വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Thursday, January 13, 2011

ജനാധിപത്യത്തിനെതിരായ കടന്നുകയറ്റം

ജനാധിപത്യത്തിനെതിരായ കടന്നുകയറ്റം

(ദേശാഭിമാനി ദിനപ്പത്രം )

പാര്‍ലമെന്ററി ജനാധിപത്യസമ്പ്രദായം ഇന്ത്യ സ്വീകരിച്ച ഘട്ടംമുതല്‍തന്നെ രാഷ്ട്രീയ പാര്‍ടികളുടെ പ്രവര്‍ത്തനവും ഭരണഘടനാപരമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ രൂപീകരിക്കുന്നത് രാഷ്ട്രീയ പാര്‍ടികളോ വിവിധ പാര്‍ടികള്‍ ഉള്‍ക്കൊള്ളുന്ന മുന്നണികളോ ആണ്. അംഗീകൃത രാഷ്ട്രീയ പാര്‍ടികളാണ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത്. കൂടുതല്‍ സീറ്റുനേടിയ പാര്‍ടിയെയോ മുന്നണിയെയോ ആണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുന്നത്. വ്യത്യസ്ത പാര്‍ടികളെ അംഗീകരിക്കുന്നതും അവയ്ക്ക് സുപ്രധാനമായ സ്ഥാനം നല്‍കുന്നതുമാണ് ഇന്ത്യയിലെ ജനാധിപത്യ സംവിധാനം എന്നര്‍ഥം. അങ്ങനെ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ടികള്‍ക്ക് നയസമീപനങ്ങള്‍ പറയാനുള്ള പ്രധാന ഉപാധിയാണ് പൊതുയോഗങ്ങള്‍. പൊതുയോഗങ്ങള്‍ക്ക് വിവേചനരഹിതമായി നിരോധനംവരിക എന്നതിനര്‍ഥം ജനാധിപത്യത്തിന് വിലങ്ങിടുക എന്നാണ്. രാഷ്ട്രീയ പാര്‍ടികളും ജനങ്ങളുമായി സംവദിക്കാന്‍ നിരവധി മാധ്യമങ്ങളുണ്ടെങ്കിലും പൊതുയോഗങ്ങള്‍പോലെ മറ്റൊന്നില്ല. വാര്‍ത്താ മാധ്യമങ്ങളിലൂടെയുള്ള ആശയവിനിമയം എല്ലാ രാഷ്ട്രീയ പാര്‍ടികള്‍ക്കും സാധ്യമായ ഒന്നല്ല. മാധ്യമങ്ങളുടെ കോര്‍പറേറ്റ് വല്‍ക്കരണവും 'പെയിഡ് ന്യൂസ്' പോലുള്ള കെട്ട രീതികളും പാരമ്യത്തിലേക്കുയരുന്ന പുതിയ കാലത്ത് വിശേഷിച്ചും. റോഡരികിലെ പൊതുയോഗങ്ങളാണ് കേരളത്തിന്റെ ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം എന്ന് പറയുന്നത്, രാഷ്ട്രീയ പാര്‍ടികളും ജനങ്ങളുമായി നിരന്തരമായ ബന്ധം പാടില്ലെന്നു കരുതുന്നവരാണ്. റോഡരികില്‍ പൊതുയോഗം നിരോധിച്ച കേരള ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചത് അത്തരക്കാരെയാണ് സന്തോഷിപ്പിക്കുന്നത്. റോഡരികിലല്ലാതെ എവിടെയാണ് പൊതുയോഗങ്ങള്‍ നടത്തുക? അങ്ങനെ യോഗം നടത്താന്‍ മാത്രമുള്ള എത്ര സ്ഥലങ്ങളുണ്ട് കേരളത്തില്‍? ഉള്ളിടങ്ങളില്‍ വാടകകൊടുത്ത് എത്ര പൊതുയോഗങ്ങള്‍ നടത്താന്‍ കഴിയും? റോഡരികിലെ പൊതുയോഗങ്ങള്‍ പലപ്പോഴും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം ഒരു പരിധിവരെ ശരിയാകാം. ഏതെങ്കിലും ചില സ്ഥലങ്ങളില്‍ അങ്ങനെ ബുദ്ധിമുട്ടുണ്ടാകുന്നെങ്കില്‍, റോഡരികില്‍ പൊതുയോഗമേ വേണ്ട എന്ന് തീരുമാനിക്കുന്നതില്‍ എന്ത് യുക്തി? എന്ത് നീതി? പൊതുയോഗങ്ങള്‍ നിരോധിക്കുന്നത് സര്‍ക്കാരിന് കൂടുതല്‍ കരുത്തുപകരുന്നതല്ലേഎന്നാണ് ഡിവിഷന്‍ ബെഞ്ച് ചോദിച്ചത്. ജനങ്ങളെയും രാഷ്ട്രീയ പാര്‍ടികളെയും തമ്മില്‍ അകറ്റിനിര്‍ത്തിയാല്‍ എന്ത് തരം കരുത്താണുണ്ടാവുക എന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട്. സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി ചൂണ്ടിക്കാട്ടിയതുപോലെ, പൊലീസ് നിയമത്തിലെ 19ാം വകുപ്പുപ്രകാരമുള്ള ഉപാധികള്‍ പാലിച്ചാണ് യോഗങ്ങള്‍ അനുവദിക്കുന്നത്. അത് ലംഘിക്കുന്നെങ്കില്‍ പരിശോധിക്കാനും നടപടിയെടുക്കാനും സംവിധാനമുണ്ട്. എന്നിട്ടും നിരോധനംകൊണ്ടേ അടങ്ങൂ എന്ന വാശിയെ ജനാധിപത്യത്തിനുനേരെയുള്ള കടന്നുകയറ്റമായേ വിലയിരുത്താനാകൂ. ജനങ്ങള്‍ക്ക് യോഗം ചേരുന്നതിനുള്ള അവകാശം നിരോധിക്കുന്നത് മൌലികാവകാശലംഘനമാണ്. നിയമനിര്‍മാണ സഭയുടെയും എക്സിക്യൂട്ടീവിന്റെയും അധികാരപരിധിയിലേക്കുള്ള അതിക്രമിച്ചുകയറ്റവുമാണത്. ആശയപ്രകാശന സ്വാതന്ത്യ്രത്തെ അടിച്ചമര്‍ത്തുന്നതാണ് ഈ വിധിയുടെ അന്തസ്സത്ത എന്ന് ആരെങ്കിലും വിമര്‍ശിച്ചാല്‍ കുറ്റപ്പെടുത്താനാകില്ല. ആശയ പ്രകാശന സ്വാതന്ത്യ്രം അടിച്ചമര്‍ത്തപ്പെടുന്നിടത്താണ് തീവ്രവാദമുള്‍പ്പെടെയുള്ള വിപത്തുകള്‍ തഴച്ചു വളരുന്നതെന്നതും വിസ്മരിക്കാനാകില്ല. ദേശീയ പ്രസ്ഥാനകാലംതൊട്ട് നാട്ടില്‍ തെരുവോരത്ത് പൊതുയോഗങ്ങള്‍ നടത്തുന്നുണ്ട്. വലിയ പൊതുയോഗം വേണ്ടിവരുമ്പോള്‍ ബദല്‍ ഗാതാഗത ക്രമീകരണം ചെയ്യാറുമുണ്ട്. രാഷ്ട്രീയപാര്‍ടികള്‍ മാത്രമല്ല മതമാധ്യമസാംസ്കാരിക സംഘടനകളെല്ലാം പാതയോരത്ത് പൊതുപരിപാടി സംഘടിപ്പിക്കാറുണ്ട്. ഉത്സവപരിപാടികള്‍ നടക്കാറുണ്ട്. ജനങ്ങളുടെ ഇത്തരം കൂട്ടായ്മകളെല്ലാം തടയണമെന്ന് കോടതി പറയുമ്പോള്‍ നിയമം ആര്‍ക്കുവേണ്ടിയാണെന്ന സംശയം സ്വാഭാവികമായി ഉയരും. കേരളത്തിലെ പാതവക്കുകളില്‍ ഒരിടത്തും പൊതുയോഗം നടത്താനുള്ള സൌകര്യമില്ലെന്ന് ഏത് പരിശോധനയിലാണ് കണ്ടെത്തിയത് എന്ന സംശയവും അവശേഷിക്കുന്നു. ആലുവ റെയില്‍വേ സ്റേഷന്‍ മൈതാനത്ത് യോഗങ്ങള്‍ ചേരുന്നതിനെതിരായി ഒരു വ്യക്തി നല്‍കിയ പരാതിയിലാണ് സംസ്ഥാനത്താകെ റോഡരികില്‍ പൊതുയോഗങ്ങള്‍ നിരോധിച്ച് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിധിയിലേക്ക് കോടതി എത്തിച്ചേര്‍ന്ന നടപടിക്രമങ്ങളില്‍ നിരവധി പോരായ്മകളുണ്ടെന്നും സര്‍ക്കാരിന്റെ അഭിപ്രായം കേള്‍ക്കാതെ ഏകപക്ഷീയ നടപടിയാണ് കോടതിയില്‍നിന്ന് ഉണ്ടായതെന്നും അന്നുതന്നെ വിമര്‍ശമുയര്‍ന്നതാണ്. ദൌര്‍ഭാഗ്യവശാല്‍, അത്തരം വിമര്‍ശങ്ങളൊന്നും പരിഗണിക്കാതെയാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ തീര്‍പ്പുണ്ടായതും. രാഷ്ട്രീയ പാര്‍ടികള്‍ക്ക് ജനങ്ങളോട് നയനിലപാടുകള്‍ വിശദീകരിക്കാനുള്ള അവകാശത്തിന് ജനാധിപത്യത്തിലുള്ള പ്രസക്തിയെയും പ്രാധാന്യത്തെയും നിരാകരിച്ചുകൊണ്ടുള്ള കോടതിവിധി ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നു പറയാതെ വയ്യ. കൂടിച്ചേരലുകള്‍ക്കും പരസ്യമായ അഭിപ്രായപ്രകടനങ്ങള്‍ക്കുമുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. ആ അവകാശം നിഷേധിക്കുകയുമാണിവിടെ. പൌരസമൂഹത്തിന്റെ കൂട്ടായ ആശയ വിനിമയത്തിനും സ്വാതന്ത്യ്രത്തിനും ഇങ്ങനെ തടയിടുന്നത് വിപല്‍ക്കരമാണ്. ജനാധിപത്യത്തെ സംരക്ഷിക്കേണ്ടത് ജുഡീഷ്യറിയുടെയും കടമയാണ്. സ്വാതന്ത്യ്രവും ജനാധിപത്യവും പരമാധികാരവും തകരുന്നിടത്ത് നീതിന്യായ സംവിധാനത്തിനും നിലനില്‍ക്കാനാകില്ല. ജുഡീഷ്യറിയുടെ സ്വതന്ത്രവും നിര്‍ഭയവും ന്യായയുക്തവുമായ നിലനില്‍പ്പ് ഉറപ്പുവരുത്തുന്നതിനുകൂടി, ഇത്തരം ജനാധിപത്യവിരുദ്ധ തീര്‍പ്പുകള്‍ എതിര്‍ക്കപ്പെടേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളിയ സാഹചര്യത്തില്‍ ജനാധിപത്യപരമായ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചുകിട്ടാന്‍ നിയമപരമായ എല്ലാ വഴികളും ആരായേണ്ടതുണ്ട്.

Wednesday, January 12, 2011

ശിലാമയമായ ഒരു ഒരു ഗ്രഹം

ശിലാമയമായ ഒരു ഒരു ഗ്രഹം

ശാസ്ത്രം മുന്നോട്ടുതന്നെ. ശാസ്ത്രം ഇതുവരെ കണ്ടുപിടിച്ചതിനെക്കാൾ എത്രയോ അധികമാണ് ഇനിയും കണ്ടുപിടിക്കാനുള്ളത്! ഇത് നമ്മൾ പലപ്പോഴും പറയാറുള്ളതാണ്. ഇപ്പോൾ ഇതാ ആ ഒരു മുൻവിധിയെ ശരിവച്ചുകൊണ്ട് ശാസ്ത്രത്തിന്റെ ഒരു കണ്ടു പിടിത്തം കൂടി; ചെറുതല്ല ഉമ്മിണി വലിയ ഒരു കണ്ടു പിടിത്തം! കണ്ടെത്തിയത് നാസയും.സൌരയൂഥത്തിന് പുറത്ത് ശിലാമയമായ ഒരു ചെറിയ ഗ്രഹം!

ഓരോ കണ്ടു പിടിത്തങ്ങൾ നടത്തുമ്പോഴും നമ്മിൽ ചിലരെങ്കിലും വിചാരിക്കും ഓ! അതും കണ്ടുപിടിച്ചു. ഇനിയിപ്പോൾ ഒന്നും കണ്ടുപിടിക്കാനൊന്നും ഉണ്ടാകില്ലെന്ന്. പക്ഷെ ഇനിയും ശാസ്ത്രലോകം അദ്ഭുതകരമായ പല കണ്ടു പിടിത്തങ്ങളും നടത്തിക്കൊണ്ടേയിരിക്കും. വലിയ വലിയ കണ്ടു പിടിത്തങ്ങൾ മാത്രമാണ് വലിയ വാർത്തകളായി നമുക്ക് മുന്നിൽ എത്തുന്നത്. ചിലതൊന്നും നമ്മളിൽ പലരും അറിയാറുമില്ല.

എന്നാൽ മനുഷ്യന് നിത്യ ജീവിതത്തിൽ ഉപയോഗപ്പെടുന്ന പല ചെറിയ ചെറിയ കണ്ടുപിടിത്തങ്ങളും ലോകത്തിന്റെ ഏതെങ്കിലും ഭാഗങ്ങളിലൊക്കെ അനുദിനമെന്നോണം നടന്നുകൊണ്ടിരിക്കുന്നുണ്ട്. അതൊന്നും നമ്മൾ എല്ലാവരും അറിയുന്ന വാർത്തകളാകാറില്ല. പലതും ഉല്പന്നങ്ങളായി നമ്മുടെ മുന്നിൽ എത്തുമ്പോഴായിരിക്കും നമ്മൾ അറിയുക. ങേ! അപ്പോൾ ഇങ്ങനെയും ഒരു സാധനം ഇറങ്ങിയോ എന്ന്! നമ്മൾ ഒരിക്കലും സ്വപ്നത്തില്പോലും വിചാരിക്കാത്ത സാധനങ്ങളായിരിക്കും നമ്മുടെ മുന്നിൽ എത്തുക.

അങ്ങ് ദുബായിൽ ഇരുന്നു കൊണ്ട് ഇവിടെ നാട്ടിലുള്ള നമ്മുടെ വീട്ടിലെ ഗേറ്റ് തുറക്കാനും അടയ്ക്കാനും കഴിയുന്ന സാങ്കേതിക വിദ്യ കണ്ടു പിടിച്ചതൊക്കെ നാം അറിയുന്നത് അതിന്റെ വിതരണ ഏജന്റുമാർ നമ്മുടെ നാട്ടിലെ വലിയ വീടുകളിൽ കാന്വാസ് ചെയ്യാൻ എത്തുമ്പോഴാണ്. അതൊന്നും ആരും സ്വപ്നേപി വിചാരിന്നതാണോ?

എന്തിന്, നമ്മുടെ നാട്ടിൽ ഇപ്പോൾ നാടിടിച്ച് തകർത്തു നടക്കുന്ന ജെ.സി.ബിയും മറ്റും കണ്ടു പിടിച്ചിട്ട് വർഷങ്ങളേറെയായി. അതു പക്ഷെ നമ്മൾ അറിയുന്നത് അണ്ണാച്ചിമാർ ആ സാധനം ഇവിടെ കൊണ്ടുവന്ന് കേരളം ഇടിച്ചു നിരത്തി തുടങ്ങുമ്പോൾ മാത്രമായിരുന്നില്ലെ? താനേ തറയും ഭിത്തിയുമൊക്കെ തൂത്തു തുടയ്ക്കുന്ന യന്ത്രം വന്നത് നമ്മൾ അറിയുന്നത് അതുംകൊണ്ട് വില്പനക്കാർ വീട്ടിൽ എത്തുമ്പോൾ! അങ്ങനെ എത്രയെത്ര കണ്ടുപിടിത്തങ്ങൾ.

ഇപ്പോൾ സൌരയൂഥത്തിന് പുറത്ത് പാറപോലൊരു ഒരു ഗ്രം കൂടി ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിരിക്കുന്നു. നാസയുടെ ബഹിരാകാശ ദൌത്യമാണ് ഈ പുതിയ കണ്ടത്തൽ നടത്തിയിരിക്കുന്നത്. സൌരയൂഥത്തിന് വെളിയിൽ കണ്ടെത്തിയതിൽ ഏറ്റവും ചെറിയ ഗ്രഹമാണ് ഇത്. കെപ്ലർ10-ബി എന്നാ‍ണ് ഇതിനു പേരു നൽകിയിട്ടുള്ളത്. ഇതിന്റെ സാന്ദ്രത 8.8 ഗ്രാമാണ്. പാറപോലെ ഉറച്ച ഗ്രഹമായിരിക്കാനാണ് സാധ്യത.

ഭൂമിയുടെ 4.6 മടങ്ങ് ഭാരം വരുന്ന കെപ്ലർ 10-ബി സ്വന്തം അച്ചു തണ്ടിൽ ഒരു ഭ്രമണം പൂർത്തിയാക്കാൻ 20 മണിക്കൂർ മതി. ബുധനും സൂര്യനും തമ്മിലുള്ള അകലത്തിന്റെ ഇരുപതിൽ ഒന്നു മാത്രമാണ് കെപ്ലർ -ബി യ്ക്കും അതിന്റെ നക്ഷത്രത്തിനും ഇടയിലുള്ള ദൂരം.

ഭൂമിയ്ക്കു സമാനമായ ഗ്രഹം കണ്ടെത്താനുള്ള യത്നത്തിൽ നിർണ്ണായക മുന്നേറ്റമാണ് കണ്ടെത്തലെന്ന് നാസ വക്താവ് നതാലിയേ ബെതൽഹ പറഞ്ഞു. കെപ്ലർ 10-ബി വാസയോഗ്യമായ ഗ്രഹമല്ലെങ്കിലും ശുഭകരമായ മറ്റു പല കാര്യങ്ങളും കണ്ടെത്താൻ ഇതുവഴി കഴിയുമെന്ന് അവർ അവകാശപ്പെട്ടു. ഈ ഗ്രഹത്തിൽ പേടകങ്ങൾ എത്തിച്ച ശേഷം കൂടുതൽ നിരീക്ഷണം നടത്താനാകും.

അമേരിക്ക 2009 മാർച്ച് ഏഴിനാണ് കെപ്ലർ ബഹിരാകാശ നിരീക്ഷണപേടകം വിക്ഷേപിച്ചത്. ഇതിൽ ഘടിപ്പിച്ചിട്ടുള്ള ഫോട്ടോമീറ്റർ മേയ് 2009 മുതൽ 2010 വരെ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകർ കെപ്ലർ 10-ബിയെക്കുറിച്ച് നിഗമനങ്ങളിൽ എത്തിയത്. മൂന്നര വർഷം നീണ്ടുനിൽക്കുക്കുന്ന ദൌത്യമാണ് കെപ്ലർ പേടകത്തിനുള്ളത്. ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനായിരുന്ന ജോഹന്നാസ് കെപ്ലറെ അനുസ്മരിച്ചാണ് ദൌത്യത്തിന് ഈ പേർ നൽകിയത്.

(പോസ്റ്റിന് അവലംബം ഇന്നത്തെ ദേശാഭിമാനി
ദിനപ്പത്രം)

Thursday, January 6, 2011

ജനിതക വിത്തുകള്‍

വിവാദങ്ങള്‍ ഉണ്ടാക്കുന്നതെങ്ങനെ?

ഡോ. ടി എം തോമസ് ഐസക്

( ദേശാഭിമാനി ദിനപ്പത്രം )

മൂന്നാം അന്താരാഷ്ട്ര പഠനകോഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശങ്ങളിലൊന്ന് വികസനരംഗത്ത് നമുക്കുവേണ്ടത് സംവാദങ്ങളാണ്, വിവാദമല്ല എന്നതായിരുന്നു. എന്നാല്‍ പഠനകോഗ്രസിനെത്തന്നെ 'ജനിതകവിവാദത്തില്‍ മുക്കി' എന്ന് ഊറ്റംകൊണ്ട ഒരു പത്രമെങ്കിലും കേരളത്തിലുണ്ട്. കേരളത്തില്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ച വിവാദപരമ്പരകളില്‍ ഒടുവിലത്തേതാണ് ജനിതകവിവാദം. ആഗോളവല്‍ക്കരണകാലത്തെ കൃഷി എന്ന സിമ്പോസിയം ഉദ്ഘാടനംചെയ്ത്, ജനിതക സാങ്കേതികവിദ്യയെക്കുറിച്ചുളള സിപിഐ എം നിലപാട് പൊളിറ്റ് ബ്യൂറോ അംഗവും കിസാന്‍സഭാ പ്രസിഡന്റുമായ എസ് രാമചന്ദ്രന്‍പിള്ള വിശദീകരിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞത് പലരും കരുതുന്നതുപോലെ പുതിയ നിലപാടേയല്ല. പാര്‍ടി കേന്ദ്ര കമ്മിറ്റി പ്രമേയമോ കിസാന്‍ സഭയുടെ റിപ്പോര്‍ട്ടോ പീപ്പിള്‍സ് ഡെമോക്രസി ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ച ലേഖനങ്ങളോ വായിച്ചിട്ടുള്ള ഒരാള്‍ക്കും ഇതുസംബന്ധിച്ച് സംശയം ഉണ്ടാകേണ്ടതില്ല. ജനിതക വിത്തുകളെ അടച്ചെതിര്‍ക്കുന്ന ചില സംഘടനകളുടെ നേതാക്കന്മാരും കലവറയില്ലാതെ സ്വാഗതംചെയ്യുന്ന ചില ശാസ്ത്രജ്ഞന്മാരും പഠന കോഗ്രസിലെ ഈ സിമ്പോസിയത്തില്‍ പ്രസംഗകരായിരുന്നു. പാര്‍ടിയുടെ നിലപാട് ഇതു രണ്ടുമല്ല എന്നാണ് എസ് ആര്‍പി പറഞ്ഞത്. എത്ര സ്വതന്ത്രമായ സംവാദമാണ് പഠന കോഗ്രസ് ഇക്കാര്യത്തില്‍ ഒരുക്കിയത് എന്നതിന് ഉദാഹരണമാണ് ഈ സെമിനാര്‍. "ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതി പരമാവധി ഉപയോഗിക്കാന്‍ കഴിയണം. ഉല്‍പ്പാദനക്ഷമതയും ഉല്‍പ്പാദനവും വര്‍ധിപ്പിക്കുന്നതിന് ഇത് വളരെ പ്രധാനമാണ്. ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളെ മൊത്തത്തില്‍ എതിര്‍ക്കുന്നത് അശാസ്ത്രീയമായ സമീപനമാണ്. ജന്തുസസ്യജാലങ്ങള്‍ക്ക് അപകടമുണ്ടാവില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്. അതുപോലെ വന്‍കിട കുത്തകക്കമ്പനികളുടെ ചൂഷണം ഒഴിവാക്കുകയും വേണം. ഈ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിനു പകരം ജനിതകമാറ്റം വരുത്തിയ വിത്തുകളെ പൊതുവെ എതിര്‍ക്കുന്ന സമീപനം ശാസ്ത്ര സാങ്കേതിക വിദ്യയുടെ നേട്ടങ്ങളെ പ്രയോജനപ്പെടുത്തുന്നതിന് തടസ്സം സൃഷ്ടിക്കും. ജനിതകമാറ്റം വരുത്തുന്ന ശാസ്ത്ര സാങ്കേതിക മേഖലകളില്‍ പൊതു മുതല്‍മുടക്കും ഗവേഷണവും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്''. വ്യത്യസ്ത നിലപാടുകള്‍ സ്വാഭാവികമായും വേദിയില്‍ത്തന്നെ ഉയര്‍ന്നുവന്നു. എന്നാല്‍, അവ വസ്തുതാപരമായല്ല റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. സിപിഐ എം നയം എന്തെന്നറിയാതെ, നയം മാറ്റി എന്ന കിടിലന്‍ വ്യാഖ്യാനം മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ഏതായാലും ഒരു കാര്യം വ്യക്തമായി. പാര്‍ടി നയത്തെക്കുറിച്ച് ചിലര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് എസ് ആര്‍ പിയുടെ ഇടപെടല്‍ സഹായിച്ചു. നയം മാറ്റത്തിനെതിരെ പ്രതികരിക്കുന്നു എന്ന വ്യാജേന സിപിഐ എം വിരുദ്ധരെ രംഗത്തിറക്കി വിവാദം കൊഴുപ്പിച്ചു. ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യം എന്തെന്നു പഠിക്കാന്‍ ശ്രമിക്കാതെ നിമിഷപ്രതികരണം നടത്തുന്ന നേതാക്കളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരുന്നത് വിവാദകുതുകികള്‍ക്ക് സൌകര്യമാണ്. ബഹുരാഷ്ട്ര കുത്തകകളുടെ താല്‍പ്പര്യങ്ങള്‍ക്ക് സിപിഐ എം വഴങ്ങുന്നു എന്നതായിരുന്നു ഏറ്റവും വിചിത്രമായ വിമര്‍ശം. ജനിതകവിത്തുകളുടെയും അഗ്രിബിസിനസിന്റെയും അമേരിക്കന്‍ കാര്‍ഷിക വാണിജ്യ കുത്തകകളുടെയും വിമര്‍ശകരെ അമേരിക്കന്‍ സര്‍ക്കാര്‍ വിലയ്ക്കെടുക്കുന്നത് സംബന്ധിച്ച വിക്കി ലീക്സിന്റെ ഫ്രെയിമിനുള്ളിലാണ് സിപിഐ എമ്മിന്റെ "നയം മാറ്റ''ത്തെ ഒരു മാധ്യമം അവതരിപ്പിച്ചത്. മോസാന്റോ കമ്പനിയുടെ നിലപാടാണ് സിപിഐ എം സ്വീകരിക്കുന്നതെന്ന് പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകയായ വന്ദനാശിവയുടെ നിശിതമായ വിമര്‍ശവും അഭിമുഖവും വന്നു. ജനിതക വിത്തുകളെക്കുറിച്ചുളള സിപിഐ എം വിമര്‍ശത്തിന്റെ കുന്തമുന അവയുടെമേലുള്ള സാമ്രാജ്യത്വനിയന്ത്രണത്തിനു നേരെയാണ് എന്ന കാര്യം ഈ വിമര്‍ശകേസരികള്‍ മറന്നുപോയി. ബിടി കോട്ടണിന്റെ വ്യാപനത്തെ സിപിഐ എം എതിര്‍ക്കുന്നതും ഇക്കാരണത്താലാണ്. ജനിതക വിത്തുകള്‍ മോസാന്റോപോലുളള കമ്പനികളുടെ നിയന്ത്രണത്തിലാകുമ്പോള്‍ എന്തെല്ലാം ദുരന്തങ്ങള്‍ സൃഷ്ടിക്കപ്പെടാമെന്നതിന്റെ തെളിവാണ് ഇന്ത്യയിലെ ബിടി കോട്ട. അതുകൊണ്ട് ജനിതക സാങ്കേതിക വിദ്യ ബഹുരാഷ്ട്ര കുത്തകകള്‍ക്കു വിട്ടുകൊടുക്കാതെ നമ്മുടെ സര്‍വകലാശാലകളും പഠനഗവേഷണ കേന്ദ്രങ്ങളും ഏറ്റെടുക്കണമെന്നാണ് പാര്‍ടിയുടെ നയം. കേന്ദ്രസര്‍ക്കാരാകട്ടെ, പൊതുമേഖലയെ ദുര്‍ബലപ്പെടുത്തി രണ്ടാം ഹരിതവിപ്ളവം ബഹുരാഷ്ട്ര കുത്തകകള്‍ക്ക് തീറെഴുതിക്കൊണ്ടിരിക്കുകയാണ്. ഗവേഷണഫണ്ടുകള്‍ വെട്ടിക്കുറച്ച് നമ്മുടെ സര്‍വകലാശാലകളെ മോസാന്റോയുടെയും മറ്റും വരുതിയിലാക്കുന്നതിന് അവര്‍ കൂട്ടുനില്‍ക്കുകയാണ്. ബിടി വഴുതന വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നതിന് അന്നുമിന്നും സിപിഐ എം എതിരാണ്. മോസാന്റോ കമ്പനിയുടെ നിയന്ത്രണത്തിലാണ് ബിടി വഴുതന എന്നതു മാത്രമല്ല കാരണം. ഭക്ഷ്യവിളകളില്‍ ജനിതക വിത്തുകള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് ഗൌരവമായ അഭിപ്രായവ്യത്യാസം ശാസ്ത്രലോകത്തുണ്ട്. അതിന്റെയടിസ്ഥാനത്തില്‍ പുതിയ ഇനങ്ങളുടെ ആരോഗ്യഫലം സംബന്ധിച്ച് വിശദമായ പഠനം പൂര്‍ത്തിയാകുന്നതുവരെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി പാടില്ല. മാത്രവുമല്ല, വഴുതനയുടെ ജൈവവൈവിധ്യകേന്ദ്രം ഇന്ത്യയാണ്. ഈ ജൈവവൈവിധ്യം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്തണം. ഇതാണ് പാര്‍ടിയുടെ നിലപാട്. മേല്‍പ്പറഞ്ഞ നിലപാട് വിശദീകരിച്ച് ഞാന്‍ നടത്തിയ പത്രസമ്മേളനം രണ്ടു ചാനലിലെങ്കിലും ഹാസ്യപരിപാടികളില്‍ സ്ഥാനം പിടിച്ചു. മാരാരിക്കുളം വടക്കു പഞ്ചായത്ത് നടത്തിയ വഴുതനോത്സവത്തില്‍ പറഞ്ഞതിനു വിരുദ്ധമാണ് പുതിയ നിലപാട് എന്നാണ് വ്യാഖ്യാനം. ഒരു പത്രം നല്‍കിയ തലക്കെട്ട് "അന്ന് ഐസക് വഴുതന പൊക്കി, ഇന്നു വഴുതുന്നു, അന്തംവിട്ട് അണികള്‍'' എന്നായിരുന്നു. ചാനലുകളിലെയും പത്രങ്ങളിലെയും പലരും ആത്മാര്‍ഥമായി വിശ്വസിച്ചുതന്നെയാണ് ഇത്തരം വ്യാഖ്യാനങ്ങള്‍ ചമച്ചത്. വഴുതനോത്സവത്തിന്റെ രേഖകളൊന്ന് തപ്പിപ്പിടിച്ചു വായിക്കാന്‍ മെനക്കെട്ടിരുന്നെങ്കില്‍ ഈ മാധ്യമ സുഹൃത്തുക്കള്‍ക്ക് ഇങ്ങനെയൊരു അബദ്ധം പിണയില്ലായിരുന്നു. ഏറ്റവും അര്‍ഥവത്തായ സംവാദമാണ് വഴുതനോത്സവവേദിയില്‍ നടന്നത്. രാജ്യത്തെ ഏറ്റവും പ്രാമാണികരായ പല ജനിതക ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവര്‍ത്തകരും ഈ സംവാദത്തില്‍ പങ്കാളികളായി. സ്വാഭാവികമായും വ്യത്യസ്ത നിലപാടുകള്‍ ഉണ്ടായി. പക്ഷേ, സംവാദത്തിന്റെ അവസാനം "മാരാരിക്കുളം വിജ്ഞാപനം'' എന്നൊരു രേഖ സമ്മേളനം അംഗീകരിച്ചു. ഇതിന്റെ പൂര്‍ണരൂപം പീപ്പിള്‍സ് ഡെമോക്രസി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ആ രേഖയില്‍ നിന്നു ചില പ്രസക്തഭാഗങ്ങള്‍ മാത്രം ഉദ്ധരിക്കട്ടെ; "സമകാലീന ശാസ്ത്രസാങ്കേതിക മുന്നേറ്റത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമായ ജനിതക സാങ്കേതിക വിദ്യക്ക് തങ്ങള്‍ എതിരല്ല എന്ന് ഗ്രാമപഞ്ചായത്ത് വ്യക്തമാക്കി. എന്നാല്‍, ഇവിടെ വിശദമായി ചര്‍ച്ചചെയ്ത ആശങ്കകളുടെ പശ്ചാത്തലത്തില്‍ ഈ സാങ്കേതികവിദ്യ സംബന്ധിച്ച് മുന്‍കരുതല്‍ തത്വവും പൊതു ഉടമസ്ഥതയും പഞ്ചായത്ത് ഉയര്‍ത്തിപ്പിടിക്കുന്നു. ബിടി വഴുതനയുടെ കാര്യത്തില്‍ ഈ മുന്‍കരുതല്‍തത്വം പൂര്‍ണമായി കാറ്റില്‍ പറത്തിയിരിക്കുന്നു എന്നാണ് ഈ സെമിനാറിന്റെ ഏകകണ്ഠമായ അഭിപ്രായം. അമേരിക്കന്‍ കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ ഇതുസംബന്ധിച്ചുള്ള തീരുമാനങ്ങളെ ഗാഢമായി സ്വാധീനിച്ചിരിക്കുകയാണ്''. ഇതിനുശേഷം ബിടി വഴുതന ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ചുള്ള മോസാന്റോ കമ്പനിയുടെ പരീക്ഷണഫലങ്ങളെ ചോദ്യംചെയ്യുകയും പുതിയ പഠനങ്ങളുടെ ആവശ്യകത ഉയര്‍ത്തുകയുംചെയ്തു. "വഴുതന ജൈവവൈവിധ്യത്തിന്റെ പ്രഭവ കേന്ദ്രമായ ഇന്ത്യയില്‍ ബിടി വഴുതന സംബന്ധിച്ച് ഏറ്റവും കര്‍ശനമായ ജാഗ്രത'' പുലര്‍ത്തേണ്ടത് എന്തുകൊണ്ട് എന്നു രേഖ വിശദീകരിച്ചു. ഇതിനുശേഷം മോസാന്റോ കമ്പനിയുടെ വാണിജ്യതാല്‍പ്പര്യങ്ങളെയും കര്‍ഷകവിരുദ്ധ നിലപാടുകളെയും തുറന്നുകാണിച്ചു. ഇവയുടെ അടിസ്ഥാനത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരോഗ്യ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദമായ പഠനം പൂര്‍ത്തീകരിക്കുംവരെ വാണിജ്യാടിസ്ഥാനത്തില്‍ ബിടി വഴുതനകൃഷിക്ക് മോറട്ടോറിയം ആവശ്യപ്പെട്ടു. എങ്ങനെയാണ് ഈ വിജ്ഞാപനം പാര്‍ടി നിലപാടിനു വിരുദ്ധമാകുന്നത് എന്ന് വാര്‍ത്താചാനലുകളിലെ ഹാസ്യകലാകാരന്മാര്‍ ഒന്നു വിശദീകരിക്കുന്നത് നന്നായിരിക്കും. പഠനകോഗ്രസിന്റെ സമാപന സമ്മേളനത്തില്‍ പാര്‍ടി സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പാര്‍ടി നിലപാട് അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമായി വിശദീകരിച്ചു. അപ്പോള്‍ "പിണറായി എസ് ആര്‍ പിയുടെ പ്രസ്താവനയെ മയപ്പെടുത്തി'' എന്നായി വ്യാഖ്യാനം. ജനിതക സാങ്കേതികവിദ്യ സംബന്ധിച്ച് ഗൌരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ട വ്യത്യസ്ത നിലപാടുകള്‍ ഉണ്ട്. ഉല്‍പ്പാദനക്ഷമതയ്ക്കും കൃഷിച്ചെലവിനുംമേല്‍ എന്തു പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നത് പരീക്ഷണാടിസ്ഥാനത്തില്‍ തീരുമാനിക്കപ്പെടേണ്ടതാണ്. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന് ആവശ്യമായ പ്രോട്ടോക്കോള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇത്തരം വിഷയങ്ങളെക്കുറിച്ച് പഠനവും സംവാദവും വേണം. ഗവേഷണവും പരീക്ഷണങ്ങളും നടക്കണം. രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ആധുനിക സാങ്കേതികവിദ്യകളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന അന്വേഷണത്തിനു നേരെ മുഖംതിരിക്കാന്‍ പാടില്ല. സംവാദത്തിനു പകരം വിവാദങ്ങള്‍ സൃഷ്ടിക്കുകയും പൊലിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ സമവായങ്ങള്‍ രൂപപ്പെടാനുളള സാധ്യതകള്‍ക്കു തുരങ്കം വയ്ക്കുന്നു. വികസന പദ്ധതികള്‍ക്കു തുരങ്കം വയ്ക്കുന്ന വിവാദങ്ങളെ കൊഴുപ്പിക്കുന്നതില്‍ മത്സരിക്കുന്ന മാധ്യമങ്ങള്‍ കേരള വികസനത്തിനു തടസ്സം നില്‍ക്കുകയാണ്.
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്