വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, October 17, 2009

ചൈനയുടെ കാര്യത്തില്‍

ചൈനയുടെ കാര്യത്തില്‍ പാര്‍ടിക്ക് വ്യക്തവും ശരിയുമായ അഭിപ്രായമുണ്ട്

(ദേശാഭിമാനി മുഖ പ്രസംഗം )

ചൈനയുടെ നിലപാടില്‍ സിപിഐ എം അഭിപ്രായം പറയണമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും സിപിഐ എമ്മിന്റെ മൌനം ചൈനയോടുള്ള വിധേയത്വംമൂലമാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പറഞ്ഞിരിക്കുന്നു. കോഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയോ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങോ ഇതേവരെ ആവശ്യപ്പെടാത്ത കാര്യമാണ് ഇരുവരും ഉന്നയിച്ചിരിക്കുന്നത്. കേരള നിയമസഭയിലേക്ക് നടക്കാനിരിക്കുന്ന മൂന്ന് ഉപതെരഞ്ഞെടുപ്പാണ് ഇരുവരുടെയും ലക്ഷ്യമെന്ന് വളരെ വ്യക്തം. ലോക്സഭാതെരഞ്ഞെടുപ്പില്‍ ലാവ്ലിനും പിഡിപി ബന്ധവും ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ ഭിന്നിപ്പുമൊക്കെയായിരുന്നു കോഗ്രസിന്റെ പ്രചാരണവിഷയം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനോപകാരപ്രദമായ നയങ്ങളില്‍നിന്നും യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടില്‍നിന്നും ജനങ്ങളുടെ ശ്രദ്ധ ഇല്ലാത്ത വിഷയത്തിലേക്ക് വഴിതിരിച്ചുവിടുകയെന്നതായിരുന്നു ആസൂത്രിതമായ തെരഞ്ഞെടുപ്പുതന്ത്രം. വലതുപക്ഷ മാധ്യമങ്ങള്‍ അതിന് പൂര്‍ണ പിന്തുണയും നല്‍കി.

എന്നാല്‍, നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ കാര്യമായ മാറ്റം ദൃശ്യമായിരിക്കുന്നു. സിപിഐ എം തികഞ്ഞ യോജിപ്പോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കെട്ടുറപ്പും പ്രകടമായി കാണാം. ആസിയന്‍ കരാറിനെതിരെ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയുടെ കണ്ണഞ്ചിപ്പിക്കുന്ന വിജയം കോഗ്രസ് നേതാക്കളെ അങ്കലാപ്പിലാക്കിയിരിക്കുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോഗ്രസിനകത്തുള്ള അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവരാന്‍ തുടങ്ങി. ഘടകകക്ഷികള്‍ക്കിടയിലും അഭിപ്രായവ്യത്യാസം നീറിപ്പുകഞ്ഞുകൊണ്ടിരിക്കുകയാണ്. പരാജയഭീതി കോഗ്രസ് നേതൃത്വത്തെ പിടികൂടാന്‍ തുടങ്ങിയിരിക്കുന്നു. അതാണ് കണ്ണൂര്‍ കലക്ടറെ മാറ്റണമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവിവരെ ഇവിടെവന്ന് പറയാനിടയാക്കിയത്. ഇരിക്കുന്ന പദവി മറന്നുകൊണ്ടുള്ള പുറപ്പാടാണ് വയലാര്‍ രവിയുടേതെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. 1962ലെ നിലപാടില്‍നിന്ന് സിപിഐ എം മാറിയോ എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. ഉത്തരം വളരെ വ്യക്തമാണ്. സിപിഐ എം സ്വീകരിച്ച നിലപാടില്‍നിന്ന് കടുകിട മാറിയിട്ടില്ല. മാറേണ്ട ആവശ്യവും ഉണ്ടായിട്ടില്ല.

ഇന്ത്യ-ചൈന അതിര്‍ത്തിതര്‍ക്കം യുദ്ധത്തിലൂടെ പരിഹരിക്കാന്‍ ഇരുരാജ്യങ്ങള്‍ക്കും സാധ്യമല്ലെന്നും സമാധാനപരമായ കൂടിയാലോചനയിലൂടെ തര്‍ക്കം പരിഹരിക്കണമെന്നുമുള്ള നിലപാടാണ് സിപിഐ എം തുടക്കത്തിലേ സ്വീകരിച്ചത്. ആസേതുഹിമാചലം സഞ്ചരിച്ച ഇ എം എസ് പറഞ്ഞ കാര്യം ഇന്നും പ്രസക്തമാണ്. നാം നമ്മുടേതെന്നും അവര്‍ അവരുടേതെന്നും പറയുന്ന മാക്മോഹന്‍ രേഖയുടെ കാര്യം ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നാണ് പറഞ്ഞത്. പലരും ഈ വാദഗതി പരിഹസിച്ചുതള്ളാന്‍ ശ്രമിച്ചു. എന്നാല്‍, നാലരപതിറ്റാണ്ടിനുശേഷവും സിപിഐ എം പറഞ്ഞതിലപ്പുറം ഒരു പരിഹാരമാര്‍ഗം കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അതിര്‍ത്തിതര്‍ക്കം പരിഹരിക്കാനുള്ള കൂടിയാലോചന ഇപ്പോഴും തുടരുകയാണ്.

ചൈനാവിരുദ്ധ ജ്വരം ഇളക്കിവിടാന്‍ ശ്രമിക്കുന്നവരോടായി നിരുപമ റാവു പറഞ്ഞതാണ് ഓര്‍ക്കേണ്ടത്. അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളം അതിക്രമിച്ചുകടന്നതായും ഇന്ത്യന്‍ പട്ടാളത്തിനുനേരെ വെടിവച്ചതായും രണ്ട് ഇന്ത്യന്‍ ഭടന്മാര്‍ക്ക് പരിക്കേറ്റതായും ടൈംസ് ഓഫ് ഇന്ത്യയുടെ രണ്ട് ലേഖകര്‍ റിപ്പോര്‍ട്ട്ചെയ്തു. ഇത് കള്ളവാര്‍ത്തയാണെന്നും ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്ന ലേഖകര്‍ക്കെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും വാര്‍ത്ത എവിടെനിന്ന് ലഭിച്ചുവെന്ന് അവര്‍ കോടതിയില്‍ പറയട്ടെ എന്നുമാണ് നിരുപമ രോഷാകുലയായി പറഞ്ഞത്.

ഇന്ത്യയും ചൈനയുമായി മാത്രമല്ല, ഇന്ത്യയും പാകിസ്ഥാനുമായും യുദ്ധം അരുതെന്നാണ് സിപിഐ എം സ്വീകരിച്ച നിലപാട്. അതിനാണ് പിണ്ടിയും പീക്കിങ്ങുമൊന്നായി, നമ്പൂരീം തങ്ങളും ഒന്നായി എന്ന് കോഗ്രസുകാര്‍ അന്ന് മുദ്രാവാക്യം വിളിച്ചത്. അയല്‍രാജ്യങ്ങളുമായി യുദ്ധത്തിന്റെ മാര്‍ഗമല്ല, സമാധാനത്തിന്റെ മാര്‍ഗമാണ് സ്വീകരിക്കേണ്ടതെന്നും യുദ്ധം ഇരുരാഷ്ട്രങ്ങള്‍ക്കും ആപത്ത് വരുത്തിവയ്ക്കുമെന്നും പറയുന്നത് രാജ്യസ്നേഹത്തിന്റെ കുറവുകൊണ്ടല്ല; കൂടുതല്‍കൊണ്ടാണ്. സിപിഐ എം സമാധാനത്തിന്റെ ചേരിയില്‍ ഉറച്ചുനില്‍ക്കുന്നു. രണ്ട് ലോകയുദ്ധങ്ങള്‍ നിസ്സാരപ്രശ്നങ്ങളില്‍നിന്നാണ് വളര്‍ന്നുവലുതായത്. ഉണ്ടായ നാശം പറഞ്ഞറിയിക്കാന്‍ പ്രയാസവും.

അരുണാചല്‍പ്രദേശ് ഇന്ത്യയിലെ ഒരു സംസ്ഥാനമാണെന്നതില്‍ തര്‍ക്കമൊന്നുമില്ല. ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് എപ്പോള്‍ വേണമെങ്കിലും അരുണാചല്‍പ്രദേശ് സന്ദര്‍ശിക്കാം. അതില്‍ ചൈന പ്രതിഷേധിക്കേണ്ടതില്ല. എന്നാല്‍, ഇതോടൊപ്പം ഒരു കാര്യം ജനങ്ങള്‍ക്കറിയേണ്ടതുണ്ട്. ദലൈലാമയോടുള്ള കോഗ്രസ് ഭരണാധികാരികള്‍ക്കുള്ള അമിതമായ പ്രേമത്തിന്റെ കാരണമെന്താണ്. തിബത്ത് ചൈനയുടെ ഭാഗമാണെന്ന് ഇന്ത്യ അംഗീകരിച്ചിട്ടുള്ളതാണ്. തിബത്ത് ചൈനയില്‍നിന്ന് വേര്‍പെടുത്താന്‍ ശ്രമിക്കുന്ന ചൈനാവിരുദ്ധ നിലപാടെടുക്കുന്ന ആളാണ് ദലൈലാമ. 1962ലും ദലൈലാമയെ എഴുന്നള്ളിച്ച് നടന്ന പ്രശ്നമുണ്ടായിരുന്നു. ദലൈലാമയെ അരുണാചല്‍പ്രദേശ് സന്ദര്‍ശിക്കാന്‍ ക്ഷണിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് ജനങ്ങള്‍ അറിയണം. അമേരിക്കയ്ക്കുവേണ്ടിയാണെന്ന സംസാരമുണ്ട്. അമേരിക്കയുമായി തന്ത്രബന്ധം സ്ഥാപിച്ച രാജ്യമാണ് ഇന്ത്യ. ഇന്ത്യ ദലൈലാമയെ അമിതമായി പ്രേമിക്കുന്നതില്‍ സംശയിക്കുന്നവരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. ഇക്കാര്യം ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയാല്‍ കൊള്ളാം.

ചൈനയോട് സിപിഐ എം സ്വീകരിക്കുന്ന നയം പരസ്യമാണ്. ചൈന ഒരു സോഷ്യലിസ്റ് രാജ്യമാണ്. ആ രാജ്യത്തോട് മമതയുണ്ട്. ചൈനീസ് കമ്യൂണിസ്റ് പാര്‍ടിയോട് ആദരവുണ്ട്. അതോടൊപ്പംതന്നെ ചൈനീസ് കമ്യൂണിസ്റ് പാര്‍ടി തെറ്റ് ചെയ്തപ്പോള്‍ തുറന്ന് വിമര്‍ശിക്കാന്‍ സിപിഐ എം അറച്ചുനിന്നിട്ടില്ല. സോവിയറ്റ് കമ്യൂണിസ്റ് പാര്‍ടിയോടുള്ള അഭിപ്രായവ്യത്യാസവും അക്കാലത്ത് തുറന്നുപറഞ്ഞിട്ടുള്ളതാണ്. ഇപ്പോള്‍ സോവിയറ്റ് യൂണിയന്‍ നിലനില്‍ക്കുന്നില്ല. ഇ എം എസ് അന്ന് പറഞ്ഞ കാര്യം ഓര്‍ക്കാവുന്നതാണ്. ഞങ്ങള്‍ക്ക് റഷ്യയോട് അന്ധമായ വിരോധമോ ചൈനയോട് അമിതമായ പ്രേമമോ ഇല്ല. ഞങ്ങളുടെ തലച്ചോറ് ആര്‍ക്കും പണയംവച്ചിട്ടില്ല. സ്വതന്ത്രമായ നിലപാടാണ് ഞങ്ങള്‍ സ്വീകരിക്കുന്നത്. ചൈനയോടോ മറ്റേതെങ്കിലും രാജ്യത്തോടോ സിപിഐ എമ്മിന് വിധേയത്വമില്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണ്.

എന്നാല്‍, ലോകത്തിലെ കമ്യൂണിസ്റ് പാര്‍ടികളുടെ നിലനില്‍പ്പിലും വളര്‍ച്ചയിലും പാര്‍ടിക്ക് താല്‍പ്പര്യമുണ്ട്. ലോകത്തിലെ കമ്യൂണിസ്റ് പാര്‍ടികള്‍ പരസ്പരം യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. അതുകൊണ്ടാണ് കമ്യൂണിസ്റ് പാര്‍ടികളുടെ യോഗംചേരാന്‍ സിപിഐ എം, സിപിഐ പാര്‍ടികള്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. 1942ല്‍ കമ്യൂണിസ്റുകാരെ ബ്രിട്ടന്റെ അഞ്ചാംപത്തികളെന്ന് വിളിച്ച് ആക്ഷേപിച്ചു. പിന്നെ മലങ്കോവിന്റെ മക്കളെന്ന് വിളിച്ചു. റഷ്യയില്‍ മഴ പെയ്താല്‍ ഇവിടെ കുടപിടിക്കുന്നവരാണെന്ന് പരിഹസിച്ചു.

1962ല്‍ അവിഭക്ത കമ്യൂണിസ്റ് പാര്‍ടിയില്‍ ചൈനാ അനുകൂലികളെന്നുപറഞ്ഞ് കുറെ നേതാക്കളെ ജയിലിലടച്ചു. 1964 ഡിസംബറില്‍ സിപിഐ എം നേതാക്കളെ വീണ്ടും ചൈനാചാരന്മാരെന്ന് മുദ്രകുത്തി ജയിലിലടച്ചു. 1965ല്‍ ജയിലില്‍ കിടന്നുകൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഭൂരിപക്ഷംപേരും ജയിച്ചു. സിപിഐ എം നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയായി. ചൈനാചാരന്മാരെന്ന് മുദ്രകുത്തി ജയിലിലടച്ചാലും ധവളപത്രമിറക്കിയാലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ലെന്ന് തെളിഞ്ഞു. അതുകൊണ്ടുതന്നെ ഉമ്മന്‍ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും പറഞ്ഞേക്കാം ആ പരിപ്പ് ഇവിടെ വേവില്ല.

കാറ്റ് വിതച്ചവരുടെ കൊടുങ്കാറ്റ് കൊയ്ത്ത്‌

കാറ്റ് വിതച്ചവരുടെ കൊടുങ്കാറ്റ് കൊയ്ത്ത്

പി ഗോവിന്ദപ്പിള്ള

(ദേശാഭിമാനിയിൽ നിന്ന്‌)

ഇന്ത്യാവിഭജനത്തെത്തുടര്‍ന്ന് 1947 ആഗസ്ത് 14ന് പാകിസ്ഥാന്‍ രൂപംകൊണ്ടശേഷം ഇടയ്ക്ക് ഹ്രസ്വമായ ഇടവേളകളോടുകൂടി കഴിഞ്ഞ 62 വര്‍ഷവും അത് ഭീകരവാദികളുടെ പരിശീലനകേന്ദ്രവും അഴിഞ്ഞാട്ടഭൂമിയുമായിരുന്നു. ഇടയ്ക്കിടക്ക് അമേരിക്കയുടെ പിന്തുണയോടെ അധികാരത്തിലെത്തിയ പട്ടാളവാഴ്ചകള്‍ ഭീകരവാദത്തിന് വെള്ളവും വളവും നല്‍കി വളര്‍ത്തി. വിഭജനത്തെത്തുടര്‍ന്ന് ഇന്ത്യയില്‍നിന്ന് പാകിസ്ഥാനിലേക്കും പാകിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്കുമുണ്ടായ ഭയാനകമായ അഭയാര്‍ഥി പ്രവാഹത്തിന്റെ പിറകിലും ഇരുരാജ്യത്തെയും ഭീകരവാദികള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും അത് താമസിയാതെ കെട്ടൊടുങ്ങി. പക്ഷേ, പാകിസ്ഥാന്‍ കശ്മീരിനെ ആക്രമിക്കാന്‍ അമേരിക്കന്‍ സൈനികോദ്യോഗസ്ഥനായ റസ്സല്‍ ഹൈറ്റിന്റെ നേതൃത്വത്തില്‍ ചില ഗോത്രവര്‍ഗക്കാരെയും ഉള്‍പ്പെടുത്തി കശ്മീരിനെതിരെ കടന്നാക്രമണം ആരംഭിച്ചതോടെ പാകിസ്ഥാനിലെ ഭീകരവാദം ഔദ്യോഗിക വിദേശനയത്തിന്റെ ഭാഗമായിത്തീര്‍ന്നു.

കശ്മീര്‍ ആക്രമണത്തിലും തുടര്‍ന്നും പാകിസ്ഥാനെ തങ്ങളുടെ ആഗോളാധിപത്യത്തിന് ചട്ടുകമായി ഉപയോഗിക്കാന്‍ ശ്രമിച്ച അമേരിക്കന്‍ അധികാരികള്‍ നല്‍കിയ പണവും പടക്കോപ്പും ഭീകരവാദികള്‍ക്കുകൂടി പങ്കുവയ്ക്കുന്നതില്‍ അവര്‍ക്ക് വിരോധമില്ലായിരുന്നു. അമേരിക്കയുടെ ഈദൃശ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിബന്ധമായി നിന്നവര്‍ എന്ന് അവര്‍ കരുതിയ പാകിസ്ഥാനിലെ പ്രഥമ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ സ്ഥാപകനുമായ മുഹമ്മദ് അലി ജിന്ന കഴിഞ്ഞാല്‍ രണ്ടാംസ്ഥാനക്കാരനായിരുന്ന നവാബ് സാദാ ലിയാഖത്ത് അലിഖാന്‍ ഉള്‍പ്പെടെ പല പ്രാമാണികന്മാരെയും വധിക്കാന്‍ അമേരിക്കയുടെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) സഹകരിച്ചിരുന്നെന്നത് പില്‍ക്കാലത്ത് അന്നത്തെ രഹസ്യരേഖകള്‍ നിയമാനുസൃത കാലയളവ് കഴിഞ്ഞ് പരസ്യമായപ്പോള്‍ വെളിപ്പെടുകയുണ്ടായി. സിഐഎ പരിശീലിപ്പിച്ച ഉദ്യോഗസ്ഥരാണ് പാകിസ്ഥാന്‍ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് എന്ന ഐഎസ്ഐ നടത്തിവരുന്നത്. ഈ നീണ്ടകാല പ്രക്രിയയുടെ യുക്തിയുക്തമായ പരിണതഫലമാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയും വ്യാഴാഴ്ചയും ഇതെഴുതിയ ഇന്നലെയും (വെള്ളിയാഴ്ച) ലാഹോറും മറ്റു നഗരങ്ങളും കേന്ദ്രീകരിച്ച് പാകിസ്ഥാന്‍ ഭരണകൂടത്തെയാകെ കിടുകിടാ വിറപ്പിച്ച താലിബാന്‍ ആക്രമണം നടന്നത്.

ഇതിനുമുമ്പും പാകിസ്ഥാനില്‍ സ്വാത് മേഖലയിലും വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിപ്രവിശ്യയിലെ റാവല്‍പിണ്ടിയിലും ബലൂചിസ്ഥാനിലും വിഭജനത്തെത്തുടര്‍ന്ന് ബിഹാര്‍ അഭയാര്‍ഥികള്‍ വന്ന് തിങ്ങിപ്പാര്‍ക്കുന്ന സിന്ധിലും ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയൊന്നുംതന്നെ വ്യാപ്തിയിലോ മരണസംഖ്യയിലോ ഇപ്പോഴത്തെ ലാഹോര്‍ കലാപത്തോട് താരതമ്യപ്പെടുത്തത്തക്കവിധം വലുതായിരുന്നില്ല. ലാഹോര്‍ പാകിസ്ഥാനിലെ നാലു പ്രവിശ്യയില്‍ ഒന്നിന്റെ തലസ്ഥാനംമാത്രമല്ല, ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളതും പട്ടാളത്തിലേക്കും ഉദ്യോഗശ്രേണിയിലേക്കും ഏറ്റവും കൂടുതല്‍ ആളുകളെ സംഭാവനചെയ്തതുമായ ഒരു പ്രവിശ്യയുടെ തലസ്ഥാനമാണ്. പാകിസ്ഥാന്റെ നികുതിവരവിന്റെ ഭൂരിഭാഗവും പഞ്ചാബില്‍നിന്നാണ്. ഒരര്‍ഥത്തില്‍ പാകിസ്ഥാന്‍ എന്നുപറഞ്ഞാല്‍ പഞ്ചാബാണ്. മറ്റ് മൂന്ന് പ്രവിശ്യ പഞ്ചാബിന്റെ പ്രാന്തപ്രദേശങ്ങള്‍മാത്രം. അങ്ങനെയുള്ള പഞ്ചാബ് ഇപ്പോള്‍ ഒരു വാര്‍സോ എന്നുപറഞ്ഞാല്‍ അതിന്റെ അര്‍ഥം പാകിസ്ഥാന്‍ ആകെ 1971ലെ പാക്-ബംഗ്ളാദേശ് വിഭജനത്തെ ഓര്‍മിപ്പിക്കുംവിധം ശിഥിലീകരണത്തിന്റെ വക്കത്ത് എത്തിയിരിക്കുന്നുവെന്നാണ്.

വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിപ്രവിശ്യയിലെ ചരിത്രപ്രസിദ്ധവും തന്ത്രപ്രധാനവുമായ സ്വാത് മേഖലയിലെ താലിബാന്‍ ആക്രമണത്തെയും അതിന് നേരിട്ട തിരിച്ചടിയെയുംകുറിച്ച് ഈ പംക്തിയില്‍ വിസ്തരിച്ച് പറഞ്ഞിരുന്നത് ആവര്‍ത്തിക്കുന്നില്ല. ഒരുകാര്യംമാത്രം ഭേദഗതി ചെയ്യേണ്ടിയിരിക്കുന്നു. സ്വാതില്‍ താലിബാന് കനത്ത നഷ്ടങ്ങള്‍ ഉണ്ടായെങ്കില്‍ അന്തിമമായി അവര്‍ക്ക് നേരിട്ടത് തോല്‍വിയായിരുന്നില്ലെന്നും താല്‍ക്കാലികമായ ഒരു പിന്മാറ്റംമാത്രമായിരുന്നു അതെന്നും ഇപ്പോള്‍ ലാഹോര്‍ ആക്രമണത്തോടെ വ്യക്തമായിരിക്കുന്നു. താലിബാന്റെ പ്രമുഖ നേതാവായിരുന്ന ബെയ്ത്തുള്ള മെഹ്സൂദ് ഉള്‍പ്പെടെ അനേകം പോരാളികള്‍ വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് സാധാരണ ഗറില്ല അടവുപ്രകാരമുള്ള ഒരു പിന്മാറ്റവും തുടര്‍ന്ന് എതിര്‍ശക്തികള്‍ തയ്യാറെടുത്ത് സമരസന്നദ്ധരായി കാണപ്പെടാത്ത സ്ഥലത്ത് തിരിച്ചടി നല്‍കുക എന്നതും ഒരു ഗറില്ലാമുറയാണ്. അങ്ങനെ പാകിസ്ഥാനാകെ ഗറില്ലാപ്പോരാട്ടങ്ങളില്‍ കുടുങ്ങി ഒരു ആഭ്യന്തര യുദ്ധത്തിന്റെ വക്കത്ത് എത്തിയിരിക്കുന്നുവെന്ന് പറയുന്നത് അതിശയോക്തി ആകാമെങ്കിലും കാര്യങ്ങള്‍ ആ വഴിക്കല്ല നീങ്ങുന്നതെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധത്തിനുശേഷം എതിര്‍പക്ഷത്തെ ഒതുക്കിനിര്‍ത്താന്‍ പട്ടാളമേധാവി പ്രസിഡന്റ് പര്‍വേസ് മുഷറഫ് കൈക്കൊണ്ട നടപടികള്‍ ഇത്തരം ഭീകരപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയാണ് ഈദൃശപ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്. ഐഎസ്ഐ പലപ്പോഴും സ്വന്തം സര്‍ക്കാരിനെപ്പോലും മറികടന്ന് സിഐഎയുടെ നിര്‍ദേശങ്ങള്‍ക്ക് വഴങ്ങാറുണ്ട്. പിന്നീട് മുഷറഫ് അധികാരമൊഴിഞ്ഞ് തെരഞ്ഞെടുപ്പിലൂടെ ബേനസീറിന്റെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ടിയും ഭര്‍ത്താവ് ആസിഫ് അലി സര്‍ദാരിയും അധികാരമേറ്റപ്പോള്‍ കശ്മീര്‍പ്രശ്നം ഒത്തുതീര്‍ക്കാന്‍ ഇന്ത്യയുമായി ചര്‍ച്ചചെയ്യുമെന്നും പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന് കശ്മീരിലെത്തുന്ന ഭീകരവാദികളെ അതിര്‍ത്തിലംഘനം നടത്താന്‍ അനുവദിക്കുകയില്ലെന്നും പാകിസ്ഥാനിലെ കശ്മീര്‍ ഭീകരവാദി പരിശീലനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടുമെന്നും മറ്റും വാഗ്ദാനം ചെയ്തെങ്കിലും അവ പാലിച്ചില്ലെന്നുമാത്രമല്ല പാക് പരിശീലിത ഭീകരന്മാരുടെ പ്രവര്‍ത്തനമേഖല ഡല്‍ഹിയിലേക്കും മുംബൈയിലേക്കും ജയ്പുരിലേക്കും മറ്റും വ്യാപിപ്പിക്കുന്നതിന് സമ്മതം മൂളുകയുംചെയ്തു. അതോടുകൂടി ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ കൂടിയാലോചനകള്‍ നടത്താനുള്ള ശ്രമങ്ങള്‍ അവസാനിക്കുകയുംചെയ്തു.

മാത്രമല്ല, താലിബാന്‍ കേഡര്‍മാരോടൊപ്പം ബിന്‍ ലാദന്റെ ലഷ്കര്‍ ഇ തോയ്ബ, അല്‍ ഖായ്ദ, ജെയ്സ് ഇ മുഹമ്മദ് തുടങ്ങിയ മറ്റു ഗ്രൂപ്പുകളും കശ്മീരില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാനും ഇന്ത്യയില്‍ സ്ഫോടനങ്ങളും സംഘട്ടനങ്ങളും നടത്താനും വന്നുതുടങ്ങി. മുംബൈ കടന്നാക്രമണത്തിന്റെ ആസൂത്രിതരും കൈകാര്യകര്‍ത്താക്കളും പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവരുമാണെന്ന് തെളിഞ്ഞിട്ടും അവര്‍ക്കെതിരെ കേസെടുക്കാനോ കേസ് രജിസ്റര്‍ചെയ്തിട്ടും നടപടികള്‍ ഊര്‍ജിതപ്പെടുത്താന്‍ പാകിസ്ഥാന്‍ തയ്യാറായില്ല. മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായിരുന്ന സെയ്ദിനെ അറസ്റുചെയ്തു എന്നൊക്കെ പറഞ്ഞ് സ്വന്തം വീട്ടില്‍ സുഖിച്ച് താമസിക്കാന്‍ അനുവദിക്കുകയാണ് പാകിസ്ഥാന്‍ ചെയ്തത്. സെയ്ദിന്റെ വീട്ടുപടിക്കലെ പൊലീസുകാര്‍ അയാളുടെ സഞ്ചാരം നിയന്ത്രിക്കാനല്ല, അയാളുടെ പ്രതാപം വര്‍ധിപ്പിച്ച് അകമ്പടി സേവിക്കാനാണ് നിയുക്തരായത്. ഇപ്പോഴിതാ സെയ്ദിനെ കോടതി കുറ്റവിമുക്തനാക്കി വെറുതെ വിടുകയും ചെയ്തിരിക്കുന്നു. ഇതില്‍ പ്രോസിക്യൂഷനും പ്രതിഭാഗവും ഒത്തുകളിക്കുകയായിരുന്നെന്ന് വ്യക്തമായിട്ടുണ്ട്. പാകിസ്ഥാനിലെ ബൂര്‍ഷ്വാ ഭരണാധികാരികളുടെയും ഭരണകക്ഷികളുടെയും പരാജയങ്ങള്‍ മൂടിവയ്ക്കാന്‍ അവര്‍ എപ്പോഴും കൈക്കൊണ്ടുവരുന്ന ഒരു അടവാണ് കശ്മീര്‍പ്രശ്നവും ഇന്ത്യാവിരോധവും. കശ്മീരിനുപുറമെ ബലൂചിസ്ഥാനിലെ കലാപത്തിന്റെ ഉത്തരവാദിത്തവും ഇന്ത്യയുടെ തലയില്‍ വച്ചുകെട്ടാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുണ്ട്. പാകിസ്ഥാനിലെ ഏറ്റവും അവികസിതമായ മേഖലയാണ് ബലൂചിസ്ഥാന്‍. ഈ അവഗണനക്കെതിരെ വികസനത്തിനും കൂടുതല്‍ സ്വയംഭരണത്തിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങളാണ് ബലൂചിസ്ഥാനിലെ ഇന്ത്യന്‍ പ്രേരിത കലാപമായി പാക് അധികാരികള്‍ വിശേഷിപ്പിക്കുന്നത്.

അങ്ങനെ പാകിസ്ഥാന്‍ അധികാരികള്‍ സ്വയം വിതച്ച കാറ്റാണ് ഇന്ന് കൊടുങ്കാറ്റായി അവരെ പിടിച്ചുലയ്ക്കുന്നത്. ഇപ്പറഞ്ഞതില്‍നിന്ന് ഇന്ത്യയുടെ കൈകള്‍ ഭീകരബന്ധമില്ലാതെ പരിശുദ്ധിയോടെ ഇരിക്കുന്നുവെന്ന് കരുതിക്കൂടാ. പാകിസ്ഥാനിലെ അളവില്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും തങ്ങളുടെ വിദേശനയത്തിന്റെയും ആഭ്യന്തരനയത്തിന്റെയും ഒരു ഘടകമായി മാറ്റുകയും ചെയ്യാന്‍ ഇന്ത്യ മുതിര്‍ന്നിട്ടില്ലെങ്കിലും ചില അവസരവാദ നടപടികളുടെ ദുരന്തഫലങ്ങള്‍ ഇന്ത്യയും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. സിഖുകാരുടെ അകാലിദളുമായി സഹകരിച്ച് രൂപംകൊണ്ട് ജനതാ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അകാലികളുടെ എതിരാളിയായിരുന്ന ഭിന്ദ്രന്‍വാല എന്ന ഭീകരനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രതിപക്ഷത്തായിരുന്ന ഇന്ദിരാഗാന്ധി ശ്രമിക്കുകയുണ്ടായി. ഒടുവില്‍ അയാള്‍ കൊക്കിലൊതുങ്ങാതെ വന്നപ്പോള്‍ അമൃതസരസ്സിലെ സുവര്‍ണക്ഷേത്രത്തില്‍ 'ബ്ളൂ സ്റാര്‍' ഓപ്പറേഷന്‍ നടത്തി പരാജയപ്പെടുത്തിയതും അതൊടുവില്‍ ഇന്ദിരാഗാന്ധിയുടെതന്നെ ജീവന്‍ അപഹരിച്ചതും മറക്കാറായിട്ടില്ല. ഇതിന്റെയൊക്കെ തുടര്‍ച്ചയായിരുന്നു രണ്ടുവര്‍ഷത്തോളം പഞ്ചാബില്‍ നടമാടിയ ഖാലിസ്ഥാന്‍ പ്രക്ഷോഭം എന്ന പേരിലറിയപ്പെടുന്ന രക്തപങ്കിലമായ അഴിഞ്ഞാട്ടം. തമിഴ്നാട്ടിലെ ചില അവസരവാദ സഖ്യങ്ങള്‍ക്കായി തമിഴ് ഈഴം പുലികള്‍ക്ക് (എല്‍ടിടിഇ) താവളം നല്‍കാനും പരിശീലനം നല്‍കാനും കേന്ദ്രത്തിലെ രാജീവ്ഗാന്ധി ഗവമെന്റ് അനുവാദം നല്‍കിയത് ഒടുവില്‍ അദ്ദേഹത്തിന്റെ ക്രൂരമായ അകാലചരമത്തിന് വഴിവച്ചതും ഓര്‍ക്കുക. ഇപ്പോള്‍ അതുപോലെ പശ്ചിമബംഗാളിലെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മമത ബാനര്‍ജിയും മാവോയിസ്റുകളും നക്സലൈറ്റുകളും ഒത്തൊരുമിച്ച് നന്ദിഗ്രാമിലും സിംഗൂരിലും നടത്തുന്ന ചോരക്കളികള്‍ കോഗ്രസിനെ എവിടെ കൊണ്ടെത്തിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

Monday, October 5, 2009

ചെങ്ങറ സമരം ഒത്തുതീര്‍ന്നു

ചെങ്ങറ സമരം ഒത്തുതീര്‍ന്നു

തിരു: ചെങ്ങറ ഭൂസമരം ഒത്തുതീര്‍ന്നു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശിച്ച പാക്കേജ് അംഗീകരിച്ച് സമരം തീര്‍ന്നത്.

ഇതനുസരിച്ച് 1432 കുടുംബങ്ങള്‍ ഭൂമിയും വീടും നല്‍കും. പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഒന്നേകാല്‍ ലക്ഷത്തിന്റെയും പട്ടികജാതി കുടുംബങ്ങള്‍ക്ക് ഒരു ലക്ഷത്തിന്റെയും മറ്റുള്ളവര്‍ക്ക് 75,000ത്തിന്റെയും വീടാണ് നിര്‍മിച്ച് നല്‍കുക.

ചെങ്ങറയില്‍ 1738 കുടുംബങ്ങളാണ് കുടിയേറിയത്. ഭൂമിയില്ലാത്തവര്‍ക്ക് 25 സെന്റുവരെ ഭൂമി നല്‍കും. അഞ്ച് മുതല്‍ 10 സെന്റുവരെയുള്ള 199പേര്‍ ചെങ്ങറയിലുണ്ട്. 25സെന്റുവരെയുള്ള 92പേരും അതില്‍കൂടുതലുള്ള 15 കുടുംബങ്ങളും ഒരു സെന്റ് പോലും ഭൂമിയില്ലാത്ത 907പേരാണുള്ളത്.

പാക്കേജ് മൂന്നു മാസത്തിനുള്ളില്‍ റവന്യൂവകുപ്പ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാക്കേജിന്റെ ഭാഗമായി ചെങ്ങറ എസ്റ്റേറ്റും സര്‍വേ ചെയ്യും.

സമരം അവസാനിപ്പിക്കുകയാണെന്നും എന്നാല്‍ ഭൂമി കിട്ടുന്ന മുറയ്ക്കു മാത്രമേ ചെങ്ങറ എസ്റ്റേറ്റില്‍നിന്ന് ഒഴിയുകയുള്ളുവെന്നും ചെങ്ങറ സമരനേതാവ് ളാഹ ഗോപാലന്‍ പറഞ്ഞു.

മന്ത്രിമാരായ കെ പി രാജേന്ദ്രന്‍, എ കെ ബാലന്‍, ബിനോയ് വിശ്വം, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

ദേശാഭിമാനി വാർത്ത

Friday, October 2, 2009

മനുഷ്യച്ചങ്ങലയില്‍ അണിചേരുക

മനുഷ്യച്ചങ്ങലയില്‍ അണിചേരുക

പിണറായി വിജയന്‍

(ദേശാഭിമാനി)

കേരളത്തിന്റെ കാര്‍ഷികമേഖലയെ തകര്‍ക്കാനുള്ള ആസിയന്‍ കരാറിനെതിരായി നടക്കുന്ന മനുഷ്യച്ചങ്ങലയ്ക്ക് അനുകൂലമായ പ്രതികരണമാണ് കേരളത്തിലെ എല്ലാ കോണുകളില്‍നിന്നും ലഭിച്ചിട്ടുള്ളത്. കക്ഷിരാഷ്ട്രീയത്തിന് അതീതമായിത്തന്നെ കേരളത്തിന്റെ കാര്‍ഷികമേഖലയെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ജനങ്ങള്‍ അണിചേരുന്ന അനുഭവമാണ് കേരളത്തിലുടനീളം. ഇത് സ്വാഭാവികമായും വലതുപക്ഷ ശക്തികളില്‍ അങ്കലാപ്പും അമ്പരപ്പും സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടാണ് വിവിധതരം കള്ള പ്രചാരവേലകളുമായി ഇവര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ആസിയന്‍ കരാര്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ ആരാച്ചാരാണെന്ന് സിപിഐ എമ്മിന്റെ മാത്രം അഭിപ്രായമല്ല.

കേരളത്തെ സ്നേഹിക്കുന്ന ജനങ്ങളെല്ലാംതന്നെ ഈ വസ്തുത അംഗീകരിച്ചിട്ടുള്ളതാണ്. ആസിയന്‍ കരാറിനെ ന്യായീകരിക്കാന്‍ ബുദ്ധിമുട്ടുന്ന പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള കോഗ്രസുകാര്‍ ഉത്തരം പറയേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ആസിയന്‍ കരാറിനെ സംബന്ധിച്ച് അദ്ദേഹത്തിനും കോഗ്രസിനുമുള്ള അഭിപ്രായമാണോ യുഡിഎഫിലെ ഘടകകക്ഷികള്‍ക്ക്്? കോഗ്രസ് പ്രചരിപ്പിക്കുന്നതുപോലെ ആസിയന്‍ കരാര്‍ ഗുണകരമാണെന്ന് അഭിപ്രായമുണ്ടെങ്കില്‍ യുഡിഎഫ് എന്ന നിലയില്‍ ഒരു പ്രമേയം ആസിയന്‍ കരാറിനെ പിന്തുണച്ച്് പാസാക്കാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണ്? സ്വന്തം മുന്നണിയിലെ കക്ഷികളെപ്പോലും ബോധ്യപ്പെടുത്താന്‍ പറ്റാത്ത കരാറിനെയല്ലേ കോഗ്രസ് നേതാക്കള്‍ ന്യായീകരിക്കുന്നത്. ഇത്തരം ജനവിരുദ്ധ നയങ്ങള്‍ സ്വീകരിച്ചവരെ ഒറ്റപ്പെടുത്തിയ അനുഭവമാണ് കേരളത്തിനുള്ളത്.

യുഡിഎഫിലെ ഘടകകക്ഷികള്‍ ഈ കരാറിനെതിരെ രംഗത്തുവന്നിട്ടുണ്ട്. പള്ളിമേധാവികള്‍ ഉള്‍പ്പെടെ പ്രതികരിക്കേണ്ട സ്ഥിതി ഉണ്ടായി. മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിഷേധം വ്യാപകമായി ഉയര്‍ന്നു. സിപിഐ എം മുന്നോട്ടുവച്ച കാര്യങ്ങള്‍ കൂടുതല്‍ ജനവിഭാഗങ്ങള്‍ അംഗീകരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ സംഭവവികാസങ്ങള്‍. ജനങ്ങള്‍ ആകമാനം കേരളത്തിന്റെ കാര്‍ഷികമേഖലയെയും അനുബന്ധമേഖലകളെയും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ കൂടുതല്‍ ശക്തമായി രംഗത്തുവരുന്നു എന്നതാണ് മനുഷ്യച്ചങ്ങലയ്ക്ക് ലഭിക്കുന്ന പിന്തുണയില്‍നിന്ന് വ്യക്തമാകുന്നത്.

ഗള്‍ഫ് കുടിയേറ്റവും നാണ്യവിളകളുടെയും അനുബന്ധമേഖലകളുടെയും കയറ്റുമതിയുമാണ് നമ്മുടെ സമ്പദ്ഘടനയെ ചലനാത്മകമായി നിര്‍ത്തുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധി നമ്മുടെ കയറ്റുമതിയെയും പ്രവാസിമേഖലയെയും തകര്‍ത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ കരാര്‍ പ്രതിസന്ധിയെ കൂടുതല്‍ ഗുരുതരമാക്കുമെന്ന് വസ്തുതകള്‍ പഠിക്കുന്ന ആര്‍ക്കും മനസ്സിലാകുന്ന കാര്യമാണ്. യുഡിഎഫ് കേരളം ഭരിച്ച ഘട്ടത്തില്‍ ആഗോളവല്‍ക്കരണനയം മുന്നോട്ടുവയ്ക്കുന്ന സമീപനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കാനാണ് പരിശ്രമിച്ചത്. അതിന്റെ ഫലമായി കേരളത്തിന്റെ കാര്‍ഷികമേഖല തകരുകയുണ്ടായി. 1999-2000ല്‍ ഉല്‍പ്പാദനത്തില്‍ കൃഷിയുടെ പങ്ക് 21.4 ശതമാനമായിരുന്നത് യുഡിഎഫ് ഭരണം കഴിയുമ്പോഴേക്കും 13 ശതമാനമായി കുറഞ്ഞു.

1999-2000ല്‍ കേരളത്തിന്റെ കാര്‍ഷിക വരുമാനം 12,222 കോടി രൂപയുണ്ടായിരുന്നത് നാലുവര്‍ഷം കഴിയുമ്പോഴേക്കും 15 ശതമാനം കുറഞ്ഞ് 10,382 കോടി രൂപയായി. ഇതിന്റെ ഫലമായി കര്‍ഷക ആത്മഹത്യകള്‍ വ്യാപകമായി. ഏറെ കടബാധ്യതയുള്ള കര്‍ഷകര്‍ ജീവിക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി കേരളം മാറി. ഈ സ്ഥിതിവിശേഷത്തിന് മാറ്റം വരുത്തുന്ന തരത്തിലുള്ള ഇടപെടല്‍ നടത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് എല്‍ഡിഎഫ് അധികാരത്തില്‍ വന്ന ഉടനെ 50,000 രൂപ വീതം സഹായം നല്‍കി. ഇന്ത്യക്കാകെ മാതൃകയാകുന്നവിധം കാര്‍ഷിക കടാശ്വാസനിയമം പ്രഖ്യാപിച്ചു. യുഡിഎഫ് ഭരണകാലത്ത് കര്‍ഷക ആത്മഹത്യ നടന്ന 36 ജില്ലയില്‍ മൂന്നെണ്ണം കേരളത്തിലായിരുന്നു.

രാജ്യത്തെ മറ്റ് 33 ജില്ലയില്‍ കര്‍ഷക ആത്മഹത്യകള്‍ ഇപ്പോഴും തുടരുമ്പോള്‍ അതിന് കേരളത്തില്‍ അറുതിവരുത്താന്‍ കഴിഞ്ഞത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയസമീപനങ്ങള്‍മൂലമാണ്. ഈ അനുഭവങ്ങള്‍ ഇവിടെ ഓര്‍മിപ്പിക്കാന്‍ കാരണം കര്‍ഷകരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ശ്രമിക്കുന്നതിനുപകരം ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുന്നതിനുള്ള നിലപാടാണ് യുഡിഎഫ് എന്നും സ്വീകരിച്ചത് എന്ന് സൂചിപ്പിക്കാനാണ്. ആസിയന്‍ കരാറും സാമ്പത്തിക അതിര്‍വരമ്പുകള്‍ തട്ടിമാറ്റി ഒറ്റക്കമ്പോളമാക്കി ലോകത്തെ മാറ്റാനുള്ള നടപടിയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനേക്കാള്‍ ആഗോളവല്‍ക്കരണ നയങ്ങളെ പിന്തുണയ്ക്കുക എന്ന കോഗ്രസിന്റെ നയസമീപനമാണ് ഇതിലൂടെ കൂടുതല്‍ തെളിഞ്ഞു വരുന്നത്.

ഇടതുപക്ഷത്തിന്റെ പിന്തുണയോടെ യുപിഎ സര്‍ക്കാര്‍ ഇന്ത്യ ഭരിച്ച ഘട്ടത്തില്‍ നടപ്പാക്കാന്‍ കഴിയാതെ പോയ ആഗോളവല്‍ക്കരണനയങ്ങള്‍ കൂടുതല്‍ തീക്ഷ്ണമായി ഇപ്പോള്‍ നടപ്പാക്കാന്‍ തയ്യാറാകുന്നു എന്ന കാര്യവും കൂട്ടി വായിക്കേണ്ടതുണ്ട്. കേരളത്തെ സംരക്ഷിക്കാനുള്ള ഈ ജനകീയമുന്നേറ്റത്തെ തടയുന്നതിനും അതില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതിനുമുള്ള പരിശ്രമമാണ് കോഗ്രസും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും നടത്തിയത്. അതുകൊണ്ടാണ് കേരളത്തിലെ കര്‍ഷകരെ കുത്തുപാളയെടുപ്പിക്കുന്ന ആസിയന്‍ കരാറിന്റെ ദുരിതങ്ങള്‍ അവര്‍ക്ക് ചര്‍ച്ചയാകാതെ പോയതും അപ്രസക്തമായ മറ്റു പലതും മാധ്യമങ്ങളുടെ തലക്കെട്ട് പിടിച്ചെടുത്തതും.

നെഗറ്റീവ് ലിസ്റിന്റെ പേര് പറഞ്ഞാണ് ചില ന്യായീകരണങ്ങള്‍ ചിലരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. എന്നാല്‍, ഈ ലിസ്റില്‍ കേരളത്തിന്റെ സുപ്രധാന ഉല്‍പ്പന്നങ്ങള്‍ പലതും ഇല്ലെന്ന യാഥാര്‍ഥ്യം മറച്ചുവയ്ക്കപ്പെട്ടു. നെഗറ്റീവ് ലിസ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന റബറിന്റെയും നാളികേരത്തിന്റെയും കാര്യത്തിലാകട്ടെ അതിനെ തുരങ്കംവയ്ക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ കരാറിലുണ്ടെന്ന കാര്യവും മറച്ചുവച്ചു. റബര്‍ നെഗറ്റീവ് ലിസ്റില്‍ സ്ഥാനം പിടിച്ചപ്പോള്‍ സിന്തറ്റിക് റബര്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കി. മാത്രമല്ല, വിവിധയിനം ലാറ്റക്സുകള്‍, റീക്ളെയിംഡ് റബര്‍, കോമ്പൌണ്ടഡ് റബര്‍, ട്യൂബുകള്‍, പൈപ്പുകള്‍, കവേയര്‍ ബല്‍റ്റുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നുണ്ട്. ടയറിന്റെ തീരുവ പത്തുവര്‍ഷത്തിനകം അഞ്ചുശതമാനമായും കുറയ്ക്കണം. ചുരുക്കത്തില്‍ നെഗറ്റീവ് ലിസ്റില്‍ ഉള്‍പ്പെട്ടു എന്നതിന്റെ ഗുണം സ്വാഭാവികമായും റബറിന് നഷ്ടപ്പെടുമെന്നര്‍ഥം.


വെളിച്ചെണ്ണ നെഗറ്റീവ് ലിസ്റില്‍ സ്ഥാനംപിടിച്ചപ്പോള്‍ പാമോയില്‍ നിയന്ത്രണമില്ലാതെ ഒഴുക്കാമെന്ന നിലയുണ്ടാക്കി. ബോണ്ട് റേറ്റുകളില്‍ കാണിച്ച തിരിമറികളും ചര്‍ച്ചകളില്‍നിന് മാറ്റിനിര്‍ത്തുന്നതിനാണ് ഇവര്‍ തയ്യാറായത്. സ്വതന്ത്ര വ്യാപാരവിപണിയില്‍ വിനിമയ നിരക്കില്‍ വലിയ ചാഞ്ചാട്ടമുണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ബോണ്ട് റേറ്റുകള്‍ ഉയര്‍ന്നതായിരിക്കുക എന്നത് പ്രധാനമാണ്. ആസിയന്‍ രാജ്യങ്ങളാകട്ടെ വിദേശ വിനിമയ നിരക്കില്‍ കൊടിയ ചാഞ്ചാട്ടം പ്രദര്‍ശിപ്പിക്കുന്ന രാജ്യങ്ങളുമാണ്. ഇപ്പോള്‍ നിലനില്‍ക്കുന്ന 20 ശതമാനം ചുങ്കസംരക്ഷണം ഇല്ലാതാകണമെങ്കില്‍ വിദേശ വിനിമയ നിരക്കില്‍ കേവലം 20 ശതമാനം ഇടിവുണ്ടായാല്‍മതി. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ആസിയന്‍ രാജ്യങ്ങളില്‍ വിദേശ വിനിമയ നിരക്ക് പത്തിലൊന്നായി കുറഞ്ഞതായി നാം ഓര്‍ക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സംരക്ഷണം ഏതു ഘട്ടത്തിലും നാമാവശേഷമാകാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

പുതിയ ഉല്‍പ്പന്നങ്ങളെ നെഗറ്റീവ് ലിസ്റില്‍ കൊണ്ടുവരാന്‍ പറ്റും എന്നതാണ് ചിലരുടെ വാദം. ഇതും തെറ്റാണ്. കരാറില്‍ പറയുന്നത് കമ്പോളപ്രവേശനം മെച്ചപ്പെടുത്തുന്നതിനുവേണ്ടി നെഗറ്റീവ് ലിസ്റിനെ വാര്‍ഷിക താരിഫ് അവലോകനത്തിന് വിധേയമാക്കേണ്ടതാണ് എന്നാണ്. കമ്പോളപ്രവേശനമെന്നത് ഇറക്കുമതി ഉദാരവല്‍ക്കരണത്തിനുള്ള സാങ്കേതിക സംജ്ഞ മാത്രമാണ്. ഇതിനര്‍ഥം നെഗറ്റീവ് ലിസ്റില്‍ പുതിയവ ഉള്‍പ്പെടുകയല്ല, ഉള്ളവതന്നെ ഇല്ലാതാകും എന്നതാണ്. ചില തരത്തിലുള്ള മത്സ്യങ്ങളെ നെഗറ്റീവ് ലിസ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സംസ്കരിച്ച മത്സ്യം തീരുവ പൂര്‍ണമായും പിന്‍വലിച്ച നിലയിലാണ്. അതായത്,വെട്ടി വൃത്തിയാക്കി പാക്കറ്റിലാക്കി ഏത് മത്സ്യവും ഇറക്കുമതി ചെയ്യാം എന്നര്‍ഥം. ഇത് കാണിക്കുന്നത് കേരളത്തിന്റെ മത്സ്യമേഖല വറുതിയിലേക്ക് വീഴാന്‍പോകുന്നു എന്നാണ്.

നമ്മുടേതിനേക്കാള്‍ ഉല്‍പ്പാദനക്ഷമത കൂടുതലുള്ള ആസിയന്‍ രാജ്യങ്ങളുമായി കാര്‍ഷികമേഖലയില്‍ മത്സരം അസാധ്യമായിരിക്കെ, കേരളത്തിന്റെ കാര്‍ഷികമേഖല തകരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാര്‍ഷികമേഖലയെ സംരക്ഷിക്കാന്‍ മറ്റു രാജ്യങ്ങള്‍ കരാറില്‍ നടത്തിയ ഇടപെടല്‍ ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. ജപ്പാനും സിംഗപ്പുരും ഒപ്പുവച്ച കരാരില്‍നിന്ന് കാര്‍ഷികോല്‍പ്പന്നങ്ങളെ ഒഴിച്ചുനിര്‍ത്താന്‍ ജപ്പാന്‍ നിര്‍ബന്ധപൂര്‍ണമായ നിലപാടാണ് സ്വീകരിച്ചത്. ജപ്പാനും മെക്സിക്കോയും തമ്മിലുള്ള സ്വതന്ത്ര വാണിജ്യക്കരാറിലും ഇതേ നിലപാട് സ്വീകരിക്കാന്‍ ജപ്പാന്‍ തയ്യാറായി. ആഗോളവല്‍ക്കരണ നയങ്ങള്‍ കാര്‍ഷികമേഖലയില്‍ നടപ്പാക്കാന്‍ കഴിയാതെ പോയത് കാര്‍ഷികമേഖല ഏറെ വൈകാരികമായ പ്രശ്നങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്നുണ്ട് എന്നതുകൊണ്ടാണ്. ഇന്ത്യയില്‍ പതിനായിരക്കണക്കിനു കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടും അവരെ സംരക്ഷിക്കുന്നതിന് ക്രിയാത്മകമായി ഇടപെടാതിരുന്നവര്‍ സ്വാഭാവികമായും ഈ പ്രശ്നത്തിലും അതേ നിസ്സംഗത തുടരുകയാണ് ചെയ്തത്.

കര്‍ഷകരുടെ താല്‍പ്പര്യമല്ല കുത്തകകളുടെ താല്‍പ്പര്യമാണ് ഇന്ത്യന്‍ ഭരണവര്‍ഗത്തിന് പ്രധാനമായിരിക്കുന്നത്. ഇത് വര്‍ഗരാഷ്ട്രീയത്തിന്റെ പ്രശ്നമാണ്. യാഥാര്‍ഥ്യം ഇതായിരിക്കെ ചൈനയുടെ പേര് പറഞ്ഞ് തടിതപ്പാനാണ് ഇപ്പോഴും ചിലര്‍ പരിശ്രമിക്കുന്നത്. കരാര്‍ കേരളത്തിന് ദോഷകരമാണെന്ന് ശക്തിയുക്തം പറയുന്നത് ഇടതുപക്ഷം മാത്രമല്ല, യുഡിഎഫിലെ ഘടകകക്ഷികളും ഇന്‍ഫാംപോലുള്ള സംഘടനകളും മതമേധാവികളുംവരെ ഉള്‍ക്കൊള്ളുന്നുണ്ട്. അവര്‍ക്കും ചൈനീസ് താല്‍പ്പര്യമാണോ ഉള്ളതെന്ന് വ്യക്തമാക്കേണ്ടത് കോഗ്രസുകാര്‍തന്നെയാണ്. കാര്‍ഷികമേഖലയും അനുബന്ധമേഖലകളും തകര്‍ന്നു കഴിഞ്ഞാല്‍ സ്വാഭാവികമായും നമ്മുടെ സമ്പദ്ഘടന വമ്പിച്ച പ്രതിസന്ധിയില്‍ എത്തിച്ചേരും. വാണിജ്യമേഖലകള്‍ ഉള്‍പ്പെടെ ഇതിനെത്തുടര്‍ന്ന് നിശ്ചലമാകും. അതിന്റെ അലകള്‍ കേരളത്തിന്റെ സമസ്തമേഖലകളിലും അലയടിക്കുകയും ചെയ്യും.

ഈ തകര്‍ച്ചയില്‍നിന്ന് കേരളത്തെ രക്ഷപ്പെടുത്താനുള്ള പോരാട്ടത്തിന്റെ ഭാഗമായുള്ള മനുഷ്യച്ചങ്ങലയില്‍ നാടിനെ സ്നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ആത്മാഭിമാനമുള്ള കേരളീയന്റെ ചെറുത്തുനില്‍പ്പിന്റെ പ്രതീകമാണ് ഗാന്ധിജയന്തി ദിനത്തിലെ ഈ മനുഷ്യച്ചങ്ങല. കേരളം ആരുടെയും കോളനിയായി നിലനില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന പ്രഖ്യാപനമാണ് ഇതിലൂടെ ഉയര്‍ന്നുവരുന്നത്. ഇതുകൊണ്ട് ഈ സമരം അവസാനിക്കില്ല.

കേരളത്തിന്റെ ജനജീവിതം ലോകത്തിനുതന്നെ മാതൃകയാകുന്ന തരത്തിലേക്ക് ഉയര്‍ത്തിയെടുത്തത് ദീര്‍ഘകാലത്തെ സമരപോരാട്ടങ്ങളിലൂടെയാണ്. അതാണ് കേരളീയന്റെ ജീവിതത്തെ മുന്നോട്ടേക്കു നയിച്ചത്. അത് തകര്‍ക്കാന്‍ ആര് പരിശ്രമിച്ചാലും അതിന് അനുവദിക്കില്ലെന്ന പ്രഖ്യാപനംകൂടിയാണ് 'ആസിയന്‍ കരാര്‍ അറബിക്കടലില്‍' എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചുകൊണ്ടുള്ള ഈ സമരം. ഇത് അവസാനമല്ല. ഇരമ്പുന്ന തുടക്കം മാത്രമാണ്.
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്