അനശ്വരം നീതിജ്വാല
കൊച്ചി: നൂറ്റാണ്ടു തികച്ച നീതിയുടെ നിറവെളിച്ചം അണഞ്ഞു. പാലക്കാട്ടെ വൈദ്യനാഥപുരം അഗ്രഹാര തെരുവില്‍നിന്ന് വിശ്വ പൗരനായി വളര്‍ന്ന ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഓര്‍മകളില്‍ വെളിച്ചമേകും. ജനപക്ഷവിധികളും കേരളത്തിലെ ഭൂപരിഷ്കരണവും അദ്ദേഹത്തിന് നിത്യസ്മാരകം തീര്‍ക്കും. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വ്യാഴാഴ്ച പകല്‍ 3.30 നായിരുന്നു അന്ത്യം. 99 വയസ്സായിരുന്നു. ശ്വാസതടസ്സത്തെത്തുടര്‍ന്ന്് നവംബര്‍ 24നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്കയുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം തകരാറിലായതാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അഭിഭാഷകന്‍ , പൊതുപ്രവര്‍ത്തകന്‍, ഐക്യകേരളത്തിന്റെ ആദ്യ ആഭ്യന്തര-നിയമ മന്ത്രി, ന്യായാധിപന്‍, നീതിയുടെ കാവലാള്‍ എന്നീ നിലകളില്‍ ഒരുനൂറ്റാണ്ട് ഇന്ത്യയുടെ സാമൂഹികമണ്ഡലത്തിലാകെ നിറഞ്ഞുനിന്ന സാന്നിധ്യമാണ് ഇല്ലാതായത്. മരണവാര്‍ത്ത അറിഞ്ഞതോടെ ആശുപത്രിപരിസരം ജനിബിഡമായി. വൈകിട്ട് ആറിന് എംജി റോഡിലെ സദ്ഗമയില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതല്‍ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. രണ്ടിന് വീട്ടിലേക്കു കൊണ്ടുവരും. മരണാനന്തര ക്രിയകള്‍ക്കുശേഷം വൈകിട്ട് ആറിന് രവിപുരം പൊതുശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
വൈദ്യനാഥപുരം രാമയ്യര്‍ കൃഷ്ണ അയ്യര്‍ എന്ന വി ആര്‍ കൃഷ്ണ അയ്യര്‍ 1915 നവംബര്‍ 15ന് പൂയം നാളില്‍ പിറന്നു. പാലക്കാട് വൈദ്യനാഥപുരത്ത് അഭിഭാഷകനായിരുന്ന വി വി രാമ അയ്യരുടെയും നാരായണി അമ്മാളിന്റെയും മകനാണ്. പാലക്കാട് വിക്ടോറിയ കോളേജില്‍നിന്ന് ഇന്റര്‍മീഡിയറ്റും അണ്ണാമല യൂണിവേഴ്സിറ്റിയില്‍നിന്ന് ബിഎയും ജയിച്ചു. മദ്രാസ് യൂണിവേഴ്സിറ്റിയില്‍നിന്ന് നിയമബിരുദവും കരസ്ഥമാക്കി. 1938ല്‍ മലബാര്‍-കൂര്‍ഗ് കോടതികളില്‍ അഭിഭാഷകനായി. കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി. കമ്യൂണിസ്റ്റുകാര്‍ക്ക് നിയമസഹായം നല്‍കിയെന്ന കേസില്‍ 1948ല്‍ ഒരുമാസത്തോളം ജയിലിലടച്ചു. 1952ല്‍ കൂത്തുപറമ്പില്‍നിന്ന് മദ്രാസ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഐക്യകേരളത്തില്‍ 1957ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്രനായി നിയമസഭയിലെത്തി. ഇ എം എസ് മന്ത്രിസഭയില്‍ നിയമം, ആഭ്യന്തരം, ജയില്‍, സാമൂഹ്യക്ഷേമം, വൈദ്യുതി, ജലം എന്നീ വകുപ്പുകള്‍ കൈകാര്യംചെയ്തു. വിമോചനസമരത്തെത്തുടര്‍ന്ന് മന്ത്രിസഭ പിരിച്ചുവിട്ടശേഷം '59 മുതല്‍ വീണ്ടും അഭിഭാഷകവൃത്തിയില്‍ സജീവമായി.
1968ല്‍ ഹൈക്കോടതി അഭിഭാഷകനായി. 1970ല്‍ ഇന്ത്യന്‍ ലോ കമീഷനില്‍ അംഗമായി. '73ല്‍ പാവങ്ങള്‍ക്ക് നിയമസഹായം നല്‍കുന്നതുസംബന്ധിച്ച കേന്ദ്രസമിതിയുടെ അധ്യക്ഷനായി. '73 ജൂലൈയില്‍ സുപ്രീം കോടതി ജഡ്ജിയായി. 1980 നവംബര്‍ 14ന് വിരമിച്ചു. 1987ല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആര്‍ വെങ്കിട്ടരാമനെതിരെ മത്സരിച്ചു. നിയമസംബന്ധിയായ നിരവധി ഗ്രന്ഥങ്ങളടക്കം 70-ലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. വാണ്ടറിങ് ഇന്‍ മെനി വേള്‍ഡ് എന്ന ആത്മകഥയും മൂന്നു യാത്രാവിവരണങ്ങളും പ്രസിദ്ധീകരിച്ചു. 1999ല്‍ പത്മവിഭൂഷണടക്കം നിരവധി പുരസ്കാരങ്ങള്‍ തേടിവന്നു. ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സ് നിയമലോകത്തെ ജീവിക്കുന്ന ഇതിഹാസമെന്ന പുരസ്കാരം നല്‍കി ആദരിച്ചു. മൂന്നു സര്‍വകലാശാലകളില്‍നിന്ന് ഡോക്ടേറേറ്റും മറ്റ് ഫെലോഷിപ്പുകളും ലഭിച്ചു.
ഭാര്യ ശാരദ 1974ല്‍ അന്തരിച്ചു. മക്കള്‍: രമേശ് (യുഎസ്), പരമേശ് (ചെന്നൈ). മരുമക്കള്‍: ലത, ഇന്ദ്രാണി.