വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.
Showing posts with label വിദേശം. Show all posts
Showing posts with label വിദേശം. Show all posts

Wednesday, January 11, 2012

ഇസ്രയേലിന് അടിയറവ്

ഇസ്രയേലിന് അടിയറവ്
ദേശാഭിമാനി മുഖപ്രസംഗം
Posted on: 11-Jan-2012 12:21 AM

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ സിയോണിസ്റ്റ് ഫാസിസം നടപ്പാക്കുന്ന അക്രമിരാഷ്ട്രമാണ് ഇസ്രയേല്‍ . ലോകമാകെ പ്രതിഷേധിച്ചിട്ടും ആ രാഷ്ട്രം പലസ്തീനികള്‍ക്കുനേരെ നിരന്തരം ആക്രമണം നടത്തുന്നു. ലോകമര്യാദകളും മാനവികതയും മറന്ന് മനുഷ്യക്കുരുതി നടത്തുന്ന ഇസ്രയേലിനെ അറപ്പോടെ അകറ്റിനിര്‍ത്തിയ പാരമ്പര്യമാണ് ഇന്ത്യയുടേത്. ഇന്ത്യ പിന്തുടര്‍ന്ന ചേരിചേരാനയത്തിന്റെ ഉള്ളടക്കം സാമ്രാജ്യവിരോധത്തിന്റേതാണ്. ജവാഹര്‍ലാല്‍ നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കാലത്ത് ഉയര്‍ത്തിപ്പിടിച്ച ചേരിചേരാനയം ഇന്ത്യക്ക് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സവിശേഷമായ സ്ഥാനം നല്‍കിയിരുന്നു. നെഹ്റുവിന്റെ കാലത്ത് ഇസ്രയേലുമായി നയതന്ത്രബന്ധം വിച്ഛേദിച്ചു. പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് അവരുടെ നയതന്ത്രപ്രതിനിധികളെ ക്ഷണിച്ചുകൊണ്ടുവരാനും നമ്മുടെ രാജ്യം തയ്യാറായിരുന്നു.

പി വി നരസിംഹറാവുവിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരാണ് 1991ല്‍ ഇസ്രയേലുമായി ഇന്ത്യയെ വീണ്ടും അടുപ്പിച്ചത്. പിന്നീട് എന്‍ഡിഎ ഭരണം വന്നപ്പോള്‍ ബന്ധം കടുത്തു. ഒരു പടികൂടി കടന്ന് മന്‍മോഹന്‍സര്‍ക്കാര്‍ ഇസ്രയേലിനെ ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളിരാഷ്ട്രമാക്കി മാറ്റുകയാണ്. സംയുക്ത സൈനികാഭ്യാസവും ഇസ്രയേലിനുവേണ്ടിയുള്ള ഉപഗ്രഹവിക്ഷേപണവും വമ്പന്‍ ആയുധക്കച്ചവടവുമായി ആ ബന്ധം പടര്‍ന്നുപന്തലിക്കുന്നു. ഇസ്രയേലിന്റെ മുഖ്യ ആയുധകയറ്റുമതി കമ്പോളമാണ് ഇന്ന് ഇന്ത്യ. ഇസ്രയേലിന് ഏറ്റവും വലിയ യുദ്ധോപകരണകയറ്റുമതിക്കുള്ള കരാര്‍ നല്‍കിയത് മന്‍മോഹന്‍സര്‍ക്കാരാണ്. അമേരിക്കയില്‍നിന്നും അതിന്റെ ശിങ്കിടിയായ ഇസ്രയേലില്‍നിന്നും മാത്രമാണ് ഇന്ത്യ ആയുധം വാങ്ങുന്നത്. ഇറാന്റെ പ്രകൃതിവാതക പൈപ്പുലൈന്‍ പദ്ധതി നിഷ്കരുണം ഉപേക്ഷിച്ച് വന്‍ ചെലവുവരുന്ന അമേരിക്കന്‍ ആണവകരാറിനെ അഭയംപ്രാപിച്ചതുപോലെയാണ്, ആയുധം വാങ്ങാനുള്ള ചെലവുകുറഞ്ഞ സാധ്യതകള്‍ ആരായാതെ ഇസ്രയേലിനെ ആശ്രയിക്കുന്നത്. അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയായി ഇന്ത്യയെ അധഃപതിപ്പിച്ചതിന്റെ തുടര്‍ച്ചയാണിത്. ഇന്ന് ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട ഇസ്രയേലിന്റെ പങ്കാളിയായി അമേരിക്കന്‍ സാമ്രാജ്യത്വം ഇന്ത്യയെ അക്ഷരാര്‍ഥത്തില്‍ അധഃപതിപ്പിച്ചിരിക്കുന്നു. ഇന്ത്യയുമായി നടത്തുന്ന ലാഭക്കച്ചവടങ്ങളിലൂടെ ലഭിക്കുന്ന പണമാണ് പലസ്തീനിലെ അമ്മമാരെയും കുഞ്ഞുങ്ങളെയും കൊന്നൊടുക്കാന്‍ ഇസ്രയേല്‍ ഉപയോഗിക്കുന്നത് എന്നതുപോലും യുപിഎ സര്‍ക്കാര്‍ മറന്നുപോകുന്നു. ഇന്ത്യ-ഇസ്രയേല്‍ നയതന്ത്രബന്ധം തുടങ്ങിയതിന്റെ 20-ാംവാര്‍ഷികത്തില്‍ വിദേശമന്ത്രി എസ് എം കൃഷ്ണയെ ഇസ്രയേലിലേക്ക് അയക്കാനാണ് യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചത്. ആ തീരുമാനംതന്നെ ഇന്ത്യ പലസ്തീന്‍വിരുദ്ധ ചേരിയില്‍ കൂടുതല്‍ സജീവമാകാന്‍ പോകുന്നതിന്റെ സൂചനയാണ്. കൃഷ്ണയുടെ ദ്വിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യന്‍ സ്ഥാനപതി നവ്തേജ് സര്‍ന നടത്തിയ പ്രഖ്യാപനം ഗൗരവമുള്ളതാണ്. ഇസ്രയേല്‍ ഇന്ത്യയുടെ "സുപ്രധാന പങ്കാളി"യായി മാറുകയാണെന്ന് സര്‍ന പറയുന്നു. കൂടുതല്‍ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുമെന്നും നിലവിലുള്ള സഹകരണം ദൃഢമാക്കുമെന്നും സ്ഥാനപതി കൂട്ടിച്ചേര്‍ക്കുന്നു. പുതിയ വര്‍ഷത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന വിദേശ നയത്തിന്റെ സൂചനയാണ് ഇത് എന്നതില്‍ തര്‍ക്കമില്ല. ഒരുവശത്ത്, പശ്ചിമേഷ്യയുടെ സമാധാനത്തിനായി ഇന്ത്യ ജാഗ്രതപാലിക്കുമെന്ന് രാഷ്ട്രപതി ഉറപ്പുനല്‍കുമ്പോഴാണ്, പശ്ചിമേഷ്യന്‍ സമാധാനത്തിന്റെ ഏറ്റവും വലിയ വിപത്തായ ഇസ്രയേലിനെ ഗാഢം പുണരാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറാകുന്നത്. രാജ്യത്തിന്റെ വിദേശനയത്തെയും മാനവികതയിലൂന്നിയ നിലപാടുകളെയും സാമ്രാജ്യവിരുദ്ധപാരമ്പര്യത്തെയും പരിപൂര്‍ണമായി മലിനപ്പെടുത്തുന്ന മന്‍മോഹന്‍ഭരണം അമേരിക്കയുടെ ഇംഗിതമാണ് നടപ്പാക്കുന്നത്.

സ്വതന്ത്രരാഷ്ട്രമെന്ന പലസ്തീന്റെ ദീര്‍ഘകാലമായുള്ള ആവശ്യം ഇതുവരെ അംഗീകരിക്കാന്‍ ഇസ്രയേല്‍ തയ്യാറായിട്ടില്ല. പലസ്തീന്റെ അധീനതയിലുള്ള പ്രദേശങ്ങള്‍ കൂടുതല്‍ കൂടുതല്‍ കൈയേറുന്നു; ജനങ്ങളെ കൊന്നൊടുക്കുന്നു. ഇസ്രയേലിനെ മേഖലയിലെ സമാധാനം തകര്‍ക്കുന്ന രാജ്യമായാണ് അമേരിക്കയോടടുപ്പമുള്ള ചില യൂറോപ്യന്‍ രാഷ്ട്രങ്ങള്‍പോലും കണക്കാക്കുന്നത്. എന്നിട്ടും ഇന്ത്യ മറ്റൊരു വഴിക്കാണ്. പരസ്പരസഹകരണത്തിന്റെ അളവുകൂട്ടുന്ന വിഷയങ്ങളിലൊന്ന്, "ഭീകരതയ്ക്കെതിരായ യുദ്ധ"മാണെന്ന് സ്ഥാനപതി വ്യക്തമാക്കിയിട്ടുണ്ട്. പലസ്തീനില്‍ തങ്ങള്‍ നടത്തുന്നത് ഭീകരതയ്ക്കെതിരായ യുദ്ധമാണെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്നു. ആ "യുദ്ധ"ത്തില്‍ ഇന്ത്യയും പങ്കാളിയാവുകയാണോ? മഹത്തായ ചേരിചേരാ നയത്തെ കുഴിച്ചുമൂടി അമേരിക്കയുടെയും ഇസ്രയേലിന്റെയും ചൊല്‍പ്പടിക്ക് നില്‍ക്കുന്ന വിധേയരാജ്യമായി ഇന്ത്യയെ മാറ്റുന്നതിന്റെ ചേതോവികാരമെന്തെന്ന് ജനങ്ങളോട് പറയാനുള്ള കുറഞ്ഞ ബാധ്യതയെങ്കിലും യുപിഎ നേതൃത്വത്തിനുണ്ട്. സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസിനും സര്‍ക്കാരില്‍ പങ്കാളിയായി അധികാരം നുണയുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിനും ആ ബാധ്യതയുണ്ട്. പലസ്തീനികളുടെ കൂട്ടക്കുരുതിക്ക് ഇസ്രയേലിന് പിന്തുണ നല്‍കുകയാണ് യുപിഎ സര്‍ക്കാര്‍ എന്ന യാഥാര്‍ഥ്യം മൂടിവയ്ക്കാനാകില്ലതന്നെ. ഇസ്രയേലിന് അനുകൂലമായി ഇന്ത്യയെ അധഃപതിപ്പിക്കുമ്പോള്‍ യുപിഎ സര്‍ക്കാര്‍ , നമ്മുടെ രാജ്യത്തിന്റെ ആത്മാഭിമാനത്തിനുനേരെയാണ് ആക്രമണം നടത്തുന്നത്. ഈ ലജ്ജാശൂന്യമായ നടപടിക്കെതിരെ അതിശക്തമായ ജനകീയപ്രതിഷേധം വളര്‍ന്നുവരേണ്ടിയിരിക്കുന്നു.

അറ്റ്ലാന്റിക് യുഗത്തിന്റെ അന്ത്യം

അറ്റ്ലാന്റിക് യുഗത്തിന്റെ അന്ത്യം

പി ഗോവിന്ദപ്പിള്ള

Posted on: 07-Jan-2012 02:40 AM
ദേശാഭിമാനി

പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിലെ യൂറോപ്യന്‍ വൈജ്ഞാനിക വിപ്ലവവും തുടര്‍ന്നുണ്ടായ വ്യവസായ വ്യാവസായിക-കാര്‍ഷിക വിപ്ലവങ്ങളും അമേരിക്കന്‍ ഐക്യനാട് എന്ന് ഇപ്പോള്‍ പറയപ്പെടുന്ന പ്രദേശത്തെ ബ്രിട്ടീഷ് അധിനിവേശവും പതിനഞ്ചാം നൂറ്റാണ്ടില്‍ സ്പെയിനിന് ലാറ്റിനമേരിക്കയില്‍ ലഭിച്ച മേല്‍ക്കോയ്മയും എല്ലാം ചേര്‍ന്ന് അറ്റ്ലാന്റിക് സമുദ്രത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങളെ ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രങ്ങളാക്കി മാറ്റി. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഹോളണ്ട്, ബെല്‍ജിയം, ഇറ്റലി തുടങ്ങിയ രാഷ്ട്രങ്ങള്‍ ലോകത്തിലെ പല പ്രദേശങ്ങളും കൈവശപ്പെടുത്തി അവിടത്തെ വിഭവങ്ങളും സമ്പത്തും ചൂഷണം ചെയ്ത് വന്‍ശക്തികളായി വളര്‍ന്നു. അതേകാലത്ത് വടക്കേ അമേരിക്കയിലെ കന്യാവനങ്ങള്‍ വെട്ടിപ്പിടിച്ച് അവിടത്തെ ആദിവാസികളെ കൊന്നൊടുക്കിയും അവശേഷിച്ചവരെ വനാന്തരങ്ങളിലേക്ക് ആട്ടിയോടിച്ചും അമേരിക്കന്‍ ഐക്യനാടും വളരുകയായിരുന്നു. 1776ല്‍ ബ്രിട്ടനില്‍നിന്ന് മോചനം നേടി ഐക്യനാട് സ്വതന്ത്രരാഷ്ട്രമായി. അടിമകളായി ആഫ്രിക്കയില്‍നിന്ന് കൊണ്ടുവന്ന ഇന്നത്തെ ആഫ്രോ-ഏഷ്യന്‍ വംശജരും യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരുമാണ് അവിടത്തെ ഭൂരിപക്ഷം ജനങ്ങളും. 19-ാം നൂറ്റാണ്ടിന്റെ അന്ത്യമായപ്പോഴേക്കും ലോകത്തിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രങ്ങളിലൊന്നായി അമേരിക്ക മാറി. അമേരിക്കയ്ക്ക് വടക്ക് സ്ഥിതിചെയ്യുന്ന കനഡ ജനസാന്ദ്രത കുറഞ്ഞ, സമ്പന്നമായ ബ്രിട്ടീഷ് കോളനിയായിരുന്നു. കുടിയേറ്റക്കാര്‍ അവിടെയുമുണ്ടെങ്കിലും ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവരാണ് ഭൂരിപക്ഷം. അറ്റ്ലാന്റിക് സമുദ്രത്തിന്റെ വടക്കേ പകുതിയില്‍ സ്ഥിതിചെയ്യുന്ന വടക്കേ അമേരിക്കയും പശ്ചിമ യൂറോപ്പും അറ്റ്ലാന്റിക് കൂട്ടായ്മ എന്ന പേരിലറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും സമ്പത്തും സൈനിക ശക്തിയും ഈ അറ്റ്ലാന്റിക് കൂട്ടായ്മയ്ക്കാണ്. രണ്ടാംലോക മഹായുദ്ധാനന്തരമുണ്ടായ വിമോചന സമരങ്ങളെത്തുടര്‍ന്ന് അവരുടെ പ്രത്യക്ഷ ആധിപത്യം അവസാനിച്ചെങ്കിലും സമ്പദ്ശക്തിയും സൈനികശക്തിയും കൊണ്ടുള്ള അപ്രത്യക്ഷ ആധിപത്യം തുടര്‍ന്നുപോന്നു. ലോകാധിപത്യം നിലനിര്‍ത്താന്‍ ഈ അറ്റ്ലാന്റിക് കൂട്ടായ്മ ഒരു സൈനികസഖ്യം വാര്‍ത്തെടുത്തിട്ടുണ്ട്. അതിന്റെ പേര് "ഉത്തര അറ്റ്ലാന്റിക് ഉടമ്പടി സംഘടന" (നാറ്റോ) എന്നാണ്. ഈ കാരണങ്ങളെല്ലാംകൊണ്ടുതന്നെ ഇതുവരെയുള്ള ലോകചരിത്രത്തെ അറ്റ്ലാന്റിക് യുഗം എന്ന് വിശേഷിപ്പിക്കാം.

യൂറേഷ്യന്‍ വെല്ലുവിളി

ഈ കരുത്തുറ്റ അറ്റ്ലാന്റിക് കൂട്ടായ്മക്കെതിരെ ഉയര്‍ന്നുവന്ന ഏറ്റവും വലിയ വെല്ലുവിളി 1917 ഒക്ടോബര്‍ വിപ്ലവത്തെതുടര്‍ന്ന് രൂപംകൊണ്ട സോവിയറ്റ് യൂണിയനായിരുന്നു. രണ്ടാംലോക മഹായുദ്ധത്തിന് ശേഷം പല രാജ്യങ്ങളും സോഷ്യലിസത്തിലേക്ക് നീങ്ങുകയും സോവിയറ്റ് യൂണിയന്റെ ചേരിയില്‍ അണിനിരക്കുകയുംചെയ്തു. 1949ല്‍ ചൈനീസ് കമ്യൂണിസ്റ്റ് വിപ്ലവം വിജയിച്ചതോടെ സോഷ്യലിസ്റ്റ് ചേരി കൂടുതല്‍ ശക്തമായി. നേരിട്ട് ഈ ചേരിയില്‍ ഇടപെടാതെ നിന്ന പുതിയ വിമോചിത രാജ്യങ്ങള്‍ മൂന്നാംലോക രാഷ്ട്രങ്ങള്‍ എന്നറിയപ്പെടുന്നു. അവ സാമ്രാജ്യത്വ വാഴ്ചയുടെ കെടുതിയില്‍നിന്ന് ഇനിയും പൂര്‍ണമുക്തമായിട്ടില്ല. എങ്കിലും അവയുടെ രാഷ്ട്രീയമായ ചായ്വ് സോഷ്യലിസ്റ്റ് ചേരിയോടാണ്. ഈ മൂന്നാം ലോക "ചേരിചേരാ രാഷ്ട്രങ്ങളെ" ഇന്ത്യയിലെ ജവാഹര്‍ലാല്‍ നെഹ്റുവും ഈജിപ്തിലെ അബ്ദുള്‍ നാസറും യുഗോസ്ലാവിയയിലെ മാര്‍ഷല്‍ ടിറ്റോയും ചേര്‍ന്ന് ഒരു ലോകരാഷ്ട്ര പ്രസ്ഥാനമായി വളര്‍ത്തി. ഇതാണ് ചേരിചേരാ പ്രസ്ഥാനം. അങ്ങനെ തങ്ങളുടെ മേച്ചില്‍സ്ഥലങ്ങളായിരുന്ന ആഫ്രോ-ഏഷ്യന്‍ -ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങള്‍ കൈവിട്ടതോടെ അറ്റ്ലാന്റിക് ആധിപത്യത്തില്‍ കോട്ടം തട്ടാന്‍ തുടങ്ങി. വ്യാവസായിക യന്ത്രങ്ങളുടെ ചാലകശക്തിയായ എണ്ണ നല്‍കുന്ന പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളുടെ നിയന്ത്രണവും അറ്റ്ലാന്റിക് രാഷ്ട്രങ്ങള്‍ക്ക് നഷ്ടമായത് കൂനിന്‍മേല്‍ കുരു പോലെയായി. 1973ല്‍ പെട്രോളിയം കയറ്റുമതിചെയ്യുന്ന സംഘടന പശ്ചിമേഷ്യയില്‍ രൂപംകൊള്ളുകയും എണ്ണവില നിയന്ത്രണം ആ സംഘടന ഏറ്റെടുക്കുകയുംചെയ്തു. ഇതോടെ ഈ മേഖലയില്‍ യൂറോപ്യന്‍ മേല്‍ക്കോയ്മയ്ക്ക് ഇടിവുതട്ടി. യൂറോപ്യന്‍ രാജ്യങ്ങളില്‍ എണ്ണനിക്ഷേപമില്ല. അമേരിക്കയിലുണ്ടെങ്കിലും അവരുടെ ആവശ്യത്തിന് മതിയാകില്ല. ചൈനയുടെ മുന്നേറ്റം 1991ല്‍ സോവിയറ്റ് യൂണിയന്‍ തകരുകയും മുതലാളിത്തം ശക്തിയാര്‍ജിക്കുകയുംചെയ്തത് അനുഗ്രഹമായാണ് പാശ്ചാത്യര്‍ കരുതിയത്. റഷ്യയിലെ എണ്ണയും പ്രകൃതിവാതകവും നേടിയെടുക്കാമെന്ന് അവര്‍ വിചാരിച്ചു. അതുണ്ടായില്ലെന്ന് മാത്രമല്ല ചൈനയും റഷ്യയും തമ്മില്‍ സഹകരണം വര്‍ധിക്കുകയുംചെയ്തു. റഷ്യയും ചൈനയും മുന്‍ സോവിയറ്റ് റിപ്പബ്ലിക്കായ കസാഖ്സ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളും ചേര്‍ന്ന് രണ്ടായിരാമാണ്ടില്‍ സ്ഥാപിച്ച ഷാങ്ഹായ് സഹകരണ സംഘടന ലോകരാഷ്ട്രീയത്തില്‍ പടിഞ്ഞാറന്‍മാര്‍ക്ക് വെല്ലുവിളിയായി മാറി. ഇപ്പോള്‍ അമേരിക്കന്‍ ഐക്യനാടും പല യൂറോപ്യന്‍ രാഷ്ട്രങ്ങളും ചൈനയുടെ കടക്കാരാണ്. വന്‍ ഡോളര്‍ നിക്ഷേപമുള്ള ചൈനയില്‍ നിന്ന് അമേരിക്കപോലും കടം വാങ്ങാന്‍ ശ്രമിക്കുകയുണ്ടായി. അപ്പോഴേക്കും ലോകവിപണിയില്‍ ഡോളറിന്റെ വിനിമയമൂല്യം തകര്‍ന്നു. അതുകൊണ്ട് ചൈന ഇപ്പോള്‍ കൈവശമുള്ള ഡോളറിനെ കൈയൊഴിഞ്ഞ് സ്വര്‍ണനിക്ഷേപത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. പടിഞ്ഞാറന്‍ തകര്‍ച്ച ഈ സാഹചര്യത്തിലാണ് 2008 മുതല്‍ അമേരിക്കയും അവരുമായി ബന്ധപ്പെട്ട രാജ്യങ്ങളും ഗുരുതരമായ സാമ്പത്തികത്തകര്‍ച്ച നേരിട്ടത്. 1930ലെ ലോകസാമ്പത്തിക തകര്‍ച്ചയെ അനുസ്മരിപ്പിക്കുന്ന ഇപ്പോഴത്തെ പ്രതിസന്ധി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പരിഹരിക്കാനാകാതെ തുടരുകയാണ്. ഈ പ്രതിസന്ധി പരിഹരിക്കും എന്ന വാഗ്ദാനവുമായിട്ടാണ് പ്രഭാഷണ ചതുരനായ ബറാക് ഒബാമ 2008ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചതും ജയിച്ചതും. രണ്ടാം വട്ടം ഭാഗ്യം പരീക്ഷിക്കാനുള്ള സമയമായെങ്കിലും സാമ്പത്തികക്കുഴപ്പത്തില്‍ നിന്ന് അമേരിക്കയെ രക്ഷിക്കാന്‍ ഒബാമയ്ക്ക് കഴിഞ്ഞില്ല. അമേരിക്കയുടെ സാമ്പത്തിക കേന്ദ്രമായ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കാന്‍ ജനങ്ങള്‍ പ്രക്ഷോഭം നടത്തുകയാണ്. ഒരു ശതമാനം ധനികര്‍ക്കുവേണ്ടി 99 ശതമാനം പേരെ ദരിദ്രരാക്കുന്ന അമേരിക്കന്‍ മുതലാളിത്തത്തിനെതിരായി തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുന്നവരെ ബലംപ്രയോഗിച്ച് അടിച്ചമര്‍ത്താനാണ് ഒബാമ ഭരണകൂടം ശ്രമിക്കുന്നത്. തൊഴിലില്ലായ്മയും അമേരിക്കയെ അസ്വസ്ഥമാക്കുകയാണ്. യൂറോപ്പിലും വലിയതോതില്‍ പിരിച്ചുവിടല്‍ തുടങ്ങിയിരിക്കുന്നു. ലോകമെങ്ങുമുള്ള തങ്ങളുടെ സാമ്പത്തികാധിപത്യത്തിന്റെ ഉപാധിയായ യൂറോപ്പിലെ ബാങ്കുകള്‍ തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. യൂറോപ്പില്‍ ഇപ്പോള്‍ത്തന്നെ 11,000 ബാങ്ക് ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.

കൊക്കകോളയും പെപ്സിയും ലോകമെങ്ങും വില്‍പ്പനയുള്ള അമേരിക്കന്‍ ശീതള പാനീയങ്ങളാണ്. പെപ്സിക്കോളയില്‍ മൂന്ന് ലക്ഷത്തോളം പേരാണ് പണിയെടുക്കുന്നത്. അവരില്‍ 4000 പേരെ പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നു. കൂടുതല്‍പേരെ പിരിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന് മാനേജ്മെന്റ് വക്താക്കള്‍ സൂചിപ്പിക്കുന്നു.അയര്‍ലന്‍ഡും ഗ്രീസും ഗുരുതരമായ സാമ്പത്തികത്തകര്‍ച്ചമൂലം കീഴ്മേല്‍ മറിയുകയാണ്. ഫ്രാന്‍സിലും ഇറ്റലിയിലും പിരിച്ചുവിടല്‍ ആരംഭിച്ചിട്ടുണ്ട്. ബ്രിട്ടനിലെ സാമ്പത്തികത്തകര്‍ച്ച ദരിദ്രരായ കുടിയേറ്റക്കാരുമായി തദ്ദേശീയരുടെ ഏറ്റുമുട്ടലിലേക്കും വംശീയ ലഹളകളിലേക്കും നയിക്കുന്നു. അങ്ങനെ നേരത്തെ വിവരിച്ച അറ്റ്ലാന്റിക് യുഗം അധോഗതിയിലേക്ക് നീങ്ങുകയാണ്. ഏഷ്യയില്‍ പുതിയ ഉണര്‍വ് പ്രത്യക്ഷപ്പെടുന്നു. ചെയര്‍മാന്‍ മൗ സെ ദൊങ് പ്രവചിച്ചതുപോലെ കിഴക്കന്‍കാറ്റ് പടിഞ്ഞാറന്‍കാറ്റിനെ കീഴ്പ്പെടുത്തും എന്ന അവസ്ഥയിലേക്ക് ഇതെല്ലാം നയിക്കുന്നു.

Saturday, November 26, 2011

കിര്‍ഗിസ്ഥാന്‍ : മധ്യേഷ്യന്‍ അരുണോദയം

കിര്‍ഗിസ്ഥാന്‍ : മധ്യേഷ്യന്‍ അരുണോദയം
പി ഗോവിന്ദപ്പിള്ള
ദേശാഭിമാനി , 2011 നവംബര്‍ 26

പഴയ സോവിയറ്റ് യൂണിയനില്‍നിന്ന് വേര്‍പെട്ട് പരമാധികാര റിപ്പബ്ലിക്കായ കിര്‍ഗിസ്ഥാന്റെ ജനസംഖ്യ 55 ലക്ഷമാണ്. അതിന്റെ കിഴക്കേ അതിര്‍ത്തി ചൈനയാണ്. അഫ്ഗാനിസ്ഥാന്‍ , ഇറാഖ്, ഇറാന്‍ തുടങ്ങിയ പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങള്‍ ലോകരാഷ്ട്രങ്ങളുടെ ബലപ്രയോഗങ്ങളുടെയും ഉപജാപങ്ങളുടെയും കേന്ദ്രമാണല്ലോ. അതുകൊണ്ട് പഴയ സോവിയറ്റ് യൂണിയന്റെ തെക്കന്‍ മേഖലയിലുള്ളതും പശ്ചിമേഷ്യയുടെ തെക്കന്‍ അതിര്‍ത്തികള്‍ പങ്കുവയ്ക്കുന്നതുമായ തുര്‍ക്ക്മെനിസ്ഥാന്‍ , താജിക്കിസ്ഥാന്‍ , ഉസ്ബെക്കിസ്ഥാന്‍ , കിര്‍ഗിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്ക് തന്ത്രപരമായ പ്രാധാന്യമാണുള്ളത്. ഇറാഖിനും അഫ്ഗാനിസ്ഥാനും ഇറാനുമെതിരെ നടത്തിവരുന്ന നീക്കങ്ങള്‍ക്ക് സഹായകരമാകുംവിധം ഈ പഴയ സോവിയറ്റ് റിപ്പബ്ലിക്കുകള്‍ കേന്ദ്രീകരിച്ച് അമേരിക്കയ്ക്ക് സൈനികത്താവളങ്ങളും നയതന്ത്ര സ്ഥാപനങ്ങളുമുണ്ട്. ചൈനയും അമേരിക്കന്‍ ഐക്യനാടും തമ്മിലുള്ള വ്യാപാരബന്ധം ശക്തിപ്പെടുന്നതുമൂലം പശ്ചിമേഷ്യയുടെയും പഴയ സോവിയറ്റ് യൂണിയന്റെയും അതിര്‍ത്തിയിലൂടെ മധ്യധരണ്യാഴിയെയും ചൈനയെയും ബന്ധപ്പെടുത്തുന്ന 'സില്‍ക്ക് പാത' വീണ്ടും ഉദ്ധരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളെല്ലാം പ്രസിഡന്‍ഷ്യല്‍ സര്‍വാധിപത്യത്തിന്റെ കീഴിലാണ്. അതുകൊണ്ട് അമേരിക്കയ്ക്കും റഷ്യക്കും അവിടത്തെ ഭരണാധികാരികളെ സ്വാധീനിക്കാനും വിഭവങ്ങള്‍ ചൂഷണംചെയ്യാനും എളുപ്പമായി. ഈ പുതിയ അവസ്ഥയില്‍ കിര്‍ഗിസ്ഥാന്‍ പ്രസിഡന്‍ഷ്യല്‍ സര്‍വാധിപത്യം തിരസ്കരിച്ച് പാര്‍ലമെന്ററി ജനാധിപത്യത്തിലേക്ക് നീങ്ങുന്നത് മധ്യേഷ്യന്‍ രാഷ്ട്രങ്ങളിലെ പുതിയ അരുണോദയമായി കണക്കാക്കാം. യൂറേഷ്യന്‍ രാഷ്ട്രതന്ത്രം കഴിഞ്ഞ ഒക്ടോബര്‍ 30ന് നടന്ന തെരഞ്ഞെടുപ്പില്‍ അല്‍മാസ് ബെക് ആതംബയേവ് പാര്‍ലമെന്റിനോട് ഉത്തരവാദിത്തമുള്ള പ്രധാനമന്ത്രിയായി ഉയര്‍ന്നതോടെ പ്രസിഡന്റ് പദം ആലങ്കാരിക പദവിയായി മാറി.

2010ല്‍ നടന്ന തെരഞ്ഞെടുപ്പിന് ശേഷം ഇടക്കാല പ്രസിഡന്റായി അധികാരമേറ്റ റോസ ഒട്ടുന്‍ബയേവയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പുതിയ ഭരണഘടനയാണ് പ്രസിഡന്‍ഷ്യല്‍ സര്‍വാധിപത്യത്തില്‍നിന്ന് മാറി പാര്‍ലമെന്ററി ജനാധിപത്യത്തിന് തുടക്കം കുറിച്ചത്. അമേരിക്കന്‍ ഐക്യനാടിന് മാത്രമല്ല റഷ്യക്കും ഈ പരിവര്‍ത്തനം സ്വാഗതാര്‍ഹമായി തോന്നിയില്ല. ഇത്തരത്തിലുള്ള പാര്‍ലമെന്ററി ജനാധിപത്യം പല അപകടങ്ങളും വരുത്തിവയ്ക്കുമെന്നും റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വെദേവ്് കിര്‍ഗിസ്ഥാനിലെ പുതിയ ഭരണാധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ശ്രദ്ധേയമാണ്. റഷ്യക്കും അമേരിക്കയ്ക്കും കിര്‍ഗിസ്ഥാനില്‍ സൈനികത്താവളങ്ങളുണ്ട്. ഈ സൈനികത്താവളങ്ങള്‍ പൊളിച്ചുകൊണ്ടുപോകണമെന്നാണ് പുതിയ പ്രധാനമന്ത്രി ആതംബയേവ്് ആവശ്യപ്പെടുന്നത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം അതിലെ ഏറ്റവും വലിയ ഘടകമായിരുന്ന റഷ്യന്‍ ഫെഡറേഷനെ അമേരിക്കന്‍ ആധിപത്യത്തിനെതിരെ ശക്തിപ്പെടുത്താനും ചൈനയുമായി കൂടുതല്‍ അടുപ്പിക്കാനുമുള്ള ബുദ്ധിപൂര്‍വമായ രാഷ്ട്രീയ തന്ത്രമാണ് പ്രസിഡന്റായിരുന്ന വ്ളാദിമര്‍ പുടിന്‍ ആദ്യത്തെ രണ്ട് ഊഴങ്ങളില്‍ ശ്രമിച്ചത്. മെദ്വദേവ് പ്രസിഡന്റായപ്പോള്‍ പുടിന്‍ പ്രധാനമന്ത്രിയായി.

പഴയ റഷ്യന്‍ ഭരണഘടനയനുസരിച്ച് ഒരാള്‍ക്ക് തുടര്‍ച്ചയായി രണ്ടുതവണമാത്രമേ പ്രസിഡന്റാകാന്‍ കഴിയൂ എന്നതുകാണ്ടാണ് പുടിന് സ്ഥാനമൊഴിയേണ്ടി വന്നത്. പ്രസിഡന്‍ഷ്യല്‍ ഭരണവ്യവസ്ഥ പ്രകാരം പ്രസിഡന്റിനെ നിയമിക്കുകയും പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം ഭരണം നടത്തുകയുംചെയ്യുന്ന ഒരാള്‍മാത്രമാണ് പ്രധാനമന്ത്രി. അങ്ങനെ പ്രസിഡന്റിനേക്കാള്‍ താഴ്ന്ന സ്ഥാനത്ത് തുടരുമ്പോഴും റഷ്യയെ സോവിയറ്റ് യൂണിയന്റെ കാലത്തെപ്പോലെ ലോകമഹാശക്തിയാക്കാന്‍ പുടിന്‍ ശ്രമിക്കുകയും അതിനുവേണ്ടി പുതിയ യൂറേഷ്യന്‍ രാഷ്ട്രതന്ത്രത്തിന് രൂപം നല്‍കുകയും ചെയ്തിരുന്നു. ഈ യൂറേഷ്യന്‍ രാഷ്ട്രതന്ത്രത്തിന്റെ കേന്ദ്രബിന്ദു റഷ്യയും ചൈനയും തമ്മിലുള്ള സഖ്യമാണ്. 2000ല്‍ രൂപീകരിക്കപ്പെട്ട ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) യൂറേഷ്യന്‍ രാഷ്ട്രതന്ത്രത്തിന്റെ തിരിക്കുറ്റിയാണ്. ഇപ്പോള്‍ മധ്യേഷ്യന്‍ രാഷ്ട്രങ്ങളും റഷ്യയും മറ്റും ഉള്‍ക്കൊള്ളുന്ന ഈ സംഘടനയുടെ യോഗങ്ങളിലേക്ക് ഇന്ത്യയെയും പാകിസ്ഥാനെയും ഇറാനെയും ക്ഷണിക്കാറുണ്ട്. അമേരിക്കയുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ഡോ. മന്‍മോഹന്‍ സിങ്ങിന്റെ യുപിഎ സര്‍ക്കാര്‍ ഷാങ്ഹായ് സംഘടനയുടെ യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ അത്ര താല്‍പ്പര്യം കാണിക്കാറില്ല. എന്നാല്‍ , ചില യോഗങ്ങളില്‍ ക്ഷണപ്രകാരം പോകാറുണ്ട്. ഈ യൂറേഷ്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ കിര്‍ഗിസ്ഥാനിലെ മാറ്റം ശുഭോദര്‍ക്കമാണ്.

Friday, October 21, 2011

ഗദ്ദാഫി പൊരുതിവീണു

2011 ഒക്ടൊബർ 21 ആം തീയതിയിലെ ദേശാഭിമാനി ദിനപ്പത്രത്തിൽ ലിബിയൻ ഭരണാധികാരി മുഅമ്മർ ഗദ്ദാഫി കൊല്ലപ്പെട്ട വാർത്തയും അതുമായി ബന്ധപ്പെടുത്തി വന്ന ഏതാനും ലേഖനങ്ങളും

ഗദ്ദാഫി പൊരുതിവീണു


സിര്‍ത്തെ: ഉത്തരാഫ്രിക്കയിലെ എണ്ണസമ്പന്ന അറബ്രാജ്യമായ ലിബിയയിലും പാശ്ചാത്യശക്തികളുടെ അട്ടിമറി പൂര്‍ത്തിയായി. അമേരിക്കയ്ക്കും സഖ്യരാജ്യങ്ങള്‍ക്കും എതിരെ ശക്തമായ വെല്ലുവിളിയുമായി നാല് പതിറ്റാണ്ടിലധികം ലിബിയ ഭരിച്ച പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫി നാറ്റോയുടെ സൈനികബലത്തോട് പൊരുതിവീണു. അറുപത്തൊമ്പതുകാരനായ ഗദ്ദാഫി, അമേരിക്കന്‍ സൈനികസഖ്യത്തിന്റെ സഹായത്തോടെ ഭരണം പിടിച്ച വിമതരുടെ സേനാ ആക്രമണത്തില്‍ ജന്മനാടായ സിര്‍ത്തെയില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ , നാറ്റോയുടെ വ്യോമാക്രമണത്തിലാകാം ഗദ്ദാഫി കൊല്ലപ്പെട്ടതെന്നും സംശയമുയര്‍ന്നിട്ടുണ്ട്. ഗദ്ദാഫിയുടെ നിയന്ത്രണത്തില്‍ അവസാനംവരെ അവശേഷിച്ച സിര്‍ത്തെയും വിമതസേന പിടിച്ച് മണിക്കൂറുകള്‍ക്കകമാണ് അദ്ദേഹത്തിന്റെ മരണം. ഗദ്ദാഫിയുടെ മകന്‍ മുത്തസിമും സേനാതലവന്‍ അബു ബക്കര്‍ യൂനസ് ജാബറും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

കാക്കി പട്ടാളവേഷത്തില്‍ ഗദ്ദാഫിയുടെ ചേതനയറ്റ ശരീരത്തിന്റെ മൊബൈല്‍ഫോണ്‍ ഫോട്ടോകള്‍ പുറത്തുവന്നിട്ടുണ്ട്. കഴുത്തില്‍നിന്നും തലയില്‍നിന്നുമെല്ലാം ചോരയൊലിക്കുന്ന മൃതദേഹത്തോടുപോലും വിമതസേനാംഗങ്ങള്‍ അനാദരവ് കാണിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു. മൃഗങ്ങളുടെ ജഡമെന്നപോലെ വലിച്ചിഴച്ച് കാറിന്റെ പിന്നില്‍ തള്ളിയ മൃതദേഹം അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. മൃതദേഹം കൊണ്ടുപോയ സ്ഥലം സുരക്ഷാ കാരണത്താലാണ് മറച്ചുവയ്ക്കുന്നതെന്നാണ് ഇടക്കാല ഭരണസഭയുടെ വാദം. ഗദ്ദാഫിയെ അട്ടിമറിക്കുന്നതിന് വിമതര്‍ക്ക് വഴിയൊരുക്കാന്‍ മാര്‍ച്ച് 19ന് ലിബിയയില്‍ കനത്ത വ്യോമാക്രമണം ആരംഭിച്ച നാറ്റോയുടെ യുദ്ധവിമാനങ്ങള്‍ വ്യാഴാഴ്ചയും സിര്‍ത്തെയില്‍ ബോംബുകള്‍ വര്‍ഷിച്ചു. ഗദ്ദാഫി സേനാംഗങ്ങള്‍ സഞ്ചരിച്ച രണ്ട് സൈനിക വാഹനങ്ങള്‍ വ്യാഴാഴ്ച വ്യോമാക്രമണത്തില തകര്‍ത്തതായി നാറ്റോ അറിയിച്ചു. ഗദ്ദാഫി അനുകൂലികളുടെ വാഹനവ്യൂഹത്തിലുള്‍പ്പെട്ട വാഹനങ്ങളായിരുന്നു ഇവ. ആക്രമിക്കപ്പെട്ട വാഹനങ്ങളില്‍ ഗദ്ദാഫിയും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും നാറ്റോ നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. ഇതാണ് നാറ്റോ ആക്രമണത്തിലാകാം ഗദ്ദാഫിയുടെ മരണമെന്ന സംശയത്തിനിടയാക്കിയത്.

ചൊവ്വാഴ്ച ലിബിയയിലെത്തിയ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന്‍ ഗദ്ദാഫിയെ പിടിക്കുകയോ വധിക്കുകയോ ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. മാത്രമല്ല ഗദ്ദാഫി മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് പോരാളികളെ റിക്രൂട്ടുചെയ്ത് പോരാട്ടത്തിന് ഒരുങ്ങുന്നതായി അദ്ദേഹം കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇടക്കാല പ്രധാനമന്ത്രി മഹ്മൂദ് ജിബ്രില്‍ പറഞ്ഞതും സംശയത്തിന് ബലമേകുന്നു. എന്നാല്‍ , മാളത്തിലൊളിച്ച ഗദ്ദാഫി ഇടക്കാല സര്‍ക്കാര്‍ സേനയുടെ പിടിയിലായെന്നും അവരുടെ വെടിയേറ്റുമരിച്ചു എന്നുമാണ് അവര്‍ അവകാശപ്പെടുന്നത്. തന്നെ വെടിവയ്ക്കല്ലേ എന്ന് ഗദ്ദാഫി അപേക്ഷിച്ചതായും കൊലയാളികള്‍ പറയുന്നു. ഏറ്റുമുട്ടലില്‍ പിടിയിലായ ഗദ്ദാഫി പരിക്കുകളെത്തുടര്‍ന്നാണ് മരിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. സിര്‍ത്തെയുടെ പതനവും ഗദ്ദാഫിയുടെ മരണവും ലിബിയയില്‍ എതിരാളികള്‍ ആഘോഷിച്ചു. തലസ്ഥാനമായ ട്രിപ്പോളിയില്‍ ഗദ്ദാഫിയുടെ ഭരണാസ്ഥാനമായ ബാബല്‍ അസീസിയ ഓഗസ്റ്റ് 23ന് വിമതരുടെ നിയന്ത്രണത്തിലായതോടെ തന്നെ അദ്ദേഹത്തിന്റെ വിധിയെഴുതപ്പെട്ടിരുന്നു. തുടര്‍ന്ന് നാടുവിടാന്‍ അവസരങ്ങളുണ്ടായിട്ടും അതിന് തയ്യാറാകാതെ അട്ടിമറിക്കെതിരെ രാജ്യത്തിനകത്തുതന്നെ തങ്ങി ചെറുത്തുനില്‍പ്പ് നയിക്കുകയായിരുന്നു ഗദ്ദാഫി.

അമേരിക്കന്‍ തിരക്കഥയിലെ അട്ടിമറി

ട്രിപോളി: അമേരിക്കയുടെ സാമ്രാജ്യത്വ ദുഷ്ടലാക്കും കുടിലബുദ്ധിയുമാണ് ലിബിയയില്‍ ഗദ്ദാഫി യുഗാന്ത്യത്തിനു പിന്നിലും. സദ്ദാം ഹുസൈനു വേണ്ടി നടന്ന വേട്ടയെ ഓര്‍മിപ്പിച്ച് കേണല്‍ ഗദ്ദാഫിയും ചരിത്രത്തിലേക്ക് മായുമ്പോള്‍ നിസ്സംശയം പറയാം വിജയം ലിബിയന്‍ ജനതയുടേതല്ല, അമേരിക്കയുടേതാണ്. യാങ്കികളെ വെല്ലുവിളിച്ച് ലോകത്തിന്റെ ശ്രദ്ധനേടിയ ഗദ്ദാഫിക്ക് ജീവിതാന്ത്യത്തില്‍ സാമ്രാജ്യത്വ വിരുദ്ധ നിലപാടിനോട് നീതിപുലര്‍ത്താനായില്ല. പക്ഷേ, വേട്ടയാടപ്പെടുമ്പോഴും ഓടിപ്പോകാതെ സ്വന്തം മണ്ണില്‍ നില്‍ക്കാനുള്ള ധീരത അദ്ദേഹം പ്രകടിപ്പിച്ചു. സാമ്രാജ്യത്വത്തിനെതിരായ ശക്തമായ നിലപാടില്‍നിന്ന് പിന്നോട്ടുപോയതാണ് ഗദ്ദാഫിയെ അമേരിക്കയുടെ ചതിക്കുഴിയില്‍ വീഴ്ത്തിയതെന്നും പറയാം. ഗദ്ദാഫിയുടെ ഭരണത്തില്‍ സുസ്ഥിരമായിരുന്ന ലിബിയ വളരെപ്പെട്ടെന്നാണ് കലാപകലുഷിതമായത്. ഗദ്ദാഫിക്കെതിരെ ചെറിയതോതില്‍ ഉയര്‍ന്ന പ്രതിഷേധത്തെ അറബ് രാജ്യങ്ങളില്‍ സ്വേച്ഛാധിപത്യവാഴ്ചകള്‍ക്കെതിരെ ഉയര്‍ന്ന ജനരോഷത്തിന്റെ മറവില്‍ അമേരിക്ക സമര്‍ഥമായി ഉപയോഗിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ആരംഭിച്ച പ്രതിഷേധപ്രകടനങ്ങള്‍ പോലും അമേരിക്കയുടെ താല്‍പ്പര്യപ്രകാരമാണെന്നു സംശയിക്കാന്‍ പഴുതുണ്ട്. യുഎന്‍ അടക്കമുള്ള അന്താരാഷ്ട്രവേദികള്‍ സ്വീകരിച്ച നിലപാട് ഇതിനു തെളിവാണ്. ഫെബ്രുവരി 15നാണ് തലസ്ഥാനമായ ട്രിപോളിയിലും മറ്റു നഗരങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍ ആരംഭിച്ചത്. ഒരാഴ്ച മാത്രം പിന്നിട്ടപ്പോള്‍ അറബ്ലീഗില്‍ നിന്ന് ലിബിയയെ സസ്പെന്‍ഡ്ചെയ്തു. ഫെബ്രുവരി 26നു ലിബിയക്കെതിരെ ഐക്യരാഷ്ട്രസഭ ആയുധ ഉപരോധവും ഏര്‍പ്പെടുത്തി. പ്രക്ഷോഭകരെ അടിച്ചമര്‍ത്തുന്നുവെന്ന പേരിലായിരുന്നു ഈ നടപടി. എന്നാല്‍ , സമരക്കാരെ നേരിടാന്‍ വിദേശസേനയെ നിയോഗിച്ച ബഹ്റൈന് എതിരെ ഇത്തരത്തില്‍ ഒരു നടപടിയും ഉണ്ടായില്ല. ഭരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ തിരികൊളുത്തിയ ടുണീഷ്യയിലും ഈജിപ്തിലും ഇടപെടാതിരുന്ന അന്താരാഷ്ട്ര സമിതികള്‍ ഗദ്ദാഫിക്കെതിരെ മാത്രം കര്‍ക്കശമായത് സംശയമുണര്‍ത്തുന്നു. സ്വാഭാവികമായും അമേരിക്കയുടെ കരങ്ങള്‍ ഈ നടപടികള്‍ക്കുപിന്നില്‍ ദൃശ്യമാണ്. അറബ് ദേശീയവാദത്തിലുറച്ച് തല ഉയര്‍ത്തിനിന്ന ഗദ്ദാഫി കുടുംബവാഴ്ചയുടെ അകത്തളങ്ങളില്‍ ഒതുക്കപ്പെട്ടതോടെയാണ് സ്വന്തം നിലപാടുകളില്‍ വെള്ളംചേര്‍ത്തത്. മക്കളും ബന്ധുക്കളും ഉപജാപകസംഘവും ഭരണം നിയന്ത്രിച്ചു. ഇതോടെ, ഗദ്ദാഫി സാമ്രാജ്യത്വവിരുദ്ധ പോരാട്ടം കൈവിടുകയായിരുന്നു. സ്വയം സുരക്ഷിതനാകാനുള്ള ശ്രമത്തിന്റെ ഭാഗമായി അമേരിക്കയോട് എങ്ങനെയും സന്ധിചെയ്യാനായി ഒടുവില്‍ ശ്രമം. കൂട്ടക്കൊലയ്ക്കുള്ള വിനാശായുധമെല്ലാം ഉപേക്ഷിക്കുകയാണെന്ന പ്രഖ്യാപനം ഇതിന്റെ പേരിലായിരുന്നു. ഇറാഖില്‍ സദ്ദാം ഹുസൈനെ അമേരിക്ക വേട്ടയാടി പിടിച്ചതു സൃഷ്ടിച്ച ഭീതിയില്‍ ഏതു തരത്തിലുള്ള ആയുധ പരിശോധനയും ലിബിയയില്‍ ആകാമെന്നും ഗദ്ദാഫി സമ്മതിച്ചു. 2003ലെ ഈ നടപടി വിഡ്ഢിത്തമായിരുന്നെന്ന് കാലം തെളിയിച്ചു. ഗദ്ദാഫിവിരുദ്ധരെ സംരക്ഷിക്കാനെന്ന പേരില്‍ ലിബിയയില്‍ വ്യോമാക്രമണംനടത്തിയ നാറ്റോസേന ആക്രമിച്ചു മുന്നേറുമ്പോള്‍ തിരിച്ചടിക്കാന്‍ ഗദ്ദാഫിയുടെ ആയുധശേഖരത്തില്‍ ഏറെയൊന്നും ബാക്കിയുണ്ടായിരുന്നില്ല. ഗദ്ദാഫിക്കെതിരെ പോരാട്ടത്തിനിറങ്ങുമ്പോള്‍ വിമതരുടെ പക്കല്‍ കാര്യമായ ആയുധമോ പണമോ ഒന്നുമുണ്ടായിരുന്നില്ല. പട്ടാള അട്ടിമറി ഒഴിവാക്കാന്‍ സ്വന്തം സൈന്യത്തെ പോലും ദുര്‍ബലമാക്കി നിലനിര്‍ത്തിയ ഗദ്ദാഫി ലിബിയയില്‍ ശക്തമായ നിരീക്ഷണസംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇതു മറികടന്ന് സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകര്‍ക്ക് സഹായമെത്തിച്ചത് അമേരിക്ക തന്നെയാണ്. എന്നിട്ടും വിമതര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ഈ ഘട്ടത്തിലാണ് ഉപരോധങ്ങള്‍ കൊണ്ട് ഗദ്ദാഫിയെ വീര്‍പ്പുമുട്ടിക്കാന്‍ ശ്രമിച്ചത്. ഒറ്റയ്ക്ക് പിടിച്ചുനില്‍ക്കാന്‍ ഗദ്ദാഫിവിമതര്‍ക്ക് കഴിയില്ലെന്നു വ്യക്തമായി അറിയാവുന്ന അമേരിക്കന്‍സഖ്യം പ്രക്ഷോഭം ഒരുമാസം പിന്നിട്ടപ്പോള്‍ മാര്‍ച്ച് 19നു ലിബിയയിലേക്ക് നാറ്റോയുടെ യുദ്ധവിമാനങ്ങള്‍ അയച്ചു. ഇതിനു മുമ്പുതന്നെ ലിബിയക്കു മുകളില്‍ യുഎന്‍ വ്യോമനിരോധിതമേഖല പ്രഖ്യാപിച്ചിരുന്നു. നിരന്തരമായ വ്യോമാക്രമണം നടത്തിയാണ് അധിനിവേശസേന ലക്ഷ്യം കണ്ടത്. എന്നാല്‍ , ഏഴുമാസത്തോളം വേണ്ടിവന്നു ഗദ്ദാഫിയെ കീഴടക്കാന്‍ . ആഗസ്തില്‍ തുടര്‍ച്ചയായി നടത്തിയ ആക്രമണങ്ങളിലൂടെ തലസ്ഥാനമായ ട്രിപോളി പിടിച്ചെടുത്തു. എന്നാല്‍ , ഗദ്ദാഫിയെ കണ്ടെത്താനായില്ല. ഒരുമാസത്തിനകം ലിബിയയെ മോചിപ്പിച്ച് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നായിരുന്നു വിമതര്‍ രൂപീകരിച്ച ദേശീയ പരിവര്‍ത്തനസഭയുടെ പ്രഖ്യാപനം. എന്നാല്‍ , ജന്മനഗരമായ സിര്‍തെയും ബനിവാലിദും ഗദ്ദാഫിക്കൊപ്പം അടിയുറച്ചുനിന്നു. സര്‍വസന്നാഹവുമായി എത്തിയ ഇടക്കാല സര്‍ക്കാര്‍സേനയ്ക്ക് പലവട്ടം പിന്തിരിയേണ്ടിവന്നു. ഒടുവില്‍ , സിര്‍തെ കീഴടക്കി ഗദ്ദാഫിയുടെ അന്ത്യം കാണാനും ആക്രമണം നയിച്ചത് നാറ്റോസേന തന്നെ. പാശ്ചാത്യരാജ്യങ്ങള്‍ വിമതരെ സഹായിക്കാന്‍ സ്വന്തം പട്ടാളക്കാരെ ലിബിയന്‍ മണ്ണിലേക്ക് ഒളിച്ചുകടത്തുകയും ചെയ്തിരുന്നു.

അധികാരമേറിയത് 27ആം വയസ്സില്‍

ട്രിപോളി: രാജ്യത്തിന്റെ എണ്ണസമ്പത്തില്‍നിന്നുള്ള വരുമാനം കുടുംബസ്വത്താക്കിയ ഇദ്രിസ് രാജാവിനെതിരെ സൈനിക അട്ടിമറി നടത്തിയാണ് 1969ല്‍ 27ാംവയസ്സില്‍ ഗദ്ദാഫി അധികാരത്തിലെത്തിയത്. എണ്ണക്കമ്പനികളുടെ ദേശസാല്‍കരണത്തിലൂടെയും മറ്റും പാശ്ചാത്യരാജ്യങ്ങളുടെ ശത്രുതയ്ക്കിരയായ ഗദ്ദാഫി 2003ല്‍ ഇറാഖില്‍ സദ്ദാമിന്റെ പതനത്തെ തുടര്‍ന്ന് വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങിയിരുന്നു. എന്നാല്‍ , ഈ വര്‍ഷം ഫെബ്രുവരി 15ന് ഗദ്ദാഫിയുടെ എതിരാളികള്‍ പ്രക്ഷോഭമാരംഭിച്ചത് മറയാക്കിയാണ് നാറ്റോ ആക്രമണമാരംഭിച്ചത്. ഗദ്ദാഫി ഭരണമൊഴിയുന്നതിന് പാശ്ചാത്യരാജ്യങ്ങള്‍ തയ്യാറാക്കിയ മാര്‍ഗരേഖ ഏപ്രിലില്‍ അദ്ദേഹം അംഗീകരിച്ചെങ്കിലും വിമതര്‍ തള്ളി. ലിബിയന്‍ ഗോത്രത്തലവന്മാര്‍ 'രാജാക്കന്മാരുടെ രാജാവ്' എന്ന പട്ടം നല്‍കി ആദരിച്ച ഗദ്ദാഫി ഖുറാനും സോഷ്യലിസത്തിനും സ്വന്തം വ്യാഖ്യാനങ്ങള്‍ നല്‍കിയയായിരുന്നു ഭരണം നടത്തിയത്. 1963ലാണ് സൈന്യത്തിലെ വിപ്ലവകാരികളായ സഹപ്രവര്‍ത്തകരെ സംഘടിപ്പിച്ച് ഗദ്ദാഫി 'ഫ്രീ ഓഫീസേഴ്സ് മൂവമെന്റ്' രൂപീകരിച്ചത്. 1969 സെപതംബര്‍ ഒന്നിന് ഇദ്രിസ് രാജാവിനെ അധികാരഭ്രഷ്ടനാക്കി ഗദ്ദാഫി ഭരണം പിടിച്ചെടുത്തു.'സോഷ്യലിസ്റ്റ് പീപ്പിള്‍സ് ലിബിയന്‍ അറബ് ജമരിയ' എന്ന ലിബിയ 1977ലാണ് നിലവില്‍വന്നത്.


വിടവാങ്ങല്‍ വെല്ലുവിളിച്ചും കീഴടങ്ങിയും



മുഅമ്മര്‍ ഗദ്ദാഫി വിടവാങ്ങുമ്പോള്‍ ലോകചരിത്രത്തിലെ അപൂര്‍വതയ്ക്കാണ് വിരാമമാകുന്നത്. സാമ്രാജ്യത്വത്തിന്റെ ആയുധബലത്തിനുമുന്നില്‍ രാജ്യങ്ങളും ഭരണാധികാരികളും കീഴടങ്ങുന്ന കാലത്ത് ലോകജനതയെ ആവേശംകൊള്ളിച്ച വിപ്ലവകാരിയായിരുന്നു അദ്ദേഹം. അമേരിക്കന്‍ സാമ്രാജ്യത്വത്തെ വെല്ലുവിളിച്ച് താരപരിവേഷത്തിലേക്കുയര്‍ന്ന ഗദ്ദാഫി ഒടുവില്‍ അവരുടെ പല ആവശ്യങ്ങള്‍ക്കും കീഴടങ്ങിയത് വിനയാവുകയും ചെയ്തു. ബെദൂയിന്‍ (അറബ് നാടോടി) കര്‍ഷകകുടുംബത്തില്‍ 1942 ജൂണ്‍ ഏഴിനായിരുന്നു മുഅമ്മര്‍ ഗദ്ദാഫിയുടെ ജനനം. ഇറ്റലിയുടെ കോളനിവല്‍ക്കരണത്തെ എതിര്‍ത്ത് ജയിലിലായ പോരാളിയുടെ മകന് കുട്ടിക്കാലംമുതല്‍ ദേശീയബോധം രൂപപ്പെട്ടത് സ്വാഭാവികം. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ഈജിപ്ത് പ്രസിഡന്റ് ഗമാല്‍ അബ്ദുല്‍ നാസറിന്റെ പ്രസംഗങ്ങളില്‍ ആകൃഷ്ടനായി. അറബ് ദേശീയവാദിയായുള്ള ഗദ്ദാഫിയുടെ രൂപമാറ്റം അവിടെ തുടങ്ങി. ഇതിന്റെ പേരില്‍ സ്കൂളില്‍നിന്ന് പുറത്താക്കുകയും ചെയ്തു. ട്രിപോളിയിലെ ലിബിയന്‍ സര്‍വകലാശാലയില്‍നിന്ന് ചരിത്രത്തില്‍ ബിരുദം നേടിയ ഗദ്ദാഫി, ബെന്‍ഗാസിയിലെ സൈനിക അക്കാദമിയില്‍ പഠിച്ച് പട്ടാളത്തില്‍ ഓഫീസറായി. 1951ല്‍ സ്വാതന്ത്ര്യം നേടുമ്പോള്‍ ലിബിയ ദരിദ്രരാജ്യമായിരുന്നു. എണ്ണനിക്ഷേപം കണ്ടെത്തിയതോടെയാണ് രാജ്യം സാമ്പത്തികമായി മുന്നേറിയത്. രാജ്യം ഭരിച്ച ഇദ്രിസ് രാജാവും കുടുംബാംഗങ്ങളും ഈ സമ്പത്ത് കൈവശപ്പെടുത്തി. അമേരിക്കയും ബ്രിട്ടനും ഇറ്റലിയുമെല്ലാം എണ്ണപ്പണം കൈക്കലാക്കുകയും ചെയ്തു. ഇതെല്ലാം നാട്ടുകാരെ അസ്വസ്ഥരാക്കി. രാജഭരണത്തോടുള്ള ഈ പ്രതിഷേധമാണ് ഗദ്ദാഫിയെ വളര്‍ത്തിയത്. 1969ല്‍ തന്റെ 27ാംവയസ്സില്‍ , ഗദ്ദാഫിയുടെ നേതൃത്വത്തില്‍ ഇദ്രിസ് രാജാവിനെ പുറത്താക്കി. അധികാരം പിടിച്ചെടുത്ത ഗദ്ദാഫി 1970കളില്‍ അമേരിക്കയ്ക്കും സാമ്രാജ്യത്വത്തിനും എതിരായ പുരോഗമനപാത സ്വീകരിച്ചു. വൈദേശിക ഇടപെടലുകളെ എതിര്‍ത്ത ഗദ്ദാഫി, വിദേശികളെ നാടുകടത്തുകപോലും ചെയ്തു. അമേരിക്ക അടിച്ചേല്‍പ്പിച്ച ഉപരോധങ്ങളെ ശക്തമായി നേരിട്ടു. എണ്ണവ്യവസായത്തെ ദേശസാല്‍ക്കരിക്കുകയും ആഫ്രിക്കയിലെ വിമോചനപോരാട്ടങ്ങളെ പിന്തുണയ്ക്കുകയും ചെയ്ത ഗദ്ദാഫി, സോവിയറ്റ് യൂണിയനുമായി അടുത്തു. അമേരിക്കയ്ക്കും യൂറോപ്പിനും ബദലായി ഐക്യ ആഫ്രിക്ക സൃഷ്ടിക്കാനും അദ്ദേഹം ആഹ്വാനംചെയ്തു. ചികിത്സയും വിദ്യാഭ്യാസവും സൗജന്യമാക്കിയതടക്കം മാതൃകാപരമായ പല പദ്ധതിയും ഗദ്ദാഫിഭരണം ലിബിയക്ക് സമ്മാനിച്ചു. ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍മാനായും ഗദ്ദാഫി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിനും മുന്‍കൈ എടുത്തു. അമേരിക്കയുടെ കണ്ണിലെ കരടായി മാറിയ ഗദ്ദാഫിയെ, നിരവധിതവണ അവര്‍ വധിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 1986ല്‍ ട്രിപോളിയില്‍ നടത്തിയ ബോംബാക്രമണത്തില്‍ തലനാരിഴയ്ക്കാണ് ഗദ്ദാഫി രക്ഷപ്പെട്ടത്. വളര്‍ത്തുമകളടക്കം 35 പേര്‍ കൊല്ലപ്പെട്ടു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെയാണ് ഗദ്ദാഫിയുടെ വീഴ്ചയും ആരംഭിച്ചത്. നിലനില്‍പ്പിനായി അദ്ദേഹത്തിന് അമേരിക്കയ്ക്കുമുന്നില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു. പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ ഗദ്ദാഫിഭരണം ഏകാധിപത്യത്തിന്റെ എല്ലാ ദൂഷ്യങ്ങളുടെയും വിളനിലമായി. ഉപജാപവൃന്ദവും ബന്ധുക്കളുമടങ്ങുന്ന സംഘം ഭരണനിയന്ത്രണം ഏറ്റെടുത്തു. അധികാരവും സമ്പത്തും ഗദ്ദാഫിയുടെയും പുത്രന്മാരുടെയും അവരുടെ ബന്ധുമിത്രാദികളുടെയും കുത്തകയായി. മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടി. രാഷ്ട്രീയപ്രവര്‍ത്തനം നിരോധിച്ചു. പട്ടാള അട്ടിമറിക്കുള്ള സാധ്യത ഒഴിവാക്കാന്‍ സ്വന്തം സൈന്യത്തെ ഗദ്ദാഫി ബോധപൂര്‍വം ദുര്‍ബലമാക്കി. അംഗരക്ഷകരായി ആയുധധാരികളായ വനിതകളെയും വിദേശ കൂലിപ്പടയാളികളെയും നിയമിച്ചു. ജനങ്ങളില്‍നിന്ന് അകന്ന ഗദ്ദാഫിയുടെ സാമ്രാജ്യവിരുദ്ധസമീപനത്തിലും അയവുവന്നു. ഏറ്റുമുട്ടലിന്റെ പാതവെടിഞ്ഞ് ഒത്തുതീര്‍പ്പുകള്‍ക്കാണ് അദ്ദേഹം ശ്രമിച്ചത്. അമേരിക്കയുമായും പാശ്ചാത്യരാജ്യങ്ങളുമായും 2005ല്‍ അദ്ദേഹം ധാരണയിലെത്തി. അമേരിക്കയുടെ സമ്മര്‍ദത്തിന് വഴങ്ങി ലിബിയയിലെ ആണവകേന്ദ്രങ്ങള്‍ പൊളിച്ചുനീക്കി. പാശ്ചാത്യ എണ്ണക്കമ്പനികള്‍ക്കും ബഹുരാഷ്ട്രകുത്തകകള്‍ക്കും രാജ്യത്തിന്റെ വാതിലുകള്‍ തുറന്നുകൊടുത്തു. അറബ്വസന്തത്തോടെ ഗദ്ദാഫിയുടെ കുടുംബവാഴ്ചയ്ക്കെതിരെ ലിബിയയിലും വികാരമുയര്‍ന്നു. ഫെബ്രുവരിയില്‍ തുടങ്ങിയ പ്രക്ഷോഭം അത്ര ശക്തമല്ലാതിരുന്നതിനാല്‍ ഒതുക്കാന്‍ ഗദ്ദാഫി ശ്രമിച്ചു. എന്നാല്‍ , അവസരം കാത്തിരുന്ന അമേരിക്കയും യൂറോപ്യന്‍ സഖ്യരാഷ്ട്രങ്ങളും എല്ലാ അന്താരാഷ്ട്രമര്യാദകളും മാറ്റിവച്ച് തുറന്നയുദ്ധം ആരംഭിച്ചു. ഇതോടെ ഭരണകൂടത്തിലെ പല ഉന്നതരും ഗദ്ദാഫിയെ തള്ളിപ്പറഞ്ഞു. വിദേശരാജ്യങ്ങളിലും ഐക്യരാഷ്ട്രസഭയിലും അറബ്ലീഗിലുമുള്ള നയതന്ത്രപ്രതിനിധികള്‍ ഒന്നൊന്നായി രാജിവച്ച് വിമതര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. നാറ്റോയുടെ വ്യോമാക്രമണം ഗദ്ദാഫിയുടെ സൈനികശേഷി തകര്‍ത്തതോടെ വിമത മുന്നേറ്റം എളുപ്പമായി. ആഗസ്തില്‍ ട്രിപോളി വീണതോടെ ഗദ്ദാഫി ഒളിവിലുമായി.


ശപഥം നിറവേറ്റിയ യുവസൈനികന്‍


കത്തെമ്പാടുമുള്ള ധൂര്‍ത്തരായ, ആഡംബരജീവിതശൈലി പിന്തുടരുന്ന ധനികര്‍ അവരില്‍ ഭൂരിഭാഗവും അധികാരഭ്രഷ്ടരാക്കപ്പെട്ട രാഷ്ട്രത്തലവന്മാരും സിംഹാസനം നഷ്ടപ്പെട്ട രാജാക്കന്മാരുമാണ്അവര്‍ സമ്പാദിച്ചുകൂട്ടിയ സ്വത്തിന്റെ നല്ലൊരുപങ്കും മദ്യത്തിനും മദിരാക്ഷിക്കും ചൂതാട്ടത്തിനും വേണ്ടി ചെലവാക്കുന്ന റിസോര്‍ട്ട് റിവിരനിസ് ആ സമുദ്രതീരത്തെവിടെയോ(മെഡിറ്ററേനിയന്‍) ആയിരിക്കണം സ്ഥിതിചെയ്യുന്നത്. ലിബിയയിലെ രാജകുമാരനായ ഇദ്രിസോ, മിശറിലെ ഏറ്റവും ഒടുവിലത്തെ ഭരണാധികാരിയായ ഫറൂഖോ അവിടെയുള്ള ഏതെങ്കിലുമൊരു വിശ്രമവസതിയില്‍ മദ്യത്തിലും സുന്ദരിമാരുടെ മേനിയഴകിലും പന്തയ ടേബിളുകളിലും അഭിരമിച്ചു കഴിയുന്നുണ്ടാകണം. ഇദ്രിസ് രാജകുമാന്‍ ലിബിയയിലെ ദരിദ്രജനങ്ങളെ സേവിച്ച് തളരുമ്പോള്‍ വിശ്രമത്തിനായി എല്ലാ വര്‍ഷവും ശൈത്യകാലത്ത് റിവിരനിസിലേക്കും ഗ്രീഷ്മത്തില്‍ ലണ്ടനിലേക്കുമാണ് പോയിരുന്നത്. അവിടെയുള്ള കാസിനോകളില്‍ ചൂതുകളിച്ച് കൈയിലുള്ള പണം തീര്‍ന്നാലുടന്‍ വീണ്ടും ട്രിപ്പോളിയില്‍ മടങ്ങിച്ചെന്ന് ഖജനാവില്‍ വീണ്ടും കൈയിട്ടുവാരി പൂര്‍വാധികം വാശിയോടെ ചൂതുകളിക്കാനെത്തുമായിരുന്നു. പത്തിരുപത് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇംഗ്ലണ്ടിലെ സാന്റ്ഹാസില്‍ മിലിട്ടറി പരിശീലനകേന്ദ്രത്തില്‍നിന്ന് പാസിങ് ഔട്ട് പരേഡ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഉടന്‍ ലിബിയക്കാരനായ ഒരു യുവ ക്യാപ്റ്റന്‍ തന്റെ സുഹൃത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ലണ്ടനിലെ സോഹോ പ്രവിശ്യയിലുള്ള ഒരു കാസിനോ സന്ദര്‍ശിക്കാനിടവരികയുണ്ടായി. നിഷ്ഠയുള്ള ഇസ്ലാം മതവിശ്വാസിയായിരുന്നതുകൊണ്ട് ആ യുവ ക്യാപ്റ്റന്‍ ചൂതുകളിയും മദ്യപാനവും വെറുത്തിരുന്നെങ്കിലും ഇംഗ്ലണ്ടിലെ പഠനകാലം അവസാനിക്കുന്നതിനുമുമ്പ് ലണ്ടനിലെ കാസിനോകളെ കേന്ദ്രീകരിച്ച് നടക്കുന്ന കുത്തഴിഞ്ഞ നിശാജീവിതം നേരിട്ടു വീക്ഷിക്കാന്‍കൂടി വേണ്ടിയാണ് സോഹോയില്‍ എത്തിയത്. വിഖ്യാതമായ ഒരു ഹോട്ടലിന്റെ മുകള്‍നിലയിലെ കാസിനോയില്‍ രാവേറെ ചെന്നിട്ടും ചൂതുകളി തകൃതിയായി നടക്കുകയാണ്. യുവക്യാപ്റ്റനും സുഹൃത്തും അവിടെ കയറിച്ചെല്ലുമ്പോള്‍ കണ്ട കാഴ്ച ആ കാസിനോയില്‍ കളിച്ചുകൊണ്ടിരുന്ന ധനാഢ്യനായ ഒരു അറബിയെ ചുറ്റിപ്പറ്റി ഒരുപറ്റം സുന്ദരികളായ വെള്ളക്കാരികള്‍ നില്‍ക്കുന്നതാണ്. കൈയിലുണ്ടായിരുന്ന മദ്യം മൊത്തിക്കുടിച്ച് അഞ്ചുലക്ഷം പൗണ്ടിന്റെ ചൂതുകളിക്കുകയായിരുന്നു അയാള്‍ . ആ അറബി അതിനോടകം അമ്പതിനായിരം പൗണ്ട് നഷ്ടപ്പെടുത്തിയിട്ടും മടികൂടാതെ, എഴുന്നേല്‍ക്കാന്‍ ഭാവമില്ലാതെ കളി തുടരുകയായിരുന്നു. അതിരില്ലാത്ത ആ ധൂര്‍ത്തുകണ്ട് കോപം നിയന്ത്രിക്കാനാകാതെ തന്റെ സുഹൃത്തിനെ പിടിച്ചുവലിച്ച് ആ യുവ ക്യാപ്റ്റന്‍ ഹോട്ടലില്‍നിന്ന് പുറത്തുവന്ന് പല്ലിറുമ്മിക്കൊണ്ട് തന്റെ കൂട്ടുകാരനോട് അട്ടഹസിച്ചു: 'നോക്കൂ, ഇതുപോലെതന്നെയാകണം നമ്മുടെ യുവരാജാവ് ഇദ്രിസും പാവപ്പെട്ടവന്റെ നികുതികൊണ്ട് നിറയുന്ന ഖജനാവിലെ പൈസ വിദേശരാജ്യങ്ങളില്‍ വിനോദയാത്രയ്ക്കു പോയി ധൂര്‍ത്തടിക്കുന്നത്. നാട്ടില്‍ മടങ്ങിയെത്തിയാല്‍ ഞാനാദ്യം ആ തെമ്മാടിയെ തൊഴിച്ചു പുറത്താക്കും!' വികാരവിക്ഷുബ്ധനായി നിന്ന അവസ്ഥയില്‍ എടുത്ത ശാപമാണെങ്കിലും ആ യുവ ക്യാപ്റ്റന്‍ തന്റെ വാക്കു പാലിക്കുകതന്നെ ചെയ്തു. മുഅമര്‍ ഗദ്ദാഫി എന്നായിരുന്നു ആ യുവ ക്യാപ്റ്റന്റെ പേര്. (പ്രശസ്ത പത്രപ്രവര്‍ത്തകന്‍ വിക്രമന്‍ നായര്‍ എഴുതിയ 'പശ്ചിംദിഗന്തേ പ്രദോഷ്കാലേ' എന്ന യാത്രാവിവരണ ഗ്രന്ഥത്തില്‍നിന്ന്)


ഇനി ശ്രദ്ധ പരിവര്‍ത്തന കൗണ്‍സില്‍ നേതാക്കളില്‍


ട്രിപ്പോളി: ഗദ്ദാഫി അനന്തരയുഗത്തിലേക്ക് ലിബിയയെ നയിക്കുകയും രാഷ്ട്രീയ, സൈനിക നേതൃത്വം നല്‍കുകയുമാണ് ദേശീയ പരിവര്‍ത്തന കൗണ്‍സില്‍ ലക്ഷ്യമിടുന്നത്. മന്ത്രിസഭയുടെ മാതൃകയില്‍ ഒരു നിര്‍വഹണസമിയി കൗണ്‍സിലിനുണ്ട്. മുസ്തഫ മുഹമ്മദ് അബ്ദുള്‍ ജലീലാണ് അധ്യക്ഷന്‍ . കിഴക്കന്‍ നഗരമായ ബൈദയിലാണ് ജലീല്‍ ജനിച്ചത്. 2007ല്‍ ഗദ്ദാഫി ഭരണത്തില്‍ നിയമമന്ത്രിയായി ചുമതലയേറ്റു. 2010ല്‍ ഗദ്ദാഫിയുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് രാജിവച്ചു. എന്നാല്‍ രാജി സ്വീകരിക്കാതെ വിമതരെ നേരിടാന്‍ ജലീലിനെ ബെന്‍ഗാസിയിലേക്ക് അയച്ചു. സമാധാനപരമായ പ്രകടനത്തിനെതിരെ വെടിയുതിര്‍ത്തതിന് സാക്ഷിയായി എന്ന കാരണം പറഞ്ഞ് ജലീല്‍ മന്ത്രിസ്ഥാനം രാജിവെക്കുകയും വിമതര്‍ക്കൊപ്പം ചേരുകയും അതിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയുംചെയ്തു. കൗണ്‍സിലില്‍ സൈനിക ചുമതല വഹിക്കുന്നത് ഒമര്‍ അല്‍ ഹരീരിയാണ്. 1969ല്‍ ഗദ്ദാഫി സൈനിക അട്ടിമറിയിലൂടെ അധികാരത്തിലെത്തിയപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചത് ഹരീരിയായിരുന്നു. കൗണ്‍സില്‍ എക്സിക്യൂട്ടീവ് ബോര്‍ഡിന്റെ തലവനായ മഹ്മൂദ് ജിബ്രില്‍ പ്രധാനമന്ത്രിയായാണ് അറിയപ്പെടുന്നത്. വിദേശകാര്യ ചുമതല വഹിക്കുന്നതും ഇദ്ദേഹമാണ്.

ഇടക്കാല സര്‍ക്കാരിന് ഭീഷണി തമ്മിലടി

ട്രിപോളി: നാലു പതിറ്റാണ്ട് രാജ്യം ഭരിച്ച ഗദ്ദാഫിയുടെ വീഴ്ച ലിബിയയില്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിനു വഴിതുറന്നു. ഗദ്ദാഫിയെ അട്ടിമറിച്ച് ഭരണം പിടിച്ച വിമതരുടെ ഇടക്കാല ഭരണസഭ തുടക്കത്തിലേ തമ്മിലടിയുടെ സൂചനകള്‍ നല്‍കുന്നുണ്ട്. ഇസ്ലാമികവാദികള്‍ , ഗോത്രവര്‍ഗക്കാര്‍ , വിമതര്‍ എന്നിങ്ങനെ ഭിന്ന രാഷ്ട്രീയ താല്‍പ്പര്യങ്ങളും അഭിപ്രായങ്ങളുമുള്ളവരെ അധികകാലം ഒന്നിച്ചുകൊണ്ടുപോകാന്‍ കഴിയുമോ എന്ന ആശങ്ക ഇടക്കാല സര്‍ക്കാരിനെ നയിക്കുന്നവര്‍ക്കുണ്ട്. പോരാട്ടം പാതിവഴിയിലെത്തിയപ്പോള്‍ തന്നെ കഴിഞ്ഞ ജൂലൈയില്‍ വിമതസേനാ തലവന്‍ മേജര്‍ അബ്ദുല്‍ ഫത്തായൂനിസ് പാളയത്തിലെ പടയില്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യം രാഷ്ട്രീയ കലാപത്തിലേക്കും അധികാര വടംവലിയിലേക്കുമാണ് നീങ്ങുകയെന്ന് എന്‍ടിസി ഉപമേധാവിയും ഇടക്കാല പ്രധാനമന്ത്രിയുമായ മഹ്മൂദ് ജിബ്രില്‍ ബുധനാഴ്ച മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

കണ്ണ് എണ്ണയില്‍ തന്നെ

ട്രിപോളി: പെട്രോളിയം ശേഖരത്തില്‍ കണ്ണുവച്ചുതന്നെയാണ് അമേരിക്ക ലിബിയയില്‍ അങ്കത്തിനിറങ്ങിയത്. ആഫ്രിക്കന്‍ വന്‍കരയുടെ വടക്കേഭാഗത്തുള്ള 'ഗ്രേറ്റ് സോഷ്യലിസ്റ്റ് പീപ്പിള്‍സ് ലിബിയന്‍ അറബ് ജമഹിരിയ' 17.6 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള രാജ്യമാണ്്. 95 ശതമാനം പ്രദേശവും പൂര്‍ണമായോ ഭാഗികമായോ മരുഭൂമിയായ രാജ്യം എണ്ണയും പ്രകൃതിവാതകവുംകൊണ്ടു സമ്പന്നമാണ്. 4,300 കോടി ബാരല്‍ എണ്ണയാണ് ലിബിയയുടെ ശേഖരത്തില്‍ കണക്കാക്കുന്നത്. ഈ എണ്ണസമ്പത്തുതന്നെയാണ് ലിബിയയുടെ സാമ്പത്തികാടിത്തറ. കയറ്റുമതി വരുമാനത്തിന്റെ 95 ശതമാനവും എണ്ണയില്‍ നിന്നാണ്. 1.48 ലക്ഷം കോടി ക്യുബിക് മീറ്റര്‍ പ്രകൃതിവാതകശേഖരവും ലിബിയക്കുണ്ട്. ഇവയില്‍ നിന്നുള്ള വരുമാനത്തിലൂടെ ചികിത്സയും വിദ്യാഭ്യാസവും ഗദ്ദാഫി സൗജന്യമാക്കിയിരുന്നു.

ദേശാഭിമാനി ദിനപ്പത്രം

ഖദ്ദാഫി കൊല്ലപ്പെട്ടു

ഖദ്ദാഫി കൊല്ലപ്പെട്ടു

മാധ്യമം ദിനപ്പത്രം

ട്രിപളി: ലിബിയയില്‍ നാലു പതിറ്റാണ്ടിലേറെ നീണ്ട ഖദ്ദാഫി യുഗത്തിന് അന്ത്യം. ആഗസ്റ്റ് അവസാന വാരം തലസ്ഥാന നഗരമായ ട്രിപളി വിമത സേന പിടിച്ചടക്കിയതിന് ശേഷമുണ്ടായ അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കുമൊടുവില്‍ കേണല്‍ മുഅമ്മര്‍ ഖദ്ദാഫി ജന്മ നഗരമായ സിര്‍ത്തില്‍ കൊല്ലപ്പെട്ടു. ഇതോടെ, ഖദ്ദാഫി സേനയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന അവസാന നഗരവും ഏകാധിപത്യ ഭരണകൂടത്തിന് നഷ്ടമായി. പ്രാദേശിക സമയം, രാവിലെ 11.22ന് സിര്‍ത് പിടിച്ചടക്കി വിമത സേന തങ്ങളുടെ ദേശീയ പതാക മേഖലയില്‍ നാട്ടിയപ്പോള്‍ വാര്‍ത്താ വിതരണ മന്ത്രി മഹ്മൂദ് ശമാം ആ നിമിഷത്തെ പുതുരാഷ്ട്ര പിറവിയെന്നാണ് വിശേഷിപ്പിച്ചത്. നേരത്തെ, 69 കാരനായ ഖദ്ദാഫി അയല്‍ രാജ്യങ്ങളില്‍ അഭയം തേടിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഖദ്ദാഫിയുടെ അവസാന ശക്തികേന്ദ്രമായ സിര്‍ത് വ്യാഴാഴ്ച രാവിലെ രണ്ട് മണിക്കൂര്‍ നീണ്ട ഉഗ്ര പോരാട്ടത്തിനൊടുവിലാണ് വിമത സേന പിടിച്ചെടുത്തത്. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് ഖദ്ദാഫിയും അടുത്ത അനുയായിയും സൈനികരുടെ പിടിയിലായ വാര്‍ത്ത പുറത്തുവന്നത്. ഖദ്ദാഫിയുടെ മകന്‍ സൈഫുല്‍ ഇസ്ലാമും രഹസ്യാന്വേഷണ വിഭാഗം തലവനായിരുന്ന അബ്ദുല്ല സനൂസിയും പിടിയിലായതായി റിപ്പോര്‍ട്ടുണ്ട്. മറ്റൊരു മകനായ മുഅ്തസിം ഖദ്ദാഫി കൊല്ലപ്പെട്ടു. എന്‍.ടി.സിയുടെ വാര്‍ത്താ വിതരണ മന്ത്രി മഹ്മൂദ് ശമാം ‘ഒരു വലിയ മത്സ്യം വലയിലായി എന്നാണ് ആദ്യം ഒരു പ്രമുഖ വാര്‍ത്താ ചാനലിനോട് പ്രതികരിച്ചത്. പിന്നീട്, എന്‍.ടി.സി വാര്‍ത്ത സ്ഥിരീകരിക്കുകയും ചെയ്തു. 12.30ഓടെയാണ് ഖദ്ദാഫി വെടിവെപ്പില്‍ പരിക്കേറ്റ് കൊല്ലപ്പെട്ട സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഈ വാര്‍ത്ത എന്‍.ടി.സി കമാന്‍ഡര്‍ അബ്ദുല്‍ ബാസിത് ഹാറൂന്‍ ആദ്യം സ്ഥിരീകരിച്ചെങ്കിലും മിസ്റത ആസ്ഥാനമായുള്ള സൈനിക കേന്ദ്രം നിഷേധിക്കുകയായിരുന്നു. പിന്നീട്, പ്രധാനമന്ത്രി മഹ്മൂദ് ജിബ്രീലാണ് ഖദ്ദാഫിയുടെ മരണം സ്ഥിരീകരിച്ചത്. ഇതിനിടെ, ഖദ്ദാഫിയുടെ കൊല്ലപ്പെട്ട നിലയിലുള്ള വീഡിയോ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇത് ഖദ്ദാഫിയുടേതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഖദ്ദാഫിയുടെ മൃതദേഹം മിസ്റതയിലെ സൈനിക കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായി എന്‍.ടി.സി വക്താവ് അറിയിച്ചു.

ഗദ്ദാഫി യുഗത്തിന് അന്ത്യം

ഗദ്ദാഫി യുഗത്തിന് അന്ത്യം

മലയാള മനോരമ ദിനപ്പത്രം

ട്രിപ്പോളി: ഏകാധിപത്യത്തിന്റെ തോക്കിന്‍മുനയില്‍ നാലു പതിറ്റാണ്ടിലേറെ ലിബിയയെ അടക്കിഭരിച്ച 'കേണല്‍ ഒടുവില്‍ വെടിയുണ്ടയ്ക്കു കീഴടങ്ങി. ജനകീയ പോരാട്ടത്തെ തോക്കിന്‍കുഴലിലൂടെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച മുന്‍ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫി (69) വിമതസേനയുടെ വെടിയേറ്റാണു മരിച്ചത്. ഏറെ സ്വാധീനമുള്ള ജന്മസ്ഥലമായ സിര്‍ത്തില്‍, ദേശീയപാതയിലെ മലിനജലക്കുഴലുകളില്‍ ഒന്നില്‍ ഒളിച്ചിരിക്കുമ്പോഴാണ് ഇന്നലെ രാവിലെ വിമതര്‍ കണ്ടെത്തിയതും വെടിവച്ചുകൊന്നതും.

കുഴലില്‍ നിന്നു പുറത്തേക്കു വലിച്ചെടുത്ത ആളോട് 'വെടിവയ്ക്കരുതേ, വെടിവയ്ക്കരുതേ എന്ന് അലറിവിളിച്ചതാണു ഗദ്ദാഫിയുടെ അവസാന വാക്കുകളെന്നാണു ദൃക്സാക്ഷികളുടെ വെളിപ്പെടുത്തല്‍. ആഴ്ചകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ സിര്‍ത്തില്‍ നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയായിരുന്നു അന്ത്യം.

ശരീരത്തില്‍ വെടിയുണ്ടകളേറ്റ ഒട്ടേറെ പാടുകളുണ്ട്. തലയിലും ഇരുകാലുകളിലും മുറിവേറ്റ ഗദ്ദാഫിയെ ആംബുലന്‍സില്‍ കൊണ്ടുപോകുമ്പോഴായിരുന്നു മരണമെന്നാണു റിപ്പോര്‍ട്ട്. സുരക്ഷാ കാരണങ്ങളാല്‍ മൃതദേഹം രഹസ്യ കേന്ദ്രത്തിലാണു സൂക്ഷിച്ചിരിക്കുന്നത്. രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഗദ്ദാഫിയുടെ ചിത്രങ്ങള്‍ ദേശീയ പരിവര്‍ത്തന സമിതി പുറത്തുവിട്ടു. പ്രധാനമന്ത്രി മഹ്മൂദ് ജിബ്രീലും ഗദ്ദാഫിയുടെ അന്ത്യം സ്ഥിരീകരിച്ചു.

മകന്‍ മുത്തസിമും ഗദ്ദാഫി സേനയുടെ തലവന്‍ അബൂബക്കര്‍ യൂനസ് ജാബിറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. മറ്റൊരു മകന്‍ ഖമീസ് നേരത്തേ കൊല്ലപ്പെട്ടിരുന്നു. ഇതേസമയം, മക്കളില്‍ പിന്‍ഗാമിയായി ഗദ്ദാഫി വളര്‍ത്തിക്കൊണ്ടുവന്ന സെയ്ഫ് അല്‍ ഇസ്ലാം മരുഭൂമിയില്‍ സുരക്ഷിതനായി കഴിയുകയാണെന്നാണു സൂചന. ഇയാളെയും ഉടന്‍ പിടികൂടുമെന്നാണു സഖ്യസേന പറയുന്നത്. ഗദ്ദാഫിയെപ്പോലെ, സെയ്ഫും മാനവരാശിക്കെതിരെ നടത്തിയ അതിക്രമങ്ങളുടെ പേരില്‍ രാജ്യാന്തര കോടതിയുടെ കുറ്റവാളി പട്ടികയിലാണ്.

ഗദ്ദാഫി ഒളിച്ചിരുന്ന കുഴലുകളുടെ കോണ്‍ക്രീറ്റ് ഭാഗത്തു 'നിന്ദ്യനായ ഗദ്ദാഫി എന്നും 'ദൈവമാണു വലിയവന്‍ എന്നും പെയിന്റില്‍ രേഖപ്പെടുത്തിയിരുന്നു. ഗദ്ദാഫി അനുകൂല സൈനികരില്‍ ഒരാള്‍ ഇവിടെ മരിച്ചുകിടക്കുന്നതും കാണാമായിരുന്നു. ഗദ്ദാഫി സേനയുടെ നിയന്ത്രണത്തിലായിരുന്ന സിര്‍ത്ത് പൂര്‍ണമായി പിടിച്ചെടുത്തു മിനിറ്റുകള്‍ക്കകമായിരുന്നു ഗദ്ദാഫിയുടെ മരണം.

രണ്ടുമാസം മുന്‍പാണു വിമതര്‍ തലസ്ഥാന നഗരമായ ട്രിപ്പോളി പിടിച്ചതും ഗദ്ദാഫി ഒളിവിലായതും. ജനകീയ പ്രക്ഷോഭത്തെ ഗദ്ദാഫി സൈന്യത്തെ ഉപയോഗിച്ചു നേരിട്ടതോടെ യൂറോപ്യന്‍ രാജ്യങ്ങളുടെയും അമേരിക്കയുടെയും നേതൃത്വത്തില്‍ നാറ്റോ സേന രംഗത്തെത്തുകയായിരുന്നു. ജീവനോടെയോ അല്ലാതെയോ പിടികൂടുന്നവര്‍ക്കു വിമത ഭരണനേതൃത്വം 20 ലക്ഷം ദിനാര്‍ (ഏഴരക്കോടി രൂപ) ഇനാം പ്രഖ്യാപിച്ചിരുന്നു.

ഫെബ്രുവരിയില്‍ പ്രക്ഷോഭം തുടങ്ങിയശേഷം ഗദ്ദാഫി പൊതുരംഗത്ത് അധികം പ്രത്യക്ഷപ്പെട്ടിരുന്നില്ല. ആസ്ഥാനമായ ബാബുല്‍ അസീസിയ വിമതര്‍ പിടിച്ചതോടെ ട്രിപ്പോളി വിട്ട ഗദ്ദാഫി അല്‍ജീറിയയിലേക്കു കടന്നതായും ട്രിപ്പോളിയിലെ തന്നെ ആശുപത്രിയില്‍ കഴിയുന്നതായും ബാബുല്‍ അസീസിയയിലെ ഭൂഗര്‍ഭ അറയിലാണെന്നുമൊക്കെ വാര്‍ത്ത പ്രചരിച്ചിരുന്നു. ഭാര്യ സഫിയ, മകള്‍ അയിഷ, ആണ്‍മക്കളായ ഹാനി ബാള്‍, മുഹമ്മദ്, ഗദ്ദാഫിയുടെ കൊച്ചുമക്കള്‍ എന്നിവര്‍ അല്‍ജീറിയയില്‍ അഭയം തേടിയിരുന്നു. താന്‍ ട്രിപ്പോളിയില്‍ തന്നെയുണ്ടെന്നും അവസാനം വരെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നുമുള്ള ഗദ്ദാഫിയുടെ സന്ദേശം യാഥാര്‍ഥ്യമായെങ്കിലും ദാരുണമായിരുന്നു അന്ത്യം. സൈന്യത്തില്‍ ക്യാപ്റ്റനായിരിക്കേ 1969ല്‍ ആണ് ഇദ്രിസ് രാജാവിനെ വീഴ്ത്തി ഗദ്ദാഫി ഭരണം പിടിച്ചെടുത്തത്.

ഗദ്ദാഫിയുടെ മരണവിവരം അറിഞ്ഞതോടെ ട്രിപ്പോളിയിലും സിര്‍ത്തിലുമെല്ലാം ജനങ്ങള്‍ ആലിംഗനം ചെയ്തും ഹോണ്‍ മുഴക്കി വാഹനങ്ങളില്‍ ചീറിപ്പാഞ്ഞും ആഹ്ലാദപ്രകടനം നടത്തി. ദേശീയപതാകകള്‍ ഉയര്‍ത്തിയും ആകാശത്തേക്കു വെടിവച്ചുമായിരുന്നു സേനയുടെ വിജയാഘോഷം.

ഇൌജിപ്തിലും ട്യൂണീസിയയിലും ആഞ്ഞടിച്ച ജനാധിപത്യ പ്രക്ഷോഭ പരമ്പരയ്ക്കു ലിബിയയില്‍ ഇത്തരത്തിലൊരു അന്ത്യമുണ്ടായത് മേഖലയിലെ മറ്റു ജനാധിപത്യ പോരാട്ടങ്ങളെയും സ്വാധീനിച്ചേക്കും.

ഹിലറി ക്ളിന്റന്‍ കഴിഞ്ഞദിവസം ട്രിപ്പോളിയില്‍ അപ്രതീക്ഷിതമായി എത്തി പുതിയ ഭരണകൂടത്തിനു പിന്തുണ അറിയിച്ചിരുന്നു. എന്നാല്‍, ഗദ്ദാഫിയെ നേരിട്ട സംഘത്തില്‍ യുഎസ് സൈനികരില്ലായിരുന്നുവെന്നു പെന്റഗണ്‍ അറിയിച്ചു.
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്