍ ഞങ്ങള്‍ക്ക് അഭ്യര്‍ഥിക്കാനുള്ളത്. പക്വതയോടുകൂടിയ അത്തരമൊരു സമീപനം എല്ലാ വിഭാഗങ്ങളില്‍നിന്നുമുണ്ടാവുമെങ്കില്‍, മതനിരപേക്ഷതയുടെ മൂല്യങ്ങളെ ശക്തിപ്പെടുത്താന്‍ അത് ഉപകരിക്കും. അതിനുമപ്പുറം നേരത്തെ ഉണ്ടായ മുറിവുകള്‍ ഉണക്കാനും അത് ഉപകരിക്കും. തര്‍ക്കങ്ങള്‍ ബാക്കിനില്‍ക്കുന്നുവെങ്കില്‍, അത് തെരുവുകളിലല്ല, മേല്‍ക്കോടതിമുറികളിലാണ് തീര്‍ക്കേണ്ടത്. അതിനുള്ള അവകാശം നീതിന്യായപീഠം അനുവദിക്കുന്നുണ്ടുതാനും. അതുകൊണ്ടുതന്നെ കോടതിക്കുപുറത്ത് ഏതെങ്കിലും തരത്തിലുള്ള ആഘോഷങ്ങളോ പ്രതിഷേധങ്ങളോ ഉണ്ടാവുന്നത് ഈ ഘട്ടത്തില്‍ വിപല്‍ക്കരമാവും. അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയാണ് മതനിരപേക്ഷതയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാഗ്രഹിക്കുന്ന ആരും ചെയ്യേണ്ടത്. 1950 ജനുവരി 16നാണ് കേസുകളുടെ തുടക്കം. പൂജ നടത്താനുള്ള പൂര്‍ണാധികാരം തേടിയുള്ള ഹര്‍ജിയിലാരംഭിച്ച പ്രക്രിയ ആറ് പതിറ്റാണ്ട് നീണ്ടു. ഇതിനിടെ, ഇതേ വിഷയം മുന്‍നിര്‍ത്തി എത്രയോ വര്‍ഗീയകലാപങ്ങള്‍, ചോരപ്പുഴ ഒഴുക്കല്‍, ബാബറി മസ്ജിദ് തകര്‍ക്കല്‍... അങ്ങനെ എന്തെല്ലാം. അത്തരത്തിലുള്ള ഒന്നും ഇനി ഇന്ത്യക്ക് താങ്ങാനാവുന്നതല്ല. ലഖ്നൌ കോടതിക്ക് നാലു പട്ടയ തര്‍ക്കങ്ങളിലായിരുന്നു തീര്‍പ്പു കല്‍പ്പിക്കാനുണ്ടായിരുന്നത്. 2.77 ഏക്കര്‍ സ്ഥലത്തായി പടര്‍ന്നുകിടക്കുന്ന പ്രദേശത്തിന്റെ അധികാരാവകാശങ്ങള്‍ സംബന്ധിച്ചുള്ള കേസുകള്‍. ഇതില്‍ വിധി പറഞ്ഞ ലഖ്നൌ കോടതി ഏതെങ്കിലും ഒരു കൂട്ടരുടെ വാദം പൂര്‍ണമായി അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തതായി തോന്നുന്നില്ല. ഒരു കൂട്ടരുടെ ചില അവകാശങ്ങളും ഒരു കൂട്ടരുടെ മറ്റുചില അവകാശങ്ങളും അംഗീകരിക്കപ്പെട്ടതായാണ് പ്രാഥമികമായി മനസിലാക്കാന്‍ കഴിയുന്നത്. 2.77 ഏക്കര്‍ സ്ഥലം മൂന്നായി വിഭജിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സുന്നി ബോര്‍ഡ്, നിര്‍മോഹി അഘാര, ശ്രീരാമന്റെ കക്ഷി (കേസില്‍ ശ്രീരാമനും ഒരു കക്ഷിതന്നെയാണ്) എന്നിവര്‍ക്കിടയിലായി വീതിക്കാനാണ് നിര്‍ദേശം. മൂന്ന് ജഡ്ജിമാരും വ്യത്യസ്ത വിഷയങ്ങളില്‍ വ്യത്യസ്ത നിലപാടുകള്‍ എടുത്തതായി കാണാം. വസ്തുവിന്റെ വിഭജനമെന്നത് ഏതെങ്കിലും കക്ഷി ആവശ്യപ്പെട്ടതല്ല. മറിച്ച് കോടതി സ്വയം കണ്ടെത്തിയ പോംവഴിയാണ്. ഇക്കാര്യങ്ങളിലൊക്കെ ബന്ധപ്പെട്ടവര്‍ എന്ത് നിലപാടെടുക്കുമെന്നതു വ്യക്തമാവാനിരിക്കുന്നതേയുള്ളൂ. അതെന്തുമാവട്ടെ, ഇന്നത്തെ പ്രധാനപ്പെട്ട വിഷയം, മതനിരപേക്ഷതയ്ക്ക് പോറല്‍പോലും ഏല്‍ക്കുന്ന ഒന്നും, ഒരു ഭാഗത്തുനിന്നും ഉണ്ടാവാതിരിക്കുക എന്നതാണ്. ആധുനിക ചരിത്രകാരന്മാര്‍ സ്വാതന്ത്യ്രലബ്ധിക്കുശേഷമുള്ള ഇന്ത്യയുടെ ചരിത്രത്തെ രണ്ടായി വേര്‍തിരിക്കുന്നുണ്ട്. 1992 ഡിസംബര്‍ ആറിനുമുമ്പുള്ള ഇന്ത്യ; അതിനുശേഷമുള്ള ഇന്ത്യ എന്നീ നിലകളില്‍. ആ ഡിസംബര്‍ ആറ് ഇന്ത്യയുടെ ചരിത്രസ്വഭാവത്തെത്തന്നെ അപ്രതീക്ഷിതമാംവിധം മാറ്റിമറിച്ചുകളഞ്ഞു എന്നാണിതില്‍നിന്ന് വ്യക്തമാവുന്നത്. അതുവരെ താരതമ്യേന ശാന്തവും സ്വച്ഛവുമായിരുന്ന ഇന്ത്യയുടെ സാമൂഹ്യജീവിതം '92 ഡിസംബര്‍ ആറോടെ പരസ്പരമുള്ള അവിശ്വാസത്തിന്റെയും അക്രമങ്ങളുടെയും കാലുഷ്യം നിറഞ്ഞ ഒന്നായിമാറി. ആ ഡിസംബര്‍ ആറ് ഇന്ത്യയുടെ സാമൂഹ്യഘടനയില്‍ വരുത്തിയ മാറ്റം ആശാസ്യമായിരുന്നുവെന്ന് ഇന്ന് ആരെങ്കിലും പറയുമെന്നു തോന്നുന്നില്ല. സെപ്തംബര്‍ 30, എങ്ങനെയാകും? ഇന്ത്യയുടെ ഐക്യത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായക പ്രാധാന്യമുള്ള ദിനമായാകുമോ സെപ്തംബര്‍ 30 ചരിത്രത്തിലേക്ക് കടക്കുക. കേസിലെ ഏതു കക്ഷി ജയിച്ചു, ഏതു കക്ഷി പരാജയപ്പെട്ടു എന്നതല്ല, മറിച്ച് ഇന്ത്യ ജയിക്കുന്നുവോ തോല്‍ക്കുന്നുവോ എന്നതാണ് പ്രധാനം. ആ നിലയ്ക്കുള്ള ദേശീയ ഐക്യത്തെക്കുറിച്ചും ഒരുമയെക്കുറിച്ചുമുള്ള ബോധം ജനങ്ങളെ നയിക്കേണ്ട അവസരമാണിത്. സന്ദര്‍ഭം ആവശ്യപ്പെടുന്ന സംയമനത്തോടെ, പക്വതയോടെ കോടതിവിധിയെ സമതുലിതമായ മനസ്സോടെ ജനങ്ങള്‍ കാണേണ്ടിയിരിക്കുന്നു. ഇത്തരമൊരു ബോധം ജനങ്ങളില്‍ വളര്‍ത്താനുള്ള ശ്രമമാണിന്ന് ഉണ്ടാവേണ്ടത്. ഏതു മതത്തിന് മുന്‍കൈ നല്‍കണമെന്ന് തീരുമാനിക്കുകയായിരുന്നില്ല കോടതിയുടെ ദൌത്യം. തെളിവുകളുടെ അടിസ്ഥാനത്തില്‍ പട്ടയം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കുകയായിരുന്നു. ഇത് സ്വീകാര്യമാവാത്തവര്‍ക്ക് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള അവസരമുണ്ട്. അങ്ങനെ പരിഹാരം കണ്ടെത്താനാണ് ശ്രമം നടക്കേണ്ടത്. ഇത്തരം കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തി, അവരുടെ സംയമനശക്തി വളര്‍ത്താനാണ് ഉത്തരവാദിത്തമുള്ള എല്ലാ കേന്ദ്രങ്ങളും ഈ ഘട്ടത്തില്‍ ശ്രമിക്കേണ്ടത്. ഏതു സാഹചര്യത്തിലും ഛിദ്രശക്തികള്‍ക്ക് മുതലെടുക്കാനുള്ള അവസരമുണ്ടാവരുത്. വര്‍ഗീയവികാരങ്ങളാല്‍ തങ്ങള്‍ പ്രകോപിപ്പിക്കപ്പെടില്ല എന്ന ഉറച്ച നിലപാടിലേക്ക് ജനങ്ങളെ എത്തിക്കാന്‍ മതനിരപേക്ഷകക്ഷികള്‍ക്ക് ഉത്തരവാദിത്തമുണ്ട്. രാജ്യം പൊതുവില്‍ ഇന്ന് മതനിരപേക്ഷതയുടെയും സമുദായസൌഹാര്‍ദത്തിന്റെയും ആവശ്യകത കൂടുതലായി തിരിച്ചറിയുന്നുണ്ട്. രാജ്യം കടന്നുപോയ രക്തപങ്കിലമായ ദിവസങ്ങള്‍ തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവരെ ഒറ്റപ്പെടുത്താനുള്ള മനോഭാവം ജനങ്ങളില്‍ ശക്തിപ്പെട്ടുവരുന്നുണ്ട്. ജനങ്ങളുടെ ഐക്യത്തെ മതാടിസ്ഥാനത്തില്‍ ഛിദ്രമാക്കുന്നത് രാജ്യത്തിന്റെ നിലനില്‍പ്പിനെത്തന്നെ അപകടപ്പെടുത്താനുള്ള വിധ്വംസകശക്തികളുടെ സാമ്രാജ്യത്വപ്രേരിത പദ്ധതിയാണെന്ന കാര്യത്തിലും ഉയര്‍ന്നതോതിലുള്ള തിരിച്ചറിവ് ഇപ്പോഴുണ്ട്. അതുകൊണ്ടുതന്നെ പക്വവും സംയമനപൂര്‍ണവുമായ ഒരു സമീപനം പൊതുവെ രാജ്യത്ത് പ്രധാന പ്രസ്ഥാനങ്ങളില്‍നിന്നൊക്കെ ഉണ്ടായിക്കാണുന്നുണ്ട്. അതുണ്ടാക്കുന്ന അന്തരീക്ഷത്തില്‍ മതനിരപേക്ഷതയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇനിയുണ്ടാവേണ്ടത്.

അയോധ്യാവിധി
സംയമനത്തിന്റെ സന്ദര്‍ഭമാകട്ടെ


ദേശാഭിമാനി


അലഹബാദ് ഹൈക്കോടതി, അയോധ്യാകേസില്‍ അടുത്തദിവസം വിധി പറയാനിരിക്കെ, രാജ്യം ഏതാണ്ട് ശ്വാസമടക്കിപ്പിടിച്ചുനില്‍ക്കുന്ന പ്രതീതിയിലാണ്. സംയമനം പാലിക്കണമെന്ന ആഹ്വാനം പത്രപ്പരസ്യങ്ങളിലൂടെ ഇന്ത്യാഗവമെന്റുതന്നെ പുറപ്പെടുവിക്കുന്നു. ഉത്തര്‍പ്രദേശില്‍ പതിനായിരക്കണക്കിന് അര്‍ധസൈനികരെ വിന്യസിച്ചിരിക്കുന്നു. പ്രശ്നമേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നു. പൊതുവെ പിരിമുറുക്കമേറിയ അന്തരീക്ഷം. വര്‍ഗീയ കലാപങ്ങള്‍ക്ക് തീകൊളുത്താന്‍ എന്തെങ്കിലും അവസരം എവിടെയെങ്കിലും വീണുകിട്ടാന്‍ കാത്തിരിക്കുന്ന വര്‍ഗീയശക്തികള്‍ ഏറെയുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയെ ഛിദ്രീകരിക്കാനാഗ്രഹിക്കുന്ന സാമ്രാജ്യത്വശക്തികള്‍ അവര്‍ക്ക് ആളും അര്‍ഥവും നല്‍കി സഹായിക്കുന്നുമുണ്ട്. അത്തരം ശക്തികള്‍ പല നിറത്തിലും തരത്തിലും അവസരംപാര്‍ത്തു കഴിയുന്നുണ്ട് എന്ന പശ്ചാത്തലത്തില്‍ വേണം കാര്യങ്ങള്‍ വിലയിരുത്താന്‍. ജനങ്ങളുടെ ഒരുമയോടെയുള്ള ജാഗ്രതകൊണ്ടുമാത്രമേ ഛിദ്രശക്തികള്‍ രാജ്യത്തിന്റെ ഐക്യത്തിനും സമാധാനത്തിനുമെതിരായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ ചെറുത്തുതോല്‍പ്പിക്കാനാവൂ. ആ നിലയ്ക്കുള്ള മതനിരപേക്ഷമായ സംയമനത്തിന്റെ ഘട്ടത്തിലേക്ക് രാജ്യം ഉയരേണ്ട വേളയാണിത്. അലഹബാദ് ഹൈക്കോടതിവിധി എന്തുതന്നെയായാലും അത് എല്ലാ കൂട്ടര്‍ക്കും ഒരുപോലെ തൃപ്തികരമായിക്കൊള്ളണമെന്നില്ല. നീതി ലഭിച്ചുവെന്നു കരുതുന്നവരും നീതി ലഭിച്ചില്ല എന്നുകരുതുന്നവരും ഉണ്ടായെന്നുവരാം. അവരൊക്കെ മനസ്സിലുറപ്പിക്കേണ്ട കാര്യം, വിധിയില്‍ അസ്വീകാര്യമായ കാര്യങ്ങളുണ്ടായാല്‍ തന്നെയും മേല്‍കോടതിയെ സമീപിക്കാനും പരാതിക്ക് പരിഹാരം തേടാനും അവസരമുണ്ട് എന്ന കാര്യമാണ്. ആ വഴിക്ക് നീങ്ങാതെ തെരുവിലേക്കിറങ്ങാന്‍ ആരെങ്കിലും തീരുമാനിച്ചാല്‍, രാജ്യം വീണ്ടും കലാപത്തിന്റെ തീക്കുണ്ഡത്തിലേക്ക് വലിച്ചെറിയപ്പെടുകയാണുണ്ടാവുക. ഈ രാജ്യത്തിനോ ജനതയ്ക്കോ താങ്ങാനാവുന്നതല്ല അത്. അതുകൊണ്ടുതന്നെ, രാജ്യത്തെ ശിഥിലമാക്കാന്‍ വര്‍ഗീയതയെ ഉപയോഗിക്കാമെന്ന് കണക്കാക്കി കളിക്കുന്ന രാഷ്ട്രവിരുദ്ധശക്തികള്‍ക്ക് ആരും വിധേയരാവില്ല എന്നുറപ്പുവരുത്താനുള്ള ജാഗ്രത ജനങ്ങളുടെഭാഗത്തുനിന്ന് ഉണ്ടായേ പറ്റൂ. ഞങ്ങള്‍ ഇതുപറയുന്നത്, വിശ്വാസത്തിന്റെ കാര്യത്തില്‍ അവസാനവാക്കുപറയേണ്ടത് കോടതിയല്ല എന്നഭിപ്രായപ്പെട്ടുകൊണ്ട് കോടതിവിധി തങ്ങള്‍ക്ക് ബാധകമല്ല എന്ന് പ്രഖ്യാപിച്ചവര്‍ ഈ രാജ്യത്തുണ്ട് എന്നുള്ളതുകൊണ്ടുകൂടിയാണ്. നിയമനിര്‍മാണസഭ, ദേശീയ വികസന കൌസില്‍, പരമോന്നത ന്യായപീഠമായ സുപ്രീംകോടതി എന്നിവയൊക്കെ വിലക്കിയിട്ടും തങ്ങള്‍ക്കിത് ബാധകമല്ല എന്നമട്ടില്‍ ചിന്തിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്ത കൂട്ടരുണ്ട്. അതിന് രാജ്യം നല്‍കിയ വില എന്താണെന്നത് ജനങ്ങള്‍ ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങളെ വര്‍ഗീയമായി ധ്രുവീകരിക്കാനും ആ പ്രക്രിയയില്‍ ഇന്ത്യയെ ശിഥിലീകരിക്കാനും തക്കംപാര്‍ത്തുകഴിയുന്നവരുടെ കൈയില്‍ കളിക്കാതിരിക്കാനുള്ള പക്വതയും വിവേകവും ജനത കാണിക്കേണ്ട സമയമാണിത്. അതുണ്ടായാല്‍ മുതലെടുക്കാന്‍ ശ്രമിക്കുന്ന ഛിദ്രശക്തികള്‍ ഒറ്റപ്പെടും എന്ന് തീര്‍ച്ച. അടുത്തദിവസം അലഹബാദ് ഹൈക്കോടതി തീര്‍പ്പുകല്‍പ്പിക്കാന്‍പോകുന്നത് ബാബറിമസ്ജിദ് കാര്യത്തിലല്ല, മറിച്ച് അത് നിലനിന്നിരുന്ന വസ്തുവിന്റെ പട്ടയാവകാശകാര്യത്തിലാണ്. ഒരു പിടി കേസുകള്‍ കോടതി മുമ്പാകെയുണ്ട്. പല ഘട്ടങ്ങളിലായി കോടതി മുമ്പാകെ വന്നവ. അതില്‍ ആദ്യത്തേത് സമര്‍പ്പിച്ചിട്ട് നൂറ്റിഇരുപത്തഞ്ചുവര്‍ഷമായി. 1885ലായിരുന്നു അത്. അന്ന് കേസുകൊടുത്തവരോ കക്ഷികളോ ഇന്ന് ജീവിച്ചിരിപ്പില്ല. അന്ന് കേസ് സ്വീകരിച്ച ജഡ്ജിയുമില്ല. ഒന്നേകാല്‍ നൂറ്റാണ്ട് നീണ്ടുനിന്ന കേസ് പല വഴിത്തിരിവുകളിലൂടെ, പല സംഭവവികാസങ്ങളിലൂടെ കടന്നുപോയി. ഇതേചൂഴ്ന്ന് ഇടയ്ക്കിടയ്ക്കുണ്ടായ വര്‍ഗീയകലാപങ്ങളില്‍, വര്‍ഗീയ ആക്രമണങ്ങളില്‍ നൂറുകണക്കിനാളുകള്‍ കുരുതികഴിക്കപ്പെട്ടു. 1992 ഡിസംബര്‍ ആറിനാകട്ടെ, സംഘപരിവാര്‍ ശക്തികള്‍ ബാബറി മസ്ജിദുതന്നെ തകര്‍ത്തുകളഞ്ഞു. ആദ്യമൊക്കെ പല കേസുകളില്‍ ഒന്ന് എന്ന നിലയ്ക്കുള്ള പരിമിതമായ പ്രാധാന്യമേ ഇതിനുണ്ടായിരുന്നുള്ളൂ. 1982ല്‍ വിശ്വഹിന്ദുപരിഷത്ത് രാമക്ഷേത്ര നിര്‍മാണപ്രസ്ഥാനമാരംഭിക്കുകയും 1989ല്‍ പാലമ്പൂര്‍ സമ്മേളനത്തില്‍ അംഗീകരിച്ച പ്രമേയത്തിലൂടെ ബിജെപി ഇത് ഏറ്റെടുക്കുകയും ചെയ്തതോടെ ഈ കേസ് രാഷ്ട്രീയക്കളത്തിലെ വിലപ്പെട്ട കരുവായി മാറുകയായിരുന്നു. ഏറെക്കാലമായി പൂട്ടിക്കിടന്നിരുന്ന ബാബറിമസ്ജിദ്, അതിന്റെ ഒരുഭാഗത്ത് ഹിന്ദുക്കള്‍ക്ക് ആരാധന നടത്താനായി 1986 ഫെബ്രുവരി ഒന്നിന് പ്രധാനമന്ത്രി രാജീവ്ഗാന്ധിയും രാജ്യരക്ഷാമന്ത്രി അരു നെഹ്റുവുമാണ് തുറന്നുകൊടുത്തത്. പിന്നീട് അവിടെ ക്ഷേത്രം പണിയാനുള്ള തറക്കല്ലിടാനുള്ള ശിലാന്യാസ് അനുവദിച്ചു. പിന്നീട് ക്ഷേത്രമണ്ഡപം പണിയാനുള്ള കര്‍സേവയ്ക്കും രാജീവ്ഗാന്ധി സൌകര്യം ചെയ്തുകൊടുത്തു. ഇതെല്ലാം തങ്ങളുടെ വിജയമായും ക്ഷേത്രം നിര്‍മിക്കാനുള്ള അവകാശമായുമാണ് സംഘപരിവാര്‍ എടുത്തത്. 1989ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെ നിഷ്പ്രഭമാക്കി ഹിന്ദുത്വവികാരമുണര്‍ത്തി ജയിക്കാനുള്ള കരുനീക്കമായിരുന്നു രാജീവ്ഗാന്ധിക്ക് ഇതൊക്കെ. പിന്നീട് ഇന്ത്യ കണ്ടത് ഹിന്ദുത്വവികാരത്തിനുവേണ്ടി കോഗ്രസും ബിജെപിയും തമ്മില്‍ മത്സരിക്കുന്നതാണ്. ബിജെപി നേതാവ് എല്‍ കെ അദ്വാനിയുടെ രഥയാത്ര, അതിനെ വിശ്വനാഥ് പ്രതാപ്സിങ്ങിന്റെ നിര്‍ദേശപ്രകാരം ബിഹാറില്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ ഗവമെന്റ് തടഞ്ഞ നടപടി. അതില്‍ പ്രതിഷേധിച്ച് ബിജെപിക്കൊപ്പം വോട്ടുചെയ്ത് ദേശീയമുന്നണി മന്ത്രിസഭയെ കോഗ്രസ് തകര്‍ത്തത് തുടങ്ങിയവയൊക്കെ ചരിത്രമാണെങ്കിലും ഇന്ത്യ മറന്ന കാര്യങ്ങളല്ല. ഇതിനിടയിലെല്ലാം ഫെയ്സാബാദ് കോടതിയില്‍ കേസ് തുടര്‍ന്നു. അഖിലേന്ത്യാ ബാബറി മസ്ജിദ് സമരസമിതി ഒരുവശത്തും വിശ്വഹിന്ദുപരിഷത്ത് മറുവശത്തുംനിന്ന് കേസുനടത്തി. നടപടിക്രമങ്ങളുടേതായ പല ഘട്ടങ്ങളും കടന്നാണ് കേസ് ഇപ്പോള്‍ അലഹബാദ് ഹൈക്കോടതിയുടെ വിധിതീര്‍പ്പിനായെത്തിയത്. പ്രധാനപ്പെട്ട ഒരുപാടു കാര്യങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കേണ്ടതുണ്ട് കോടതിക്ക്. മുമ്പ് ക്ഷേത്രം നിന്നിരുന്നിടത്ത്, അത് തകര്‍ത്തിട്ടാണോ മസ്ജിദ് നിര്‍മിച്ചത് എന്നതടക്കമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തും വിധിതീര്‍പ്പ് എന്നാണ് കരുതുന്നത്. കോടതി മറുപടിപറയാന്‍ പോവുന്ന കാര്യങ്ങളൊക്കെത്തന്നെ മതവികാരവുമായി എളുപ്പം ബന്ധിപ്പിക്കാവുന്നവയാണെന്നും അതിനുള്ള ശ്രമമുണ്ടാവുമെന്നുമുള്ള ആശങ്കയുടെ അടിസ്ഥാനത്തിലാണ് രാജ്യം ഈ ഘട്ടത്തില്‍ ശ്രദ്ധേയമായ നിലയില്‍ ജാഗ്രതപാലിക്കുന്നത്. തല്‍പ്പരകക്ഷികള്‍ മുതലെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ ഓരോ മനസ്സിലും ജാഗ്രതയുണ്ടാവേണ്ട ഘട്ടമാണിത്. ഇന്ത്യന്‍ ജനതയുടെ ഒരുമ എന്ന വികാരംകൊണ്ട് വിഭാഗീയവും വര്‍ഗീയവുമായ വികാരങ്ങളെ നിയന്ത്രിക്കേണ്ട ഘട്ടം. വിവേകമുള്ള ഒരു ജനത ആ നിലയ്ക്ക് ഉയര്‍ന്നുചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. ജനങ്ങളുടെ ഐക്യത്തില്‍ ഭിന്നതയുണ്ടാക്കാനുള്ള ഏത് വര്‍ഗീയശ്രമവും രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമാവുമെന്ന തിരിച്ചറിവോടെ എതിര്‍ത്തുതോല്‍പ്പിക്കേണ്ടതുണ്ട്. അതിനായുള്ള ഐക്യത്തിന്റെയും സംയമനത്തിന്റെയും സന്ദര്‍ഭമാവട്ടെ ഇത്.

അവസാനവിധിക്കായി കാത്തിരിക്കാം പി രാജീവ്

ദേശാഭിമാനി

അയോധ്യയില്‍ 1528ല്‍ ബാബറുടെ ഗവര്‍ണര്‍ ബിര്‍മാക്വി നിര്‍മിച്ച ബാബറി മസ്ജിദുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നീണ്ട കാത്തിരിപ്പിനുശേഷം അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ചിന്റെ വിധി വന്നിരിക്കുന്നു. ആറ് പതിറ്റാണ്ട് നീണ്ട ഉടമസ്ഥതര്‍ക്കത്തിനാണ് ഇന്നലെ (വ്യാഴാഴ്ച) കോടതി വിധി പ്രഖ്യാപിച്ചത്. 8000 പേജിലധികം വരുന്ന വിധി പൂര്‍ണമായും വിലയിരുത്തിയാല്‍മാത്രമേ എങ്ങനെയാണ് കോടതി നിഗമനങ്ങളിലേക്ക് എത്തിയതെന്ന് മനസിലാക്കാന്‍ കഴിയുകയുള്ളു. 1950ലാണ് സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ഇതുസംബന്ധിച്ച കേസ് കോടതിയുടെ മുമ്പിലേക്ക് എത്തുന്നത്. അതിനുശേഷം നാലു കേസ് കൂടി ഫയല്‍ ചെയ്യപ്പെട്ടു. പരമഹംസചന്ദ്രദാസ് കൊടുത്ത കേസ് പിന്‍വലിച്ചു. അവശേഷിച്ച നാലു കേസ് അഡ്വക്കറ്റ് ജനറലിന്റെ അഭ്യര്‍ഥനപ്രകാരം ഒന്നിച്ച് പരിഗണിക്കുന്നതിന് ഹൈക്കോടതി പ്രത്യേകബെഞ്ച് രൂപീകരിച്ചു. 94 സാക്ഷികളാണ് വിസ്തരിക്കപ്പെട്ടത്. 58 പേരെ ഹിന്ദുസംഘടനകള്‍ ഹാജരാക്കിയപ്പോള്‍ 36 പേരെ മുസ്ളിം സംഘടനകളും ഹാജരാക്കി. ഇവര്‍ കോടതിയില്‍ നല്‍കിയ മൊഴികള്‍തന്നെ 13000ല്‍ അധികം പേജ് വരും. ഇതെല്ലാം പരിഗണിച്ചാണ് നീണ്ട കാത്തിരിപ്പിനുശേഷം കോടതി വിധി പറഞ്ഞത്. തര്‍ക്കം നിലനിന്നിരുന്ന പ്രദേശം മൂന്നായി പകുത്ത് നല്‍കുന്ന വിധിയാണ് ചുരുക്കത്തില്‍ കോടതി നടത്തിയിട്ടുള്ളത്. എന്നാല്‍, അതിനപ്പുറത്തേക്കുള്ള നിഗമനങ്ങളും കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത് വേറിട്ട് കാണേണ്ടതാണ്. 1885ല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ ഇത് സംബന്ധിച്ച് ആദ്യവ്യവഹാരം വന്നപ്പോള്‍ ഉടമസ്ഥാവകാശത്തിന്റെയും രാമാരാധനയുടെയും പ്രശ്നം ഉന്നയിക്കുകയുണ്ടായി. അന്ന് ഫൈസാബാദ് കോടതി സ്വീകരിച്ച രീതി മറ്റൊന്നായിരുന്നു. രാമജന്മസ്ഥലത്ത് ആരാധനയ്ക്ക് സ്വാതന്ത്യ്രം നല്‍കണമെന്ന ആദ്യപരാതിയിലെ ന്യായം അംഗീകരിച്ചെങ്കിലും ആരാധനയ്ക്ക് അനുമതി നല്‍കാന്‍ ജഡ്ജി തയ്യാറായില്ല. 1886ല്‍ ഇതുസംബന്ധിച്ച് അപ്പീലില്‍ ഇതേ നിലപാട് ആവര്‍ത്തിക്കുകയാണ് ജില്ലാജഡ്ജിയും ചെയ്തത്. 356 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച ബാബറിപള്ളിയില്‍ ആരാധന വേണമെന്ന ആവശ്യത്തില്‍ ഹര്‍ജിക്കാരന് ആശ്വാസം നല്‍കാന്‍ കഴിയില്ലെന്ന് കോടതി അന്ന് ഉറപ്പിച്ചുപറഞ്ഞു. അന്ന് കോടതിക്ക് ആശ്വാസം നല്‍കാന്‍ കഴിയാതിരുന്നതിനുള്ള കാരണം 1992ല്‍ സംഘപരിവാര്‍ ഇല്ലതാക്കിയിരുന്നു. ബാബറിപ്പള്ളി തകര്‍ത്തതോടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആരാധനാലയത്തെ സംബന്ധിച്ച് പുതിയ തര്‍ക്കത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന സാമാന്യയുക്തിയുടെ അടിത്തറയാണ് തകര്‍ക്കപ്പെട്ടത്. അതിനുശേഷം 1993ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേകനിയമത്തിലൂടെ ബാബറിപ്പള്ളി നിന്നിരുന്ന സ്ഥലവും തര്‍ക്കമുള്ള മറ്റിടങ്ങളും ഏറ്റെടുത്തു. ഇപ്പോള്‍ സാങ്കേതികമായി വാദിക്കുന്നവരുടെ മുമ്പില്‍ അവിടെയൊരു പള്ളി നിലനില്‍ക്കുന്നില്ല. പള്ളി തകര്‍ക്കപ്പെട്ട സ്ഥലത്ത് മതേതരത്വത്തിന്റെ പ്രതീകമായ പൊതുസ്മാരകം നിര്‍മിക്കണമെന്ന ആവശ്യവും ഇടക്കാലത്ത് ഉയരുകയുണ്ടായി. ദൈവങ്ങളുടെ കുത്തകാവകാശം സംഘടനകള്‍ക്ക് വിട്ടുകൊടുക്കണമോ എന്ന ചോദ്യവും മാധ്യമങ്ങളിലൂടെ ഉയര്‍ന്നതാണ്. ഇത്തരം അഭിപ്രായങ്ങള്‍ വിചാരണവേളയില്‍ ഉയര്‍ന്നിരുന്നോ എന്ന കാര്യവും വ്യക്തമല്ല. കേന്ദ്രസര്‍ക്കാര്‍ കക്ഷിയാകാത്തിടത്തോളം കാലം മറ്റു പ്രശ്നങ്ങള്‍ ഉയരാന്‍ സാധ്യത കുറവാണ്. ചില സന്ദര്‍ഭങ്ങളില്‍ നീതിപീഠത്തിന്റെ ഇടപെടലുകളും അയോധ്യയില്‍ തര്‍ക്കവിഷയമായിട്ടുണ്ട്. 1949ല്‍ ബാബറി പള്ളിവളപ്പില്‍ രാമവിഗ്രഹങ്ങള്‍ കൊണ്ടു സ്ഥാപിച്ചപ്പോള്‍ അതെടുത്തുമാറ്റാന്‍ അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു ആവശ്യപ്പെട്ടിട്ടുപോലും ജില്ലാ മജിസ്ട്രേട്ടായിരുന്ന കെ കെ നായര്‍ തയ്യാറായില്ല. പിന്നീട് സിവില്‍സര്‍വീസ് ഉപേക്ഷിച്ച അദ്ദേഹവും യുപിക്കാരിയായ അദ്ദേഹത്തിന്റെ ഭാര്യയും ജനസംഘത്തിന്റെ ബാനറില്‍ പാര്‍ലമെന്റ് അംഗമായതിനും രാജ്യം സാക്ഷ്യം വഹിച്ചു. പിന്നീട് 1986 ഫെബ്രുവരി ഒന്നിന് അന്നത്തെ ജില്ലാ ജഡ്്ജി രാംലല്ല ആരാധനയ്ക്കായി തുറന്നുകൊടുക്കാന്‍ ഉത്തരവിട്ടു. ഈ കോടതിവിധികള്‍ ബാബറിപ്പള്ളി തകര്‍ക്കുന്നതിനു ശ്രമിച്ച ശക്തികള്‍ക്ക് ആയുധമായി മാറിയെന്ന് പിന്നീട് ചരിത്രം വിലയിരുത്തി. രാമക്ഷേത്രമുദ്രാവാക്യം ശക്തമാക്കുന്നതിന് പ്രക്ഷോഭത്തിന് തുടക്കമിട്ട ബിജെപിക്ക് അന്നത്തെ വിധി പുതിയ ഉണര്‍വ് നല്‍കി. 1989ല്‍ തര്‍ക്ക പ്രദേശത്തിന്റെ ഒരു ഭാഗത്ത് ശിലാന്യാസത്തിന് അനുമതി നല്‍കുകയും അതിനു സാക്ഷ്യം വഹിക്കാന്‍ ആഭ്യന്തരമന്ത്രി ബൂട്ടാസിങ്ങിനെത്തന്നെ അയക്കുകയുംചെയ്ത അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും രാഷ്ട്രീയനേട്ടത്തിനായി ആ കോടതിവിധികൂടി സൃഷ്ടിച്ച സാഹചര്യം ഉപയോഗിച്ചു. കോടതിവിധി സംബന്ധിച്ച് ഒരോരുത്തര്‍ക്കും വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍, വിധിയെ മാനിക്കുകതന്നെയാണ് ഇന്നത്തെ ഇന്ത്യയില്‍ ഏറ്റവും പ്രധാനം. മതവികാരം കെട്ടഴിച്ചുവിട്ട് താല്‍ക്കാലികവും സങ്കുചിതവുമായ ലക്ഷ്യങ്ങള്‍ നേടുന്നതിന് പല ശക്തികളും ശ്രമിച്ചുകൊണ്ടിരിക്കുന്ന രാജ്യത്താണ് നമ്മള്‍ ഇന്നു ജീവിക്കുന്നത്. ഇന്ത്യയുടെ നീതിന്യായവ്യവസ്ഥയില്‍ ഉന്നതനീതിപീഠത്തിന്റെ വിധി വരുന്നതുവരെ ഒന്നും അവസാനവാക്കല്ല. കോടതിക്ക് പുറത്തുള്ള സമവായശ്രമങ്ങള്‍ പരാജയപ്പെട്ടതിന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഇനി കോടതി തീരുമാനിക്കട്ടെയെന്ന പൊതുഅഭിപ്രായം വന്നത്. വിധിവരുന്നതിനു തൊട്ടുമുമ്പുണ്ടായ അനിശ്ചിതത്വത്തിന്റെ നാളുകളില്‍ പ്രധാനകക്ഷികള്‍തന്നെ വിധി വൈകിക്കേണ്ടതില്ലെന്ന പൊതുനിലപാട് സ്വീകരിച്ചു. സുപ്രീംകോടതിയില്‍ ഇതേ നിലപാട് തന്നെയാണ് പരോക്ഷമായി കേന്ദ്രസര്‍ക്കാരും സ്വീകരിച്ചത്. എല്ലാ പ്രധാനരാഷ്ട്രീയപാര്‍ടികളും ഇതുതന്നെയാണ് പറഞ്ഞതും. എന്നാല്‍, വിധിയില്‍ വിയോജിപ്പുള്ളവര്‍ക്കായി സുപ്രീംകോടതിയുടെ വാതിലുകള്‍ തുറന്നുകിടക്കുന്നുണ്ട്. തെരുവില്‍ കിടന്നുള്ള ഏറ്റുമുട്ടലുകള്‍ക്ക് വിധിയെ മാറ്റിമറിക്കാനാവില്ല. ഹൈക്കോടതിയുടെ ഫുള്‍ബെഞ്ചിന്റെ വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനും ആ വിധിയില്‍ വ്യത്യസ്തതയുണ്ടെങ്കില്‍ പിന്നീട് റിവ്യൂഹര്‍ജി നല്‍കുന്നതിനും നീതിന്യായവ്യവസ്ഥയില്‍ അവസരങ്ങളുണ്ട്. യുപി സുന്നി വഖഫ്ബോര്‍ഡ് അപ്പീല്‍പോകുമെന്നാണ് പറഞ്ഞിരിക്കുന്നത്. മൂന്നുമാസം തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി വിധിയില്‍ പറഞ്ഞതും ഇതെല്ലാം മുമ്പില്‍ കണ്ടുകൊണ്ടായിരിക്കണം. അതുവരെ പരസ്യവിവാദങ്ങളും തര്‍ക്കങ്ങളും ഒഴിവാക്കുന്നതാണ് ഭംഗി. ജനതയുടെ ഐക്യത്തെ തകര്‍ക്കാനാണ് എക്കാലത്തും ബാബറിപ്പള്ളി തര്‍ക്കം ഉപയോഗിച്ചിരുന്നതെന്ന ചരിത്രത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. ഒന്നാം സ്വാതന്ത്യ്രസമരത്തിന് കണ്ട അസാധാരണമായ ഹിന്ദു-മുസ്ളിം ഐക്യം കണ്ട് പരിഭ്രാന്തി പൂണ്ട ബ്രിട്ടീഷ് സാമ്രാജ്യത്വമാണ് ബാബറിപ്പള്ളിയെ തര്‍ക്കപ്രശ്നമായി വിഭജിച്ച് ഭരിക്കുന്നതിന്റെ വിത്തുപാകിയത്. ഫൈസാബാദില്‍ ബ്രിട്ടീഷ് വിരുദ്ധപോരാട്ടത്തിനു നേതൃത്വം നല്‍കിയ മൌലവി അഹമ്മദുള്ളയെയും മഹന്ത് രാംചര ദാസിനെയും ഒരേ ആല്‍മരത്തില്‍ തൂക്കിക്കൊന്ന ബ്രിട്ടീഷുകാര്‍ക്ക് അതുകൊണ്ടു മാത്രം ആധിപത്യം തുടര്‍ച്ചയില്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്ന് അറിയാമായിരുന്നു. അവര്‍ പിന്നീട് പാകിയ വൈരത്തിന്റെ വിത്താണ് നൂറ്റാണ്ടുകളിലൂടെ വന്‍വിഷമരമായി മാറിയത്. പുതിയ സാമ്രാജ്യത്വത്തിന്റെ നയങ്ങള്‍ക്ക് തുടക്കമിട്ട 1991നു തൊട്ടുപിറ്റേ വര്‍ഷം ബാബറിപ്പള്ളി തകര്‍ത്തതിലൂടെ കലാപവഴികള്‍ തുറന്നിട്ട് ആഗോളവല്‍ക്കരണവിരുദ്ധ സമരനിരയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചതും സമകാലിക ചരിത്രം. ഇപ്പോഴത്തെ കോടതിവിധിയെ വികാരങ്ങളുടെ ഉറഞ്ഞുതുള്ളലിലേക്ക് നയിക്കാതെ സംയമനത്തിന്റെ ഉദാത്ത മാതൃകയാകാന്‍ സമൂഹത്തിനു കഴിയേണ്ടതുണ്ട്. അവസാനവിധിക്കായുള്ള മതനിരപേക്ഷ ഇന്ത്യയുടെ കാത്തിരിപ്പ് സമാധാനത്തിന്റെ വഴികളിലൂടെയാകട്ടെ.


വിധി ഉയര്‍ത്തുന്നത് ചോദ്യങ്ങള്‍ വി ബി പരമേശ്വരന്‍

ദേശാഭിമാനി

അറുപതു വര്‍ഷം കാത്തിരുന്ന അയോധ്യകേസില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ച് നടത്തിയ വിധിപ്രഖ്യാപനം വ്യക്തമായ ഉത്തരത്തിനുപകരം പുതിയ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. ബാബറി മസ്ജിദ് നിലനിന്ന 2.77 ഏക്കര്‍ സ്ഥലം മൂന്നുവിഭാഗങ്ങള്‍ക്ക് വീതിച്ച് നല്‍കി പ്രശ്നത്തിന് പരിഹാരം കാണാനുള്ള ശ്രമമാണ് കോടതി നടത്തിയിട്ടുള്ളത്. ഇതനുസരിച്ച് 1949ല്‍ ഹിന്ദുസന്യാസിമാരുടെ നേതൃത്വത്തിലുള്ള അറുപതോളം പേര്‍ രാത്രിയുടെ മറവില്‍ ബാബറി മസ്ജിദിനുള്ളില്‍ സ്ഥാപിച്ച രാമവിഗ്രഹവും അതിനു ചുറ്റുമുള്ള സ്ഥലവും ഹിന്ദു മഹാസഭയ്ക്ക് നല്‍കാനാണ് തീരുമാനം. 1950ല്‍ ആദ്യം പരാതി സമര്‍പ്പിച്ച ഗോപാല്‍ വിശാരദാണ് ഹിന്ദു മഹാസഭയെ പ്രതിനിധാനംചെയ്ത് ഫൈസാബാദ് കോടതിയില്‍ കേസ് നല്‍കിയിരുന്നത്. യഥാര്‍ഥത്തില്‍ വിശാരദ് ആവശ്യപ്പെട്ടിരുന്നത് രണ്ടു കാര്യമായിരുന്നു. രാമപൂജ നടത്താനുള്ള അവകാശം ലഭിക്കണം, അതോടൊപ്പം രാമവിഗ്രഹം എടുത്തുമാറ്റാന്‍ ആരെയും അനുവദിക്കുകയുമരുത്. ഈ രണ്ട് ആവശ്യത്തിനും പുറമെ രാമവിഗ്രഹം സ്ഥാപിക്കപ്പെട്ട പ്രദേശംതന്നെ അവര്‍ക്ക് നല്‍കാനാണ് കോടതി തീരുമാനിച്ചിട്ടുള്ളത്. പരാതിക്കാര്‍ ആവശ്യപ്പെടാത്ത കാര്യം നല്‍കുകയാണ് കോടതി ചെയ്തിട്ടുള്ളത്. മൂന്നിലൊന്നു ഭൂമി വിട്ടുകിട്ടുന്ന മറ്റൊരു കക്ഷി നിര്‍മോഹി അഖാഡയാണ്. 1959ലാണ് നിര്‍മോഹി അഖാഡ ഫൈസാബാദ് കോടതിയില്‍ പരാതി നല്‍കിയത്. ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്തിന്റെ ഭരണാവകാശം സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച റിസീവറില്‍നിന്ന് തങ്ങള്‍ക്ക് ലഭിക്കണമെന്നായിരുന്നു നിര്‍മോഹി അഖാഡയുടെ ആവശ്യം. എന്നാല്‍, ആവശ്യം പരിഗണിച്ചില്ലെങ്കിലും മൂന്നിലൊന്നു ഭൂമി നല്‍കാന്‍ കോടതി തയ്യാറായി. ബാബറി മസ്ജിദിനോട് ചേര്‍ന്നുനിന്നിരുന്ന സീത റസോയി, ബ്രിട്ടീഷുകാരുടെ കാലത്ത് ശ്രീരാമ ആരാധനയ്ക്കായി നല്‍കിയ വേദിയായ രാം ചബൂത്ര എന്നിവ ഉള്‍പ്പെടുന്ന പ്രദേശങ്ങളാണ് നിര്‍മോഹി അഖാഡയ്ക്ക് നല്‍കിയിട്ടുള്ളത്. ബാക്കിയുള്ള മൂന്നിലൊന്നു ഭൂമി സുന്നി വഖഫ് ബോര്‍ഡിനാണ് കോടതി നല്‍കിയത്. യഥാര്‍ഥത്തില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സുന്നി വഖഫ് ബോര്‍ഡിനായിരുന്നു. 1940ല്‍ ഷിയ-സുന്നി തര്‍ക്കമുണ്ടാവുകയും കേസ് കോടതിയിലെത്തുകയും ചെയ്തപ്പോള്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കോടതി നല്‍കിയത് സുന്നി വഖഫ് ബോര്‍ഡിനായിരുന്നു. അതിനുശേഷമാണ് രാമവിഗ്രഹം സ്ഥാപിക്കപ്പെട്ടതും വിശാരദും രാമചന്ദ്ര പരമഹംസും നിര്‍മോഹി അഖാഡയും മറ്റും കോടതിയില്‍ കേസ് ഫയല്‍ചെയ്തതും. ഈ കക്ഷികളുടെ ഉടമസ്ഥാവകാശം അനുവദിക്കരുതെന്നും തങ്ങളുടെ ഉടമസ്ഥാവകാശം നിലനിര്‍ത്തണമെന്നുമായിരുന്നു സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യം. എന്നാല്‍, അവരുടെ കൈവശമുണ്ടായിരുന്ന ഭൂമി മൂന്നു വിഭാഗങ്ങള്‍ക്കായി വീതിച്ചുനല്‍കുന്ന സ്ഥിതിയാണ് കോടതിവിധിയിലൂടെ ഉണ്ടായിട്ടുള്ളത്. അതായത്, 2.77 ഏക്കര്‍ ഭൂമിയുടെ മൂന്നില്‍ രണ്ട് ഭാഗം ഹിന്ദു സംഘടനകള്‍ക്ക് ലഭിച്ചു. 1885ലും 1886ലും ഉടമസ്ഥാവകാശം സംബന്ധിച്ച കോടതിവിധി മുസ്ളിങ്ങള്‍ക്ക് അനുകൂലമായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ വിധി തിരിച്ചായി. 1940ല്‍ ലാഹോറിലെ ഷഹീദ്ഗഞ്ച് പള്ളി സംബന്ധിച്ച് ബ്രിട്ടീഷ് പ്രിവി കൌസിലിനുമുമ്പില്‍ ഇതിനുസമാനമായ ഒരു പരാതി ലഭിച്ചിരുന്നു. എട്ടുവര്‍ഷംമുമ്പ് സിഖുകാര്‍ കൈയടക്കിയ പള്ളിയുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു മുസ്ളിങ്ങള്‍ പ്രിവി കൌസിലില്‍ എത്തിയത്. എന്നാല്‍, നിലവിലുള്ള യാഥാര്‍ഥ്യം അത് സിഖ് ഗുരുദ്വാരയാണെന്നുപറഞ്ഞ് മുസ്ളിങ്ങളുടെ കേസ് തള്ളുകയായിരുന്നു പ്രിവി കൌസില്‍ ചെയ്തത്. ബാബറി മസ്ജിദ് നിലനിന്നിരുന്നെന്നും അത് ഹിന്ദു തീവ്രവാദികള്‍ തകര്‍ത്തതാണെന്നമുള്ള യാഥാര്‍ഥ്യമാണ് ഇവിടെ കോടതി കാണാതെ പോയത്. മാത്രമല്ല, സുന്നി വഖഫ് ബോര്‍ഡ് നല്‍കിയ കേസ് തള്ളുകയുംചെയ്തു. കേസ് നല്‍കാന്‍ വൈകിപ്പോയി എന്ന കാരണം പറഞ്ഞാണ് കേസ് തള്ളിയത്. സ്വത്ത് വീതംവയ്പിലൂടെ മറ്റൊരു വിഭജനം സൃഷ്ടിക്കാനുള്ള വിത്ത് പാകപ്പെടുമോ എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. നിയമത്തിന്റെ കണ്ണിലൂടെ ഉടമസ്ഥാവകാശം നിശ്ചയിക്കുന്നതിനുപകരം സമവായത്തിലൂടെ പ്രശ്നപരിഹാരത്തിനുള്ള ശ്രമമാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ച് നടത്തിയിട്ടുള്ളത്. കോടതിവിധിയിലെ മറ്റൊരു പ്രധാന വശം രാമജന്മഭൂമിയില്‍ ക്ഷേത്രമുണ്ടായിരുന്നു എന്ന പ്രസ്താവനയാണ്. അതോടൊപ്പം രാമന്‍ ജനിച്ച ഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കുകയുംചെയ്തു. എന്നാല്‍, ഇതിന് എന്താണ് അടിസ്ഥാനമെന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നുണ്ട്. 2003ല്‍ പുരാവസ്തുവകുപ്പ് നടത്തിയ ഉല്‍ഖനനമാണ് ഇതിന് അടിസ്ഥാനമെന്ന പരാമര്‍ശമാണ് കോടതി നടത്തിയിട്ടുള്ളത്. എന്നാല്‍, ഈ ഉല്‍ഖനനം പല കോണുകളില്‍നിന്നും ചോദ്യംചെയ്യപ്പെട്ടതാണ്. ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെങ്കിലും അത് രാമക്ഷേത്രമാണെന്ന് തെളിയിക്കാനായിട്ടില്ല. ജസ്റിസ് എസ് യു ഖാന്‍ നല്‍കിയ വിധിന്യായത്തില്‍ പറയുന്നത് ബാബറി മസ്ജിദിനുമുമ്പ് അവിടെ ക്ഷേത്രമുണ്ടായിരുന്നെന്നു മാത്രമാണ്. രാമജന്മഭൂമിയുമായി ബന്ധപ്പെട്ട് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഹിന്ദുരാഷ്ട്രവാദികള്‍ കുറെക്കാലമായി ഉയര്‍ത്തുന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങളുമായി സാമ്യമുള്ളതാണെന്നു സംശയമുയരുന്നുണ്ട്.

Friday, July 16, 2010

കാനഡയില്‍നിന്നൊരു ഡയറിക്കുറിപ്പ്‌

ഇത് ഇപ്പോൾ കാനഡയിൽ റിസർച്ച് വിദ്യാർത്ഥിയായ എന്റെ സുഹൃത്ത് സിയാദ് നാലാളെ അറിയിക്കാൻ എനിക്കെഴുതിയയച്ച കുറിപ്പാണ്. സമയവും സൌകര്യവും ലഭിച്ചാൽ അഞ്ചുനേരവും നിസ്കരിക്കുവാൻ ഇഷ്ടപ്പെടുന്ന ഒരു സാധാരണ ഇസ്ലാമത വിശ്വാസിയാണ് കെമിസ്ട്രിയിലും, എനർജി സയൻസിലും ബിരുദാനന്ദര ബിരുദം കഴിഞ്ഞ് ഗവേഷണാർത്ഥം കാനഡയിലെത്തിയ സിയാദ്.

സിയാദ് ഒരെഴുത്തുകാരനൊന്നുമല്ല. രസതന്ത്രവിദ്യാർത്ഥിയായ ഇദ്ദേഹത്തിന് സാഹിത്യഭംഗിയുള്ള വാക്കുകളൊന്നും ഉപയോഗിച്ച് തന്റെ അറിവുകളും അനുഭവങ്ങളെയും അഭിപ്രായങ്ങളും പങ്കുവയ്ക്കാൻ വലിയ പരിചയവുമില്ല. അങ്ങനെയുണ്ടെങ്കിൽതന്നെ ഇപ്പോൾ അതിനു സമയവും കമ്മി. എന്തായാലും സിയാദിന്റെ അഭ്യർത്ഥന അനുസരിച്ച് അദ്ദേഹം അയച്ച കുറിപ്പ് ഇവിടെ പ്രസിദ്ധീകരിക്കുന്നു. എന്റെ നിർബന്ധം മൂല സിയാദിന് സ്വന്തമായൊരു ബ്ലോഗ് ഉടനെയുണ്ടാകും.



കർത്താവിന്റെ തിരുമുന്നിൽനിന്ന് അള്ളാഹുവിനു നമസ്കാരം!

സിയാദ് എഴുതുന്നു......

അതിശയിക്കേണ്ട; അതിന് ഇതൊരു കഥയല്ല . ഒരുമയുണ്ടെങ്കിൽ മുസ്ലിങ്ങള്‍ക്ക് ക്രിസ്ത്യന്‍ പള്ളിയിലും നമസ്കരിക്കാം എന്ന് തെളിയിച്ച ഒരു കനേഡിയൻ അനുഭവം! അതെ ഇത് ഈയുള്ളവന് ഉണ്ടായ ഒരു അനുഭവം ആണ്. ശരിക്കും. ഇ അനുഭവത്തിന് അത്ര വലിയ പ്രാധാന്യം ഒന്നും കൊടുക്കേണ്ട ആവശ്യവും ഇല്ല.പക്ഷെ ലോകത്തിലെ ഏറ്റവും വലിയ മതേതര രാജ്യം എന്നവകാശപ്പെടുന്ന , തമ്മില്‍ കണ്ടാല്‍വാളും ബോംബുമായി പരസ്പരം കൊല്ലാന്‍നടക്കുന്ന പരുവത്തിലേയ്ക്ക് മാറുന്ന- അല്ലെങ്കിൽ മാറ്റാൻ ആരൊക്കെയോ മന:പൂർവ്വം ശ്രമിക്കുന്ന- ഒരു നാട്ടില്‍നിന്നും വന്ന എനിക്ക് ഇതൊരു സംഭവം തന്നെ ആണ്.

ഇനി എന്റെ അനുഭവത്തിലേക്ക് കടക്കാം. ഈയുള്ളവന്‍ ഇപ്പോള്‍ കാനഡയില്‍ ഒരു ഗവേഷക വിദ്യാർത്ഥി ആണ്. ജാതിയും മതവും ഒക്കെ മനുഷ്യന്റെ നന്മക്കാണ് എന്ന് വിശ്വസിക്കുന്ന സാധാരണക്കാരനായ ഒരാളാണ് ഞാൻ. അതു കൊണ്ടുതന്നെ എത്ര തിരക്കായാലും വെള്ളിയാഴ്ച പള്ളിയില്‍പോകാറുണ്ട്. അങ്ങനെ ഈ വെള്ളിയാഴ്ചയും ഞാന്‍ പള്ളിയില്‍പോയി. എന്നാൽ ഈ വെള്ളിയാഴ്ച ഞാൻ നമസ്കരിച്ചത് ഒരു ക്രിസ്ത്യന്‍പള്ളിയിലാണ് എന്ന് പറഞ്ഞാൽ ഒരു പക്ഷെ നിങ്ങള്‍ക്ക് വിശ്വാസമാകില്ലായിരിക്കാം. നിങ്ങൾ ചിരിച്ചേക്കാം. പക്ഷെ ഇത് സംഭവിച്ചതാണ് . ചിരിച്ച് തള്ളേണ്ടതല്ല. ചിരിക്കുന്നതിനെക്കള്‍ വലുതായി ചിന്തിക്കണം നമ്മൾ !

ആ ദിവസം ഞങ്ങളുടെ പള്ളിയിൽ വൈദ്യുതിയും വെള്ളവും ഇല്ലായിരുന്നു. പല രാജ്യക്കാരായ നമ്മൾ മുസ്ലീങ്ങൾക്ക് എല്ലാം നമസ്കരിക്കാന്‍ ബുദ്ധിമുട്ടായി. അപ്പോൾ തൊട്ടപ്പുറത്തുള്ള ക്രിസ്ത്യന്‍ പള്ളിയില്‍ ഉണ്ടായിരുന്ന അച്ഛന്‍ നമുക്ക് തുണയുമായി എത്തി. അച്ചൻ പറഞ്ഞു, നിങ്ങൾ വിഷമിയ്ക്കേണ്ട; നിങ്ങൾക്ക് പ്രശ്നമില്ലെങ്കില്‍ ഇവിടെ നമ്മുടെ ചർച്ചിൽ നമസ്കരിച്ചു കൊള്ളൂ എന്ന്! ഇത് കേട്ട് ഞാൻ അദ്ഭുതപ്പെട്ടു. അവിടെ നമ്മോടൊപ്പം ഉണ്ടായിരുന്ന മറ്റ് രാജ്യക്കാർക്കൊന്നും ഇതിൽ വലിയ അദ്ഭുതം ഒന്നും തോന്നിയില്ലതാനും. നമ്മുടെ നാട്ടിലാണെങ്കിൽ ഇത് നടക്കുമോ? ഇനി അഥവാ ഒരു അന്യമത ആരാധനാലയത്തിൽ കയറി പ്രാർത്ഥിക്കാൻ അനുവദിച്ചാൽ തന്നെ മറ്റു മതസ്ഥർ അതിനു തയ്യാറാകുമോ?

പ്രാർത്ഥന എവിടെവച്ച് നടത്തിയാലും -ഒരു അന്യമത ആരാധനാലയത്തിൽ വച്ചായാൽ പോലും- ദൈവം കേൾക്കും എന്ന് എത്രപേർ അംഗീകരിക്കും? അന്യമതരാഷ്ട്രങ്ങളിൽ ഇരുന്ന് എത്രയോ വ്യത്യസ്ഥ മതക്കാർ അവരുടെ വിശ്വാസമനുസരിച്ചുള്ള പ്രാർത്ഥനകൾ നടത്തുന്നു? അതൊന്നും ദൈവം കേൾക്കില്ലെന്നുണ്ടോ? സൌദിയിലിരുന്ന് പ്രാർത്ഥിക്കുന്ന ഹിന്ദുവിന്റെ പ്രാർത്ഥന ഹിന്ദു ദൈവങ്ങളും , റോമിലിരുന്ന് പ്രാർത്ഥിക്കുന്ന മുസൽമാന്റെ പ്രാർത്ഥന അള്ളാഹുവും, ഹിന്ദുമതം ഔദ്യോഗിക മതമായ നേപ്പാളിൽ ഇരുന്നു പ്രാർത്ഥിക്കുന്ന ക്രിസ്ത്യാനിയുടെ പ്രാർത്ഥന കർത്താവും കേൾക്കില്ലെന്നുണ്ടോ?

ഈ സംഭവം നടക്കുമ്പോൾ എനിക്ക് ഓര്‍മ്മ വന്നത് എന്റെ നാട്ടില്‍ നടന്ന ഒരു പഴയ സംഭവം ആണ്. പണ്ട് എന്റെ നാട്ടില്‍നിന്നും മൂന്ന് സുഹൃത്തുക്കള്‍ ശബരിമലക്കു പോയി. അത് അന്യമതഭക്തികൊണ്ട് പോയതല്ല. കേരളീയന് പാരമ്പര്യമായുള്ള അന്യമത സഹിഷ്ണുതയും, സുഹൃത്തുക്കളുടെ വിശ്വാസങ്ങൾക്കുള്ള പിന്തുണയും സ്നേഹവും കൊണ്ടും സർവ്വോപരി ശബരിമലയുടെ പരിസരമെങ്കിലും ഒന്നു കണ്ടിരിക്കാനുള്ള ആഗ്രഹം കൊണ്ടും ആണ്.

ഒരു മുസ്ലീം മണ്ഡലകാലത്ത് പമ്പാനദിക്കരെ വരെ പോയി വന്നാൽ അവനിലെ ഇസ്ലാമികത നഷ്ടപ്പെടുമോ? ആവോ, എനിക്കങ്ങനെ തോന്നുന്നില്ല.
അവിടെ മുസ്ലിങ്ങളുടെ പ്രധാനി ആയ വാവരും ഹിന്ദുക്കളുടെ പ്രധാനി ആയ അയ്യപ്പനും അടുത്തടുത്താണ് ഇരിക്കുന്നത്. അപ്പോള്‍പിന്നെ അത്തരം പ്രധാനികൾക്കില്ലാത്ത വിവേചനം സാധാരണകാര്‍ക്ക് എന്തിനാ? അത് കൊണ്ട് എന്റെ സുഹൃത്തുക്കളും ശബരിമലക്ക് പോയി. ഇതറിഞ്ഞ ഉടനെ എന്റെ നാടിലെ ചില പ്രമാണിമാരും പണ്ഡിതന്മാരും (എന്നൊക്കെ സ്വയം നടിച്ചു നടക്കുന്ന ചില ആൾക്കാര്‍ എന്ന് പറയുന്നതാണ് നല്ലത്) അവർക്കെതിരെ വാളെടുത്തു. അവസാനം പള്ളിയിൽ എല്ലാവരുടെയും മുമ്പിൽ വച്ച് ആ പാവം സുഹൃത്തുക്കൾ മാപ്പ് പറയേണ്ടി വന്നു.

എത്രയോ മുസ്ലിം- ക്രൈസ്തവ ഡ്രൈവർമാർ വർഷങ്ങളായി ഹൈന്ദവ ഭക്തരെയും കൊണ്ട് ശബരിമല പോയി വരുന്നു.
ഭക്തരെ കൊണ്ടു പോയത് അന്യമതക്കാരായതുകൊണ്ട് അയ്യപ്പൻ അവരുടെ പ്രാർത്ഥന കേൾക്കില്ലെന്നുണ്ടോ? വഴിയിൽ വാവർക്ക് കാണിക്ക നൽകുന്നതിൽ അയ്യപ്പൻ പരിഭവിക്കുമോ? എന്റെ നാട്ടിലുള്ള ആർ.എസ്.എസ്-ന്റെ സജീവ പ്രവർത്തകനായ ഒരു സുഹൃത്ത് എല്ലാ വർഷവും അദ്ദേഹത്തിന്റെ ആത്മമിത്രമായ ഒരു മുസ്ലിം ഡ്രൈവറെയും കൂട്ടിയാണു മലയ്ക്ക് പോകാറുള്ളത്. അവരുടെ കുടുംബങ്ങൾ ഒരുമിച്ച് എത്രയോ പള്ളികളിലും അമ്പലങ്ങളിലും തീർത്ഥയാത്രയ്ക്കു പോകുന്നു.

എന്തായാലും ഞങ്ങൾ കാനഡയിലെ ആ ക്രിസ്ത്യന്‍പള്ളിയിൽ അന്ന് പോയി നമസ്കരിച്ചു. ഇതു സംബന്ധിച്ച് വേണമെങ്കിൽ നമ്മുടെ നാട്ടിലുള്ള മതനേതാക്കൾക്ക് ഇങ്ങനെ പറയാം; കാനഡ അല്ലെ, അവിടെ തുണിയൊന്നും ഇടാത്ത സായിപ്പുമാരും മദാമ്മമാരും ഒക്കെ ഉള്ള സ്ഥലമല്ലേ, അതുകൊണ്ട് അവരുടെ നമസ്കാരവും ശരിയായിരിക്കില്ല എന്ന്! എന്നാൽ കേട്ടുകൊള്ളൂ; ഇവിടെ കനേഡിയൻ മുസ്ലിംസ് വിരലിൽ എണ്ണാവുന്നവർ മാത്രമേയുള്ളൂ. ബാക്കി മിക്കവാറും എല്ലാവരും മുസ്ലിം രാജ്യങ്ങളായ മോറോക്കോ, ഇറാഖ്, ഇറാന്‍ തുടങ്ങിയ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവർ ആണ്. ഇവർ പ്രസംഗം പോലും അറബിലാണ് നടത്തുന്നത്.

ശബരിമലയിൽ അയ്യപ്പനും വാവർക്കും അടുത്തടുത്തിരിക്കാം പക്ഷെ മനുഷ്യരായ നമ്മളൊക്കെ അടുത്തിരിക്കാന്‍പാടില്ല. അങ്ങനെ ഇരുന്നാല്‍പിന്നെ എന്ത് പേര് പറഞ്ഞു തമ്മിലടിക്കും? വര്‍ഗീയ ലഹളകൾ ഉണ്ടായാൽ അല്ലെ നമ്മുടെ നാട്ടിലെ ചിലർക്ക് സുഭിക്ഷമായി ജീവിക്കാൻ പറ്റൂ! അപ്പോൾ ശരിക്കും പറഞ്ഞാല്‍ ദൈവങ്ങൾക്കോ സാധാരണ മനുഷ്യര്‍ക്കോ പ്രശ്നമില്ല; മതനേതാക്കൾക്കാണ് പ്രശ്നം. അപ്പോള്‍ ഇവരൊന്നും മത വിശ്വാസികളല്ല; മറിച്ച് മതത്തിന്റെ പേരിൽ ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്നവർ ആണ്.

നമ്മുടെ
പൂര്‍വികര്‍ മതമുണ്ടാക്കിയത് മനുഷ്യ നന്മ ഉദ്ദേശിച്ചാണ്. പക്ഷെ അത് മനുഷ്യനെ തമ്മിലടിപ്പിച്ചു ലാഭം ഉണ്ടാക്കാനാണ് എന്ന് മനസിലാക്കി തന്നത് നമ്മുടെ വിഷയിനങ്ങളില്പെട്ട ചില മതനേതാക്കളും രാഷ്ട്രീയനേതാക്കളും ആണ്. ഇത്തരം ട്രാപ്പുകളിൽ വീണു പോകുന്നത് പൊതുവേ സാധാരണക്കാരായ പാവങ്ങളാണ്. നല്ലൊരു ശതമാനം പണം ഉള്ളവരും ഇതിനെ ഒന്നും മൈന്‍ഡ് ചെയ്യാറില്ല. വിശ്വാസികളാണെങ്കിലും മതങ്ങൾക്ക് എന്തു സംഭവിക്കുന്നു എന്നത് അവർക്ക് പ്രശ്നവുമല്ല.

ഈയുള്ളവന് ഒന്നേ പറയാനുള്ളൂ; എല്ലാവരും അവരവരുടെ മതങ്ങളെ കുറിച്ച് നന്നായി പഠിക്കുക. അപ്പോള്‍മനസിലാകും എല്ലാ മതവും മനുഷ്യന്റെ നന്മ ആഗ്രഹിച്ചു കൊണ്ട് ഉള്ളതാണെന്ന്; നമ്മള്‍ എല്ലാം ഒന്നാണെന്ന്. അല്ലെങ്കില്‍ ഇതൊന്നും വേണ്ടെന്നുവച്ച് ചുമ്മാതങ്ങ്‌ നടക്കുക. അപ്പോഴും പ്രശ്നം ഒന്നും ഇല്ല. അല്ലാതെ മമ്മിലടിച്ച് തലകീറാനാണെങ്കിൽ എന്തിനു മതങ്ങൾ? മതങ്ങളുടെ മഹിമ മനസിലാകാത്തവർക്ക് വിശ്വസിക്കാനും കൈകാര്യം ചെയ്യാനുള്ള ഒന്നല്ല മതം. മതം എന്നു കേൾക്കുമ്പോൾ തന്നെ മനസിൽ ശാന്തിയുടെയും സമാധാനത്തിന്റെയും ഒരു സുഗന്ധം പരക്കണം. അല്ലാതെ മതം എന്ന് കേൾക്കുമ്പോൾ മനസിൽ നടുക്കമുണ്ടാക്കാൻ ഇടവരുത്തുന്ന പ്രവൃത്തികളിൽ ഒരു മതവിശ്വാസികളും ഇടപെടരുത്.

മതാന്ധത
ബാധിച്ചവരും, മതത്തെ സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി ദുരുപയോഗപ്പെടുത്തുന്നവരും പറയുന്ന കേട്ട് വിശ്വസിക്കാനും പ്രവർത്തിക്കാനും നിന്നാൽ പിന്നെ ഇവിടെ എത്ര സമാധാന സമ്മേളങ്ങൾ കൂടിയാലും അത് വെള്ളത്തില്‍ വരച്ച വര പോലെ ആകും. എല്ലാ മതനേതാക്കളും ഒരുപോലെയാണെന്ന് ഈയുള്ളവൻ കരുതുന്നില്ല. ഒരു ചെറിയ ശതമാനം മാത്രമേ പ്രശ്നക്കാരായുള്ളൂ. നല്ലൊരു ശതമാനും മതനേതാക്കളും, മതപണ്ഡിതന്മാരും സമൂഹത്തിന്റെ നന്മ ആഗ്രഹിക്കുന്നവരാണ്.അവരോടുള്ള ബഹുമാനം മനസ്സില്‍വെച്ച് കൊണ്ട് തന്നെ ഞാൻ തൽക്കാലം ഒരു നിമിത്തമുണ്ടായി എഴുതാനിടയായ ഈ കുറിപ്പ് തൽക്കാലം നിർത്തുന്നു.

Monday, June 28, 2010

പെട്രോള്‍ വില സ്വതന്ത്രമാക്കുമ്പോള്‍


പെട്രോള്‍ വില സ്വതന്ത്രമാക്കുമ്പോള്‍

ഡോ. വി.കെ. വിജയകുമാര്‍

( മാതൃഭൂമി ദിനപ്പത്രം 2010 ജൂണ്‍26)

സര്‍ക്കാറിന്റെ വരുമാനം സബ്‌സിഡി നല്‍കാനായി ചെലവിടുന്നത് ദരിദ്രര്‍ക്കും വിവേചനമനുഭവിക്കുന്ന സ്ത്രീകള്‍ക്കും അവശതയനുഭവിക്കുന്ന മറ്റ് ജനവിഭാഗങ്ങള്‍ക്കും ആശ്വാസം പകരാനായിരിക്കണം; ഇടത്തരക്കാരെയും സമ്പന്നരെയും സുഖിപ്പിക്കാനാവരുത്

''ഒരു സാമ്പത്തിക വിദഗ്ധന്റെ ഒന്നാം നമ്പര്‍ ശത്രു കൈയടിയാണ്. കാരണം, അത് വരുന്നത് സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ധാരണയില്ലാത്തവരില്‍ നിന്നായിരിക്കും'' ആല്‍ഫ്രഡ് മാര്‍ഷല്‍

പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ വിലകള്‍ വര്‍ധിപ്പിക്കണോ എന്നതിനെ സംബന്ധിച്ച് ഹിതപരിശോധന നടത്തിയാല്‍ 99 ശതമാനം പേരും 'വേണ്ട' എന്നായിരിക്കും പറയുക. മഹാഭൂരിപക്ഷവും എതിര്‍ക്കുന്ന കാര്യത്തെ ഭാഗികമായെങ്കിലും അനുകൂലിക്കുന്നത് ജനവിരുദ്ധവും പിന്തിരിപ്പനുമായ സമീപനമായി വിലയിരുത്തപ്പെടാം. എങ്കിലും പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡിയെക്കുറിച്ചും അത് ഉണ്ടാക്കിയേക്കാവുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചും സമ്പദ്ശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ നിന്ന് ചില വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നത് ഉചിതമായിരിക്കും.

ആവശ്യമായ ക്രൂഡ്ഓയിലിന്റെ 75 ശതമാനവും നാം ഇറക്കുമതി ചെയ്യുകയാണ്. ക്രൂഡ് ഓയില്‍ സംസ്‌കരിച്ച് വിമാന ഇന്ധനം, പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ എന്നിവ വിപണിയില്‍ വില്‍ക്കുന്നു. ക്രൂഡ് ഓയിലിന്റെ അന്തര്‍ദേശീയ വില വര്‍ധിക്കുന്നതിനനുസരിച്ച് കമ്പനികള്‍ വില്‍ക്കുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ വിലകള്‍ വര്‍ധിപ്പിക്കാതിരിക്കുമ്പോള്‍ കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടംനികത്താന്‍ സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നു. ഇതിന്റെ ഒരുഭാഗം എണ്ണവാതക ഉത്പാദകരായ ഒ.എന്‍.ജി.സി., ഒ.ഐ.എല്‍., ജി.എ.ഐ.എല്‍. എന്നീ പൊതുമേഖലാ കമ്പനികളും വഹിക്കുന്നു.

പെട്രോളിയം ഉത്പന്നങ്ങളുടെ മേല്‍ കേന്ദ്രസര്‍ക്കാര്‍ എകൈ്‌സസ്ഡ്യൂട്ടി ചുമത്തുന്നുണ്ട്. സംസ്ഥാന സര്‍ക്കാറുകള്‍ വാറ്റ് ചുമത്തുന്നു. കൂടാതെ, ക്രൂഡ്ഓയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ കസ്റ്റംസ് തീരുവയുമുണ്ട്. ഈ നികുതികളില്ലെങ്കില്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലകള്‍ ഗണ്യമായി കുറവായിരിക്കും എന്നത് ശരിയാണ്. പക്ഷേ, നികുതികള്‍ എടുത്തുകളയുകയോ കുറയ്ക്കുകയോ ചെയ്താല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നികുതിവരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാകും. റവന്യൂകമ്മി വര്‍ധിക്കുകയും ചെയ്യും.

ഒരു സ്വകാര്യ ബിസിനസ് സ്ഥാപനം 10 രൂപയ്ക്ക് വാങ്ങുന്ന സാധനം എട്ട് രൂപയ്ക്ക് വിറ്റാല്‍ എന്ത് സംഭവിക്കും? സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ന്യായമായ വിലയില്‍ സാധന, സേവനങ്ങള്‍ ലഭ്യമാക്കുക എന്നത് സര്‍ക്കാറിന്റെ കടമയാണ്. അതിനാല്‍ പല സാധന, സേവനങ്ങള്‍ക്കും സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നു. എന്നാല്‍ ഈ സബ്‌സിഡി ബാധ്യത ഒരു പരിധികഴിഞ്ഞാല്‍ വലിയ ധനക്കമ്മിയും പൊതുകട ബാധ്യതയും ഉണ്ടാക്കും. അപ്പോള്‍, സ്വകാര്യ ബിസിനസ് പാപ്പരാകുന്നതുപോലെ സര്‍ക്കാര്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലകപ്പെടും. ഈ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ രൂക്ഷമായിരിക്കും. ഗ്രീസിലും സ്‌പെയിനിലും ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധിയുടെ മൂലകാരണം സാമ്പത്തിക അച്ചടക്കം പാലിക്കാത്തതാണ്.

200910 ല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന വിലയും പെട്രോളിയം ഉത്പന്നങ്ങള്‍ വില്‍ക്കുന്ന വിലയും തമ്മിലുള്ള അന്തരം മൂലമുണ്ടായ കമ്മി 46,051 കോടി രൂപയായിരുന്നു. അതായത്, കേന്ദ്രസര്‍ക്കാറും പൊതുമേഖലയിലെ എണ്ണ, വാതക ഉത്പാദക കമ്പനികളും ചേര്‍ന്ന് 46,051 കോടി രൂപയുടെ സബ്‌സിഡി ബാധ്യത ഏറ്റെടുത്തു എന്നര്‍ഥം. നാല് ലക്ഷം കോടി രൂപയിലധികം കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാര്‍ കടമെടുപ്പ് നടത്തിയെന്നോര്‍ക്കുക. കടംവാങ്ങി സബ്‌സിഡി നല്‍കുമ്പോള്‍ ഭാവിയിലെ കടബാധ്യത വര്‍ധിക്കുന്നു.

46,051 കോടി രൂപയുടെ കമ്മിയില്‍ 14,257 കോടി രൂപ പാചകവാതകത്തിനും 17,364 കോടി രൂപ മണ്ണെണ്ണയ്ക്കും നല്‍കിയ സബ്‌സിഡിയായിരുന്നു. ബാക്കി ഡീസലിനും പെട്രോളിനും. ഇത്രയും ഭീമമായ കമ്മി നിലനിര്‍ത്തിക്കൊണ്ടുപോകാവുന്നതല്ല. മാത്രമല്ല, ഇതില്‍ പലതും അനാവശ്യവുമാണ്.

പാചക വാതകത്തിന്റെ കാര്യമെടുക്കാം. ഇന്ത്യയില്‍ പാചകവാതകമുപയോഗിക്കുന്നത് 55 ശതമാനം കുടുംബങ്ങളാണ്. ഈ 55 ശതമാനത്തില്‍ ഗണ്യമായ വിഭാഗം ഇടത്തരക്കാരും ഉയര്‍ന്ന ഇടത്തരക്കാരുമാണ്. ബാക്കി സമ്പന്നരും. ഇന്ത്യയിലെ യഥാര്‍ഥ ദരിദ്രര്‍ പാചകത്തിന് വിറകും ചാണക വരളിയും മറ്റുമാണ് ഉപയോഗിക്കുന്നത്. താഴ്ന്ന ഇടത്തരക്കാരും പാചകവാതകം ഉപയോഗിക്കുന്നുണ്ട് എന്ന വസ്തുത അവഗണിക്കുന്നില്ല. പാചക വാതക സബ്‌സിഡിയിനത്തില്‍ ചെലവിടുന്ന 14,000 കോടി രൂപകൊണ്ട് യഥാര്‍ഥ ദരിദ്രര്‍ക്ക് യാതൊരു ഗുണവുമുണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ ഈ ഭീമമായ സബ്‌സിഡി ന്യായീകരിക്കാവുന്നതല്ല.

പെട്രോള്‍ ഉപയോഗിച്ച് കാറോടിക്കുന്നവര്‍ക്ക് സബ്‌സിഡി ലഭിക്കുന്നത് അസംബന്ധമാണ്. ഇരുചക്ര മോട്ടോര്‍ വാഹനങ്ങളോടിക്കുന്നത് അധികവും ഇടത്തരക്കാരാണ്. ഈ വിഭാഗങ്ങളെ പെട്രോള്‍ വില വര്‍ധന ബുദ്ധിമുട്ടിക്കുമെങ്കിലും സബ്‌സിഡിക്ക് നീതീകരണമില്ല. ഡീസല്‍ വില വര്‍ധനയെ എതിര്‍ക്കുന്നതില്‍ സാമ്പത്തിക യുക്തിയുണ്ട്. പൊതുഗതാഗതവും സാധനങ്ങളുടെ കടത്തും ഡീസലിനെ ആശ്രയിക്കുന്നു. ഡീസല്‍ വിലവര്‍ധന ഗതാഗതച്ചെലവ് വര്‍ധിപ്പിക്കുക വഴി വിലക്കയറ്റമുണ്ടാക്കും. അതുകൊണ്ട്, ഉയര്‍ന്ന വിലക്കയറ്റമുള്ള ഇപ്പോഴത്തെ സാഹചര്യത്തില്‍ ഡീസല്‍ വിലവര്‍ധന അഭികാമ്യമല്ല.

കഠിനമായ ദാരിദ്ര്യമനുഭവിക്കുന്നവര്‍ക്ക് നല്‍കുന്ന ഉത്പന്നമായതുകൊണ്ടാണ് മണ്ണെണ്ണയ്ക്കുള്ള സബ്‌സിഡി ന്യായീകരിക്കപ്പെടുന്നത്. ദരിദ്രര്‍ക്ക് മണ്ണെണ്ണ കുറഞ്ഞ വിലയ്ക്ക് നല്‍കുക തന്നെ വേണം. എന്നാല്‍, മണ്ണെണ്ണ സബ്‌സിഡിയുടെ വലിയൊരുഭാഗം ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതാണ് വസ്തുത. എന്‍.സി.എ.ഇ.ആറിന്റെ (നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് എക്കണോമിക് റിസര്‍ച്ച്) ഒരു പഠനത്തില്‍ കണ്ടെത്തിയത് സബ്‌സിഡി നല്‍കുന്ന മണ്ണെണ്ണയുടെ 39 ശതമാനവും കരിഞ്ചന്തയിലേക്ക് പോകുന്നു എന്നാണ്. അതായത്, 6000 കോടി രൂപയിലധികം സബ്‌സിഡി നല്‍കിയ മണ്ണെണ്ണ കരിഞ്ചന്തയിലേക്ക് പോകുന്നു.

മറ്റൊരു വിദഗ്ധ കമ്മിറ്റിയായ ആര്‍.കെ. ചതുര്‍വേദി കമ്മിറ്റിയുടെ കണ്ടെത്തലുകളും ശ്രദ്ധേയമാണ്. വിളക്ക് കത്തിക്കാന്‍ മണ്ണെണ്ണ ഉപയോഗിക്കുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും മൊത്തം മണ്ണെണ്ണ വിതരണത്തിന്റെ 24 ശതമാനവും പോകുന്നത് 100 ശതമാനം വൈദ്യുതീകരിക്കപ്പെട്ട സംസ്ഥാനങ്ങളിലേക്കാണ് എന്ന് ചതുര്‍വേദി കമ്മിറ്റി കണ്ടെത്തി. ഇന്ത്യയില്‍ ഒരു ശതമാനം കുടുംബങ്ങള്‍ മാത്രമേ പാചകത്തിന് മണ്ണെണ്ണ ഉപയോഗിക്കുന്നുള്ളൂ എന്നതും ശ്രദ്ധേയമായ ഒരു കണ്ടെത്തലാണ്.

ഈ വര്‍ഷം ക്രൂഡ് ഓയില്‍ വില ബാരലിന് ശരാശരി 80 ഡോളറായി നില്‍ക്കുകയാണെങ്കില്‍ (രണ്ട് മാസം മുമ്പ് ബാരലിന് 86 ഡോളര്‍വരെ ഉയര്‍ന്ന വില ഇപ്പോള്‍ ഏകദേശം 76 ഡോളറാണ്.) പെട്രോളിയം ഉത്പന്നങ്ങള്‍ക്കുള്ള മൊത്തം സബ്‌സിഡി 98,000 കോടി രൂപയായി വര്‍ധിക്കും. ഇത്രയും ഭീമമായ സബ്‌സിഡി സമ്പദ് വ്യവസ്ഥയ്ക്ക് കാര്യമായ ദോഷം ചെയ്യും. സ്ഥൂലസമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തിന്റെ കാഴ്ചപ്പാടിലും ജനങ്ങളുടെ ദീര്‍ഘകാല ക്ഷേമത്തിന്റെ കാഴ്ചപ്പാടിലും ഇത് അഭിലഷണീയമല്ല.

പെട്രോളിയം സബ്‌സിഡി മൂലമുണ്ടാകുന്ന കമ്മിനികത്താന്‍ മറ്റു വരുമാനമാര്‍ഗങ്ങള്‍ ആരാഞ്ഞുകൂടേ എന്ന് ചോദിക്കുന്നവരുണ്ട്. ഇന്ത്യയിലിപ്പോള്‍ പ്രത്യക്ഷ നികുതികള്‍ ന്യായമായ നിലവാരത്തിലാണ്. പരോക്ഷ നികുതികള്‍ ജി.എസ്.ടി.യിലൂടെ 2011ല്‍ ഏകോപിപ്പിക്കാന്‍ പോകുന്നു. ഇനി, മറ്റ് വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തണം എന്നവാദം തര്‍ക്കത്തിന് അംഗീകരിക്കുകയാണെങ്കില്‍ തന്നെ, അത്തരം വരുമാനങ്ങള്‍ മറ്റ് ജനക്ഷേമ പദ്ധതികള്‍ക്ക് ഉപയോഗിക്കുന്നതായിരിക്കും ഉചിതം. ഉദാഹരണത്തിന്, 201011 ബജറ്റിലെ സ്വാവലംബന്‍ പദ്ധതി. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന അവശയതയനുഭവിക്കുന്ന വിഭാഗങ്ങള്‍ പതിനായിരം രൂപവരെ സമ്പാദ്യം നടത്തുമ്പോള്‍ അവരുടെ അക്കൗണ്ടിലേക്ക് ആയിരം രൂപ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നല്‍കുന്നതാണ് സാധുജനപക്ഷവും കാര്യക്ഷമവുമായ ഈ പദ്ധതി. സര്‍ക്കാറിന്റെ വരുമാനം സബ്‌സിഡി നല്‍കാനായി ചെലവിടുന്നത് ദരിദ്രര്‍ക്കും വിവേചനമനുഭവിക്കുന്ന സ്ത്രീകള്‍ക്കും അവശതയനുഭവിക്കുന്ന മറ്റ് ജനവിഭാഗങ്ങള്‍ക്കും ആശ്വാസം പകരാനായിരിക്കണം; ഇടത്തരക്കാരെയും സമ്പന്നരെയും സുഖിപ്പിക്കാനാവരുത്.

കുറേ കാലമായി അനുഭവിച്ചുവരുന്നൊരു ആനുകൂല്യം (ഒരു സിലിണ്ടര്‍ പാചകവാതകത്തിന് 260 രൂപയോളം സബ്‌സിഡിയുണ്ടെന്ന് പല ഉപഭോക്താക്കള്‍ക്കും അറിയില്ല.) പെട്ടെന്ന് ഇല്ലാതാക്കുന്നത് വ്യാപകമായ പ്രതിഷേധമുണ്ടാക്കും. അതുകൊണ്ട് സബ്‌സിഡി കുറയ്ക്കുന്നത് ഘട്ടം ഘട്ടമായിട്ടുവേണം. കിരീത് പരീഖ് കമ്മിറ്റി നിര്‍ദേശിച്ചിരുന്നത് പാചകവാതകം സിലിണ്ടറിന് 100 രൂപയും മണ്ണെണ്ണ ലിറ്ററിന് ആറ് രൂപയും വര്‍ധിപ്പിക്കാനാണ്.

പെട്രോളിന്റെയും ഡീസലിന്റെയും വിലകള്‍ പൂര്‍ണമായി സ്വതന്ത്രമാക്കാനും കമ്മിറ്റി നിര്‍ദേശിക്കുന്നു. കൂടാതെ, മണ്ണെണ്ണയുടെ പൊതുവിതരണത്തല്‍ 20 ശതമാനം കുറവ് വരുത്താനും നിര്‍ദേശമുണ്ട്. ഇത് രാഷ്ട്രീയമായി സ്വീകാര്യമാകാനിടയില്ല. സാമ്പത്തിക യുക്തിക്കും രാഷ്ട്രീയസ്വീകാര്യതയ്ക്കും നിരക്കുന്നതായിരിക്കണം നടപടികള്‍.

ഇന്നത്തെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എന്തു ചെയ്യണം? ഉയര്‍ന്ന വിലക്കയറ്റമുള്ള സ്ഥിതിക്ക് ഡീസല്‍ വില വര്‍ധിപ്പിക്കുന്നത് അഭികാമ്യമല്ല. അതുകൊണ്ട് ഡീസലിന്റെ എകൈ്‌സസ് തീരുവ കുറച്ച് വിലകള്‍ സ്വതന്ത്രമാക്കിയാല്‍ ഡീസല്‍ വിലവര്‍ധന ഒഴിവാക്കാം. എകൈ്‌സസ് തീരുവയില്‍നിന്ന് ലഭിക്കുന്ന വരുമാനക്കുറവ് ഈ വര്‍ഷം പ്രശ്‌നമാകില്ല. 3 ജി സ്‌പെക്ട്രം, വയര്‍ലെസ് ബ്രോഡ്ബ്രാന്‍ഡ് എന്നിവയുടെ ലേലത്തില്‍ നിന്ന് പ്രതീക്ഷിക്കാത്ത ബംബര്‍ വരുമാനം സര്‍ക്കാറിന് ലഭിച്ചിട്ടുണ്ട്.

പെട്രോള്‍ വിലയില്‍ നേരിയ വര്‍ധന വരുത്താം. പാചകവാതകത്തിന്റെ വില വര്‍ധിപ്പിക്കണം. അര്‍ഹിക്കുന്നവര്‍ക്ക് പാചകവാതകത്തിന് സബ്‌സിഡി നല്‍കണമെങ്കില്‍ ഇരട്ടവില സമ്പ്രദായം നടപ്പാക്കണം. കാര്യക്ഷമമായി ഇത് ചെയ്യണമെങ്കില്‍ നന്ദന്‍ നിലേക്കനിയുടെ നേതൃത്വത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന യു.ഐ.ഡി. പദ്ധതി പൂര്‍ത്തിയാവുന്നതുവരെ കാത്തിരിക്കുന്നതായിരിക്കും ഉചിതം. മണ്ണെണ്ണ സബ്‌സിഡിയും അര്‍ഹിക്കുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണം. വിലക്കയറ്റം നിയന്ത്രണാധീനമായതിനുശേഷം കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കണം.

ഏതായാലും പെട്രോളിനെ സര്‍ക്കാര്‍ വില നിശ്ചയിക്കുന്ന പട്ടികയില്‍ നിന്ന് ഒഴിവാക്കിയും ഡീസലിനും പാചകവാതകത്തിനും മണ്ണെയ്ക്കും വില വര്‍ധിപ്പിച്ചും തീരുമാനമെടുത്തുകഴിഞ്ഞു. കിരീത് പരീഖ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അപ്പാടെ നടപ്പാക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. സാമൂഹിക, രാഷ്ട്രീയ പരിഗണനകള്‍ തന്നെ കാരണം.

പ്രസിദ്ധ സാമ്പത്തിക വിദഗ്ധനും നൊബേല്‍ ജേതാവുമായ ഡഗ്ലസ് നോര്‍ത്ത് വികസിപ്പിച്ച ആശയമാണ് കൗണ്ടര്‍ ഫാക്ചലിസം. ഇതില്‍ ഒരു നടപടിയെ വിലയിരുത്തുന്നത് അതിന്റെ ഫലമായി എന്തുസംഭവിച്ചു എന്നതിന്റെ അടിസ്ഥാനത്തിലല്ല. മറിച്ച്, ആ നടപടി സ്വീകരിച്ചില്ലെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്.

ഉദാഹരണത്തിന്, പ്രമേഹം മൂര്‍ച്ഛിച്ച് കാലിലെ മുറിവ് പഴുത്ത അവസ്ഥയിലുള്ള രോഗിയെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു എന്നു കരുതുക. രോഗിയുടെ കാല് മുറിച്ചുകളഞ്ഞ് ഡോക്ടര്‍മാര്‍ അയാളുടെ ജീവന്‍ രക്ഷിക്കുന്നു. ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ ഫലമായി രോഗിക്ക് കാല് നഷ്ടമായി എന്നുപറയുന്നത് ശരിയാണ്. എന്നാല്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചതുകൊണ്ടും കാല്‍ മുറിച്ചുകളഞ്ഞതുകൊണ്ടും ജീവന്‍ രക്ഷിക്കാനായി എന്നതാണ് വസ്തുത. ഇതാണ് കൗണ്ടര്‍ ഫാക്ചലിസം.

ചില പെട്രോളിയം ഉത്പന്നങ്ങളുടെ വിലകള്‍ വര്‍ധിപ്പിക്കുന്നതുകൊണ്ട് ജനങ്ങള്‍ക്ക് അല്പം ബുദ്ധിമുട്ടുണ്ടാകും. വിലകള്‍ വര്‍ധിപ്പിച്ചില്ലെങ്കില്‍ കമ്മി വര്‍ധിച്ച് പരോക്ഷമായി വിലക്കയറ്റമുണ്ടാകും എന്നതും വസ്തുതയാണ്. ഭീമമായ പെട്രോളിയം സബ്‌സിഡി ഉണ്ടാക്കുന്ന ധനക്കമ്മിയും തല്‍ഫലമായി ഉണ്ടായേക്കാവുന്ന സ്ഥൂലസാമ്പത്തിക പ്രതിസന്ധികളും ഗുരുതരമായിരിക്കും. വലിയ വികസ്വര രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ധനക്കമ്മിയുള്ള രാജ്യമാണ് ഇന്ത്യ എന്ന് ഓര്‍ക്കണം.

ഗ്രീസില്‍ ധനക്കമ്മി കൂടിയപ്പോള്‍ ജനങ്ങളാരും പ്രതിഷേധിച്ചില്ല. കാരണം അതിന്റെ പ്രത്യാഘാതങ്ങള്‍ അവര്‍ക്കറിയില്ലായിരുന്നു. ഇപ്പോള്‍ കടപ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കര്‍ശന നടപടികള്‍ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കല്‍, നികുതി വര്‍ധന നടപ്പാക്കുമ്പോള്‍, സ്വാഭാവികമായും വ്യാപകപ്രതിഷേധമുയരുന്നു. ഈ വൈകിയുണ്ടാകുന്ന പ്രതിഷേധം സംഭവിക്കാതിരിക്കാന്‍ കാലാനുസൃതമായ തീരുമാനമുണ്ടാകണം. കാല്‍ മുറിച്ചുകളയുന്നതിലും നല്ലത് പ്രമേഹം നിയന്ത്രിക്കുന്നതല്ലേ?

Sunday, June 27, 2010

കൂട്ടം ചേരാന്‍ സ്വാതന്ത്യ്രമില്ലേ?


കൂട്ടം ചേരാന്‍ സ്വാതന്ത്യ്രമില്ലേ?

ദേശാഭിമാനി

എലിയെപ്പേടിച്ച് ഇല്ലം ചുടുക എന്ന ചൊല്ലിന്, ചെറിയ ഒരു പ്രത്യേക കാര്യം സാധിക്കാന്‍ ആകപ്പാടെ കുഴപ്പമുണ്ടാക്കുക എന്ന അര്‍ഥമാണ്. പൊതുനിരത്തുകള്‍ക്ക് സമീപം പൊതുയോഗം നടത്തുന്നത് നിരോധിച്ച ഹൈക്കോടതി ഉത്തരവ് അത്തരമൊരു ചൊല്ലിനെ ആവര്‍ത്തിച്ചോര്‍മിപ്പിക്കുന്നു. റോഡരികില്‍ ആളുകള്‍ കൂട്ടംകൂടി ആശയം പങ്കുവയ്ക്കാന്‍ പാടില്ല എന്നാണ് കോടതി പറയുന്നത്. അങ്ങനെ പൊതുയോഗം കൂടിയാല്‍ ഗതാഗത തടസ്സമുണ്ടാകുമെന്നും വാഹനങ്ങള്‍ ചീറിപ്പാഞ്ഞുവന്ന് അപകടമുണ്ടാക്കുമെന്നുമൊക്കെ ഉത്തരവിലുള്ളതായി വാര്‍ത്ത വന്നിരിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് രാഷ്ട്രീയം പാടില്ല, പ്രകടനം നടത്താന്‍ പാടില്ല, സമരം ചെയ്യാന്‍ പാടില്ല എന്നിങ്ങനെയുള്ള ഉത്തരവുകളുടെ ശ്രേണിയിലാണ് ഇതും. ലളിതമായ വാക്കുകളില്‍, ഭരണഘടന പൌരന് നല്‍കുന്ന അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതാണ് ഈ ഇടപെടല്‍.

ആലുവ റെയില്‍വേസ്റേഷന്‍ മൈതാനിയില്‍ പൊതുയോഗം നടത്തുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നു കാണിച്ച് ആലുവയിലെ ഒരാള്‍ നല്‍കിയ പൊതുതാല്‍പ്പര്യഹര്‍ജിയിലാണ് ഇങ്ങനെയൊരു നിര്‍ദേശം ഉണ്ടായത്. റോഡരികില്‍ പൊതുയോഗം നടത്താന്‍ പൊലീസോ റവന്യൂ അധികൃതരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ അനുമതി നല്‍കരുത്; ഇതു ലംഘിച്ചാല്‍ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുക്കണം; പൊതുയോഗം നടത്തുന്നതിന് നിര്‍മിച്ചിട്ടുള്ള മൈതാനങ്ങള്‍ക്ക് ഈ ഉത്തരവ് ബാധകമല്ല എന്നിവയാണ് ഉത്തരവിലെ പ്രധാന കാര്യങ്ങള്‍. ഗതാഗതം തടസ്സപ്പെടുകയും റോഡപകടങ്ങള്‍ വര്‍ധിക്കുകയുംചെയ്യുന്ന സാഹചര്യത്തിലാണിതെന്ന്് കോടതി വിശദീകരിച്ചിട്ടുമുണ്ട്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി ഗതാഗതം മുടക്കിയുള്ള പൊതുപരിപാടികള്‍ താരതമ്യേന കുറഞ്ഞ നാടാണ് കേരളം. രാഷ്ട്രീയ പാര്‍ടികളുടെ പൊതുപരിപാടികള്‍, ആരാധനാലയങ്ങളോടനുബന്ധിച്ച ഉത്സവങ്ങള്‍, പൊതുപങ്കാളിത്തമുള്ള ഓണാഘോഷം, യുവജനോത്സവങ്ങള്‍, അവയുമായി ബന്ധപ്പെട്ട ഘോഷയാത്രകള്‍-ഇവയെല്ലാം നടക്കുമ്പോള്‍ താല്‍ക്കാലികമായെങ്കിലും റോഡ് തടസ്സപ്പെടാറുണ്ട്. അത്തരം ഘട്ടങ്ങളില്‍ ബദല്‍ ക്രമീകരണങ്ങള്‍ ചെയ്യാറുമുണ്ട്.

വിവിഐപി സഞ്ചാരത്തിന് മറ്റെല്ലാ വാഹനങ്ങളും മണിക്കൂറുകളോളം തടഞ്ഞുനിര്‍ത്തുന്നത് കേരളത്തില്‍ വിരളമെങ്കിലും അന്യസംസ്ഥാനങ്ങളില്‍ പതിവാണ്. അങ്ങനെ റോഡ് തടസ്സപ്പെടുന്നതുകൊണ്ട് സുരക്ഷാ പ്രശ്നമുള്ള വിവിഐപികള്‍ സഞ്ചരിക്കുകയേ വേണ്ട എന്ന് തീര്‍പ്പുകല്‍പ്പിക്കാനാകുമോ? പാതയോരത്ത് നില്‍ക്കുന്നത് വാഹനാപകടത്തിന് കാരണമാകുമെന്ന കാരണത്താല്‍ റോഡരികിലുള്ള ബസ്ഷെല്‍ട്ടറുകളും കടകളും പൊളിച്ചുകളയാന്‍ പറ്റുമോ? താരതമ്യേന ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനമാണ് കേരളം. പൊതുസ്ഥലങ്ങള്‍ കുറവും. പൊതുയോഗത്തിനു പറ്റുന്ന മൈതാന സൌകര്യമുള്ള എത്ര പട്ടണങ്ങളുണ്ട് കേരളത്തില്‍? ഇത്തരമൊരു സാഹചര്യത്തില്‍ റോഡരികുകള്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ടികള്‍ക്കും സംഘടനകള്‍ക്കും ജനങ്ങളുമായി സംവദിക്കാനുള്ള വേദിയാകുന്നത് സ്വാഭാവികമാണ്. അത് ഒരു നിയന്ത്രണവുമില്ലാതെ, ഗതാഗതം സ്തംഭിപ്പിച്ചുകൊണ്ട് വേണമെന്ന് ഞങ്ങള്‍ക്ക് അഭിപ്രായമില്ല. എന്നാല്‍, പൊതുയോഗങ്ങള്‍ ചോരാനേ പാടില്ലെന്ന സമീപനം ആര്‍ക്കും അംഗീകരിക്കാനാവുന്നതല്ല. അങ്ങനെ വന്നാല്‍, ജനങ്ങളുടെ പ്രസ്ഥാനങ്ങള്‍ക്ക് ആശയപ്രചാരണത്തിന് മറ്റ് ഏത്ഉപാധിയാണ് സ്വീകരിക്കാനാവുക?

മൂലധനതാല്‍പ്പര്യവും അതിന്റെ രാഷ്ട്രീയവും സംരക്ഷിക്കുന്ന വന്‍കിട ദൃശ്യമാധ്യമങ്ങളുടെ തടവുകാരായി മനുഷ്യന്‍ കഴിഞ്ഞാല്‍ മതിയോ? കൂട്ടിനകത്തുതന്നെ ഇരുന്ന് ചുറ്റും നടക്കുന്നതെല്ലാം അവഗണിച്ചാല്‍ മതിയോ? രാഷ്ട്രീയ പാര്‍ടികളും അവയുടെ പ്രവര്‍ത്തനവും രാജ്യത്തിന്റെ ഭരണഘടനയ്ക്ക് അനുസരിച്ചുള്ളതാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും കൂടുതല്‍ സീറ്റുകിട്ടിയാല്‍ ഭരണത്തിലേറുന്നതും രാഷ്ട്രീയ പാര്‍ടികളാണ്. ആ പാര്‍ടികള്‍ക്ക് തങ്ങളുടെ നയപരിപാടികള്‍ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള സ്വാതന്ത്യ്രമുണ്ട്; അവകാശമുണ്ട്. പൊതുയോഗം ജനങ്ങളുടെ കൂട്ടായ്മയാണ്. ജനാധിപത്യവും ജനങ്ങളുടെ കൂട്ടായ്മയാണ്. അതുകൊണ്ടുതന്നെ റോഡരികിലെ പൊതുയോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതിഉത്തരവ് ജനാധിപത്യത്തിന്റെ നിരാസമാണ്. ഭരണഘടനാദത്തമായ ആശയപ്രകാശന സ്വാതന്ത്യ്രത്തിനും പൌരാവകാശത്തിനാകെയും എതിരാണത്. അതിലുപരി, നിയമനിര്‍മാണ സഭയുടെയും എക്സിക്യൂട്ടീവിന്റെയും അധികാരപരിധിയില്‍ കടന്നുകയറുന്നതുമാണ്.

നിലവിലുള്ള നിയന്ത്രണങ്ങളും നിബന്ധനകളും അനുസരിച്ചുള്ള അനുമതിയാണ് പൊതുയോഗങ്ങള്‍ക്ക് അധികൃതര്‍ നല്‍കുന്നത് എന്നതും ഓര്‍ക്കേണ്ടതുണ്ട്. ദൌര്‍ഭാഗ്യകരമായ ഈ കോടതിയുത്തരവ് അസ്ഥിരപ്പെടുത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ നിയമപരമായ എല്ലാ മാര്‍ഗങ്ങളും തേടേണ്ടതുണ്ട്. റോഡരികിലെ പൊതുയോഗം ആലുവയില്‍ ഗതാഗത തടസ്സമുണ്ടാക്കിയിട്ടുണ്ടെങ്കില്‍, അത് പ്രത്യേക പ്രശ്നമായി കണ്ട് പരിഹാരം തേടുന്നതിനുപകരം നാട്ടിലൊരിടത്തും പാതയോരത്ത് പൊതുയോഗം നടത്താന്‍ പാടില്ല എന്നുവരുന്നത് ഒരര്‍ഥത്തിലും ആശാസ്യമല്ല. അരാഷ്ട്രീയ ആശയങ്ങളുടെ വക്താക്കളെയാണ് ഈ ഉത്തരവ് ഏറെ സന്തോഷിപ്പിക്കുക. അതോടൊപ്പം വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികളെയും. അവര്‍ക്ക് സ്വന്തം ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യധാരാ മാധ്യമങ്ങളുടെ അകമഴിഞ്ഞ സഹായമുണ്ടല്ലോ. സാധാരണക്കാരന്റെ പ്രശ്നങ്ങളും ആശങ്കകളുമാണല്ലോ കവലയില്‍ മൈക്കുകെട്ടി ചര്‍ച്ചചെയ്യുന്നത്. അത് ചര്‍ച്ച ചെയ്തില്ലെങ്കിലും ഒന്നും സംഭവിക്കില്ല എന്ന മനോഭാവം ജനവിരുദ്ധമാണ്.

Wednesday, June 23, 2010

ജമാഅത്തെ ഇസ്ളാമിയും മുസ്ളിം ലീഗും

ജമാഅത്തെ ഇസ്ളാമിയും മുസ്ളിം ലീഗും

ടി കെ ഹംസ

(ദേശാഭിമാനി ലേഖനം)

മതേതരത്വമാണ് തങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നത് എന്ന് മുസ്ളിം ലീഗ് പറയാറുണ്ട്. മുസ്ളിം ന്യൂനപക്ഷത്തിന്റെ ഭൌതിക ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടിയാണ് ലീഗ് നിലകൊള്ളുന്നത് എന്നതാണ് അവരുടെ അവകാശവാദം. മുസ്ളിം സമുദായത്തെ വോട്ടുബാങ്കാക്കി ഉപയോഗപ്പെടുത്തി അധികാരം നേടുക എന്നതാണ് ലീഗിന്റെ പരിപാടി. അധികാരത്തിലെത്താനും അത് നിലനിര്‍ത്താനും വേണ്ടി പലഘട്ടത്തിലും മുസ്ളിം മതവികാരം ഇളക്കിവിട്ടുള്ള ഹീനതന്ത്രങ്ങള്‍ അവര്‍ പ്രയോഗിക്കാറുണ്ട്. ലീഗിന്റെ കാലിനടിയില്‍നിന്ന് മണ്ണ് ചോര്‍ന്നുപോയിരിക്കുന്നു.

വര്‍ഗീയതയിലും, തീവ്രവാദ പ്രവര്‍ത്തനങ്ങളിലും കണ്ണുവച്ച് പുതിയ ചില സംഘടനകള്‍ രംഗത്ത് വരുന്നതും ലീഗിനെ ക്ഷീണിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് മുസ്ളിംലീഗ് പുതിയ ബന്ധങ്ങളെപ്പറ്റി ചിന്തിക്കാന്‍ ഇടവന്നത്. ഐഎന്‍എല്ലിനെ ഇടതുപക്ഷബന്ധത്തില്‍നിന്ന് അടര്‍ത്തിയെടുക്കാനും, ലീഗിനോട് ധിക്കാരം കാണിച്ച് പണ്ട് വിട്ടുപോയതിന് 'ക്ഷ' പറയിപ്പിക്കാനും ഒരു കൊല്ലമായി ശ്രമം നടത്തിവരികയായിരുന്നു. എന്നാല്‍, പോയവര്‍ മുഴുവന്‍ തിരിച്ചുവരില്ലെന്നും, ഐഎന്‍എല്‍ ഇടതുപക്ഷത്തോടു കാണിച്ച വഞ്ചനയില്‍ അതിലെ ഭൂരിപക്ഷം പ്രവര്‍ത്തകര്‍ക്കും അമര്‍ഷമുണ്ടെന്നും ലീഗ് മനസിലാക്കുന്നു. ഈ കാരണങ്ങളാലാണ് പുതിയ മാര്‍ഗങ്ങള്‍ മുസ്ളിം ലീഗ് അന്വേഷിക്കാന്‍ നിര്‍ബദ്ധരാകുന്നത്.

എന്‍ഡിഎഫുമായുള്ള അടുപ്പം വേണ്ടത്ര പ്രയോജനമുണ്ടാക്കുന്നില്ല എന്നവര്‍ മനസിലാക്കി. അങ്ങനെയാണ് ജമാഅത്തെ ഇസ്ളാമിയുമായി ബന്ധമുണ്ടാക്കാനുള്ള രഹസ്യ അജന്‍ഡ രൂപപ്പെട്ടത്. കഴിഞ്ഞ ഒരുകൊല്ലത്തിനിടയില്‍ പതിനൊന്നു പ്രാവശ്യം ലീഗുമായി ചര്‍ച്ച നടത്തി എന്നാണ് അമീര്‍ ആരിഫലി പറഞ്ഞത്. അത് നിഷേധിച്ച്, ഒരു പ്രാവശ്യമേ ചര്‍ച്ച നടത്തിയിട്ടുള്ളു എന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. മുസ്ളിം സമുദായത്തിനകത്ത് വര്‍ഗീയവികാരം നിലനിര്‍ത്തി അധികാരം പിടിക്കാനും അതുവഴി നേട്ടങ്ങളുണ്ടാക്കാനും ശ്രമിക്കുന്ന ഒരു സാമുദായിക രാഷ്ട്രീയ പാര്‍ടിയാണ് ലീഗ്. മതാധിഷ്ഠിത ദൈവിക ഭരണം സ്ഥാപിക്കുക എന്നതോ, ഇസ്ളാമിക നിയമങ്ങള്‍ മാത്രം പുലര്‍ത്തുന്ന ഇസ്ളാമികരാഷ്ട്രം സൃഷ്ടിക്കുക എന്നതോ ലീഗിന്റെ പരിപാടിയല്ല.

എന്നാല്‍, ജമാഅത്തെ ഇസ്ളാമി അതല്ല. അതൊരു മതമൌലികവാദ സംഘടനയാണ്. മുമ്പ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ലെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ രാഷ്ട്രീയപാര്‍ടി രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ സജീവമായി പങ്കെടുക്കാന്‍ ശ്രമിക്കുകയാണ്. സ്വന്തമായി ജയിക്കാനുള്ള ജനപിന്തുണയില്ലാത്തതിനാല്‍ കൂട്ടാളികളെ അന്വേഷിക്കുകയാണ്. 1941ലാണ് ലാഹോറില്‍ ആ സംഘടന രൂപംകൊള്ളുന്നത്. 'ജമാഅത്തെ ഇസ്ളാമി ഹിന്ദ്' എന്നാണ് അതിന്റെ സ്ഥാപകനായ അബുല്‍ അഅ്ലാ മൌദൂദി അതിനെ നാമകരണംചെയ്തത്. ഇന്ത്യയില്‍ 'ഹുകൂമഞ്ഞെ ഇലാഹി'(ദൈവിക ഭരണം) സ്ഥാപിക്കലായിരുന്നു അതിന്റെ ലക്ഷ്യം. 1947ല്‍ വിഭജനത്തിനുശേഷം പാകിസ്ഥാന്‍ ജമാഅത്തെ ഇസ്ളാമി വേറിട്ടുപോയി. അബുല്‍ അഅ്ലാ മൌദൂദിയും പാകിസ്ഥാനിലേക്കു പോയി. ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി മൌലാനാ അബുല്‍ലൈസിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു.

ഇന്ത്യയെപ്പോലെ, ഭരണഘടനയില്‍ത്തന്നെ മതേതരത്വം അംഗീകരിച്ച ഒരു ബഹുമത സമൂഹത്തില്‍ അള്ളാഹുവിന്റെ ഭരണം (ഹുകൂമഞ്ഞെ ഇലാഹി) സ്ഥാപിക്കാന്‍ ഒരു മുസ്ളിം സംഘടന നിലകൊള്ളുന്നതിലെ അപകടവും വിവേകശൂന്യതയും ഊഹിക്കാവുന്നതേയുള്ളു. അതുകൊണ്ട് അവര്‍ ഒരു കപടമുഖം പുറത്ത് കാണിക്കാന്‍ ശ്രമിച്ചുനോക്കി. 'ഹുകൂമഞ്ഞെ ഇലാഹി' എന്നതിനു പകരം തങ്ങളുടെ ലക്ഷ്യം 'ഇഖാമത്തുദീന്‍' ആണെന്ന് ലേഖനമെഴുതി. എന്നാല്‍,ദീന്‍ എന്നതിന് സ്ഥാപകനായ മൌദൂദി നല്‍കിയ അര്‍ഥം വ്യവസ്ഥിതി, രാഷ്ട്രം, ഭരണം എന്നൊക്കെയാണ്. അപ്പോള്‍ ഇഖാമത്തുദീന്‍ എന്നാല്‍ ഇസ്ളാമിക വ്യവസ്ഥിതിയുടെ (ഭരണത്തിന്റെ) സ്ഥാപനം എന്നുവരുന്നു. രണ്ടും ഒന്നുതന്നെ.

വാക്ക് ഏത് പ്രയോഗിച്ചാലും ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി നിലകൊള്ളുന്നത് ഇന്ത്യയെ ഇസ്ളാമീകരിച്ച് ഇവിടെ ഒരു ഇസ്ളാമികരാഷ്ട്രം സ്ഥാപിക്കാന്‍തന്നെ എന്നു കാണാവുന്നതാണ്. മതം രാഷ്ട്രീയാധികാരം കൈക്കലാക്കാനുള്ള ഉപകരണമാക്കുന്നതാണ് വര്‍ഗീയത. രാഷ്ട്രീയലക്ഷ്യംവച്ച് മതത്തെ ദുരുപയോഗപ്പെടുത്തിയിട്ടുള്ള കുറെ സംഘടനകളെ ചരിത്രത്തില്‍ കാണാന്‍ കഴിയും. പുരാതനകാലത്ത് അതിന് തുടക്കം കുറിച്ച സംഘടനയായിരുന്നു 'ഖാമാരിജ' കക്ഷി. തുടര്‍ന്ന് പല സംഘടനകളും ആ വഴി തെരഞ്ഞെടുത്തതായി കാണാം. ആധുനിക കാലഘട്ടത്തിലെ അത്തരത്തിലുള്ള ഒരു കക്ഷിയാണ് ഈജിപ്തിലെ മുസ്ളിം ബ്രദര്‍ഹുഡ്ഡ് (ഇഖമാനുല്‍ മുഅ്മുസ്ളിമീന്‍). ഇവരെല്ലാവരും ഉയര്‍ത്തിയ മുദ്രാവാക്യം ഒന്നുതന്നെയായിരുന്നു.

ഇസ്ളാം അപകടത്തില്‍, അള്ളാഹുവിന്റെ ഭൂമിയില്‍ അള്ളാഹുവിന്റെ ഭരണം. വിധിക്കാനുള്ള അധികാരം (ഹുകൂമത്ത്) അള്ളാഹുവിനു മാത്രം. ചുരുക്കത്തില്‍, 'ഹുകൂമഞ്ഞെ ഇലാഹി'(അള്ളാഹുവിന്റെ ഭരണം) സ്ഥാപിക്കുക എന്നതാണ് പൊരുള്‍. അള്ളാഹുവിന്റെ ഭരണം എന്നാല്‍ അള്ളാഹുവിന്റെ ഭരണം സ്ഥാപിക്കുന്നവരുടെ ഭരണം. സ്ഥാപിക്കുന്നത് ജമാഅത്തെ ഇസ്ളാമി, അപ്പോള്‍ അവരുടെ ഭരണംതന്നെ. മേല്‍പ്പറഞ്ഞ മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുകൊണ്ടായിരുന്നു ഇസ്ളാമിക ചരിത്രത്തിലെ ആദ്യത്തെ തീവ്രവാദികള്‍ പ്രവാചകന്റെ ജാമാതാക്കള്‍ മൂന്നും, നാലും ഖലീഫമാരായ ഉസ്മാനെയും അലിയെയും കൊലപ്പെടുത്തിയത്. ഇതേ മുദ്രാവാക്യങ്ങള്‍ ആര്‍ത്തുവിളിച്ചുകൊണ്ടുതന്നെയാണ് മുസ്ളിം ബ്രദര്‍ ഹുഡ്ഡുകാര്‍ ഈജിപ്തിന്റെ പ്രധാനമന്ത്രി നിക്രാഷിപാഷയെയും പിന്നീട് അവിടത്തെ പ്രസിഡന്റ് അന്‍വര്‍ സാദത്തിനെയും വെടിവച്ചുകൊന്നത്. ഇതേ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിത്തന്നെയാണ് ജമാഅത്തെ ഇസ്ളാമിക്കാരനായ സെയ്ദ് അക്ബര്‍ മുസ്ളിം ലീഗ് നേതാവും പാകിസ്ഥാന്‍ പ്രധാനമന്ത്രിയുമായിരുന്ന ലിയാഖത്ത് അലി ഖാന്റെ വിരിമാറിലേക്ക് നിറയൊഴിച്ചത്. ഈ മുദ്രാവാക്യങ്ങള്‍ക്കു വേണ്ടിയായിരുന്നു ജമാഅത്തിന്റെ സ്ഥാപക നേതാവായ അബുള്‍ അഅ്ല മൌദൂദി ലാഹോറിന്റെ തെരുവുകളില്‍ കെട്ടിക്കിടക്കുന്ന അഹമ്മദികളുടെ രക്തപ്പുഴയിലൂടെ കുതിരസവാരി നടത്തിയത്.

ഇന്ത്യയിലും മേല്‍ മുദ്രാവാക്യങ്ങള്‍തന്നെയാണ് ജമാ അത്തെ ഇസ്ളാമിക്കുള്ളത്. പക്ഷേ, മുസ്ളിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നടപ്പാക്കിയ ഭീകരപരിപാടികളൊന്നും അവര്‍ ഇവിടെ പുറത്തെടുക്കുന്നില്ലെന്നുമാത്രം. എന്നാല്‍, അടിസ്ഥാനപരമായി ലോകത്തുള്ള ഭീകരസംഘടനകളുടെ എല്ലാം ആശയസ്രോതസ്സും വികാരാവേശവും ഹസനുല്‍ ബന്ന, സെയ്യിദ് ഖുതുബ്, അബുല്‍ അഅ്ലാമൌദൂദി എന്നിവരും അവരുടെ പ്രസ്ഥാനങ്ങള്‍ ബ്രദര്‍ഹുഡ്ഡും (ഇഖാനുല്‍ മുസ്ളിമിനീന്‍) ജമാഅത്തെ ഇസ്ളാമിയുമാണെന്ന് ചരിത്രം വ്യക്തമാക്കുന്നു. 1949ല്‍ ഹുസനുല്‍ ബന്ന വെടിയേറ്റ് മരിച്ചശേഷം ഈജിപ്തില്‍ തീവ്രവാദത്തിന് നേതൃത്വം കൊടുത്തത് സെയ്യിദ് ഖുത്തുബ് ആയിരുന്നു. ഖുത്തുബിന്റെ ഏറ്റവും ആധികാരിക ഗ്രന്ഥമാണ് 'മൈല്‍ സ്റോസ്'. ഈ ഗ്രന്ഥം ജമാഅത്തെ ഇസ്ളാമിയുടെ അസിസ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്നാണ് 'വഴിയടയാളങ്ങള്‍' എന്ന പേരില്‍ പരിഭാഷപ്പെടുത്തി ജമാഅത്തിന്റെ ഐപിഎച്ചില്‍ പ്രസിദ്ധീകരിച്ചതും വില്‍ക്കുന്നതും. ഇതുകാണിക്കുന്നത് ഖുത്തുബും ജമാഅത്തും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ്.

'മൈല്‍ സ്റോസി'ന്റെ പരിഭാഷ 'വഴിയടയാളങ്ങളില്‍' നിന്നു താഴെ പറയുന്ന ഭാഗം നോക്കുക: 'ഇസ്ളാമിന്റെ ജന്മത്തോടെതന്നെ സംഘട്ടനവും അനിവാര്യമായിത്തീരുന്നു. ഇഷ്ടാനുസാരം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്യ്രംകൂടി ഇല്ലാത്തവിധം യുദ്ധം നിര്‍ബന്ധമായിത്തീരുന്നു. കാരണം ഇസ്ളാമിനും അല്ലാത്തവര്‍ക്കുംകൂടി ഒന്നിച്ചു വളരെക്കാലം നില്‍ക്കുക സാധ്യമല്ല. അതിനാല്‍ ഇസ്ളാമിന് ഇത്തരം പ്രതിരോധപ്രവര്‍ത്തനങ്ങളിലേര്‍പ്പെടേണ്ടിവരുന്നു'. (പേജ്- 107). ഇനി മറ്റൊരിടത്ത് പറയുന്നതു കാണുക: 'ഇസ്ളാമിലെ ജിഹാദ് വെറും നാവുകൊണ്ടും പേനകൊണ്ടും മാത്രമല്ല നടത്തേണ്ടത്. വാളും കുന്തവും അതിന്റെ ഘടകങ്ങളാണ്.... താന്തോന്നിത്തരത്തിന്റെ അധികാരവാഴ്ച അവസാനിപ്പിച്ച്, അള്ളാഹുവിന്റെ നിയമവ്യവസ്ഥ നടപ്പാക്കലാണ്, അതിനുള്ള മാര്‍ഗമാണ് ജിഹാദ്'. (പേജ്-86) ഇങ്ങനെ മുസ്ളിം മനസ്സുകളില്‍ തീ കോരിയിടാന്‍ കഴിയുന്ന പ്രകോപനപരമായ വാക്കുകള്‍ ധാരാളമുണ്ട്. ചിലത് മാത്രമേ ഉദ്ധരിച്ചിട്ടുള്ളു.

ഖുത്തുബിന്റെയും മൌദൂദിയുടെയും ആശയങ്ങള്‍ ഒന്നുതന്നെയാണ്. ബ്രദര്‍ഹുഡ്ഡും ജമാഅത്തും ഇരട്ടക്കുട്ടികളാണ്. അതുകൊണ്ടാണല്ലോ ഖുത്തുബിന്റെ ഗ്രന്ഥം ജമാഅത്തെ ഇസ്ളാമിയുടെ അസിസ്റന്റ് അമീര്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ച് പ്രചരിപ്പിച്ചിരിക്കുന്നത്. ഈ ആശയങ്ങള്‍ വച്ചുപുലര്‍ത്തിക്കൊണ്ടുതന്നെയാണ് ഇന്ത്യയിലും കശ്മീരിലും ജമാഅത്തെ ഇസ്ളാമികള്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് ജമാഅത്ത് ഇസ്ളാമികളും സംയുക്തമായാണ് പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമിയുടെ കേരളത്തിലെ മുഖപത്രമായ പ്രബോധനം വാരികയുടെ 50-ാം വാര്‍ഷിക പതിപ്പില്‍ ഇത് സംബന്ധിച്ചുവന്ന പരാമര്‍ശം കാണുക: "താഴ്വരയില്‍ തീവ്രവാദ പ്രവര്‍ത്തനം ശക്തിപ്പെട്ടതോടെ ജമാഅത്തെ ഇസ്ളാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുണ്ട്. ഹിസ്ബുള്‍, ജമാഅത്തെ അനുകൂല ഗ്രൂപ്പാണ്. അള്ളാ ടൈഗേഴ്സ് എന്ന ഗ്രൂപ്പിനും രൂപം കൊടുത്തിട്ടുണ്ട്. രാഷ്ട്രീയ മേഖലയില്‍ 13 സംഘടനകള്‍ ചേര്‍ന്ന തഹ്രീക്കെ ഹുര്‍റിയത്തെ കാശ്മീര്‍ (കാശ്മീര്‍ സ്വതന്ത്ര പ്രസ്ഥാനം) എന്ന മുന്നണിക്ക് രൂപംകൊടുത്ത വിവിധ തീവ്രവാദികളെ ഏകോപിപ്പിക്കുന്നതിലും ജമാഅത്തിന്റെ പങ്ക് പ്രധാനമാണ്''.

ഇതില്‍ രണ്ടുകാര്യം വ്യക്തമാണ്. ഒന്ന:് ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം ജമാഅത്തെ ഇസ്ളാമിയാണ്. രണ്ട്: ജമാഅത്തെ ഇസ്ളാമി ഇന്ത്യയിലും കശ്മീരിലും രണ്ടാണ്. കാരണം കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നു അവര്‍ കരുതുന്നില്ല. വിവിധ ഭീകരഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതും ഇവര്‍തന്നെയാണ്. മേല്‍വിവരിച്ച ഇസ്ളാമും, രാഷ്ട്രീയവും കൂട്ടുപിടിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രത്യേകിച്ചു കേരളത്തില്‍ രാഷ്ട്രീയ സ്വാധീനം വളര്‍ത്താനുള്ള ആഗ്രഹം മുസ്ളിംലീഗില്‍ ഉണ്ടായതാണ് അത്ഭുതം. കഴിഞ്ഞ ഒരുകൊല്ലത്തിനിടയില്‍ പതിനൊന്നുവട്ടം ചര്‍ച്ചചെയ്തു എന്നു പറയുന്നത് യാദൃച്ഛികമല്ല.

സോളിഡാരിറ്റി എന്ന ജമാഅത്തെ ഇസ്ളാമിയുടെ യുവജന സംഘടന എല്ലാ വികസനപ്രവര്‍ത്തനങ്ങളെയും എതിര്‍ത്തു പരാജയപ്പെടുത്താന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. ഇടതുപക്ഷ തീവ്രവാദി സംഘടനകളുമായി കൈകോര്‍ക്കുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരാണെന്ന ഭാവത്തില്‍ മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിക്കുന്നു. കിനാലൂരില്‍ പൊലീസിനുനേരെ ചാണകം കലക്കിയ വെള്ളം പ്രയോഗിച്ചതും കല്ലെറിഞ്ഞു പൊലീസുദ്യോഗസ്ഥരുടെ തലകീറിയതും തങ്ങളാണെന്ന് അവകാശപ്പെടുന്നു.

മനുഷ്യാവകാശം തങ്ങള്‍ക്കിഷ്ടമുള്ളവര്‍ക്കു മാത്രമാണെന്നാണ് ഇവരുടെ ഭാവം. കടുത്ത സമീപനം സ്വീകരിക്കാന്‍തന്നെയാണ് അവരുടെ ദുരുദ്ദേശ്യമെന്നു ബോധ്യമാകും. തല്‍ക്കാലം ഉപേക്ഷിച്ചെന്നു പറയുന്നുണ്ടെങ്കിലും രഹസ്യ അജന്‍ഡയ്ക്ക് പഴക്കമുള്ളതിനാല്‍ ഏത് ഘട്ടത്തിലും തലപൊക്കാം; കരുതിയിരിക്കുക.
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്